‘വെ​ച്ച​ടി കേ​റ​ട്ടെ പാ​റ്റ ഇ​ന്നാ​ടി​നു വേ​ണ്ട​ത് മാ​റ്റാ...’

രാഷ്ട്രീയം ഏതെങ്കിലുമൊരു അധികാരിയുടെ ഉത്തരവുപ്രകാരം ഉണ്ടാവാത്തതല്ലാത്തതുകൊണ്ടുതന്നെ, ഏതെങ്കിലുമൊരധികാരിയുടെ ഉത്തരവിലൂടെ ഇല്ലാതാവുന്നതുമല്ല. നിങ്ങൾക്ക് സൗകര്യപൂർവം ആവശ്യമില്ലാത്തപ്പോൾ കടലിലെടുത്തെറിയാനും ആവശ്യമുള്ളപ്പോൾ ഉമ്മറപ്പടിയിൽ എടുത്തുവെക്കാനുമുള്ള ഒരു ഉരുപ്പടിയുടെ പേരല്ല രാഷ്ട്രീയം. അത് ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ആഹാരവും പഠിക്കുന്ന പാഠവും ചോരുന്ന ചോദ്യപേപ്പറും....പിന്നെ ജീവിതവുമായി ബന്ധപ്പെട്ട എന്തൊക്കെയുണ്ടോ അതെല്ലാം ചേർന്നതാണ്. അധികാരം എന്നും സുശക്തമായ സൈനിക-ആശയസംഘടനയാണ്. അതുകൊണ്ടുതന്നെ വ്യക്തികൾ അതിനുമുമ്പിൽ നിസ്സഹായമാവും. അവിടെയാണ് അധികാരത്തോട് എതിരിടുന്ന ജനായത്ത സംഘടനകൾ പ്രസക്തമാവുന്നത്. ചരിത്രത്തിനൊപ്പം സഞ്ചരിക്കണമെങ്കിൽ, അനീതികളോട് എതിരിടണമെങ്കിൽ, സംഘടനവേണം. ‘പാറ്റകൾ’ എവിടെനിന്നോ ഇഴഞ്ഞുവന്നതല്ല, അനീതിക്കെതിരെ ഉയർന്നുവന്ന സമരോത്സുക സംഘടനയാണ്. കോർപറോക്രസി രൂപപ്പെടുന്ന ‘സ്വകാര്യമനുഷ്യ’ കർതൃത്വത്തിനും, നവഫാഷിസം ഉൽപാദിപ്പിക്കുന്ന ‘വെറുപ്പ് മനുഷ്യർ’ കർതൃത്വത്തിനും എതിർ നിൽക്കുന്നൊരു സംഘടന.

മഹത്വപൂർണമായതെന്തും ഒരു സൂര്യനും ഉദിക്കാതെതന്നെ സ്വയം തിളങ്ങും! ഒത്തുപിടിച്ചാൽ ഏതു പ്രധാനും വീഴും. ഉമർഖാലിദിനെ മനസ്സിൽ ആദരിച്ചുകൊണ്ടും അഭിവാദ്യം ചെയ്തുകൊണ്ടും സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ പറഞ്ഞു: എൻെറ പേര് അഭിജീത്ത് ഖാലിദ് എന്നായിരുന്നെങ്കിൽ ഞാൻ മുമ്പേതന്നെ ജയിലിലാവുമായിരുന്നു. പ്രശസ്ത ഹോളിവുഡ് താരം സ്വരഭാസ്കറും മുമ്പേ ഇതുതന്നെയാണ് മറ്റൊരു വിധത്തിൽ പങ്കുവെച്ചത്. ഈ ലോകം ജീവിക്കാൻ പറ്റാത്ത സ്ഥലമാവുന്നത് ഐൻസ്റ്റൈൻ വ്യക്തമാക്കിയപോലെ, തിന്മ ചെയ്യുന്നവർ കൂടിയതുകൊണ്ടല്ല, അതിനെ എതിർക്കുന്നവർ കുറയുന്നതുകൊണ്ടാണ്. അലസ ലക്ഷങ്ങൾ വേണ്ട, ജ്വലിക്കുന്ന ആയിരങ്ങൾ മതി നീതിയുടെ ശബ്ദം ‘ബധിരകർണങ്ങളിൽ’ കേൾപ്പിക്കാൻ! ഉറങ്ങുന്നവർ മാത്രമല്ല, ഉറക്കം നടിക്കുന്നവരും അപ്പോൾ ഞെട്ടിയുണരും.

