ഭാഷാ സമര രക്തസാക്ഷികൾ ഓർമിപ്പിക്കുന്നത്

വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ മറവിൽ 1980-ൽ സംസ്ഥാന സർക്കാർ അറബി ഉൾപ്പെടെയുള്ള ഭാഷകളെ ബാധിക്കുന്ന മൂന്ന് നിബന്ധനകൾ ഏർപ്പെടുത്തി. അത് ഭാഷാ പഠനത്തെ മുഖ്യധാരാ വിദ്യാഭ്യാസത്തിൽ നിന്ന് പുറകോട്ടു വലിക്കുന്നതിന് മാത്രമേ ഉപകരിക്കൂ എന്ന് തിരിച്ചറിഞ്ഞ് നിവേദനങ്ങളിലൂടെ വിഷയം അധികാരികളെ ധരിപ്പിക്കാൻ അധ്യാപക സംഘടനകൾ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. തുടർന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷനും (കെ.എ.എം.എ), കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും (കെ.എ.ടി.എഫ്) സംയുക്തമായി 1980 ജൂലൈ നാലിന് സെക്രട്ടറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ഉദ്ഘാടന പ്രഭാഷണം നടത്തിയ സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞു: ‘‘അറബി അധ്യാപക സുഹൃത്തുക്കളെ, നിങ്ങൾ സദാചാരവും ധാർമികതയും പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ്; തെരുവിൽ സമരം ചെയ്യേണ്ടവരല്ല. ഭാവിതലമുറയെ നന്മയിലേക്ക് നയിക്കാൻ പ്രാപ്തരാക്കുന്ന മഹത്തായ ജോലി നിർവഹിക്കാൻ നിങ്ങൾ സ്കൂളുകളിലേക്ക് മടങ്ങിപ്പോവുക. ഈ സമരം ഇതാ സമുദായം ഏറ്റെടുത്തിരിക്കുന്നു.’’

സി.എച്ചിന്റെ ആഹ്വാനപ്രകാരം 1980 ജൂലൈ 30-ന് സംസ്ഥാനവ്യാപകമായി കലക്ടറേറ്റുകൾ പിക്കറ്റ് ചെയ്യാൻ മുസ്‍ലിം യൂത്ത് ലീഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോട്ടപ്പടി മൈതാനിയിൽ നിന്ന് ജാഥയായി എത്തിയ ആയിരക്കണക്കിന് പ്രവർത്തകർ മലപ്പുറം കലക്ടറേറ്റ് പടിക്കൽ പിക്കറ്റിങ് നടത്തി.

പ്രവർത്തകർക്കിടയിലേക്ക് ഇരച്ചുകയറിയ പൊലീസ് വെടിയുതിർത്തു. ദേവതിയാൽ കല്ലിടുമ്പിൽ ചിറക്കൽ അബ്ദുറഹ്മാൻ (22), മൈലപ്പുറം കോതേങ്ങൽ അബ്ദുൽ മജീദ് (24), കാളികാവിലെ ചേറുംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നിവർ വെടിയേറ്റ് പിടഞ്ഞു മരിച്ചു.

