ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നിവക്ക് ശേഷം ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കുന്ന നാലാമത്തെ ബി.ജെ.പി ഭരണ സംസ്ഥാനമായി മധ്യപ്രദേശ് മാറി. നിയമസഭയിൽ മുഖ്യമന്ത്രി മോഹൻ യാദവ് “ജോ ഹിന്ദു ഹിത് കി ബാത് കരേഗാ” (ആരാണോ ഹിന്ദുക്കളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത്) എന്ന് മുദ്രാവാക്യം ഉയർത്തിയപ്പോൾ, “വഹി ദേശ് പർ രാജ് കരേഗാ” (അവർ മാത്രമേ രാജ്യം ഭരിക്കൂ) എന്ന് ഭരണകക്ഷി എം.എൽ.എമാർ ഏറ്റുവിളിച്ചു.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ച ആദ്യ മുഖ്യമന്ത്രി ഒരുപക്ഷേ യാദവ് ആയിരിക്കും. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവരെ ‘ഹിന്ദുവിരുദ്ധർ’ എന്നാണ് ബി.ജെ.പി എം.എ.എ രമേശ്വർ ശർമ വിശേഷിപ്പിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചപ്പോൾ, ഭരണപക്ഷം അതിനെ നേരിട്ടത് “ജയ് ജയ് ശ്രീറാം” വിളികളോടെയാണ്.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ലിവിംഗ് ടുഗെദർ എന്നിവക്ക് ഏകീകൃത നിയമം കൊണ്ടുവരാനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. ബഹുഭാര്യത്വം നിരോധിക്കുന്നതിനൊപ്പം, മുത്തലാഖ്, നികാഹ് ഹലാൽ തുടങ്ങിയ ആചാരങ്ങളെ ഈ നിയമം കുറ്റകരമാക്കുന്നു.

സംസ്ഥാനത്ത് ബഹുഭാര്യത്വം പൂർണ്ണമായി നിരോധിക്കുമെന്ന് യാദവ് തറപ്പിച്ചു പറഞ്ഞു. ‘‘ചില ആളുകൾ സ്ത്രീകളെ കളിപ്പാട്ടങ്ങളായി കാണുന്നു. സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നവർക്ക് ഞങ്ങളുടെ സർക്കാർ നരകത്തിലേക്കുള്ള (ജഹന്നം) വഴി തുറന്നുകൊടുക്കും’’ എന്ന് അദ്ദേഹം വ്യക്തമാക്കി. പാരമ്പര്യ സ്വത്തിൽ സ്ത്രീകൾക്ക് തുല്യ വിഹിതം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്ത നിയമങ്ങൾ സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് 90 ശതമാനത്തിലധികം ആളുകൾ സർവേയിൽ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ പ്രധാനപ്പെട്ട മറ്റ് പ്രശ്നങ്ങൾ നിലനിൽക്കെ എന്തുകൊണ്ടാണ് ഇപ്പോൾ ഈ ബിൽ കൊണ്ടുവരുന്നതെന്ന് ചോദ്യം ചെയ്ത കോൺഗ്രസ്, ബിൽ ഒരു സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുക എന്ന രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ്, ഗോത്രവർഗ്ഗക്കാരെ ഒഴിവാക്കുമ്പോൾ മുസ്‍ലിംകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ ബിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും നിരവധി മുസ്‍ലിം സ്ത്രീകൾ ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നുമാണ് ഭരണകക്ഷി എം.എൽ.എമാർ വാദിച്ചത്.

നിയമസഭക്കകത്തും പുറത്തും വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ പേരുകേട്ട രമേശ്വർ ശർമ, ‘‘രാമൻ ഒരു തവണ മാത്രമേ വിവാഹം കഴിക്കൂ, റഹ്മാനും അതുതന്നെ ചെയ്യും’’ എന്ന് പറഞ്ഞു. ഒ.ബി.സി സംവരണം ആവശ്യപ്പെട്ട പ്രതിപക്ഷത്തോട്, ‘‘ഞങ്ങൾക്ക് ഒ.ബി.സി മുഖ്യമന്ത്രിയും ഒ.ബി.സി പ്രധാനമന്ത്രിയുമുണ്ട്. ഒ.ബി.സിയുടെ പേരിൽ നിങ്ങൾക്ക് എന്താണ് ഉള്ളത്?’’ എന്ന് ശർമ തിരിച്ചു ചോദിക്കുന്നു.

ഏകീകൃത സിവിൽ കോഡിന്റെ ശക്തനായ വക്താവായി ഡോ. ബാബാസാഹെബ് അംബേദ്കറെ ഉദ്ധരിക്കുന്ന ബി.ജെ.പി, പൊതുജനങ്ങളുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ബിൽ തയാറാക്കിയതെന്ന് അവകാശപ്പെടുന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിലപാടുകളും ബി.ജെ.പി എം.എൽ.എമാർ തങ്ങളുടെ വാദങ്ങളെ പിന്തുണക്കാൻ ഉപയോഗിച്ചു. സ്ത്രീകൾക്ക് തുല്യ സാമ്പത്തിക, നിയമപരമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു ആധുനിക ജനാധിപത്യ രാജ്യത്തിനും പുരോഗതി പ്രാപിക്കാൻ സാധിക്കില്ലെന്ന് നെഹ്‌റു ഉറച്ചു വിശ്വസിച്ചിരുന്നതായി മുൻ സ്പീക്കർ സീതാശരൺ ശർമ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ആർട്ടിക്കിൾ 370 റദ്ദാക്കലും അടക്കമുള്ള പാർട്ടിയുടെ മറ്റ് പ്രധാന പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾ പൂർത്തിയാക്കിയതോടെ, രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നിയമനിർമാണം ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറിയിരിക്കുകയാണ്.

(മുതിർന്ന ദേശീയ മാധ്യമ പ്രവർത്തകനായ ലേഖകൻ enewsroom.inൽ എഴുതിയത്)

Tags:    
News Summary - ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യമെന്താണ്?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.