ഗംഗാനദിയിൽ കോഴിയിറച്ചി കഴിക്കുന്നത് നിരോധിക്കുന്ന ഒരു നിയമവും ഇവിടെയില്ല, എന്നിട്ടും ഗംഗാനദിയിലൂടെ സഞ്ചരിച്ച് ബോട്ടിൽ ഇഫ്താർ സംഘടിപ്പിച്ചതിന് പന്ത്രണ്ട്പേരെ ജയിലിലടച്ചു. അതിലേറെ അമ്പരപ്പിക്കുന്ന കാര്യം, ഒരു കാര്യവുമില്ലാതെ ‘കോഴിയിറച്ചി’ തിന്നതിന് മാത്രം മൂന്ന് മാസത്തോളം അവർക്ക് ജാമ്യവും നിഷേധിച്ചു! ഇത്രയും തുറന്നുപറയാൻ സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജ്വൽട്രിയാൻ മടിച്ചില്ല! നീതി ഒരുനാൾ അതിൻെറ ആരാച്ചാരുടെ കരുണവറ്റിയ കഴുകൻ കണ്ണുകൾ കണ്ടെത്തും! ‘ഇന്നത്തെ കാളരാത്രി നിങ്ങളുടേതാവാം, നാളത്തെ പ്രഭാതം പക്ഷേ ഞങ്ങളുടേതാവും’ എന്ന് അനുഭവിപ്പിക്കും. ‘ഹിന്ദു മുസ്‍ലിം കീ രാജ്നീതി/നഹി ചലേഗി നഹി ചലേഗി/മോദി സേ കഹ്നാ ചാഹ്താ ഹും/സുബഹ് ഹോഗി ഹെമാമൂ...’ ഹിന്ദുമുസ്‍ലിം രാഷ്ട്രം ഇനി നടക്കില്ല, നേരം പുലർന്നെന്ന് മോദിമാമനോട് പറഞ്ഞേക്കൂ എന്ന് പാറ്റകൾ!

ദേശീയത പഠിപ്പിക്കാൻ യൂനിവേഴ്സിറ്റിക്കകത്ത് സൈനികടാങ്ക്, നവോത്ഥാന ആശയങ്ങൾക്കു മുകളിൽ പുനരുത്ഥാനത്തിൻെറ കൊടി, ശാസ്ത്രത്തിനു മുന്നിൽ മിത്തുകളുടെ പട, വെറുപ്പിനിരിക്കാൻ സിംഹാസനം, അന്ധവിശ്വാസങ്ങൾക്ക് പാർക്കാൻ പാഠപുസ്തക മുന്തിരിത്തോപ്പുകൾ, വിദ്യാർഥി സമരങ്ങളെ നേരിടാൻ എ.കെ ഫോർട്ടിസെവനും പെല്ലറ്റും ആണിതറച്ച മുളവടികളും....

സമരത്തെ പിന്തുണക്കുന്നവർക്കെതിരെ വിദ്വേഷ മിസൈലുകൾ. ‘അവരെ വെടിവെച്ച് കൊല്ല്, തല്ലിത്തകർക്ക്’ എന്നോരിയിടുന്നവർ, അഭിനയപ്രതിഭ വിസ്മയ മോഹൻലാലിനെപ്പോലുള്ളവർക്ക് പുതിയ ബിരുദങ്ങൾ: ‘തുടക്കം തന്നെ ഒടുക്കമാകും, ജിഹാദിമോളുടെ സിനിമ വെളിച്ചം കാണില്ല’ തുടങ്ങിയ വെല്ലുവിളികൾ! അപ്പോഴും സമരം മുന്നോട്ട്.

