രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ എന്നും മുൻനിരയിലുള്ള പേരാണ് ജവഹർലാൽ നെഹ്റു സർവകലാശാലയുടേത്. അക്കാദമികമികവ് കൊണ്ടു മാത്രമല്ല, പല ഘട്ടങ്ങളിലും അവിടത്തെ വിദ്യാർഥി-അധ്യാപകസമൂഹം പുലർത്തിയ രാഷ്ട്രീയ നിലപാടുകൾ കൊണ്ടുകൂടിയാണ് ജെ.എൻ.യു രാജ്യത്തിന് പ്രിയപ്പെട്ടതായത്. റോമില ഥാപ്പർ, ഡോ. കെ.എൻ. പണിക്കർ, അമിത് ബാദുരി, യോഗേന്ദ്ര സിങ്, ഇംതിയാസ് അഹ്മദ്, ടി.കെ. ഉമ്മൻ, നിവേദിത മേനോൻ, പ്രഭാത് പട്നായിക്, ഉത്സ പട്നായിക്, സോയ ഹസൻ, ഉദയ് പ്രകാശ്, ആയിഷ കിദ്വായ്... എന്നിങ്ങനെ രാജ്യം കണ്ട മികച്ച സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും എഴുത്തുകാരുമെല്ലാം ഇവിടെ അധ്യാപകരായിരുന്നു. ധീരരായ ഒട്ടനവധി ആക്ടിവിസ്റ്റുകളെയും എഴുത്തുകാരെയും അക്കാദമീഷ്യൻമാരെയും ജെ.എൻ.യു ലോകത്തിന് സമ്മാനിച്ചു. ഇതിനെല്ലാമുപരി അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളിലും വർഗീയ ഫാഷിസത്തിനെതിരായ ​ചെറുത്തുനിൽപിലും ഉൾപ്പെടെ ചെറുതല്ലാത്ത പങ്കുവഹിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിന് കരുത്തു പകർന്നു എന്നതുതന്നെയാണ് 57 വർഷം പിന്നിടുന്ന ഈ മഹാവിദ്യാലയത്തിന്റെ ഏറ്റവും വലിയ സംഭാവന.

എന്നാൽ, ​ജെ.എൻ.യു ഉയർത്തിപ്പിടിച്ച മൂല്യങ്ങളും നിലപാടുകളും തച്ചുതകർക്കാനുള്ള ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങളാണ് കേന്ദ്ര ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഒരു പതിറ്റാണ്ടായി നടന്നുവരുന്നത്. പൊലീസിനെയും ഫാഷിസ്റ്റ് കാലാൾപടയെയും കാമ്പസിൽ കടത്തിവിട്ടും എതിർശബ്ദമുയർത്തുന്നവരെ ജയിലിലടച്ചും സംവാദത്തിന്റെ വാതിലുകൾ കൊട്ടിയടച്ചും സർവകലാശാലയുടെ സ്വഭാവം മാറ്റാനുള്ള പദ്ധതികൾ പലവുരു നടത്തി. സർവകലാശാലയെയും വിദ്യാർഥി നേതാക്കളെയും ഭീകരവത്കരിക്കുന്ന വ്യാജവാർത്തകൾ മാധ്യമങ്ങളിൽ നിരന്തരമായി പ്ലാന്റ് ചെയ്യപ്പെടുന്നു. ഭീകരവാദത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ജെ.എൻ.യു ഇടിച്ചുനിരത്തണമെന്ന് വാദിക്കുന്ന സൈദ്ധാന്തികർവരെയുണ്ട് വലതുപക്ഷത്ത്.

