ദീർഘകാലമായി പ്രവാസ ജീവിതം നയിച്ച താരിഖുർറഹ്മാനെ തിരിച്ചുകൊണ്ടുവന്ന് നാഷനലിസ്റ്റ് പാർട്ടിയുടെ നേതൃത്വവും അഭൂതപൂർവമായ തെരഞ്ഞെടുപ്പ് വിജയവും സമ്മാനിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത് തീർച്ചയായും ബംഗ്ലാദേശിൽ സുസ്ഥിരതയും വികസനവും സാധ്യമാവുമെന്ന പ്രതീക്ഷ തന്നെയാവണം
ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നപ്പോൾ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ വൻ വിജയമാണ് കൊയ്തിരിക്കുന്നത്. പാർട്ടി അധ്യക്ഷ ബീഗം ഖാലിദ സിയയുടെ പിൻഗാമിയായി അവരോധിക്കപ്പെട്ട മകൻ താരിഖുർറഹ്മാൻ ബംഗ്ലാ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നും സുനിശ്ചിതമായിരിക്കുന്നു. 1400 പേരെയെങ്കിലും വെടിവെച്ചുകൊന്ന് ജനകീയ മുന്നേറ്റമെന്ന് വിളിക്കേണ്ട വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തി ഭരണത്തിൽ തുടരാൻ ആഗ്രഹിച്ച ശൈഖ് ഹസീനക്ക് രായ്ക്കുരാമാനം ഇന്ത്യയിലേക്ക് രക്ഷപ്പെടേണ്ടിവന്നതോടെയാണ് നൊബേൽ സമ്മാനജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല ഗവൺമെന്റ് രാജ്യത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തിയതും ജനകീയ സർക്കാറിനെ ഭരണച്ചുമതലയേൽപിക്കാൻ വഴിയൊരുക്കിയതും. 15 വർഷക്കാലം തുടർച്ചയായി ഭരണത്തിലിരിക്കെ ശൈഖ് ഹസീന പ്രതിപക്ഷനേതാവിനെ തടവിലിട്ടും പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാക്കളെ തൂക്കിലേറ്റിയും ആ പാർട്ടിക്ക് വിലക്കേർപ്പെടുത്തിയുമാണ് അധികാരം നിലനിർത്തിയതെന്ന സത്യം മറക്കാനാവില്ല. ഇതിനെതിരെ ഉയർന്ന ശബ്ദങ്ങളെയാകെ ബലപ്രയോഗത്തിലൂടെ ഒതുക്കുകയായിരുന്നു അവർ. ഭരണകൂട തേർവാഴ്ച സകല പരിധികളും ലംഘിച്ചപ്പോഴാണ് വിദ്യാർഥി യുവജന വിഭാഗങ്ങൾ രണ്ടുംകൽപിച്ച് തെരുവിലിറങ്ങിയത്. പ്രക്ഷോഭം ആക്രമണങ്ങളിലേക്ക് വഴുതിയപ്പോൾ സുരക്ഷാസേനയെ കയറൂരി വിടാൻ സർക്കാർ തയാറായി, അതിന്റെ രക്തരൂക്ഷിത പരിണാമം പ്രധാനമന്ത്രിയുടെ ഒളിച്ചോടലിൽ കലാശിക്കുകയും ചെയ്തു.
