പാറ്റകൾ പ്രക്ഷോഭത്തിന്റെ തീപ്പന്തമാവുമ്പോൾ

‘പാറ്റ’ സമം പ്രക്ഷോഭം എന്നൊരർഥംകൂടി ഒരു പക്ഷേ നാളെ നിഘണ്ടുക്കളിൽ ഇടം പിടിച്ചേക്കും. അർജന്റീനിയൻ നാടകപ്രതിഭ ഓസ് വാൾഡ് ഡ്രാഗൺ, ‘നായയായി മാറിയ മനുഷ്യന്റെ കഥ’ എന്ന പേരിൽ എഴുതിയ നാടകത്തിനും പ്രക്ഷോഭകാരികളായി മാറിയ പാറ്റകൾക്കും തമ്മിൽ പ്രത്യക്ഷബന്ധങ്ങളൊന്നുമില്ല. നാടകം അർജന്റീനയിൽ. പ്രക്ഷോഭപാറ്റകൾ ഇന്ത്യയിൽ. നാടകം 1957ൽ. പ്രക്ഷോഭം 2026ൽ.

തൊഴിലില്ലായ്മയാണ് ‘മനുഷ്യനെ’, ‘നായ ഉദ്യോഗം’ തിരഞ്ഞെടുക്കാൻ നിർബന്ധിതനാക്കിയത്. സമരത്തിലും ചോദ്യപേപ്പർ ചോർച്ചക്കൊപ്പം തൊഴിലില്ലായ്മയും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതിലേറെയുള്ള സാമ്യം രണ്ടും രണ്ടർഥത്തിൽ രാഷ്ട്രീയ ‘അസംബന്ധ’ നാടകവേദിയുടെ ഭാഗമാണ് എന്നുള്ളതാണ്! നാടകത്തിലെ നായയായി മാറിയ മനുഷ്യൻ, അധികാരത്തിനെതിരെയുള്ള മനുഷ്യത്വത്തിന്റെ ചോദ്യമാണ്. മനുഷ്യത്വത്തെത്തന്നെ കടന്നാക്രമിക്കുന്ന അധികാരവ്യവസ്ഥയെയാണ്, അസംബന്ധനാടകം പ്രശ്നവത്കരിച്ചത്.

അതുപോലെ അധികാരം ‘നിസ്സാരമാക്കിയ’ യുവജനത, ആ നിസ്സാരതയെത്തന്നെ ഒരു സമരമാനിഫെസ്റ്റോയാക്കി മാറ്റിയതാണ് ‘പാറ്റപ്രക്ഷോഭം’. കുതിരപ്പടക്കും ആനപ്പടക്കും കാലാൾപടക്കുമൊപ്പം, ഒരു പാറ്റപ്പടയും ഇനിമുതൽ ഇന്ത്യാചരിത്രത്തിൻെറ ഭാഗമാവും! ചരിത്രരേഖകളേക്കാൾ ശബ്ദായമാനമായി ഒരു കാലഘട്ടത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നത് വാക്കുകൾ എന്ന് എറിക്ഹോബ്സോം പറഞ്ഞതും; സ്പഷ്ടമായൊരു വാക്ക് അജയ്യമെന്ന് പേരുകേട്ട പുരാണത്തിലെ അസ്സീറിയൻ ചക്രവർത്തിയുടെ കോട്ട പൊളിച്ചു എന്ന് ബ്രെഹ്തോൾഡ് ബ്രെഹ്ത് എഴുതിയതും പാറ്റപ്രക്ഷോഭത്തിനും എത്രയോ മുമ്പാണ്.