‘പറയാതെ പണിതൊരു മാളികവീടിൻെറ തലപ്പത്ത് കയറിയ പാറ്റ/അടിച്ചിട്ടും പഴിച്ചിട്ടും തളരാതെ മെനക്കെട്ട് കണ്ടെത്തി തീറ്റ/പാറ്റകൾ പെരുകണ കണ്ടപ്പോ/യജമാനൻ കെണിവെക്കാൻ നോക്കിയത് ഹിറ്റാ/പറയാനുള്ളത് പറയട്ടെ മുതലാളി/വായമൂടികെട്ട്ണത് തെറ്റാ/വെച്ചടി കേറട്ടെ പാറ്റ, ഇന്നാടിന് വേണ്ടത് മാറ്റാ...’ കലാപ്രതിഭ അഞ്ജലിയുടെ കിടിലൻ ‘റാപ്പ്’. ‘ഞങ്ങളുടെ ഉണർച്ചയുടെ കടലാക്രമണം തടയാൻ/നിങ്ങൾ കപടചരിത്രങ്ങളും പുറംപരിഷ്‍കാരങ്ങളുംകൊണ്ട്/പാഴ്ചിറ കെട്ടുന്നു. ഒരിടത്ത് നിങ്ങൾ ഞങ്ങളുടെ ചിന്തയുടെ പഴുതടക്കുമ്പോൾ/മൂന്നിടത്ത് അതൊന്നിച്ച് ചോദ്യങ്ങൾ തെറിപ്പിച്ച് വരമ്പു മുറിക്കുന്നു/വാക്കുകളെ ജീവിതത്തിൽ നിന്നടർത്തി മാറ്റുന്ന/നിങ്ങളുടെ ചതിയൻ ഗ്രന്ഥങ്ങൾ വലിച്ചെറിഞ്ഞ്/ഞങ്ങൾ വലിയ വായനശാലകളിലേക്ക് പോകുന്നു/ഞങ്ങൾ ശരിയായ പുസ്തകങ്ങൾ വായിക്കുന്നു....’ സച്ചിദാനന്ദൻ മാഷിൻെറ എഴുപതുകളിലെ കവിത ജന്തർ മന്തറിൽ പാറ്റകൾക്കൊപ്പം എഴുന്നേറ്റ് നിൽക്കുന്നു. കോർപറേറ്റ് സേവ നിർവഹിക്കുന്ന നിങ്ങളാണ് രാജ്യസ്നേഹികളെങ്കിൽ, അങ്ങനെയല്ലാത്ത ഞങ്ങൾ രാജ്യദ്രോഹികളാണെന്ന, നാസിം ഹിക്മത്തിൻെറ പ്രശസ്തമായ ‘ഞാൻ രാജ്യദ്രോഹി’ എന്ന കവിത അധികാര മോങ്ങലുകൾക്കു മുകളിൽ മുഴങ്ങുന്നു. ആൽഫ്രഡ് ഡ്രൈഫസിനെ അന്യായമായി കുറ്റവിചാരണ നടത്തിയവർക്കൊപ്പം നിന്ന മേജർ ജനറൽ പെല്യൂക്സിനോട്, നിങ്ങളുടെ വാളോ, ഞങ്ങളുടെ പേനയോ ഏതാണ് നാളെ നിലനിൽക്കാൻ പോവുന്നതെന്ന് ചോദിച്ച എമിലിസോള ജന്തർമന്തറിൽ ചിരിക്കുന്നു. ചിരിയും ഒരു ചെറുത്തുനിൽപാവുമെന്ന് തെളിയിച്ച ജന്തർമന്തറിൽ വെച്ചാവുമ്പോൾ ആ ചിരിക്കും ഏറും ഏറെ തിളക്കം!

