ആരോഗ്യ മോഡൽ എന്ന കിടപ്പുരോഗി

​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ലോ​​​ക​​​ത്തി​​​നു​​​ത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​യ പ​​​ല നേ​​​ട്ട​​​ങ്ങ​​​ളും കൈ​​​വ​​​രി​​ച്ചതിന്റെ പേരിൽ അഭിമാനിക്കുന്ന നാടാണ് കേരളം. ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം മു​​​ത​​​ൽ മാ​​​തൃ-​​​ശി​​​ശു മ​​​ര​​​ണ​​​നി​​​ര​​​ക്ക് വ​​​രെ​​​യു​​​ള്ള ആ​​​രോ​​​ഗ്യ​​​സം​​​ബ​​​ന്ധി​​​യാ​​​യ ഏ​​​ത് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ലും സ്കാൻഡിനേവിയൻ രാജ്യങ്ങളോടാണ് നമ്മുടെ മത്സരമെന്ന് കാണാം. 20-ാം നുറ്റാണ്ടിന്റെ തുടക്കംമുതൽ തി​​​രു​​​വി​​​താം​​​കൂ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​ഗ്യ​​വി​​​പ്ല​​​വം, ഐ​​​ക്യ​​​കേ​​​ര​​​ളം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​വും ജ​​​ന​​​കീ​​​യ​​​വു​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് നമുക്ക് ഇതൊക്കെ സാധ്യമായതെന്നതിൽ തർക്കമില്ല. നിപയുടെയും മഹാമാരിയുടെയും വൈറസുകളെ കേരളം കൃത്യമായി പ്രതിരോധിച്ചത് ഇതേ ആരോഗ്യ മോഡലിന്റെ ബലത്തിലാണ്. ലോ​ക​ത്ത് അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള നി​പ വൈ​റ​സി​ന്റെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ൽ അ​ന്ന് ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ, അ​തി​നെ ല​ഭ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ക​യാ​യി​രു​ന്നു ന​മ്മ​ൾ. 17 പേ​രു​ടെ ജീ​വ​നെ​ടു​ത്തെ​ങ്കി​ലും മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ ​വൈ​റ​സ് ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​യ​ത് ആ​രോ​ഗ്യമേ​ഖ​ല​യി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​പോ​ലും അ​ത്ഭു​ത​​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്. കോവിഡ് ഭീതിയിൽനിന്ന് വലിയ അളവിൽ നാം രക്ഷപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ, ഈ ‘ആരോഗ്യ പ്രബുദ്ധത’ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും കാണാതിരുന്നുകൂടാ. ആരോഗ്യ മോഡലിൽ അഭിമാനിക്കുന്ന കേരളീയർ വ്യാ​​​​ജ​​​വൈ​​​​ദ്യ​​​​ത്തി​ന്റെ പ്രഹരങ്ങൾക്കിരയാകുന്നത് നിത്യസംഭവമാണ്; മഴക്കാല രോഗങ്ങളും പ്രമേഹംപോലുള്ള പകർച്ചേതര വ്യാധികളും (എൻ.സി.ഡി) ആരോഗ്യ മോഡലിന്റെ പുതിയ വെല്ലുവിളികളാണ്. ആരോഗ്യമോഡലിന്റെ ഗുണഫലങ്ങളിൽനിന്ന് ദലിതരും ആദിവാസികളുമെല്ലാം നിരന്തരം പുറംതള്ളപ്പെടുന്നതും ‘സിസ്റ്റം തകരാർ’തന്നെ. നിലവിലുള്ള സിസ്റ്റത്തെ കേടുകൂടാതെ സൂക്ഷിക്കാൻ അധികാരികൾക്ക് കഴിയാത്തതാണ് മറ്റൊരു പ്രതിസന്ധി. നമ്മുടെ സംവിധാനങ്ങൾ കുറ്റമറ്റതായി തുടരാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം അനിവാര്യമാണ്. നിർഭാഗ്യവശാൽ, സർക്കാർ അവരെ ശത്രുപക്ഷത്ത് നിർത്തിയിരിക്കുകയാണ്. ശമ്പളമെന്ന അടിസ്ഥാന ആവശ്യത്തിനായി പണി നിർത്തി​വെച്ച് സമരം ചെയ്യാൻ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നിർബന്ധിതമായിരിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ കെ.ജി.എം.സി.ടി.എ എന്ന സംഘടനയുടെ നേതൃത്വത്തിൽ സമരത്തിലാണ്. തുടക്കത്തിൽ ഒ.പി ബഹിഷ്കരണമായിരുന്നുവെങ്കിൽ കഴിഞ്ഞദിവസം മുതൽ ശസ്ത്രക്രിയവരെ നിർത്തിവെച്ചു. ഇപ്പോൾ മെഡിക്കൽ കോളജുകളിൽ അടിയന്തര ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്. ഡോക്ടർമാർ പണിമുടക്കി സമരം ​ചെയ്യുന്നത് എത്രകണ്ട് നൈതികമാണെന്ന ചോദ്യം ഈ സന്ദർഭത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്. ശരിയാണ്; അവശ്യസേവനത്തിൽ ഒന്നാമത് വരുന്നതാണ് ചികിത്സ എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകരുടെ പണിമുടക്ക് ആശാസ്യമല്ല. നമ്മുടെ സംസ്ഥാനത്തെ ഡോക്ടർമാർ മേൽസൂചിപ്പിച്ച ആരോഗ്യ മോഡലിന്റെ സ്പിരിറ്റിൽ പണിമുടക്കി സമരം ചെയ്തിട്ടുള്ളത് അത്യപൂർവമായിട്ടാണെന്നതും കാണണം. അപ്പോൾ, സ്വാഭാവികമായും ഈ സമരത്തിന്റെ പശ്ചാത്തലം അന്വേഷിക്കേണ്ടിവരും. വാസ്തവത്തിൽ ഇത് പെട്ടെന്നുണ്ടായൊരു സമരമല്ല. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക വിതരണം അനിശ്ചിതമായി തുടരുകയും പ്രശ്നപരിഹാരത്തിന് സർക്കാറും ആരോഗ്യവകുപ്പും തയാറാകാതിരിക്കുകയും ചെയ്തപ്പോഴാണ് ജൂ​ലൈയിൽ സൂചനസമരം നടത്തിയത്. ആ പ്രതിഷേധം ഫലംകാണാതിരുന്നപ്പോഴാണ് ഒ.പി ബഹിഷ്‍കരണ സമരത്തിന് ഡോക്ടർമാർ നിർബന്ധിതരായത്. പത്തുവർഷം മുമ്പാണ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പളം പരിഷ്‍കരിച്ചത്. അതിൽതന്നെ നാലര വർഷത്തെ കുടിശ്ശിക ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. കോവിഡ് കാലത്ത് സ്വജീവൻ പണയംവെച്ച് നടത്തിയ സേവനത്തിന്റെ കൂലിയാണ് ധനവകുപ്പ് മുടന്തൻ ന്യായങ്ങൾ നിരത്തി വെച്ചുതാമസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നോർക്കണം. മറുവശത്ത്, തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മറ്റു സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പള പരിഷ്കരണത്തിനും മറ്റും സർക്കാർ തിരക്കിട്ട നീക്കവും നടത്തുന്നുണ്ട്. ഈ ഘട്ടത്തിൽ മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് തങ്ങൾ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുയും ചെയ്തുവെന്ന് തോന്നിയാൽ തെറ്റുപറയാനാവില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ നടക്കുന്ന സമരത്തിന്റെ വൈകാരികതയെ കാണാതിരിക്കാനുമാവില്ല. വിശേഷിച്ചും, സമരം അടിച്ചമർത്താൻ സർക്കാർ ഡയസ്നോൺ പോലുള്ള മർക്കടമുഷ്ടി പ്രയോഗിക്കുമ്പോൾ.