നാടുവാഴിത്തത്തിൽനിന്നും മുതലാളിത്തത്തിലേക്കുള്ള മാറ്റത്തിൻെറ വരവറിയിക്കുന്ന വാക്കുകളെ പരാമർശിക്കുന്നിടത്താണ് ഹോബ്സ്ബോം ചില പ്രത്യേക വാക്കുകൾക്ക് ചരിത്രരേഖകളേക്കാൾ സ്ഥാനം നൽകിയത്. ബ്രഹ്താകട്ടെ, ‘ആസാദി’ എന്ന വാക്ക് പ്രത്യേകം പറയാതെതന്നെ, ആ വാക്കിൻെറ ശക്തിയാണ് അടയാളപ്പെടുത്തിയത്. ‘പാറ്റ’ ഇപ്പോൾ ഇന്ത്യയിൽ ഇതുരണ്ടുമാണ്! അതായത് ആസാദിയും ചരിത്രസാക്ഷ്യവും!

‘ചരിത്രത്തെ വെറും ചപ്പാത്തി മാത്രമാക്കി, തിരിച്ചുംമറിച്ചുമിട്ട് അവർ അത് ചെയ്യും’ എന്ന് പി.എൻ. ഗോപീകൃഷ്ണൻ കവിതയിൽ! എന്നാലിപ്പോൾ, ‘ചരിത്രം’ എന്നത് അധികാരം എന്തും ഏതും സ്വന്തം ഇച്ഛക്കനുസരിച്ച് മറിച്ചിടുന്നൊരു ചട്ടുകമാണ്. വിദ്യാഭ്യാസ സമ്പ്രദായം തന്നെ അടപടലം അട്ടിമറിക്കപ്പെടുമ്പോഴും പ്രതീക്ഷിക്കുന്നത്ര വീറോടെയുള്ള പ്രക്ഷോഭങ്ങൾ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കിയില്ല. നിരവധി മതനിരപേക്ഷ വാക്കുകൾപോലും വെട്ടിമാറ്റപ്പെടുമ്പോഴും, ശാസ്ത്രത്തിന്റെ സ്ഥാനത്തേക്ക് പുരാണം ഇടിച്ചുകയറുമ്പോഴും വെറുപ്പും വിദ്വേഷവും പാഠങ്ങളായി അവതരിച്ചപ്പോഴും, മേൽക്കോയ്മാദേശീയത അരങ്ങ് പൊളിച്ചപ്പോഴും പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും, അധികാരത്തിൻെറ അകത്തളങ്ങളിൽ ഉൾക്കിടിലം സൃഷ്ടിക്കുംവിധമുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവന്നില്ല.

എന്നാലിപ്പോൾ, അതിശയം, ഒരു പരിഹാസപ്രയോഗത്തിൻെറ സ്പർശത്തിൽ നിന്നും രൂപംകൊണ്ട പാറ്റകൾക്ക്, അപ്രതീക്ഷിതമായ ശക്തിസംഭരിക്കാൻ കഴിഞ്ഞിരിക്കുന്നു! എന്തുകൊണ്ട് എന്നതിന്ന് സർക്കാറും സംഘ്പരിവാറും നൽകുന്ന ഉത്തരമാകെ കുറുക്കിയാൽ രാജ്യദ്രോഹശക്തികളുടെ പിന്തുണകൊണ്ട് എന്നൊരു ഉത്തരം കിട്ടും! സംഘ്പരിവാർ പ്രസിദ്ധീകരണങ്ങൾ പറയുന്നത് ഉമർഖാലിദ് അനുകൂലികൾ, ചൈനാ അനുകൂലികൾ, ഖലിസ്താൻ വാദികൾ... തുടങ്ങിയവരുടെ പിന്തുണയാണ് പാറ്റകളുടെ ശക്തിസ്രോതസ്സ് എന്നാണ്! എന്നാൽ, ഇത് വെറും പാറ്റകളല്ലെന്നും മറിച്ച്, ‘രാഷ്ട്രീയപാറ്റകൾ’ ആണെന്നും അവരും ശരിക്കും മനസ്സിലാക്കിയിരിക്കുന്നു! വ്യവസ്ഥ എണ്ണാതെവിട്ട മനുഷ്യരുടെ കൂട്ടായ്മയാണ് ഞങ്ങളുടേതെന്ന് പാറ്റധൈഷണികരും പറയുന്നു.

