വിവാഹത്തിനുമുമ്പ് ആൺകുട്ടിയും പെൺകുട്ടിയും പൂർണമായ അപരിചിതരാണെന്നും വിവാഹപൂർവ ബന്ധങ്ങളിൽ ഏർപ്പെടുന്നതിനു മുമ്പ് ജാഗ്രത വേണമെന്നും യുവതീയുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, രാജ്യത്തെ പരമോന്നത കോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ കേസിൽ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ രാജ്യത്തിലെ യുവജനങ്ങളുടെ ശ്രദ്ധ വിഷയത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇയാളെ വിശ്വസിച്ച് ദുബൈ വരെ പോയെന്നും അവിടെവെച്ച് നടന്ന പീഡനം ഉഭയസമ്മതത്തോടെയായിട്ടേ പരിഗണിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
‘‘വ്യക്തിബന്ധം എത്ര ഗാഢതയേറിയതാണെങ്കിലും വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിലേർപ്പെടുന്നത് മനസ്സിലാക്കാനാകുന്നില്ല; തങ്ങൾ ചിലപ്പോൾ പഴയ ആളുകളായതു കൊണ്ടാവാം’’ എന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട് സുപ്രീംകോടതി. വഴിവിട്ട ബന്ധങ്ങൾ കുടുംബത്തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൊലപാതകങ്ങളിലേക്കുംവരെ നയിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ലോകമൊട്ടുക്കും നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ മുന്നറിയിപ്പിന് കാലികപ്രാധാന്യവും പ്രസക്തിയുമുണ്ട് എന്നേ സമൂഹത്തിൽ സമാധാനവും സദാചാരവും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ആർക്കായാലും തോന്നൂ.
ലിബറലിസത്തിന്റെയും പുരോഗമന നാട്യങ്ങളുടെയും മറവിൽ നാട്ടിൽ നടമാടുന്ന ലൈംഗികാരാജകത്വത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് ആത്മവഞ്ചനയായി മാത്രമേ കാണാവൂ. സാമ്പ്രദായിക കുടുംബബന്ധങ്ങളിൽ വന്ന മാറ്റങ്ങളെ ഒരു പരിധിവരെ സ്വാഭാവികമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ, അരുമസന്തതികൾ പെറ്റുപോറ്റി വളർത്തിയ മാതാപിതാക്കളെ വെല്ലുവിളിച്ചോ ഇരുട്ടിൽനിർത്തിയോ ഒളിച്ചോടുന്ന പ്രവണത അതിഭയാനകമാംവിധം വർധിച്ചിരിക്കുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയിൽ അഭയം പ്രാപിക്കുകയോ ജീവിതത്തിന്റെ പുറംപോക്കിൽ ശിഷ്ടകാലം കഴിക്കേണ്ടിവരുകയോ ചെയ്യുന്ന സംഭവങ്ങൾ ഇന്ന് ഒറ്റപ്പെട്ടതല്ല.
ഭവിഷ്യത്ത് ഓർക്കാതെ യുവതീയുവാക്കൾ നിയമാനുസൃതം വിവാഹിതരാവുന്നതിനുമുമ്പേ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നു; ഒടുവിൽ കളി കാര്യമാവുമ്പോൾ ആൺസുഹൃത്ത് കാലുമാറുന്നു; ഗതിമുട്ടിയ പെൺസുഹൃത്ത് വഞ്ചനാക്കുറ്റമാരോപിച്ച് അനന്തര ബാധ്യതകൾക്കുവേണ്ടി കോടതികളെ സമീപിക്കുന്നു. ഏറെ വൈകിക്കിട്ടുന്ന വിധി തനിക്കനുകൂലമല്ലെങ്കിൽ അപ്പീൽ ഹരജിയുമായി കാലംകഴിയുന്നു. അന്തിമവിധി പ്രതികൂലമാണെങ്കിൽ ജീവിതം തുലഞ്ഞതുതന്നെ. ഈ ദുഃഖപരിണതിയിലേക്കാണ് സുപ്രീംകോടതി വിരൽചൂണ്ടിയിരിക്കുന്നത്. എല്ലാ ബന്ധങ്ങളുടെയും പരിണതി ഇങ്ങനെത്തന്നെയാവണമെന്നില്ല. പക്ഷേ, പലതും ഇവ്വിധം ദുഃഖപര്യവസായിയായി മാറുന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ‘ഞങ്ങൾ പഴഞ്ചന്മാർ’ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടുതന്നെ, മുന്നിലെത്തിയ കേസിൽ കോടതി വിധിപറഞ്ഞിരിക്കുന്നത്.
