വരവേൽപ്​ മാത്രമല്ല, കുടിയിരുത്തലും പ്രധാനം

കോവിഡിനെ തുടർന്നുള്ള ലോക്​ഡൗണിൽ വ്യോമഗതാഗത നിയന്ത്രണം മൂലം വിദേശരാജ്യങ്ങളിൽ കുടുങ്ങിയ നമ്മുടെ പ്രവാസിസഹോദരങ്ങൾ ഇന്നു മുതൽ നാടണയുകയാണ്​. കോവിഡ്​ രോഗപ്രതിരോധത്തി​ൽ കേരളം മുന്നിൽ നടക്കുകയും ഇതരരാജ്യങ്ങളിൽ മരണവും രോഗവ്യാപനവും ഭീതിദമായ രീതിയിൽ വർധിക്കുകയും ചെയ്​ത പശ്ചാത്തലത്തിലാണ്​​ ഏതു വിധേനയും നാടണയാനുള്ള ആഗ്രഹം പ്രവാസികളിൽ മുളപൊട്ടിയത്​. നമ്മുടെ വിദേശനാണ്യത്തിലും സാമ്പത്തികസാമൂഹികഘടനയിലും വമ്പിച്ച തോതിൽ മുതൽക്കൂട്ടി നാടുമായുള്ള ബന്ധം അറ്റുപോകാതെ സൂക്ഷിക്കുന്ന ഗൾഫ്​ പ്രവാസികളുടെ ആധിയും ആശങ്കയും മുറവിളിയായി മാറിയപ്പോൾ ജന്മനാട്​ അത്​ കേൾക്കുകയും വിശ്വവിഖ്യാതമായ ​‘കേരള മോഡലിന്​’ ഉൗടും പാവും ഉൗർജവും നൽകിയവരെ കരുതലി​​െൻറ കൈകൾ നീട്ടി സ്വീകരിക്കാൻ തയാറാവുകയും ചെയ്​തു​. കോവിഡ്​ ഭീതിയും ലോക്​-ഡൗൺ വ്യവസ്ഥകളുടെ സാ​േങ്കതികത്വവും ഉയർത്തിക്കാട്ടി കേന്ദ്രഗവൺമ​െൻറ്​ ഇക്കാര്യത്തിൽ അടഞ്ഞ സമീപനമായിരുന്നു സ്വീകരിച്ചതെങ്കിലും സംസ്​ഥാനത്തുനിന്നുള്ള കടുത്ത സമ്മർദത്തി​​െൻറ ഫലമായി അയയാൻ തയാറായി. തിരിച്ചെത്തുന്ന പ്രവാസികൾക്ക്​ കോവിഡ്​ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്​ വീട്ടിലേക്ക്​ സുരക്ഷിതപാതയൊരുക്കാൻ സാമൂഹികസംഘടനകൾ ഒന്നൊന്നായി രംഗത്തെത്തിയത്​ ഗവൺമ​െൻറിന്​ ഇക്കാര്യത്തിൽ വഴി സുഗമമാക്കുകയും ചെയ്​തു. ഇങ്ങനെ സർക്കാറും സാമൂഹികസന്നദ്ധസംഘടനകളുമൊക്കെയായി ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ്​ ഗൾഫ്​ യുദ്ധകാല ശേഷമുള്ള ഏറ്റവും വലിയ പ്രവാസിമടക്കത്തിനു നാടു തയാറെടുത്തിരിക്കുന്നത്​. 