‘റൊട്ടിയും മുട്ടയും തേങ്ങയും വാങ്ങണം/വീടെത്തി ലോകത്തെപ്പുറത്തിട്ടടക്കണം’ എന്ന കെ.ജി. എസിൻെറ ‘കുടമറ’ക്കവിത കുറ്റവിചാരണ നിർവഹിക്കുന്നു. ‘ഹോമോ ഇക്കണോമിക്സ്’ (Homo Economicus) എന്ന സാമ്പത്തിക മനുഷ്യർ വീഴുന്നു. സഹാനുഭൂതർ എന്ന ‘ഹോമോ എംപതിക്കസിൽ’ (Homo Empathicus) പാരസ്പര്യം പൂക്കുന്നു. സമരമൊരു സ്നേഹ-സംവാദ സർവകലാശാലയായി മാറുകയാണ്. ധീരമായ ചോദ്യങ്ങളും അഗാധമായ ഉത്തരങ്ങളും ഇല്ലാതാവുമ്പോൾ നമ്മുടെ ലോകം വരണ്ടുപോവും. ‘We make our world significant by the courage of our questions, and by the depth of our Answers’(Cosmos: Carl sagan).

സമരദൃശ്യങ്ങൾ ഓരോന്നും ‘പോ ദേശീയത’ക്കെതിരെയുള്ള ‘വാ ദേശീയത’യുടെ വിസ്മയങ്ങളാണ് പങ്കുവെച്ചത്. ഉൾക്കൊള്ളലിൻെറയും ചേർത്തുപിടിക്കലിൻെറയും അഗാധതയിൽ വെച്ചാണ് ഏത് സമരവും ഉത്സവം കൂടിയാവുന്നത്. ഡൽഹിയുടെ ഉരുകുന്ന ചൂടിൽ വെള്ളവസ്ത്രധാരിയായ ഒരാൾ നമസ്കരിക്കുന്നു. തൊട്ടടുത്തിരുന്ന് കാവിവസ്ത്രധാരിയായൊരാൾ വീശിക്കൊടുക്കുന്നു. പള്ളികളും ക്ഷേത്രങ്ങളും ചർച്ചകളും ഗുരുദ്വാരകളും തകർത്തുകൊള്ളുക. നിങ്ങൾക്കാവുന്നത്ര എല്ലാം തകർത്തുകൊള്ളുക. എന്നാൽ, ഹൃദയങ്ങൾമാത്രം തകർക്കരുത് എന്നർഥം വരുന്ന ഒരു സൂഫി കവിത വായിച്ചതോർക്കുന്നു. ജന്തർ സമരവളന്റിയറായ, സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന മുഹമ്മദ് ജുനൈദിനെ കാണാൻ മാത്രം ഉത്തർപ്രദേശിലെ ഗാസിയാബാദിൽനിന്നും ഒരമ്മയെത്തുന്നു. അവർ ജുനൈദിനെ കെട്ടിപ്പുണരുന്നു. കൂടിച്ചേർന്നവരുടെ കണ്ണുകൾ നനയുന്നു. ഇതുപോലെ വികാരാർദ്രമായ എത്രയെത്രയോ സംഭവങ്ങളുടെ, ഒരെഡിറ്റിങ്ങിലും ഒതുങ്ങാത്ത അനുഭവ സമാഹാരമായി, പാറ്റമഹാസമരം മാറിക്കഴിഞ്ഞു. ‘വെയിലുകൊണ്ടാൽ വാടില്ല, മഴകൊണ്ടാൽ നനയില്ല’ എന്ന മുദ്രാവാക്യം വെയിൽ വിശറിയും, മഴനൃത്തവുമായി വളരുന്നു. സർഗാത്മകത പുതിയ ക്രമങ്ങൾ സൃഷ്ടിക്കലാണെങ്കിൽ, പ്രതികൂലാവസ്ഥയെ അനുകൂലമാക്കലാണെങ്കിൽ, ചിതറിപ്പോയതിനെയും തൂവിപ്പോയതിനെയും ചേർത്തുനിർത്തലാണെങ്കിൽ, ഒറ്റക്ക് ഒരുവണ്ടി തടഞ്ഞ് മുന്നിൽ നിൽക്കലാണെങ്കിൽ, അതെല്ലാം ജന്തർമന്തറിൽ സംഭവിച്ചിരിക്കുന്നു. എങ്ങനെ എന്ന ചോദ്യത്തിന്, ഇനിയും മരിക്കാത്ത ജനായത്ത ആശയങ്ങളുടെ ശക്തികൊണ്ട്, അഭിപ്രായ വ്യത്യാസങ്ങൾക്കൊക്കെയുമപ്പുറമുള്ള മനുഷ്യത്വത്തിൻെറ മഹത്വംകൊണ്ട്, ഫാഷിസ്റ്റുകളൊഴിച്ച് സർവരും നൽകിയ പിന്തുണകൊണ്ട്, എവിടുന്നൊക്കെയോ വന്ന ഭക്ഷണവും കരുതലും സ്നേഹവുംകൊണ്ട്, എന്നാവും ഉത്തരം.

