ഇറാനുമേൽ വീണ്ടു ട്രംപ് നിഴൽ

ഐക്യരാഷ്ട്രസഭക്ക് പകരമാകാൻ ‘സമാധാന സമിതി’യെന്ന പേരിൽ ചില അടുപ്പക്കാരെ കൂട്ടി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമേൽ യുദ്ധനിഴൽ വിരിച്ചിരിക്കുന്നു. പുതിയ ആഗോള സംവിധാനം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് ട്രംപ് ലോകത്തെ വീണ്ടും യുദ്ധഭീതിയിൽ നിർത്തുന്നത്. ദക്ഷിണ ചൈന കടലിലായിരുന്ന യു.എസ്.എസ് അബ്രഹാം ലിങ്കണും അനുബന്ധ യുദ്ധക്കപ്പലുകളും അറബിക്കടലിലേക്ക് നീങ്ങിക്കഴിഞ്ഞു.

അന്തർവാഹിനി മുതൽ മിസൈൽ പ്രതിരോധ കപ്പലുകളടക്കം സർവായുധ സജ്ജമാണ് ഈ കപ്പൽപട. എഫ്-15 ഇ സ്ട്രൈക്ക് ഈഗ്ൾ യുദ്ധവിമാനങ്ങളുടെ സ്ക്വാഡ്രൺ ഇതിനകം പശ്ചിമേഷ്യയിൽ നിരന്നുകഴിഞ്ഞു. ആകാശത്ത് വിമാനങ്ങൾക്ക് ഇന്ധനം നിറക്കാൻ കെ.സി-135 വിമാനങ്ങൾ, താഡ്, പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ... എന്നിങ്ങനെ പോകും അമേരിക്ക ഒരുക്കുന്ന സർവസംഹാരിയായ ആയുധങ്ങൾ. ആക്രമണം നടത്തുന്നത് യു.എസും പരിക്കേൽക്കുന്നത് ഇറാനുമായതിനാൽ ലോകത്തിന്റെ പ്രതികരണം വാക്കുകളിലൊതുങ്ങുമെങ്കിലും ഇനിയുമൊരു ആക്രമണം മേഖലയിലുണ്ടാക്കുന്ന ആഘാതം ചെറുതാകില്ലെന്നുറപ്പ്. യു.എസിന് മേഖലയിൽ ഉടനീളം സൈനിക താവളങ്ങളുണ്ട്. പരിസരത്തെ 21 രാജ്യങ്ങളുടെ ചുമതലയിൽ യു.എസ് സെൻട്രൽ കമാൻഡ് സുശക്തമായ സൈനിക സാന്നിധ്യമാണ്.

ഇവയെല്ലാം അതത് രാജ്യങ്ങളുടെ സുരക്ഷയേക്കാൾ മേഖലയിൽ അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നവയാണ്. അവയെ ലക്ഷ്യമിടുമെന്ന് ഇറാനും നയം വ്യക്തമാക്കിക്കഴിഞ്ഞു. തോക്കിന്റെ കാഞ്ചിയിൽ വിരലുവെച്ചിരിക്കാനായിരുന്നു കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങളോട് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വാക്കുകൾ.

കാരണം

നാണയപ്പെരുപ്പവും വിലക്കയറ്റവും മൂലം ജീവിതം ദുരിതത്തിലായ രാജ്യത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ ഭരണകൂടം ഭീകരമായി നേരിട്ടുവെന്നതാണ് ആക്രമണത്തിന് അമേരിക്ക കാരണം നിരത്തുന്നത്. രാജ്യത്തുടനീളം സംഘർഷങ്ങളിൽ സിവിലിയന്മാരും സുരക്ഷാ ഉദ്യോഗസ്ഥരുമായി 3,000ത്തിലേറെ പേർ മരിച്ചെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടന കണക്കു പറയുന്നത്.

