കേരള വികസന മാതൃക ലോകശ്രദ്ധയിലേക്ക് വന്നതിന്റെ പ്രധാന കാരണം കുറഞ്ഞ സാമ്പത്തിക വളർച്ചക്കൊപ്പം വലിയ തോതിലുള്ള സാമൂഹിക വികസനം നടത്താനുള്ള സ്ഥാപനശേഷിയും (institutional capability) മാനുഷികവിഭവവും കേരളത്തിനുണ്ടായി എന്നതാണ്. സർക്കാർ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളമായി പോകുന്നു എന്ന പഴി നിലനിൽക്കുമ്പോഴും ഈ വിഭവശേഷിയും കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ചേർന്ന വലിയ വ്യവസ്ഥിതിയാണ് നമ്മുടെ വികസന മാതൃകയുടെ പ്രധാന ചാലകശക്തി. എന്നാൽ വികസന പ്രക്രിയയിൽ മുന്നിട്ടു നിൽക്കുന്ന ഈ മാതൃക കേരളത്തിലെ ദുരന്ത നിവാരണ രംഗത്ത് ഗുണപരമായി പ്രതിഫലിക്കുന്നില്ല എന്ന് പറയേണ്ടി വരും.
ഇത് പറയാനുള്ള കാരണം പ്രകൃതിദുരന്തങ്ങളിൽ ഉണ്ടാകുന്ന മരണനിരക്കാണ്. ദുരന്ത പ്രതിരോധ പഠനങ്ങളിൽ എടുത്തുപറയുന്ന വസ്തുത, ഉയർന്ന സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും വലിയ തോതിൽ സ്ഥാപനവൽക്കരണവും നടന്ന ഇടങ്ങളിൽ പ്രകൃതിദുരന്തങ്ങൾ മൂലമുള്ള സാമ്പത്തിക നഷ്ടം കൂടിയാലും മരണനിരക്ക് കുറവായിരിക്കും എന്നതാണ്. ഇവിടെയാണ് കേരളത്തിന്റെ അനുഭവം ചോദ്യചിഹ്നമായി മാറുന്നത്.
ദുരന്തങ്ങളോട് പ്രതികരിക്കുന്നതിനും ഇടപെടുന്നതിനും കേരളം മാതൃകയാണ്. പ്രത്യേകിച്ച് പൊതുജനങ്ങളും സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ നടത്തുന്ന മാതൃകാപരമായ ഇടപെടലുകൾ. വയനാട് ദുരന്തത്തോടുള്ള ജനകീയ സമീപനം സമീപകാല ഉദാഹരണമാണ്. മുസ്‍ലിം ലീഗ് നടത്തിയ ഇടപെടലുകളും വിവിധ സന്നദ്ധ സംഘടനകൾ നൽകിയ സാമ്പത്തിക സഹായങ്ങളും ശ്രദ്ധേയമാണ് (സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷന്റെ കണക്ക് പ്രകാരം വിവിധ സർക്കാരേതര സംഘടനകളും പ്രദേശത്തെ കച്ചവടക്കാരും ചേർന്ന് വയനാട്ടിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുപ്പത് കോടിയിലധികം രൂപ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്). ഇത്തരം ജനകീയ ഇടപെടലുകൾ ഒരു മാതൃക തന്നെയാണ്; ഒരുപക്ഷേ കേരളത്തിന് മാത്രം കഴിയുന്ന ഒന്നുമാണ്.
എന്നാൽ ദുരന്തനിവാരണം ഒരു നിയമം കൊണ്ട് (ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005) നിയന്ത്രിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സർക്കാർ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ദുരന്ത പ്രതിരോധവും ദുരന്ത നിവാരണവുമാണ്. ലോകത്തെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്തതാണ് ഈ സംവിധാനം. ലോകമെമ്പാടും ഇൻഷുറൻസ് കമ്പനികളും വ്യക്തികളുമാണ് ദുരന്തനിവാരണത്തിന്റെ സാമ്പത്തിക ബാധ്യത വഹിക്കുന്നത്; എന്നാൽ ഇന്ത്യയിൽ ഇതൊരു സർക്കാർ പദ്ധതിയാണ്.
