സംഘടനകളും പ്രസ്ഥാനങ്ങളും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയ മുൻഗാമികൾ പറഞ്ഞതും എഴുതിയതും അതേപടി നടപ്പാക്കാമെന്ന് ഇന്നാരും കരുതുന്നില്ല. ഒരിക്കൽ അംഗീകരിക്കപ്പെട്ട യുക്തിയുടെ കാഴ്ചപ്പാടിൽ കണ്ണുനട്ടിരിക്കുകയും നേരത്തെ വിഭാവനം ചെയ്ത വഴികളിലൂടെ തന്നെ ചരിത്രം മുന്നോട്ടുപോകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നില്ല. അതാകട്ടെ ചരിത്രപരമായ ഭൗതികവാദത്തിന് യോജിച്ചതുമല്ല. ആദിമകാലം മുതൽ സമൂഹം നേരിട്ട ഒരു ദാർശനിക പ്രശ്നമാണ് വ്യക്തിയാണോ ശരി? സംഘമാണോ ശരി? എന്നത്. സംഘടനകൾ എന്നത് മനുഷ്യന്റെ സാമൂഹിക ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു നിർമിതിയാണ്. ഭൂരിപക്ഷത്തിന് പ്രസക്തി നൽകി തീരുമാനമെടുക്കുന്ന രീതി സ്വീകരിക്കാതെ ഒരു സംഘടനക്കും ജനാധിപത്യ സമൂഹത്തിൽ മുന്നോട്ടുപോകാനാവില്ല. അങ്ങനെ വരുമ്പോൾ വ്യക്തികളും സംഘടനയും തമ്മിലുള്ള വൈരുധ്യങ്ങൾ വർധിക്കുകയും ചെയ്യും.
വ്യക്തിക്ക് ഒറ്റക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സംഘബലം കൊണ്ട് ചെയ്യാൻ കഴിയുമെന്നതാണല്ലോ സംഘടനയുടെ സവിശേഷത. ഇവിടെ ഒരു പ്രശ്നം ഉയർന്നുവരുന്നു; മനുഷ്യചരിത്രത്തിലെ കൊടും ക്രൂരതകളെല്ലാം സംഘമായിട്ടാണല്ലോ മനുഷ്യർ ചെയ്തുകൂട്ടിയതെന്ന്. മനുഷ്യചരിത്രത്തിലെ സുപ്രധാനമായ കണ്ടുപിടിത്തങ്ങളും ചിന്തയുടെ ഔന്നിത്യവും സംഘടനകളിൽ നിന്നല്ല, ഒറ്റക്കിരുന്ന വ്യക്തികളിൽ നിന്നാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. എന്നാൽ, മനുഷ്യരാശി കൈവരിച്ച നേട്ടങ്ങൾ സംഘംചേരലിലൂടെ തന്നെയാണ് സാധ്യമായിട്ടുള്ളത്. എല്ലാ ആൾക്കൂട്ടവും സംഘമല്ല. സാമൂഹിക മനഃശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ അനുസരിച്ച് പരസ്പരാശ്രയത്വം, പരസ്പര ഇടപാടുകൾ, പൊതുവായ ലക്ഷ്യങ്ങൾ എന്നീ ഗുണങ്ങൾ ഉണ്ടാകുമ്പോഴാണ് ആൾക്കൂട്ടം സംഘത്തിന്റെ അസ്തിത്വം കൈവരിക്കുന്നത്. സംഘത്തിന്റെ ഭാഗമായ വ്യക്തിയുടെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന പഠനമാണ് സംഘ മനഃശാസ്ത്രം. ഇതനുസരിച്ച് സൈന്യം, ഭരണകൂടങ്ങൾ, രാഷ്ട്രീയ സംഘടനകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, സ്പോർട്സ് ടീമുകൾ, പ്രഫഷണൽ ഗ്രൂപ്പുകൾ എന്നിവയുടെയെല്ലാം പ്രവർത്തനങ്ങൾ സംഘ മനഃശാസ്ത്രത്തിന്റെ പരിധിയിൽ വെച്ച് വിശകലനം ചെയ്യാം. സിഗ്മണ്ട് ഫ്രോയിഡ് പറയുന്നത് സംഘ മനഃശാസ്ത്രമാണ് ഏറ്റവും പഴക്കം ചെന്ന ശാസ്ത്രമെന്നാണ്. അതിൽനിന്ന് പിന്നീട് വ്യക്തിയുടെ മനഃശാസ്ത്രം വേർതിരിച്ചെടുത്തതാണത്രെ.
