ഫെബ്രുവരി 12നു ബംഗ്ലാദേശിൽ നടന്ന പതിമൂന്നാമത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻവിജയം നേടി അധികാരത്തിൽ വന്ന ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബി.എൻ.പി) നേതാവ് താരിഖ് റഹ്മാൻ ചൊവ്വാഴ്ച പതിനൊന്നാം പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇതോടെ, 2024 ജൂണിൽ വിദ്യാർഥി പ്രക്ഷോഭമായി ആരംഭിച്ച അനിശ്ചിതത്വങ്ങൾ തൽക്കാലം ശമിച്ചു എന്നു പറയാം. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് ജനറൽ സിയാഉർറഹ്മാന്റെയും മകനായ താരിഖ് റഹ്മാൻ രാഷ്ട്രീയ ഭൂതകാലത്തിന്റെ ഭാണ്ഡം പേറാതെയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയ കക്ഷി എന്ന നിലയിൽ ബി.എൻ.പി സഖ്യത്തിന് ഭരണപരമായ തീരുമാനങ്ങൾ എളുപ്പമാവും. 77 സീറ്റുകൾ നേടിയ ജമാഅത്തെ ഇസ്ലാമി സഖ്യം ഉത്തരവാദിത്തവും ജാഗ്രതയുമുള്ള പ്രതിപക്ഷമായിരിക്കും എന്നാണ് ജമാഅത്തെ ഇസ്ലാമി നേതാവ് ഷഫീഖ് റഹ്മാൻ പറഞ്ഞത്.
നിർണായകമായ ചില വിഷയങ്ങളിൽ ഇടക്കാല ഭരണഘട്ടത്തിൽ തന്നെ തീരുമാനമായിട്ടുണ്ട്. 2024 ആഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെ ഇടക്കാല സർക്കാറിനെ നയിച്ച, ലോകശ്രദ്ധ നേടിയ ഗ്രാമീൺ ബാങ്ക് ഉപജ്ഞാതാവ് മുഹമ്മദ് യൂനുസ് ആണ് ഈ ഭരണ പരിഷ്കാരങ്ങൾ നടത്തിയത്. ഫെബ്രുവരി 12ന്റെ തെരഞ്ഞെടുപ്പ്, ക്രമക്കേട് ആരോപണങ്ങളിൽനിന്ന് പൂർണ മുക്തമല്ലെങ്കിലും, ഒരുവിധം ഭംഗിയായി നടന്നു എന്നുറപ്പു വരുത്തുന്നതുൾപ്പെടെയുള്ള ജനാധിപത്യ പരിവർത്തന പ്രക്രിയയിൽ യൂനുസ് ശ്രദ്ധേയമായ പങ്കുവഹിച്ചു. രാജ്യം പ്രക്ഷുബ്ധമായ ഘട്ടത്തിൽ ജനസ്വീകാര്യതയും നേതൃശേഷിയുമുള്ള യൂനുസിന്റെ കൈയിൽ ഭരണം വന്നെത്തുകയായിരുന്നു എന്ന് പറയാം. മുൻ പ്രധാനമന്ത്രി ഹസീന വാജിദിന്റെ കണ്ണിലെ കരടായിരുന്ന യൂനുസ് അത്തരം പശ്ചാത്തലം കൊണ്ടുതന്നെ അവാമി ലീഗിനെ തെരഞ്ഞെടുപ്പിന് അയോഗ്യരാക്കുകയും ഹസീനക്ക് അഭയം നൽകിയ ഇന്ത്യയോട് ആവർത്തിച്ച് അവരെ തിരിച്ചയക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുമപ്പുറം നിർണായകമായ മറ്റു തീരുമാനങ്ങളുമെടുത്തു. അമേരിക്കയുടെ തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിന്റെ വസ്ത്രകയറ്റുമതിക്ക് പൂജ്യം നികുതിയാക്കിയ വ്യാപാരക്കരാർ ഒപ്പിട്ടതും തെരഞ്ഞെടുക്കപ്പെടാത്ത യൂനുസ് ഭരണകൂടമാണ്- അതും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി.