അത് 20,000ത്തിലേറെ പേർ വരെയാകാമെന്ന് പറയുന്ന വിദേശസംഘടനകളുമുണ്ട്. പ്രതിഷേധക്കാരെ കൂട്ടമായി തുറുങ്കിലടച്ച ഇറാൻ സർക്കാർ, ഇവർക്ക് കൂട്ട വധശിക്ഷ നടപ്പാക്കാൻ ആലോചിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇത് നിർത്തിവെച്ചതായും ശിക്ഷ വിധിക്കപ്പെട്ട 840 പേർക്കെങ്കിലും ഇത് ആശ്വാസമായെന്നും പറയുന്നു. ഇന്റർനെറ്റും ഫോണും വിലക്കിയ രാജ്യത്തുനിന്ന് ശരിയായ കണക്കുകൾ പുറത്തുവരാത്തതിനാൽ പറയുന്നവരെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ തരംപോലെ ആകാമെന്ന് മാത്രം.

ഉപരോധക്കെണി

സമീപകാല ചരിത്രത്തിൽ ഇത്രമേൽ ഉപരോധക്കെണിയിലായ രാജ്യം ഇറാനെപ്പോലെ വേറെയുണ്ടാകില്ല. 1979ൽ തെഹ്റാനിലെ അമേരിക്കൻ എംബസി വളഞ്ഞ് വിദ്യാർഥികൾ നയതന്ത്ര ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതു മുതൽ പഴക്കമുണ്ടതിന്. അഞ്ചുവർഷം കഴിഞ്ഞ്, തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നുപറഞ്ഞ് പുതിയ ഉപരോധം പ്രഖ്യാപിച്ച യു.എസ്, 1996ൽ ബിൽ ക്ലിന്റൺ പ്രസിഡന്റായിരിക്കെ ഇറാൻ ഉപരോധ നിയമവും കൊണ്ടുവന്നു. പിന്നെയും പല ആണവ നിർവ്യാപന കരാറുകളുടെ പേരുപറഞ്ഞ് പലവട്ടം നിരീക്ഷണത്തിനെത്തിയവരുടെ റിപ്പോർട്ടുകളുടെ പുറത്ത് ഉപരോധം പലത് വന്നു.

ലോകത്തെ നാലാമത്തെ വലിയ എണ്ണനിക്ഷേപമുള്ള രാജ്യമായിട്ടും ഇതുമൂലം പട്ടിണി മാറ്റാൻ വഴിയില്ലാതെ ഇറാൻ പൊറുതിമുട്ടി. നേരിട്ട് ഇറാൻ കപ്പൽ ഉപയോഗിച്ചാൽ കുടുങ്ങുമെന്നായതിനാൽ മാറ്റിക്കയറ്റുന്നതടക്കം അധിക ചെലവുകൾ കണക്കിലെടുത്ത് ചൈന പോലുള്ള ചില രാജ്യങ്ങൾ മാത്രമാണിപ്പോൾ ഇറാൻ എണ്ണ വാങ്ങുന്നത്. മറ്റു രാജ്യങ്ങളെ തീരുവ ഭീഷണിയിൽ നിർത്തുന്നത്ര ചൈനയോട് സാധ്യമല്ലാത്തതിനാൽ ഇത് അവസരമാക്കി ഓരോ വർഷവും ചൈന ഇറാനിൽനിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.

എന്നിട്ടും പക്ഷേ, ഇറാൻ റിയാൽ ആഗോള നാണയങ്ങൾക്കുമുന്നിൽ കൂപ്പുകുത്തൽ തുടരുകയാണ്. 15 ലക്ഷം ഇറാൻ റിയാൽ നൽകിയാലേ ഒരു ഡോളർ ലഭിക്കൂ എന്നിടത്താണ് നിലവിലെ കാര്യം. എന്നുവെച്ചാൽ ആഗോള വിപണിയിൽനിന്ന് ഇറാന് ഒന്നും വിലകൊടുത്ത് വാങ്ങാനാകില്ല. ഇത് രാജ്യത്തുണ്ടാക്കുന്ന അസ്ഥിരത ഏതു നിമിഷവും തെരുവിലെത്തുമെന്നും അതിൽനിന്ന് വിളവ് കൊയ്യാമെന്നും കണക്കുകൂട്ടുന്നവരുടെ കളികൾ പക്ഷേ, അത്രയെളുപ്പമൊന്നും ഇറാൻ സർക്കാറിന് ഇല്ലാതാക്കാനാകില്ല.