ബീഗം ഖാലിദ സിയയുടെ ദീർഘകാല ജയിൽജീവിതം അവരുടെ ജനസമ്മതി കുറക്കാനല്ല, കൂട്ടാനാണ് വഴിയൊരുക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. മകൻ താരിഖുർറമാൻ നാടുവിട്ട് സുദീർഘകാലമായി പ്രവാസ ജീവിതം നയിക്കെ, അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്ന് നാഷനലിസ്റ്റ് പാർട്ടിയുടെ നേതൃത്വവും ഇലക്ഷനിൽ അഭൂതപൂർവമായ വിജയവും സമ്മാനിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത് തീർച്ചയായും ബംഗ്ലാദേശിൽ സുസ്ഥിരതയും വികസനവും സാധ്യമാവുമെന്ന പ്രതീക്ഷ തന്നെയാവണം. അന്താരാഷ്ട്ര പിച്ചച്ചട്ടി എന്ന് മുൻ യു.എസ് വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിഞ്ചർ വിശേഷിപ്പിച്ച ബംഗ്ലാദേശ് അത്തരം പരിഹാസങ്ങളെയൊക്കെ തരണംചെയ്ത് സാമാന്യം ഭേദപ്പെട്ട സമ്പദ്വ്യവസ്ഥ കൈവരിക്കുന്നുണ്ടെങ്കിലും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആമൂലാഗ്രം ഗ്രസിച്ച അഴിമതിയും വേട്ടയാടുകയാണ് ആ രാജ്യത്തെ. അതെല്ലാം അവസാനിപ്പിച്ച് ബംഗ്ലാദേശിനെ 2034 ആവുമ്പോഴേക്ക് ഒരു ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി ഉയർത്തിക്കൊണ്ടുവരുമെന്നതാണ് ബി.എൻ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കുടുതൽ വിദേശനിക്ഷേപകരെ ആകർഷിച്ചും ചെറുകിട-ഇടത്തരം ബിസിനസുകാരെ പിന്തുണച്ചും ലക്ഷ്യംനേടാനാവുമെന്നവർ കരുതുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ തുണിവ്യവസായത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ദാരിദ്ര്യനിർമാർജനം ഉറപ്പാക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ലക്ഷ്യങ്ങളൊക്കെ ഒരു പരിധിവരെയെങ്കിലും കൈവരിക്കണമെങ്കിൽ അവാമി ലീഗിനെ തളർത്തിയ അഴിമതിയെയും സ്വജനപക്ഷപാതിത്വത്തെയും വിദേശ ശക്തികളോടുള്ള അതിർകവിഞ്ഞ വിധേയത്വത്തെയും അതിജീവിക്കാൻ താരിഖുർറഹ്മാന് സാധിക്കണം. ശൈഖ് ഹസീന ബന്ധം ശക്തിപ്പെടുത്തിയ ചൈന, അമേരിക്ക എന്നീ വൻ തോക്കുകളുമായും ഉറ്റസുഹൃത്ത് ഇന്ത്യയുമായുള്ള ബന്ധവും പുതിയ സർക്കാറിന്റെ നയതന്ത്രജ്ഞതയുടെ മുന്നിലുള്ള ചോദ്യങ്ങളാണ്. വിശിഷ്യാ ഇടക്കാല സർക്കാറിന്റെ കാലത്ത് മതന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തിപ്പെട്ട അരക്ഷിതാവസ്ഥ ദൂരീകരിക്കാൻ ബി.എൻ.പി സർക്കാറിന് സാധിക്കേണ്ടതുണ്ട്. ഒപ്പം ഗർഹണീയ കുറ്റങ്ങളാൽ ഇതിനകം അന്താരാഷ്ട്ര ട്രൈബ്യൂണൽ വധശിക്ഷ വിധിച്ച ഹസീനയെ പുതിയ ജനകീയ സർക്കാറിന് കൈമാറാൻ ഇന്ത്യക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു തൊട്ടടുത്ത അയൽരാജ്യവുമായുള്ള നരേന്ദ്ര മോദി ഗവൺമെന്റിന്റെ ഭാവിബന്ധം.
ഒരുവേള അധികാരത്തിലേറുമെന്നുവരെ നിരീക്ഷകർ പ്രതീക്ഷിച്ച ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് ലക്ഷ്യപ്രാപ്തിയുടെ അടുത്തൊന്നുമെത്താൻ കഴിഞ്ഞില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രകടമായ പ്രത്യേകത. മുൻ തെരഞ്ഞെടുപ്പുകളിൽ നേടിയതിനേക്കാൾ മൂന്നിരട്ടി സീറ്റുകൾ ഇത്തവണ നേടാനായതുകൊണ്ട് മാത്രം ഡോ. ശഫീഖുർറഹ്മാന്റെ പാർട്ടിക്കും മുന്നണിക്കും ആശ്വസിക്കാനാവില്ല. അതേസമയം ഇലക്ഷനിൽ ഭൂരിപക്ഷം നേടിയാലും ഒരു ദേശീയ ഗവൺമെന്റിനാണ് തങ്ങൾ ശ്രമിക്കുകയെന്ന ജമാഅത്ത് നേതാവിന്റെ മുൻ വാഗ്ദാനം തിരിച്ചറിവുകളുടെ ഫലമാണെങ്കിൽ ആ മനോഭാവമാണ് ക്രിയാത്മക പ്രതിപക്ഷമാവാൻ പാർട്ടിക്ക് പ്രചോദനമേകേണ്ടത്. ഏതുവിധേനയും എല്ലാ ജനവിഭാഗങ്ങളെയും ഉൾച്ചേർത്തുകൊണ്ടുള്ള ഒരു യഥാർഥ ജനാധിപത്യ രാജ്യമായി മാറാൻ നമ്മുടെ അയൽരാജ്യത്തിന് സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.