ശ്രദ്ധേയമായ മറ്റൊന്ന്, പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ജൂലൈ പ്രഖ്യാപനം എന്നറിയപ്പെടുന്ന ഭരണപരിഷ്കാരങ്ങൾക്കുള്ള ജനഹിത പരിശോധന കൂടി നടന്നു എന്നതാണ്. അതിന് ആകെ പോൾ ചെയ്ത വോട്ടിന്റെ 72.9 ശതമാനം പിന്തുണ ലഭിക്കുകയും ചെയ്തു. ആ പരിഷ്കരണങ്ങൾ മുഴുവൻ യൂനുസ് നിയോഗിച്ച സമിതി തയാറാക്കിയതാണ്. ഇന്നിപ്പോൾ പടിയിറങ്ങി, അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത നേതൃത്വത്തിന് നൽകുന്നുവെന്ന് യൂനുസ് പറയുമ്പോഴും അദ്ദേഹത്തിന്റെ നിഴൽ ഇതിലെല്ലാം പതിയുന്നുണ്ട്. പാർലമെന്റിന് ഒരു ഉപരിസഭ, അതിൽ അധോസഭയുടെ പാർട്ടി ശതമാനത്തിനു ആനുപാതികമായി സീറ്റ് വിഭജനം, പ്രധാനമന്ത്രി സ്ഥാനത്ത് പരമാവധി രണ്ടു തവണ എന്ന ഊഴപരിധി തുടങ്ങിയ പരിഷ്കാരങ്ങളുമുണ്ട് ജൂലൈ പ്രഖ്യാപനത്തിൽ. തദടിസ്ഥാനത്തിൽ ഭരണഘടനാ ഭേദഗതികൾക്കുള്ള ഒരു കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയായി പുതിയ പാർലമെന്റ് മാറുന്നതിനുവേണ്ടി ഒരു രണ്ടാം സത്യപ്രതിജ്ഞ കൂടി അംഗങ്ങൾക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ, ഭൂരിപക്ഷം വരുന്ന ബി.എൻ.പി അംഗങ്ങൾ ആ പ്രതിജ്ഞ എടുക്കാതെ മാറിനിന്നു. ഏകാധിപത്യത്തിലേക്കു വഴുതാതിരിക്കാൻ ഉദ്ദേശിച്ചതായിരുന്നു ഈ വകുപ്പ്. ഈ ഭേദഗതികൾക്കു പ്രതിപക്ഷത്തുള്ള ജമാഅത്തെ ഇസ്ലാമി പൊതുവേ പിന്തുണ നൽകുന്നുണ്ട്. പ്രസ്തുത പരിഷ്കരണ പ്രമാണം നിയമമാക്കാൻ തെരുവിൽ സമരം നടത്തുമെന്ന് ജമാഅത്തും കൂട്ടുകക്ഷിയായ നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി)യും വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളുടെ കാര്യത്തിലും പുതിയ ഭരണമാറ്റത്തിൽ ചിലതു ശ്രദ്ധിക്കാനുണ്ട്. അവാമി ലീഗ് ഭരണത്തോടും ഹസീന വാജിദിനോടുമുള്ള ഇന്ത്യയുടെ ചങ്ങാത്തം പ്രശ്നമാക്കാതെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തോട് ക്രിയാത്മകമായ സമീപനമാണ് മോദി സർക്കാർ ഇതുവരെ പ്രകടിപ്പിച്ചത്. അതിനുമപ്പുറം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പ്രതിപക്ഷ നേതാവ് ജമാഅത്ത് അമീർ ഷഫീഖുറഹ്മാനും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ഹ്രസ്വമെങ്കിലും സുപ്രധാനമായ കൂടിക്കാഴ്ച നടന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജമാഅത്തിനെക്കുറിച്ച് ആശങ്കകളുള്ള ഇന്ത്യൻ നേതൃത്വം, പൊതുവേ ഇന്ത്യാ-വിരുദ്ധ നിലപാടുകളെടുക്കുന്നുവെന്നു കരുതപ്പെടുന്ന പാർട്ടിയുടെ നേതാവുമായി നടത്തിയ കൂടിക്കാഴ്ച കേവലം നയതന്ത്രപരമെന്നതിനപ്പുറം മാനങ്ങളുള്ളതാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരു രാഷ്ട്രങ്ങളുടെയും പുരോഗതിക്കു അനുഗുണമാവുമെന്ന നിലയിൽ മെച്ചപ്പെടുത്താൻ തന്നെയാവും താരിഖ് ഭരണകൂടത്തിനും താൽപര്യം. അതോടൊപ്പം ചില അലോസരങ്ങൾ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ രണ്ടു ഭാഗത്തുനിന്നും പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ പ്രശ്നങ്ങൾ ആശങ്കയുയർത്തുന്നു എന്ന പരാമർശം ഒന്നിലധികം തവണ താരിഖ് നടത്തിയിട്ടുണ്ട്. ഇന്ത്യയാകട്ടെ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വവും ക്ഷേമവും ആവർത്തിച്ച് ഉന്നയിക്കുന്നുമുണ്ട്. അന്യോന്യം അലോസരമുളവാക്കുന്ന ഇത്തരം പരാമർശങ്ങൾ ഇരുപക്ഷത്തുനിന്നും ഉയരുന്നത് പ്രക്ഷുബ്ധമായ ജനകീയ രോഷത്തിന്റെ കാലം കഴിഞ്ഞതുകൊണ്ട് ഒരു പക്ഷേ, കുറഞ്ഞു കുറഞ്ഞില്ലാതാവുമെന്നു പ്രതീക്ഷിക്കാം. ഇരു രാഷ്ട്രങ്ങളുടെ നേതൃത്വങ്ങളും അതിൽ ജാഗ്രത കാട്ടുമെന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.