ഡോക്ടർമാരുടെ സമരം ന്യായമാണെന്ന് സമ്മതിക്കുമ്പോഴും അത് അനന്തമായി തുടരുന്നത് അപകടമാണ്. ആത്യന്തികമായി ഇത് ആദ്യം ബാധിക്കുക സർക്കാർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങളെയാണ്. അതിനാൽ, സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുകയാണ് സർക്കാർ ചെയ്യേണ്ടത്. നമ്മുടെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ അതി പ്രഗത്ഭരാണ്. ആ പ്രാഗത്ഭ്യത്തിന്റെകൂടി തെളിച്ചത്തിലാണ് ആരോഗ്യ മോഡൽ ഇവിടെ നിലനിൽക്കുന്നത്. പരിമിതമായ സംവിധാനങ്ങളിൽ നിപ സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയെ അവർ തരണംചെയ്തത് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. പ്രതിഭകളായ ഈ ഭിഷഗ്വര സമൂഹത്തിന് അവരുടെ കഴിവിനനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല എന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയേണ്ടതുണ്ട്. അവർക്ക് അർഹമായ വേതനം അനുവദിക്കുകയും കുടിശ്ശിക ഉടൻ വിതരണം ചെയ്യുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം, അവരെല്ലാം സ്വകാര്യ ആശുപത്രികൾ തേടിപ്പോയെന്നുംവരാം. അപ്പോഴും നഷ്ടം സംഭവിക്കുന്നത് ആരോഗ്യ മോഡലിനും അതിന്റെ ഗുണഭോക്താക്കളായ സാധാരണക്കാർക്കുമായിരിക്കും. അതിനാൽ, ഇക്കാര്യത്തിൽ സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് ചർച്ചക്ക് തയാറാകണം; ചികിത്സ നിഷേധത്തിന് വഴിവെക്കുന്ന സമരമുറയെക്കുറിച്ച് ഡോക്ടർമാരും പുനരാലോചന നടത്തണം.

Tags:    
News Summary - kerala health Model; a bedridden patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.