സത്യത്തിൽ പലതരം അസ്വസ്ഥതകളും അരക്ഷിതത്വങ്ങളും ഇളകിമറിയുന്ന ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ മാറ്റത്തിന് ദാഹിക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് മറ്റുപലതിനുമൊപ്പം രാമക്ഷേത്രമെങ്കിലും പവിത്രമായിരിക്കുമെന്നാശിച്ച രാമഭക്തർക്കുപോലും പൊള്ളലേൽക്കുന്നത്! തൊഴിലില്ലായ്മയും അരക്ഷിതത്വവും വളരുന്നു. വിദ്യാഭ്യാസമടക്കം ഗൂഢസംഘങ്ങളുടെ ഒളിത്താവളമാവുന്നു. മതനിരപേക്ഷത നിസ്സഹായമാവുന്നു. ‘പാറ്റകൾ’ സ്വയമറിഞ്ഞും അറിയാതെയും ഇഴഞ്ഞുവന്ന് ഇടിനാദങ്ങൾ സൃഷ്ടിച്ചത് ഇത്തരമൊരു ഇരുട്ടിടങ്ങളിലാണ്. പലകാരണങ്ങളാൽ രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നവരടക്കം സർവരും ഒന്നിച്ചതാണ് പാറ്റപ്രക്ഷോഭത്തെ ശ്രദ്ധേയമാക്കിയത്.

‘സർവ അധികാരങ്ങളും ഭാവനക്ക്’ എന്ന മുദ്രാവാക്യം മുഴക്കി മുന്നേറിയ 1968ലെ ഫ്രാൻസിലെ വിദ്യാർഥിപ്രക്ഷോഭത്തോട് തുല്യപ്പെടുത്താനാവില്ലെങ്കിലും, പാറ്റകൾ സൃഷ്ടിച്ച സമരശക്തി മുമ്പ് നടന്ന ഏതു വിദ്യാർഥി സമരത്തേക്കാളും എത്രയോ മുന്നിലാണ്. രാഷ്ട്രീയത്തിനകത്തും പുറത്തുമുള്ള അരാഷ്ട്രീയതയെ പിടിച്ചുകുലുക്കാൻ കഴിഞ്ഞു എന്നുള്ളതുകൊണ്ടുതന്നെ അവർ ആദ്യ വിജയം കൈവരിച്ചുകഴിഞ്ഞു. മറ്റെല്ലാ അഭിപ്രായവ്യത്യസങ്ങൾക്കുമപ്പുറം ഒരു ഭാഗത്ത് ഫാഷിസ്റ്റുകളും മറുഭാഗത്ത് ഫാഷിസ്റ്റ് വിരുദ്ധരും എന്ന തരത്തിലുള്ളൊരു ധ്രുവീകരണം ഉണ്ടായിത്തീർന്നാൽ, ഉറപ്പ്, അനീതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ജനായത്ത പതാക ഇന്നത്തേക്കാൾ എത്രയോ ഉയരത്തിൽ പറത്താനാവും.

‘എന്റേത്’ ‘നിന്റേത്’ ‘സ്വന്തം’ എന്നീ പ്രകാരമുള്ള വാക്കുകൾതന്നെ അപരിചിതമായ ഒരുകാലം ചരിത്രത്തിലുണ്ടായിരുന്നുവെന്ന് കേൾക്കുമ്പോൾ, ഇപ്പോൾ പലർക്കും അവിശ്വസനീയമായി തോന്നുന്നത്, അവർ സർവതും ‘സ്വത്തായി’ മാറിയ ഒരു സമൂഹത്തിൽ വിമർശനരഹിതമായി ജീവിക്കുന്നതുകൊണ്ടാണ്. എന്തിനെയും ഏതിനെയും സ്വത്താക്കി മാറ്റാൻ വെമ്പുന്ന ചൂഷകകാലമാണ്, ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുമ്പ് സൃഷ്ടിച്ചത്. ആ മുദ്രാവാക്യംപോലും നിലനിന്നത് അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമടങ്ങുന്നൊരു സമൂഹത്തിലാണ്. സ്വന്തം കാലിൽ നിൽക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, സമൂഹ സാധ്യതകൾ സ്വന്തമാക്കുമ്പോൾ മാത്രം സാധ്യമാവുന്ന ആ മുദ്രാവാക്യത്തിലെ ‘സ്വന്തം’ പോലും അത്ര സ്വതന്ത്ര ‘സ്വന്ത’മല്ല!