സുരക്ഷാ ഭീഷണി

ഫലസ്തീനിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും കുടിലമായ വംശഹത്യ തുടർന്നതിന് ലോകത്തിന്റെ മൊത്തം രോഷം ഏറ്റുവാങ്ങിയിട്ടും ഇസ്രായേലിന് ആയുധവും പണവുമെത്തിച്ച് കൂട്ടുനൽകിയതാണ് അമേരിക്കയുടെ സമീപകാല പാരമ്പര്യം. അവർ ആവശ്യപ്പെട്ടപ്പോൾ ഏറ്റവും അപകടകാരിയായ ബി-2 ബോംബറുകൾ തന്നെ അയച്ച് ഇറാൻ ആണവ നിലയങ്ങൾ ലക്ഷ്യമിട്ടിട്ട് ഏറെയായിട്ടില്ല. 12 ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കക്ഷിചേർന്നായിരുന്നു ട്രംപിന്റെ ബോംബിങ്.

ആക്രമണം ഇറാൻ ആണവ നിലയങ്ങൾ തകർത്തെന്ന് യു.എസും കാര്യമായ നഷ്ടമുണ്ടാക്കിയില്ലെന്ന് ഇറാനും പറയുമ്പോഴും ലക്ഷ്യം സഫലമാക്കിയ നീക്കമായിരുന്നുവെന്ന് മാത്രമാണ് അമേരിക്കൻ വിശദീകരണം. ഇറാനെ ഇസ്രായേലും ട്രംപും എത്രമേൽ ഭയക്കുന്നുവെന്നും ആ രാജ്യം മാത്രമല്ല, അവിടത്തെ ഭരണകൂടവും തകർന്നുകിട്ടണമെന്ന് എത്ര കഠിനമായി ആഗ്രഹിക്കുന്നുവെന്നും ലോകം നേരിട്ടുകണ്ട സംഭവമായിരുന്നു അത്. ആ നാളുകളിൽ ഇറാൻ ഇസ്രായേലിൽ നടത്തിയ തിരിച്ചടികളും അത്ര മോശമായിരുന്നില്ല. റഷ്യയും ചൈനയുമടക്കം വിട്ടുനിന്നിട്ടും ഒറ്റക്ക് ഇറാൻ ചെറുത്തുനിന്നത് ചെറുതായൊന്നുമല്ല ഇസ്രായേലിനെയും യു.എസിനെയും അരിശം കൊള്ളിക്കുന്നത്.

അബ്രഹാം ഉടമ്പടിയെന്ന പേരിൽ അമേരിക്ക മേഖലയിൽ ഇസ്രായേലിന് അനുകൂല അന്തരീക്ഷമൊരുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സഖ്യരാഷ്ട്രങ്ങളെ അതിന്റെ ഭാഗമാക്കി ഇസ്രായേൽ സൗഹൃദമുന്നണി വിപുലീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ ഇപ്പോഴും അണിയറയിൽ സജീവവുമാണ്. അതിനിടെയാണ്, പഴയപോലെ ഇല്ലെങ്കിലും ഇറാൻ മേഖലയിലെ കരുത്തരായി തുടരുന്നത്. തകർന്നു തരിപ്പണമായി കിടക്കുമ്പോഴും ഇറാഖും സിറിയയും ലബനാനും യമനുമടക്കം ഇറാനുമായി സഖ്യം നിലനിർത്തുന്ന രാജ്യങ്ങളാണ്. ലബനാനിൽ ഹിസ്ബുല്ലയെയും ഇറാഖിലെയും സിറിയയിലെയും സമാന സംഘടനകളെയും നാമാവശേഷമാക്കിയപ്പോഴും യമനിലെ ഹൂതികൾ അവസാനം വരെയും വീര്യം വിടാതെ ചെറുത്തുനിന്നവരാണ്.