വ്യക്തിയായിരിക്കുമ്പോൾ ഒരാൾക്ക് മനഃസാക്ഷിയും ഉത്തരവാദിത്തത്തെക്കുറിച്ചുള്ള അവബോധവും കൂടുതലായിരിക്കും. എന്നാൽ സംഘത്തിലാകുമ്പോൾ ഇവയെല്ലാം മാറ്റിവെക്കപ്പെടുന്നു. അബോധതലത്തിലെ ചോദനകളാലും അസാധാരണ രീതിയിൽ പകർന്നുകിട്ടുന്ന അനുഭൂതിയാലും പരിണാമത്തിന്റെ ദിശയിലൂടെ കടന്നുപോകുന്നതായി അയാൾ ധരിക്കുന്നു. മനഃസാക്ഷിയുടെ വേരുകൾ കിടക്കുന്നത് സാമൂഹിക ഉത്കണ്ഠയിലാണ്. കൂട്ടത്തിൽ ചേരുന്നതോടെ അത് സടകുടഞ്ഞെഴുന്നേൽക്കുന്നു.
സ്വന്തം ധാരണകളെ ചോദ്യം ചെയ്യാൻ സംഘടനകൾക്കാവില്ല. വ്യക്തികളിൽ അത് ചെറുതായി നടന്നേക്കാം. സംഘത്തിന്റെ ഭാഗമാകുന്നതോടെ വ്യക്തിയുടെ ധിഷണാശക്തിയിൽ കാര്യമായ മാറ്റങ്ങൾ വരുമെന്നാണ് ലി ബോണിനെപ്പോലുള്ള സാമൂഹിക മനഃശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത്. സംഘം എന്നത് ഒരു അമൂർത്ത സങ്കൽപമാണ്. അതിന് പലപ്പോഴും സ്ഥായിയായ ഒരു സ്വഭാവമുണ്ടാകാറില്ല. അതിന്റെ തീരുമാനങ്ങൾ പലപ്പോഴും നൈമിഷികമായിരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് അവ കരുണയുടേതാകാം, ചിലപ്പോൾ ക്രൂരതയുടേതുമാകാം. സംഘത്തിന്റെ ഭാഗമാകുമ്പോൾ നമ്മുടെ നിയന്ത്രണത്തിന് അതീതമായതിനെ അംഗീകരിക്കാൻ പഠിക്കുന്നു. അതിനനുസരിച്ച് പ്രവർത്തിക്കാൻ കരുത്തുനേടുന്നു. സംഘത്തിന്റെ ഭാവം ഒരവസരത്തിൽ ഭീരുത്വത്തിന്റേതാണെങ്കിൽ മറ്റൊരവസരത്തിൽ ധീരതയുടേതാകാം. ലക്ഷ്യങ്ങളൊരിക്കൽ നിർവചിച്ചുകഴിഞ്ഞാൽ ആ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി കാത്തിരിക്കാൻ പൊതുവെ സംഘങ്ങൾക്ക് സാധിക്കാറില്ല. തൽക്ഷണമുള്ള സാക്ഷാത്കാരമാണ് അവർക്കാവശ്യം. അസാധ്യം എന്ന പദം നെപ്പോളിയന്റെ നിഘണ്ടുവിൽ ഇല്ലെന്നതുപോലെ സംഘത്തിന്റെ നിഘണ്ടുവിലും കാണില്ല. മിഥ്യയും യാഥാർഥ്യവും പലപ്പോഴും അവരുടെ മുന്നിൽ തിരിച്ചറിയാൻ കഴിയാതെ കൂടിക്കുഴഞ്ഞുകിടക്കും.