അവിഹിതബന്ധങ്ങളിൽ പിറന്ന മനുഷ്യക്കുഞ്ഞുങ്ങൾ നിഷ്കരുണം കൊല്ലപ്പെടുകയോ വലിച്ചെറിയപ്പെടുകയോ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളും കേരളത്തിലടക്കം നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസ സമ്പ്രദായത്തിനും വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനും സർവോപരി ഭരണകർത്താക്കളുടെ ലാഘവബുദ്ധിക്കും വ്യക്തവും ശക്തവുമായ പങ്കുണ്ട് എന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. ധാർമിക സംശുദ്ധിയും ഉത്തരവാദിത്തബോധവുമുള്ള തലമുറകളെ സൃഷ്ടിക്കാനല്ല, അരാജകജീവിതം ജന്മാവകാശമായി കരുതി സർവം മറന്നും തകർത്തെറിഞ്ഞും ജീവിക്കുന്നതിലാണ് സന്തോഷവും സംതൃപ്തിയുമെന്ന ബോധം വളർത്താനാണ് നിലവിലെ പല സാമൂഹികസംവിധാനങ്ങളും ഹേതുവായിത്തീരുന്നത്.
ഇത്തരമൊരു ‘പുരോഗതി’ കൈവരിക്കാൻ നാമൊക്കെ മാതൃകയാക്കുന്ന പാശ്ചാത്യലോകവും സംസ്കാരവും ഏറ്റവുമൊടുവിൽ എവിടെയെത്തിനിൽക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ് അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന എപ്സ്റ്റീൻ ഫയൽസ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവരടക്കം ഒട്ടനേകം ഘടാഘടിയന്മാരുടെ പേരുകളുണ്ട് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെടുകയോ അയാളുടെ ‘ഇരകളായി’ മാറുകയോ ചെയ്തവരിൽ. മൂന്ന് മില്യൺ പേജുകളും 1,80,000 ഫോട്ടോകളും 2000 വിഡിയോകളുമാണത്രേ അമേരിക്കൻ നീതിന്യായ വകുപ്പ് ഇതിനകം പുറത്തുവിട്ടിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട പ്രായപൂർത്തിയെത്താത്ത ബാലികമാരെ ലൈംഗിക വൈകൃതങ്ങൾക്കായി പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വ്യവസായ പ്രമുഖരും രാജകുമാരന്മാരുമെല്ലാമടങ്ങിയ കാമഭ്രാന്തന്മാർക്ക് കാഴ്ചവെച്ച പിശാചിനെയോ അതല്ല, അയാൾക്കതിനെല്ലാം അവസരം ഒരുക്കിക്കൊടുത്ത പരിഷ്കൃതസമൂഹത്തെയോ ആരെയാണ് പ്രതിക്കൂട്ടിൽ കയറ്റേണ്ടത് എന്ന് തീരുമാനിക്കുക പ്രയാസം. എന്തുതന്നെയായാലും പരമ്പരാഗതമായി ധാർമിക സദാചാര മൂല്യങ്ങളെ മാനിക്കുന്ന മതങ്ങളുടെയും തത്ത്വസംഹിതകളുടെയും നാടായ ഇന്ത്യ അധാർമികതയുടെ ഉത്തുംഗത്തിലേെക്കത്തുന്നതിനു മുമ്പ് തലമുറകളുടെ വീണ്ടെടുപ്പിന് മനുഷ്യനന്മ കാംക്ഷിക്കുന്നവർ മുന്നിട്ടിറങ്ങിയേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.