അതേസമയം, ഗൾഫ്​ പ്രതിസന്ധി കാലത്തേക്കാൾ ഇരുണ്ട അന്തരീക്ഷത്തിലേക്കാണ്​ ഇത്തവണ രണ്ടു ല​ക്ഷത്തോളം പേർ കേരളത്തിലിറങ്ങുന്നത്​. അന്നു യുദ്ധാവസ്​ഥയിൽ തൊഴിൽ നഷ്​ടപ്പെട്ട്​ തിരിച്ചെത്തുന്നവർ സംഘർഷമടങ്ങിയാൽ തിരിച്ചുപോക്കിനുള്ള ഒരുക്കത്തിലായിരുന്നു​ എത്തിയതെങ്കിൽ, ഇത്തവണ ജീവനും ജീവിതവും ഒരുപോലെ കരകാണാ ദുരിതക്കടലിൽ ഉഴലാൻ വിട്ടാണ്​ അവരെത്തുന്നത്​​. സ്വദേശത്ത്​ കാലുകുത്തിയാലും രോഗലക്ഷണമില്ലെന്ന് ഉറപ്പിച്ച്​ ഒന്നോ രണ്ടോ ആഴ്​ച കഴിഞ്ഞുവേണം വീടണയാൻ. പഴയപടി ഗൃഹാതുരത്വത്തി​​െൻറ കനം തൂങ്ങുന്ന പെട്ടികളുമായി അത്തറു പൂശിയ പ്രതീക്ഷകളുമായല്ല പ്രവാസികളുടെ വരവ്​. രോഗത്തി​​െൻറയും തൊഴിൽനഷ്​ടത്തി​​െൻറയും ഭീഷണിക്കുമുന്നിൽ ഉത്തരം മുട്ടിയാണ്​ മിക്കവരുടെയും  മടക്കം​. കുടുംബം പുലർത്താനുള്ള വഴി ഒാരോരുത്തരുടെയും മുന്നിൽ വെല്ലുവിളിയുയർത്തു​േമ്പാൾ തളരുന്നത്​ കേരളമാണ്. സംസ്​ഥാനത്തി​​െൻറ മൊത്ത ആഭ്യന്തരവരുമാനത്തി​​െൻറ 30 മുതൽ 35 വരെ ശതമാനം വരുന്ന പ്രവാസിവിഹിതം കോവിഡ്​ കാലത്തോടെ കുത്തനെ ഇടിയുകയാണ്​.  22.5 ലക്ഷം പ്രവാസികളാണ്​ കേരളത്തിലുള്ളതെന്നു പറയുന്ന കണക്കുകൾ ഇൗ മടങ്ങിവരവോടെ വൻതോതിലുള്ള ഇടിവായിരിക്കും സംസ്​ഥാന​ത്തി​​െൻറ വരുമാനത്തിലുണ്ടാകുകയെന്നു വ്യക്​തമാക്കുന്നു. കൂനിന്മേൽ കുരുവെന്നോണം തൊഴിലില്ലായ്​മ കൂടുതൽ രൂക്ഷമാക്കുന്നതിനും ഇത്​ ഇടയാക്കും. ഇൗ ഗുരുതരപ്രതിസന്ധി കണ്ടറിഞ്ഞു ബഹുമുഖ ഇടപെടലാണ്​ കേന്ദ്ര-സംസ്​ഥാന ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്​. ഭരണകൂടവും ജനങ്ങളും ഒന്നിച്ചുനിന്നു പ്രശ്​നപരിഹാരക്രിയകൾക്കു മുതിരേണ്ട സന്ദർഭമാണിത്​. കോവിഡ്​ പ്രതിസന്ധി വന്ന ശേഷം സർക്കാറുകൾ കൂടക്കൂടെ ഇൗ ​െഎക്യവും ഒത്തൊരുമയും ആവശ്യപ്പെടുന്നുണ്ട്​. എന്നാൽ, പുറമേ പ്രകടിപ്പിക്കുന്ന ഇൗ ഒൗദ്യോഗികപരിവേഷങ്ങൾക്കപ്പുറം ഭരണകൂടങ്ങളുടെ ഇടപെടലിലും നിക്ഷിപ്​ത രാഷ്​ട്രീയതാൽപര്യങ്ങൾ പ്രതിഫലിക്കുന്നു​ണ്ടെന്നു വേണം പറയാൻ.