സാമൂഹികജീവിതം നിമിത്തം നിലവിൽ വന്ന സൗകര്യങ്ങളെ, ആ സാമൂഹിക ജീവിതത്തെത്തന്നെ നിരാകരിക്കുംവിധം വികലമാക്കുമ്പോഴാണ്, സ്വയംപര്യാപ്തവാദം പലതരം ഭാവമാറ്റങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്. അപ്പോഴാണ് ഒത്തുചേരലുകൾക്കുപകരം ഒഴിഞ്ഞുമാറലുകളുടെ യുക്തി ആഘോഷിക്കപ്പെടുന്നത്. അരാഷ്ട്രീയതയുടെ ആഘോഷമായിരുന്നു സ്വന്തംകാര്യം സിന്ദാബാദെങ്കിൽ, ‘സ്വന്തംകാര്യം മാത്രം സിന്ദാബാദ്’ എന്ന നവലിബറൽ മുദ്രാവാക്യം അതിനേയും നിലംപരിശാക്കുന്ന ഒന്നാണ്! ആദ്യത്തെ സങ്കുചിത മുദ്രാവാക്യത്തിലേക്ക് പുതുതായി കടന്നുവന്ന ആ സ്പെഷൽ ‘സ്വന്തം’ ‘മാത്ര’ത്തിലാണ് പുതിയകാല അരാഷ്ട്രീയത കൊഴുക്കുന്നത്. ‘പറ്റ’മായി പരിമിതപ്പെടുത്തപ്പെടുന്ന സമൂഹത്തിൻെറ അവശതയെയാണത് ദൃശ്യപ്പെടുത്തുന്നത്. മൃഗക്കൂട്ടായ്മകളുടെ ഭാഗമായ ‘പറ്റം’, മുമ്പേ പോകുന്ന പശുവിൻെറ പിറകെപോകുന്ന പശുക്കളുടെ ജീവിതത്തെയാണ്, അതോടൊപ്പം സകലമാന മൃഗസമാന ജീവിതങ്ങളെയുമാണ് അടയാളപ്പെടുത്തുന്നത്. ആശയവിനിമയങ്ങളിലൂടെ രൂപംകൊള്ളുന്ന, കൊള്ളേണ്ട, അനുകൂല-എതിർ ബന്ധങ്ങളാണ്, ‘പറ്റ’ങ്ങളിൽ ഇല്ലാതെ പോവുന്നത്.