വിൽഹെം റീഹ്,ഫ്രോയിഡ്
ഒരു സംഘത്തെ ഉത്തേജിപ്പിക്കാൻ ചിലപ്പോൾ യുക്തിസഹമായ ഒരു വാദത്തിന്റെ ആവശ്യം പോലുമുണ്ടാകില്ല. ഒരു കാര്യം തന്നെ ആവർത്തിച്ചുപറഞ്ഞാലും മതിയാകും. സാമൂഹിക വളർച്ചയുടെ ഭാഗമായി ഇന്ന് നാം കാണുന്ന രാഷ്ട്രീയ പാർട്ടികൾ പഴയ സംഘബോധത്തിൽനിന്ന് വളരെയേറെ മുന്നോട്ടുപോകുകയും ജനാധിപത്യ രീതിയിലേക്ക് മാറുകയും ചെയ്തവരാണ്. ആശയരംഗത്തും പ്രവർത്തനരീതിയിലും കാര്യമായ മാറ്റങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. എങ്കിലും പഴയ നിലപാടുതറകളിൽനിന്ന് അടിസ്ഥാനപരമായ മാറ്റങ്ങൾ ഇനിയും വന്നുചേരാനിരിക്കുന്നേയുള്ളൂ.ഫാഷിസത്തിന്റെ സമൂഹ മനഃശാസ്ത്രം എന്ന ഗ്രന്ഥത്തിൽ വിൽഹെം റീഹ് ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കൂട്ടുകെട്ടുകളെ വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട്. അതിൽ അദ്ദേഹം പറയുന്നത്, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പൊതുസ്വഭാവത്തെക്കുറിച്ചാണ്. ഭൂമുഖത്തുള്ള ഓരോ ജീവിയും സ്വാഭാവികമായും തനിക്ക് വന്നുഭവിക്കാവുന്ന ദുരന്തങ്ങളുടെ കാരണം മനസ്സിലാക്കി, അത് ഒഴിവാക്കാൻ പരിശ്രമിക്കാറുണ്ട്. എന്നാൽ മനുഷ്യന്റെ കാര്യത്തിൽ പലപ്പോഴും ഇത് ബാധകമാകാറില്ല. നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ സംഘബോധമാകട്ടെ, അവരെ ചെന്നെത്തിക്കുന്നത് പലപ്പോഴും അപകടങ്ങളിലേക്കാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ ഇറ്റലിയും അമേരിക്കയും ഉറ്റ ചങ്ങാതിമാർ; രണ്ടാം ലോകമഹായുദ്ധത്തിൽ അവർ ബദ്ധവൈരികൾ. 1914-ൽ ഇറ്റലിയും ജർമനിയും നേർക്കുനേരെ പൊരുതി; രണ്ടാം മഹായുദ്ധത്തിൽ ഇവരാണ് കൂട്ടുകാരായത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കൂട്ടിക്കിഴിക്കലുകൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖ്യ അജണ്ടയായതോടെ, വിജയത്തെ സ്വാധീനിക്കാൻ പാകത്തിൽ പ്രബലശക്തികളുടെ കൂട്ടുകെട്ട് ഉറപ്പാക്കുകയാണ് ചെയ്തുവരുന്നത്. ഇത്തരം കാര്യങ്ങൾ അടവുനയങ്ങൾ എന്ന പേരിൽ രാഷ്ട്രീയ സംഘടനകൾ സ്വീകരിക്കാറുണ്ട്.
വ്യക്തിപരമായ ചേരിതിരിവുകളും അഭിപ്രായവ്യത്യാസങ്ങളും ഗ്രൂപ്പുയോഗങ്ങളും നടപ്പുദീനങ്ങളായി മാറി. ആരോഗ്യകരമായ ആശയസംവാദങ്ങൾ ആരും ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, അത് അസഹ്യമായ പീഡനമായിട്ടാണ് സംഘടനകളുടെ അജണ്ടകളിൽ പരിഗണിക്കുന്നത്. ഇന്നലെ വരെ സ്വന്തക്കാരനായിരുന്ന ഒരാൾ ഇന്ന് ശത്രുവായി മാറുന്നു. ചുവടുമാറ്റം കൊണ്ട് ഗ്രൂപ്പ് സമവാക്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മാറിമറയുന്നു.വർത്തമാനകാലത്തെ ഈ സമസ്യ പൂരിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.