ഇറാൻ നൽകുന്ന പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും സഹായവുമാണ് മേഖലയിൽ ഇവക്ക് വെള്ളവും വളവുമാകുന്നതെന്നും തങ്ങൾ മുന്നിൽ നിർത്തുന്ന ജിയോപൊളിറ്റിക്കൽ സമവാക്യങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതെന്നും ഇസ്രായേലിനറിയാം. അതിനാൽ, ഇറാന്റെ നിലനിൽപും തിരിച്ചുവരവും ആ രാജ്യത്തിന്റെ മാത്രമല്ല, മേഖലയിലെ മറ്റു സഖ്യ രാജ്യങ്ങളുടെയും ശാക്തീകരണത്തിൽ സഹായകമായേക്കുമെന്ന ആധി എല്ലാറ്റിനും പിന്നിലുണ്ട്.

നിലവിൽ, ആഗോള സൈനിക റാങ്കിങ്ങിൽ 16ാമതാണ് ഇറാൻ. 610,000 സജീവ സൈനികരും മൂന്നര ലക്ഷം റിസർവുമായി 960,000 ആണ് ഇറാന്റെ സൈനിക ശേഷി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ ശേഖരമുള്ള രാജ്യം. അയൽരാജ്യങ്ങളിൽ കൂടി ഇടപാടുകാരുള്ള ഡ്രോൺ സാങ്കേതികത. ഇറാൻ റവലൂഷനറി ഗാർഡുകളും ഖുദ്സ് സേനയും പോലെ ശക്തമാണ് രാജ്യത്തിന്റെ മിസൈൽ, ഡ്രോൺ ആയുധശേഷിയെന്ന് സാരം. ഇറാൻ-ഇറാഖ് യുദ്ധത്തിനുശേഷം ദീർഘകാലാടിസ്ഥാനത്തിലുള്ള വലിയ പരീക്ഷണങ്ങൾക്ക് ഇറാൻ സേന വിധേയമായിട്ടില്ലാത്തതിനാൽ രാജ്യം അടുത്തിടെ കൈവരിച്ച സൈനിക നേട്ടങ്ങൾ എത്രയെന്ന് വ്യക്തമല്ല. അതാണ് ട്രംപിന്റെ വലിയ പ്രഖ്യാപനങ്ങൾ അത്രയെളുപ്പത്തിൽ ഇറാനിൽ പ്രാവർത്തികമാകാതെ പോകുന്നത്. എങ്കിലും ഏറ്റവും അപകടകാരികളായ എഫ്-35, ബി-2 ബോംബറുകളൊക്കെ നിരത്തി യു.എസ് ആക്രമണത്തിന് ഇറങ്ങുമോയെന്നാണ് ലോകം ആശങ്കപ്പെടുന്നത്.

ട്രംപിന്റെ സാമ്രാജ്യത്വ സ്വപ്നങ്ങൾ

2016ലെന്ന പോലെ ഇത്തവണയും ട്രംപ് അധികാരമേറുന്നത് അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുമെന്ന് പറഞ്ഞാണ്. ലോകത്തിനുമേൽ തീരുവ യുദ്ധവുമായാണ് തുടങ്ങിയത്. പല രാജ്യങ്ങളും കീഴടങ്ങിയെന്ന് മാത്രമല്ല, വിലപ്പെട്ട തങ്ങളുടെ സമ്പദ്‍വ്യവസ്ഥകൾ അമേരിക്കക്കും ട്രംപിനുമായി മലർക്കെ തുറന്നുകൊടുക്കുകയും ചെയ്തു. അയൽക്കാരെ ഭീഷണിപ്പെടുത്തി മുൾമുനയിൽനിർത്തുന്നതായിരുന്നു അടുത്ത പടി. കാനഡയും മെക്സികോയും ക്യൂബയും മുതൽ എല്ലാവർക്കുനേരെയും ട്രംപ് മുഷ്ടിചുരുട്ടി.

ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ വെനിസ്വേലയിൽ അർധരാത്രി ആക്രമണം നടത്തി പ്രസിഡന്റിനെയും പ്രഥമ വനിതയെയും അറസ്റ്റ് ചെയ്ത് രാജ്യത്തെത്തിക്കലായിരുന്നു അടുത്ത പടി. അതിനായി, താൻ പ്രത്യേക ആയുധം തന്നെ പ്രയോഗിച്ചുവെന്നും വെനിസ്വേലയുടെ പ്രതിരോധ സംവിധാനങ്ങൾ അതോടെ നിശ്ചലമായെന്നും അടുത്തിടെ ട്രംപ് വീമ്പുപറഞ്ഞത് ലോകം മറന്നിട്ടില്ല. പലവട്ടം വെനിസ്വേല കപ്പലുകൾ ആക്രമിച്ച ശേഷം ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുപോലും പുല്ലുവില കൽപിച്ചായിരുന്നു ശുദ്ധ തെമ്മാടിത്തം.

അവിടെയുമവസാനിപ്പിക്കാതെ വെനിസ്വേലയിൽനിന്ന് എണ്ണയുമായി പോകുന്ന കപ്പലുകൾ പിടിച്ചെടുത്തും രാജ്യത്തെ ഖനനം ഏറ്റെടുക്കാൻ നടപടികൾ ആരംഭിച്ചും അധിനിവേശം പൂർത്തിയാക്കുന്ന തിരക്കിലാണിപ്പോൾ പെന്റഗണും വൈറ്റ്ഹൗസും. ലോകത്തെ തെളിയിക്കപ്പെട്ട ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യത്തിന്റെ എണ്ണ തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു.

ആധുനിക ലോകം ഭരിക്കുന്ന നവസാങ്കേതികതകളിലെ അനുപേക്ഷ്യ ഘടകമായ അപൂർവ ലോഹങ്ങൾ വേണ്ടുവോളമുള്ള ഗ്രീൻലൻഡിന്റെ പേരിലായിരുന്നു ട്രംപിന്റെ അടുത്ത പുകിൽ. അവിടെ നിക്ഷേപമിറക്കാനാണെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്ന് ഭരണം കൈയാളുന്ന ഡെന്മാർക്കും ഗ്രീൻലൻഡ് പ്രാദേശിക ഭരണകൂടവും അറിയിച്ചിട്ടും ട്രംപ് അടങ്ങിയിട്ടില്ല. അതിന്റെ തുടർച്ചയായാണ് ഇറാനെതിരായ പുതിയ നീക്കം.

ഗസ്സ സമാധാന ബോർഡും ഇറാനും

ടോണി െബ്ലയറടക്കം പഴയകാല ഇഷ്ടക്കാരെ കൂട്ടി അടുത്തിടെ സ്വിസ് നഗരമായ ദാവോസിൽ അന്താരാഷ്ട്ര സാമ്പത്തിക ഫോറം വേദിയിൽ വെച്ചാണ് ട്രംപ് തന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. യു.എന്നിന്റെ ഏകദേശം അനുബന്ധ സംഘടനകളിൽനിന്നൊക്കെയും ഇതിനകം പിൻവാങ്ങിയ ട്രംപ് ആഗോള രാഷ്ട്രീയത്തിൽ തന്റെ ബദലെന്നോണമാണ് സമാധാന ബോർഡ് അവതരിപ്പിക്കുന്നത്. ഇന്ത്യയും യൂറോപ്പുമടക്കം പ്രമുഖരിൽ പലരെയും ബന്ധപ്പെട്ടെങ്കിലും അംഗത്വത്തിന് അവരൊന്നും സമ്മതം മൂളിയിട്ടില്ല. എന്നാലും, ട്രംപ് അധ്യക്ഷനും മരുമകൻ കുഷ്നർ പ്രധാന അംഗവുമായ സമിതി യു.എന്നിനു പകരം ലോകത്ത് സമാധാനം നിലനിർത്തുന്ന സംവിധാനമായി ഉയർത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. യൂറോപ് സമ്പൂർണമായി മറുപക്ഷത്ത് നിലയുറപ്പിച്ചിരിക്കെ ഇത് എത്രകണ്ട് വിജയം കാണുമെന്നറിയാൻ ലോകം കാത്തിരിക്കുകയാണ്.