വിഷയം സഭയിൽ ഉന്നയിച്ച സി.എച്ച്, സർക്കാർ പിന്മാറുന്നത് വരെ സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് വളയുമെന്നും പ്രഖ്യാപിച്ചു. അതോടെ നടപടികൾ റദ്ദാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ബേബി ജോൺ അറിയിച്ചു. ഏത് വിദ്യാർഥിക്കും മറ്റേത് ഭാഷയും എന്നപോലെ അറബിയും സംസ്‌കൃതവും ഉറുദുവും പഠിക്കാനും, നിലവിലുള്ള അധ്യാപകരെ ഒഴിവാക്കാതെ ക്വാളിഫിക്കേഷൻ ഉയർത്താനും ധാരണയായി. ഭാഷ പഠിക്കുന്നതിനുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി യുവസമൂഹം ജീവൻ നൽകിയ ഭാഷാ സമര രക്തസാക്ഷിത്വത്തിന്റെ അനുസ്മരണ ദിനമാണ് ജൂലൈ 30. രക്തസാക്ഷിത്വത്തിന് 46 വയസ്സാകുമ്പോഴും പൊതുവിദ്യാഭ്യാസ മേഖലയിലെ ഭാഷാ പഠന പ്രശ്നങ്ങൾ തുടരുകയാണ്.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക-വിദ്യാർഥി അനുപാതം ഒന്ന് മുതൽ അഞ്ച് വരെ 1:30 ആയും ആറ് മുതൽ എട്ട് വരെ 1:35 ആയും കുറച്ചിട്ടും അറബി, ഉറുദു, സംസ്‌കൃതം ഭാഷാധ്യാപക തസ്തികകൾക്ക് വിദ്യാർഥികളുടെ അനുപാതം കുറച്ചിട്ടില്ല. ഒന്നോ രണ്ടോ കുട്ടികളുടെ കുറവിൽ പോലും ഈ വർഷവും തസ്തിക നഷ്ടം സംഭവിച്ച് പുറത്തുപോകുന്ന ധാരാളം ഭാഷാധ്യാപകരുണ്ട്. ഇതിനു പുറമെ അറബിക്, സംസ്‌കൃതം കലോത്സവങ്ങൾ ഉൾപ്പെടെയുള്ള മത്സര പങ്കാളിത്തം പരിമിതപ്പെടുത്തുന്ന പുതിയ കലോത്സവ മാനുവൽ ഭേദഗതി പിൻവലിക്കുക, വെട്ടിച്ചുരുക്കിയ അറബിക് യൂണിറ്റ് ഫണ്ട് പുനഃസ്ഥാപിക്കുകയും സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറെ ഉടൻ നിയമിക്കുകയും ചെയ്യുക, നാല് ഭാഷകൾക്ക് വരെ ഹയർസെക്കൻഡറിയിൽ തസ്തിക അനുവദിക്കാൻ സൗകര്യമൊരുക്കുക, പാർട്ട് ടൈം അധ്യാപകരുടെ സർവീസ് കാലയളവ് ഗ്രേഡ്, പെൻഷൻ എന്നിവക്ക് പരിഗണിച്ച് അഞ്ച് വർഷം കഴിഞ്ഞവരെ ഫുൾ ടൈം തസ്തികയിലേക്ക് മാറ്റി പ്രൊമോഷൻ ആനുകൂല്യങ്ങൾ നൽകുക, അറബിക് ഡി.എൽ.എഡ് സെന്ററുകളും സീറ്റുകളും വർധിപ്പിക്കുകയും ഇവർക്ക് എച്ച്.എം പ്രൊമോഷൻ ഉറപ്പാക്കുകയും ചെയ്യുക, എൻ.സി.എ നിയമനങ്ങളിലെ ചട്ടവിരുദ്ധത പരിഹരിക്കുകയും നിലവിലുള്ള എല്ലാ ഒഴിവുകളും ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുക, അറബിക് പഠിക്കുന്ന കുട്ടികൾക്കും മെറിറ്റ് സ്കോളർഷിപ്പ് ഏർപ്പെടുത്തുക, കെ-ടെറ്റ് യോഗ്യത ഉത്തരവ് വരുന്നതിന് മുമ്പ് സർവീസിലുള്ള അധ്യാപകരും 2028-ന് മുമ്പ് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസാകണമെന്ന വിധി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി നിയമഭേദഗതി കൊണ്ടുവരിക, സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലൊളി കമ്മിറ്റി ശുപാർശ ചെയ്തതും ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ചതുമായ അറബിക് സർവകലാശാല സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സർക്കാർ അടിയന്തിരമായി പരിഗണിക്കണം.

അതിനെല്ലാമുപരിയായി ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പി.എം-ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല എന്ന് സംസ്ഥാന സർക്കാർ തുറന്നു പ്രഖ്യാപിക്കുകയും വേണം.

(കേരള അറബിക് മുൻഷീസ് അസോസിയേഷൻ - കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - Remembering the martyrs of the language struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.