ഭരണകൂട ആശയങ്ങളുമായി ഒട്ടിച്ചേർന്ന് നിൽക്കുന്ന രണ്ട് അക്കാദമീഷ്യൻമാരെ വൈസ് ചാൻസലർ പദവിയിൽ തുടർച്ചയായി അവരോധിച്ച് സ്വതന്ത്രചിന്തകളുടെയും വിദ്യാർഥി ഉണർവുകളുടെയും പ്രഭവകേന്ദ്രം എന്ന വിലാസം മായ്ച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും പേരിൽ രാജ്യം എന്നും ഓർമിച്ചുകൊണ്ടിരിക്കുന്ന കലാശാല അതിൽപിന്നെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞത് തികച്ചും വിപരീതമായ ചില കാരണങ്ങളാലായിരുന്നു. വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് ഇക്കഴിഞ്ഞ ദിവസം നടത്തിയ അത്യന്തം മനുഷ്യവിരുദ്ധമായ ജാതീയ പരാമർശങ്ങൾക്കെതിരായ പ്രതിഷേധം കാമ്പസിനകത്തും പുറത്തും ശക്തിപ്പെടുകയാണ്. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ സംസാരിക്കവെയാണ് വി.സി കടുത്ത ജാതിപരാമർശങ്ങൾ നടത്തിയത്.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കാൻ യു.ജി.സി നിർദേശിച്ച മാർഗനിർദേശ ചട്ടങ്ങൾ യുക്തിരഹിതവും അനാവശ്യവുമാണെന്ന വർഗീയ-ജാതി​ വെറിയൻമാരുടെ വാദം ഏറ്റുപിടിച്ച വി.സി സ്ഥിരം വിക്ടിം കാർഡ് കളിക്കുന്ന ഇരവാദക്കാർ എന്നാണ് ദലിതുകളെ അവഹേളിച്ചത്. ‘സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനിൽക്കുന്നു, എപ്പോഴും ഒരു ഇരയായി നിന്നുകൊണ്ടോ അല്ലെങ്കിൽ ‘വിക്ടിം കാർഡ്’ ഇറക്കിക്കൊണ്ടോ നിങ്ങൾക്ക് പുരോഗതി കൈവരിക്കാൻ കഴിയില്ല. മുമ്പ് കറുത്ത വർഗക്കാർക്ക് വേണ്ടി ചെയ്ത അതേ സംഗതിയാണ് ഇവിടെ ദലിതർക്ക് വേണ്ടിയും കൊണ്ടുവന്നത്... ഒരാളെ ചെകുത്താനായി ചിത്രീകരിച്ചതുകൊണ്ട് മാത്രം പുരോഗതിയുണ്ടാകില്ല. അത് യാഥാർഥ്യങ്ങളെ കൃത്രിമമായി നിർമിച്ചെടുക്കലാണ്. അവിടെ, എന്ത് സംഭവിച്ചാലും ഞാൻ ഒരു സ്ഥിരം ഇരയും നിങ്ങൾ ഒരു സ്ഥിരം വേട്ടക്കാരനുമായിരിക്കും. അത് ഒരിക്കലും പ്രായോഗികമായ ഒന്നല്ല’ എന്നായിരുന്നു ശ്രീമതി പണ്ഡിറ്റിന്റെ പരാമർശം.

സർവത്ര വിവേചനങ്ങളും സംവരണ അട്ടിമറിയും മറികടന്ന് വിദ്യാഭ്യാസ മേഖലയിൽ കരുത്ത് നേടാൻ ഇറങ്ങിപ്പുറപ്പെട്ട ദലിതുകളെയും ബഹുജന ന്യൂനപക്ഷ സമൂഹങ്ങളെയും തല്ലിക്കെടുത്തുന്ന ജാതിപ്പകയുടെ ഇരയായി വിദ്യാർഥികൾ കലാലയങ്ങളും ഈ ഭൂമി ജീവിതം തന്നെയും പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുന്ന ഒരു കാലത്താണ് ജെ.എൻ.യു വി.സി ഇത് പറയുന്നത്. വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് വിശ്വസിക്കുന്ന, ഏകലവ്യൻമാരുടെ വിരലുകൾ മുറിച്ചുവാങ്ങുന്ന ‘മനുകാല’ ഗുരുക്കൻമാരുടെ പരമ്പര അന്യംനിന്നിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നു ഈ വാക്കുകൾ. ഇന്ത്യയിലെ ഓരോ സർവകലാശാലയും നേരിടാൻ പോകുന്ന ദുര്യോഗത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്.

വിദ്വേഷ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച് കാമ്പസിൽ പ്രകടനം നടത്തിയ ഇടതു പുരോഗമന വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടുകൊണ്ട് കാവിപ്പട വി.സിയുടെ നിലപാടിന് പിന്തുണയേകി. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ വി.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റ് ധനഞ്ജയ്, മിഷൻ അംബേദ്കർ സ്ഥാപകൻ അഡ്വ. സൂരജ് കുമാർ ബൗദ്ധ് എന്നിവർ ദേശീയ പട്ടികജാതി കമീഷനെ സമീപിച്ചിട്ടുണ്ട്. വി.സിയെ നീക്കംചെയ്യുക, രോഹിത് ആക്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി വിദ്യാർഥികൾ ഇന്നലെ ലോങ് മാർച്ചും സംഘടിപ്പിച്ചു. വി.സി പദവിയിലിരുന്ന് ജെ.എൻ.യുവിനെ അട്ടിമറിച്ച പ്രഫ. എം. ജഗദീശ് കുമാറിനെ യു.ജി.സിയുടെ ചുമതല ഏൽപിച്ചുകൊടുത്ത കേന്ദ്രഭരണകൂടം ഇതെല്ലാം കണ്ട് നടപടി കൈക്കൊള്ളുമെന്ന് മോഹിക്കുന്നതുപോലും ഇന്നത്തെ ഇന്ത്യയിൽ അസാധ്യമാണ്.

എല്ലാ ജാതിവെറികളെയും മറികടന്ന് ലോകം ആദരിക്കുന്ന ധിഷണാശാലികളിലൊരാളായി വളർന്ന, പിൽക്കാലത്ത് രാജ്യത്തിന്റെ രാഷ്ട്രപതിയായ ഡോ. കെ.ആർ. നാരായണൻ ഇരുന്ന പദവിയിലാണ് താനിരിക്കുന്നത് എന്ന് ശാന്തിശ്രീ ധൂലിപുടി ഒരുവേള ഓർത്തിരുന്നെങ്കിൽ എത്ര നന്നായേനെ. 

Tags:    
News Summary - Not the victim card, but the harsh reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.