എന്നാൽ, ലോക പൊലീസ് മാത്രമല്ല, പ്രശ്നക്കാരനും താൻ തന്നെയെന്ന് തെളിയിച്ചാണ് തൊട്ടുപിറകെ ഇറാനിലേക്കും ട്രംപിന്റെ നീരാളിക്കൈ എത്തുന്നത്. യുദ്ധവും സംഘട്ടനവും പരിചിതമായൊരു രാജ്യത്തിനുമേൽ ആക്രമണവുമായി ഇറങ്ങുമ്പോൾ മുന്നൊരുക്കങ്ങൾ ഏറെ വേണ്ടിവരുമെന്ന് തീർച്ച.

യുക്രെയ്നുമായി മല്ലിടുന്ന റഷ്യയും സ്വന്തം സാമ്പത്തിക അജണ്ടകൾക്ക് പ്രാമുഖ്യം നൽകുന്ന ചൈനയും നേരിട്ട് കക്ഷി ചേർന്നില്ലെങ്കിലും ഇറാനിൽ വെടിപൊട്ടിയാൽ അലയൊലികൾ പലയിടത്തുമുണ്ടാകുമെന്നുറപ്പ്. അത് പശ്ചിമേഷ്യയിൽ ഒരിക്കൽകൂടി സമാധാനം ചോർത്തുമെന്ന് മാത്രമല്ല, പുതിയ സമവാക്യങ്ങളുടെ സൃഷ്ടിക്കും കാരണമായേക്കും.

ഇറാനിലെ സാധ്യതകൾ

നേരിട്ട് യുദ്ധപ്രഖ്യാപനമുണ്ടായില്ലെങ്കിലും ഇറാൻ ആണവ നിലയങ്ങളും ആയുധ സംഭരണകേന്ദ്രങ്ങളും തകർത്തുള്ള ആക്രമണം വൈകാതെ യു.എസ് നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ സൂചന നൽകുന്നുണ്ട്. പരമോന്നത നേതാവ് അലി ഖാംനഈയുടെ സ്വാധീനം തകർക്കുന്ന നടപടികളും ഉണ്ടായേക്കും. ജനുവരി ആദ്യത്തിൽ വെനിസ്വേല തലസ്ഥാനത്ത് അമേരിക്കൻ സേന നേരിട്ടെത്തി പ്രസിഡന്റ് നികളസ് മദൂറോയെ വിമാനത്തിൽ കടത്തിക്കൊണ്ടുവന്നത് ലോകത്ത് സമീപകാലത്തൊന്നും സംഭവിക്കാത്ത രാഷ്ട്രീയ അട്ടിമറി മാതൃകയാണ്. അധികാര മാറ്റവും യു.എസ് ആഗ്രഹിക്കുന്നതാണ്. എന്നാൽ, 93 ശതമാനം ശിയാക്കളുള്ള ഇറാനിൽ കടുത്ത അസ്ഥിരത സൃഷ്ടിക്കുന്ന മാറ്റമേ യു.എസിന് കൊണ്ടുവരാനാകൂ.

അങ്ങനെ സംഭവിച്ചാൽ, സമീപകാലത്ത് ലിബിയയിലും ഇറാഖിലും സിറിയയിലും എളുപ്പത്തിൽ സാധ്യമാക്കിയ രാഷ്ട്രീയ അശാന്തി സംജാതമാകുന്ന ഒരു രാജ്യം കൂടി പശ്ചിമേഷ്യയുടെ ഉറക്കം കെടുത്തി നിലവിൽ വരും. അമേരിക്ക മുന്നിൽനിൽക്കുമ്പോൾ ഇസ്രായേലിനുമുണ്ട് ഇറാനിൽ വലിയ മോഹങ്ങളെന്നത് അങ്ങാടിപ്പാട്ടാണ്. മുമ്പ് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ കൊലപ്പെടുത്തിയതുപോലുള്ള നീക്കങ്ങൾക്ക് ഇസ്രായേൽ ആഗ്രഹിക്കുന്നുണ്ടാകുമെന്നുറപ്പ്. ഇതിനിടയിലും ഇറാനും പശ്ചിമേഷ്യയും പുതിയ സംഘർഷങ്ങൾക്കിടയിൽ എങ്ങനെ അതിജീവിക്കുമെന്നത് കൂടിയാകും ലോകം അറിയാൻ പോകുന്നത്.

Tags:    
News Summary - Trump's shadow over Iran again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.