കേരളവും നാഗാലാൻഡും അടുത്ത കാലത്തായി പാരമെട്രിക് ഇൻഷുറൻസ് ദുരന്ത നിവാരണ രംഗത്ത് പ്രഖ്യാപിച്ചു. ( യഥാർഥ നാശനഷ്ടങ്ങൾ നേരിട്ട് തിട്ടപ്പെടുത്തുന്നതിന് പകരം, മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡത്തെ ആസ്പദമാക്കി തുക ഉടൻ ലഭ്യമാക്കുന്ന ആധുനിക ഇൻഷുറൻസ് മാതൃകയാണിത്). എങ്കിലും, ദുരന്ത നിവാരണ നിയമവും കേന്ദ്ര ധനകാര്യ കമീഷനും ഓരോ സംസ്ഥാനത്തിനും ഫണ്ടുകൾ അനുവദിക്കാറുണ്ട്. 15-ാം ധനകാര്യ കമീഷൻ (2021-2026) മുന്നോട്ട് വച്ച മറ്റൊരു ആശയമായിരുന്നു ആസ്തി വികസിപ്പിച്ചുകൊണ്ടുള്ള ദുരന്ത പ്രതിരോധം. ഇതിനായി ദുരന്ത നിവാരണത്തിൽ പ്രത്യേക തുക അനുവദിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ ഈ തുക എങ്ങനെയാണ് ചെലവാക്കിയത്?
15-ാം ധനകാര്യ കമീഷന്റെ ശിപാർശ പ്രകാരം 2021-2026 കാലയളവിൽ സംസ്ഥാന ദുരന്ത ലഘൂകരണ നിധിയിലേക്ക് കേരളത്തിന് കേന്ദ്ര സർക്കാർ 348 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, ജില്ലാതലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ ചെലവ് പരിശോധിക്കുമ്പോൾ വിനിയോഗം താരതമ്യേന വളരെ പരിമിതമാണെന്ന് കാണാം. മാത്രമല്ല, ഈ പദ്ധതികൾ ഒന്നും തന്നെ കേരളത്തിലെ പാരിസ്ഥിതിക ലോല പ്രദേശങ്ങളിലോ തീരദേശങ്ങളിലോ നടപ്പാക്കിയതായി രേഖകൾ പറയുന്നില്ല. സംസ്ഥാനതലത്തിൽ ലഭ്യമായ ധനസഹായത്തിന്റെ പൂർണ സാധ്യത പ്രയോജനപ്പെടുത്തിയതായും കാണുന്നില്ല.
ഇവിടെയാണ് കേരള വികസന മാതൃക ചോദ്യം ചെയ്യപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ എത്രയൊക്കെ സ്ഥാപനവികസനങ്ങൾ ഉണ്ടായിട്ടും ദുരന്ത പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന് പറയേണ്ടി വരും. ദുരന്തനിവാരണത്തിൽ ദുരന്തശേഷമുള്ള പ്രതികരണത്തിന് (Response) കൂടുതൽ മുൻഗണന ലഭിക്കുകയും ദുരന്തലഘൂകരണ (Mitigation) പദ്ധതികൾക്ക് ആവശ്യമായ പ്രാധാന്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയും ഈ അനാസ്ഥക്ക് കാരണമാകാം.
ഇത്തരമൊരു പരാജയത്തിനാണ് 2004-ലെ സുനാമി മുതൽ കേരളം സാക്ഷിയാകുന്നത്. ഈ സ്ഥാപനവൽക്കരിക്കപ്പെട്ട അനാസ്ഥക്ക് ഇരയാകുന്നത് സാധാരണ മനുഷ്യരുമാണ്. 2017-ലെ ഓഖി ദുരന്തം 162 മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തു; 2018-ലെ വെള്ളപ്പൊക്കം, 2019-ലെ കവളപ്പാറ ദുരന്തം, 2020-ലെ പെട്ടിമുടി ദുരന്തം, 2024-ലെ വയനാട് ദുരന്തം, 2026-ലെ കള്ളാടി ദുരന്തം എന്നിവയിലെല്ലാം ജീവഹാനി സംഭവിച്ചത് തൊഴിലാളികൾക്കും സാധാരണ മനുഷ്യർക്കുമാണ്.
മറ്റൊരു വസ്തുത, പലപ്പോഴും ദുരന്ത നിവാരണ അതോറിറ്റി അടക്കമുള്ള സംവിധാനങ്ങളുടെ കൃത്യമായ വിലയിരുത്തലുകളുടെ അഭാവമാണ്. ദുരന്തത്തിന് കാരണമായ വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ മറച്ചുവെക്കുകയും ചെയ്യുന്നു. ഓഖി ദുരന്തമുണ്ടായപ്പോൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സമയത്ത് വിവരം നൽകിയില്ല എന്ന കാരണമാണ് മുന്നിൽ വച്ചത്. പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ അടക്കം മഴയാണ് കാരണമെന്ന് പറഞ്ഞു; എന്നാൽ ദുരന്തത്തിൽപ്പെട്ട തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ പതിറ്റാണ്ടുകൾ പഴക്കമുള്ളതായിരുന്നു എന്ന വസ്തുത മറച്ചുവെച്ചു.
വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിന് കാരണം മൺകൂനയല്ല എന്ന് തുരങ്കപാതയുടെ നിർമാണം ഏറ്റെടുത്ത കമ്പനിയും, അതല്ല മൺകൂനയാണെന്ന് സർക്കാരും അവകാശപ്പെടുന്നു. അതോടൊപ്പം പാരിസ്ഥിതികമായി ഇത്രയേറെ ദുർബലമായ ഒരു പ്രദേശത്ത് എന്തിനാണ് ഈ പാത എന്ന് ആദ്യം ജനങ്ങളോട് വിശദീകരിക്കണം. വികസനം എന്ന വാക്കുകൊണ്ട് പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം. ഈ പാതയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്നുവരുന്നുണ്ട്. ഈ ആക്ഷേപങ്ങൾ ഒരുപരിധി വരെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പുകളുടെ പരാജയത്തെക്കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്.
15-ാം ധനകാര്യ കമീഷൻ സംസ്ഥാന ദുരന്ത ലഘൂകരണ നിധിയിലൂടെ അനുവദിച്ച ധനസഹായം പോലും പൂർണമായി വിനിയോഗിക്കാൻ കഴിയാത്തത് സാമ്പത്തിക പരാജയം മാത്രമല്ല, കേരളത്തിന്റെ സ്ഥാപനശേഷി പ്രായോഗികമായി ഉപയോഗപ്പെടുത്തുന്നതിലുള്ള ഭരണപരമായ പരാജയം കൂടിയാണ്. ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ദീർഘകാല പ്രതിരോധ ആസ്തികൾ സൃഷ്ടിക്കുന്നതിനു പകരം, ദുരന്തശേഷമുള്ള പ്രതികരണമാണ് ഇപ്പോഴും നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നത്. ഇതിന്റെ പ്രത്യാഘാതം ആവർത്തിച്ചുണ്ടാകുന്ന ജീവഹാനിയിലും ഉപജീവന നഷ്ടത്തിലും ഏറ്റവും വ്യക്തമായി പ്രതിഫലിക്കുന്നു.
അതോടൊപ്പം, ഓരോ ദുരന്തത്തിന്റെയും അടിസ്ഥാന കാരണങ്ങളെ ശാസ്ത്രീയമായും സ്വതന്ത്രമായും വിലയിരുത്തുന്നതിനു പകരം അവയെ പലപ്പോഴും പ്രകൃതിദുരന്തങ്ങളുടെ അനിവാര്യതയിലേക്ക് ചുരുക്കിക്കാണിക്കുന്ന പ്രവണതയും ആശങ്കാജനകമാണ്. ഇത്തരം സമീപനം സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ദുർബലപ്പെടുത്തുകയും ഭാവിയിലെ ദുരന്തപ്രതിരോധത്തിനുള്ള പാഠങ്ങൾ സമൂഹം ഉൾക്കൊള്ളാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
അതുകൊണ്ട് കേരളത്തിന്റെ വികസന മാതൃകയുടെ അടുത്ത ഘട്ടം സാമൂഹിക വികസനത്തിന്റെ വിജയകഥ ആവർത്തിക്കുന്നതല്ല, മറിച്ച് ദുരന്തപ്രതിരോധത്തെ വികസനത്തിന്റെ അവിഭാജ്യഘടകമായി പുനർനിർവചിക്കുന്നതായിരിക്കണം. ശക്തമായ പൊതുസ്ഥാപനങ്ങൾ, സുതാര്യമായ ഉത്തരവാദിത്ത സംവിധാനം, ശാസ്ത്രീയമായ അപകടസാധ്യതാ വിലയിരുത്തൽ, ലഭ്യമായ ധനസഹായത്തിന്റെ ഫലപ്രദമായ വിനിയോഗം എന്നിവയിലൂടെ മാത്രമേ കേരളത്തിന് തന്റെ വികസന മാതൃകയെ യഥാർഥത്തിൽ ദുരന്തപ്രതിരോധശേഷിയുള്ള വികസന മാതൃകയായി മാറ്റാൻ കഴിയൂ. അല്ലാത്തപക്ഷം, വികസനത്തിലെ നേട്ടങ്ങളും സ്ഥാപനവൽക്കരണത്തിന്റെ അവകാശവാദങ്ങളും ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങളിൽ നഷ്ടമാകുന്ന സാധാരണ മനുഷ്യരുടെ ജീവനുമുന്നിൽ തുടർച്ചയായി ചോദ്യം ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.