പ്രവാസികളുടെ തിരിച്ചുവരവിനു വഴിയൊരുക്കുന്നതിൽ തുടങ്ങിയ കേന്ദ്രവും സംസ്​ഥാനവും തമ്മിലുള്ള ‘ശീതസമരം’ ഇപ്പോഴും അവസാനിച്ചിട്ടില്ല. മടങ്ങുന്നവരുടെ രോഗപരിശോധന, തിരിച്ചുവരവിന്​ അവസരം ലഭിച്ചവരുടെ എണ്ണം, വിമാനത്താവളങ്ങളുടെ വിവരം തുടങ്ങി എത്തുന്നവരുടെ ക്വാറൻറീൻ വാസക്കാലത്തിൽ വരെ കേന്ദ്രവും സംസ്​ഥാനവും നൽകുന്ന വിവരങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. വിമാനങ്ങളുടെ ഷെഡ്യൂളുകൾ മുൻകൂട്ടി പ്രഖ്യാപിച്ചത് തിരുത്തുന്ന പ്രവണത തുടക്കത്തിലേ ദൃശ്യമായി. ​വരാൻ ആഗ്രഹിക്കുന്നവരെയെല്ലാം തിരിച്ചുകൊണ്ടുവരുമെന്ന്​ പറയുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി പക്ഷേ, മുഖ്യമന്ത്രി പറയുന്ന മലയാളികളുടെ കണക്ക്​ അംഗീകരിക്കുന്നില്ല. ഒരു മഹാമാരിയുടെ പരിഹാരം തേടിയുള്ള ശ്രമകരമായ ദൗത്യം രാഷ്​ട്രീയമായ വാദവിവാദങ്ങൾക്കു ഉപാധിയാക്കുന്നത്​ ചിതമല്ല. ആശയക്കുഴപ്പങ്ങൾ അവസാനിപ്പിച്ച്​ എത്തുന്നവർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും ആശങ്ക സൃഷ്​ടിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. ലോക്​ഡൗണി​ൽ സംസ്​ഥാനം ഇളവുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്​ പ്രവാസികളുടെ വരവ്​ എന്നതുകൊണ്ട്​ ഇത്രകാലം സൂക്ഷിച്ച ഉയർന്ന പൗരബോധം തുടർന്നും കൈമോശം വരാതിരിക്കാൻ ജനങ്ങളും ജാഗ്രത പുലർത്തേണ്ടതാണ്​. സർക്കാറും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ കർക്കശമായി പാലിക്കുന്നതിനായിരിക്കണം മടങ്ങിയെത്തുന്നവരും അവരുടെ കരുതലോടെ കൈയേൽക്കുന്നവരും മുന്തിയ പരിഗണന നൽകേണ്ടത്​. 

കോവിഡ്​ പരിചരണം പോലെ പ്രധാനമാണ്​ മടങ്ങിയെത്തുന്നവരുടെ ക്ഷേമത്തിനായുള്ള ദീർഘകാല പ്രവർത്തനപരിപാടികളും. നോർക്ക, സർക്കാർ പ്രഖ്യാപനങ്ങളും വാഗ്​ദാനങ്ങളുമൊക്കെ ഭരണകക്ഷികൾക്കും അനുയായികൾക്കും വീമ്പിനുള്ള വകയാകുന്നതൊഴിച്ചാൽ പ്രവാസി പുനരധിവാസത്തിന്​ അതിലൊരു ചുക്കുമില്ല എന്നത്​​ ഗൾഫിലെ സ്വദേശിവത്​കരണകാല പ്രതിസന്ധി വരെ തെളിയിച്ചതാണ്​​. അതിനെയൊക്കെ കവച്ചുവെക്കുന്ന മഹാമാരിക്കാലത്തെ പ്രവാസികളുടെ കൂട്ടമടക്കത്തെ വരവേൽക്കുന്നതിനുള്ള ആഘോഷത്തിൽ എല്ലാം അവസാനിക്കുന്നില്ലെന്നും അവരെ ജീവിതത്തിൽ കുടിയിരുത്താനുള്ള തുടർപ്രവർത്തനങ്ങളുമായി ഒപ്പമുണ്ടെന്നും സംസ്​ഥാനസർക്കാർ ഉറപ്പുവരുത്തണം. 

Tags:    
News Summary - Covid 19 virus attack-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.