നവലിബറൽ കാഴ്ചപ്പാടുകൾ ഉന്നംവെക്കുന്നത് വിമർശനബോധം കുറഞ്ഞ മാർക്കറ്റ് മനുഷ്യരെയാണ്. ഒന്ന് എടുത്താൽ ആവശ്യമില്ലെങ്കിലും രണ്ട് എടുക്കുന്ന, വർധിച്ച ഡിസ്കൗണ്ട് ഉണ്ടെങ്കിൽ വേണ്ടതല്ലെങ്കിലും എത്രയും വാങ്ങിക്കൂട്ടുന്ന, ഉപഭോഗാസക്തരാണ്, വളരെ വേഗം സമൂഹത്തിൽ നിന്നും ‘പറ്റ’ത്തിലേക്ക് വഴുക്കുന്നത്. സമർഥർ, കാര്യക്ഷമർ, കൊള്ളാവുന്നവർ, വിലകളുടെ വേലിയേറ്റ വേലിയിറക്ക പ്രവണതകളെ കൃത്യം കൈകാര്യം ചെയ്യാനറിയാവുന്നവർ എന്നിങ്ങനെ പ്രകീർത്തിക്കപ്പെടുന്ന, നവലിബറൽ പ്രത്യയശാസ്ത്രം നിർമിച്ചുകൊണ്ടിരിക്കുന്ന പുതിയ അരാഷ്ട്രീയതയാണ്, ഇന്ന് അധികാരത്തിൻെറ ജനവിരുദ്ധതകൾക്കുള്ള ‘സമ്മതം’ സൃഷ്ടിക്കുന്നതും പിന്തുണ ഉറപ്പിക്കുന്നതും! സമരങ്ങളുടെ കാലം കഴിഞ്ഞുവെന്നാണ്, അതൊരു ഒഴിവാക്കേണ്ട ശല്യമാണെന്നാണ് കോർപറേറ്റുകൾ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. ഭ്രാന്തമായ മത്സരമല്ലാതെ ജീവിതത്തിനുമുന്നിൽ മറ്റൊരു മാർഗവുമില്ലെന്ന തത്ത്വത്തിലാണ് ‘കോർപറേറ്റ്’ കാലം അഭിരമിക്കുന്നത്. അതിൻെറ വിജയമാണ്, ‘സ്വന്തം കാര്യം മാത്രം സിന്ദാബാദ്’ എന്നതിലേക്കുള്ള ‘കമ്പോള മുന്നേറ്റം’! ജീവിതത്തെത്തന്നെ പുനർനിർവചിക്കുംവിധം വളർന്നുകൊണ്ടിരിക്കുന്ന മൂലധനശക്തിയിലാണ്, അതിൻെറ നാനാതരത്തിലുള്ള പ്രവർത്തനങ്ങളിലാണ്, അരാഷ്ട്രീയത വ്യാപിച്ചിരിക്കുന്നത്.

പ്രക്ഷോഭകാരികൾക്ക് ‘പാറ്റകൾ’ എന്ന പേര് മാത്രമല്ല, അതിനുമപ്പുറം പല പ്രതികൂലാവസ്ഥകളിലൂടെയും കടന്നുപോകേണ്ടിവരും. അതുകൊണ്ടുതന്നെ ‘പാറ്റപാർട്ടി’ പാറ്റ പരാമർശത്തോടുള്ള കേവല പ്രതികരണത്തിനപ്പുറം ചില ഗൗരവമായ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. അതിൽ പ്രധാനം നിലവിലുള്ള സംഘടനകളിലുള്ള അവിശ്വാസമാണ്. രാഷ്ട്രീയത്തിനകത്തേക്ക് ഇടിച്ചു കയറുന്ന ‘അരാഷ്ട്രീയത’ ഏറെ അസ്വസ്ഥകരമായ ഒരനുഭവമാണ്. കാര്യങ്ങളെ സമഗ്രമായി കാണാനാവാത്ത, നവലിബറലിസം പ്രോത്സാഹിപ്പിക്കുന്ന ‘ക്ഷണിക ചാരിതാർഥ്യ മനോഭാവം’ മറ്റൊരു കാരണമാണ്. ‘പാറ്റപാർട്ടി’ ഒരേസമയം ഇതു രണ്ടിനെയും പ്രകാശിപ്പിക്കുകയും, പ്രതിപക്ഷ പാർട്ടികൾകൂടി ഇതിൽ പങ്കെടുക്കുകയും ചെയ്തതോടെ സമരം സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സമരമായി മാറുകയാണുണ്ടായത്.

പൊതുപ്രശ്നങ്ങളെ സ്വന്തം കാര്യം കൂടിയായി കാണാനുള്ള ആയിരക്കണക്കിന് വിദ്യാർഥികളുടെ സമരാവേശത്തെ, നവഫാഷിസ്റ്റുകൾ ഒഴിച്ച് സർവരും പിന്തുണക്കുന്നിടത്തുവെച്ചാണ് ഇന്ത്യൻ ഭരണകക്ഷി സംഭ്രാന്തമാവുന്നത്. ഭിന്നിപ്പിക്കാനുള്ള പലതരം ശ്രമങ്ങളെ പരാജയപ്പെടുത്തി, ഒരിക്കൽ നരേന്ദ്ര മോദിയെ പ്രശംസിച്ച സോനംവാങ്ചുക് കൂടി സമരനേതൃത്വത്തിലേക്ക് കടന്നുവന്നതോടെ, ശഹീൻബാഗിനും, കർഷകസമരത്തിനും ശേഷം ഇന്ത്യ അഭിമുഖീകരിക്കുന്ന ‘മഹാസമര’മായി വിദ്യാർഥിപ്രക്ഷോഭം വളരുകയാണ് ചെയ്തത്. സമരം ഡൽഹിയിലല്ല, ഇന്ത്യയിലുമല്ല, ലോകം മുഴുവൻ അലയൊലികൾ സൃഷ്ടിച്ചുകഴിഞ്ഞു.

സംഘ്പരിവാർ പതിവുപോലെ അരാജകവാദികൾ, രാജ്യദ്രോഹികൾ, ‘ആന്ദോളൻ ജീവികൾ’ എന്നിങ്ങനെയുള്ള മുനപോയ വിളികൾക്കപ്പുറത്തേക്ക് കടക്കാൻകൂടി കഴിയാത്ത ഒരവസ്ഥയിലാണ്. ഈ ‘ആന്ദോളൻ ജീവികളെ’ നേരിട്ടുകൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടുപോവാൻ കഴിയൂ. രാജ്യസ്നേഹികളായ ജനങ്ങൾ മോദി സർക്കാറിനൊപ്പമായിരിക്കും എന്ന നിലപാടിലാണവർ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത്! ‘ചോദ്യപേപ്പർ ചോർച്ച മാപ്പില്ലാത്ത കുറ്റം’ എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനുപോലും അവർ അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല. മുമ്പ് കർഷകസമരം മുന്നോട്ടുപോയ ഘട്ടത്തിൽ അന്ന് പ്രധാനമന്ത്രി മാപ്പുപറഞ്ഞതുപോലും അവർ മറന്നുപോയിരിക്കുന്നു.

അന്ന് കർഷകരെ ഭീകരർ എന്ന് വിളിച്ചെങ്കിൽ, ഇന്ന് വിദ്യാർഥികളെ ഗുണ്ടകൾ എന്നും, പലനിലകളിൽ പ്രശസ്തനായ സോനം വാങ്ചുകിനെ ഒരു ലഡാക്കുകാരൻ രാജ്യദ്രോഹിയെന്നും, സമരത്തെ പിന്തുണക്കുന്നവരെ അരാജകവാദികൾ എന്നും മുദ്രകുത്തി സമരത്തെ അപകീർത്തിപ്പെടുത്താനും, അടിച്ചമർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. സമരം ഇത്രയേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരിക്കാതിരുന്ന കുറ്റാരോപിതനായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ മൗനം മുറിച്ചത്, വിദ്യാർഥികളെ രാഹുൽഗാന്ധി രാഷ്ട്രീയ ആയുധമാക്കി എന്ന് ആക്ഷേപിക്കാനാണ്! രാമക്ഷേത്ര പരിചരണംകൊണ്ട് ‘സമ്പത്ത്റായി’മാരായി മാറിയ, ചമ്പത്ത്റായിമാരെകൂടി, മനസ്സിൽ കണ്ടാവണം, രാമക്ഷേത്ര സംഭാവന മോഷണത്തിൽ കുലുങ്ങാത്തവർ മറ്റെന്തിലാണ് നാണം കെടുക എന്ന് അലഹബാദ് ഹൈകോടതി ചോദിച്ചത്!

Tags:    
News Summary - cjp protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.