സമരക്കാർക്കു മുന്നിൽ തുറന്നുവെച്ച ഗുരുദ്വാരകളും അവരുടെ സുരക്ഷ പ്രതീകാത്മകമായി ഉറപ്പാക്കിയ നിഹാംഗുകളും അഭിവാദ്യമർഹിക്കുന്നു. മാർക്സും അംബേദ്കറും ചെഗുവേരയും ഭഗത്സിംഗുമടക്കമുള്ളവർ...കവിതകളും പാട്ടും പ്രസംഗവും മുദ്രാവാക്യവും നൃത്തവും സൗഹൃദവും! ചോദ്യപേപ്പർ ചോർച്ചക്കൊപ്പം ജനായത്ത മതനിരപേക്ഷ മൂല്യങ്ങളുടെ ചോർച്ചകളെയും കുറിച്ച് ഒറ്റക്കും തെറ്റക്കുമുള്ള നിരവധി ചർച്ചകൾ. സി.ജെ.പി നേതൃത്വം വ്യക്തമാക്കിയപോലെ എസ്.എഫ്.ഐ, എ. ഐ.എസ്.എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളൊരുക്കിയ ആശയ-പ്രയോഗങ്ങളുടെ സുരക്ഷാമതിൽ, രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇൻഡ്യാ മുന്നണിയുടെ പാർലമെന്റിനകത്തും പുറത്തുമുള്ള ഇടപെടലുകൾ, എം.എ. ബേബി, വൃന്ദാ കാരാട്ട്, ജോൺ ബ്രിട്ടാസ് തുടങ്ങി നിരവധി പ്രഗത്ഭരുടെ നിര, അക്കാദമീഷ്യന്മാർ, കലാപ്രതിഭകൾ എന്നിവർ നൽകിയ നിർലോഭ പിന്തുണ, ഇവിടെയാണെങ്കിലും എവിടെയാണെങ്കിലും ഞങ്ങളും നിങ്ങൾക്കൊപ്പമാണെന്ന ജനപ്രതിജ്ഞകൾ,....ഇളംതലമുറ ഭരണകൂട മർദനങ്ങളെ ത്യാഗനിർഭരമായി മറികടന്നത് ഇന്നിൻെറ ചരിത്രം. നാളെയുടെ സമരപരമ്പരകൾക്കുള്ള പ്രചോദനം. ഒത്തുപിടിച്ചാൽ ഇളകും ഏത് അധികാര കോട്ടകളും!

എന്നാൽ, അധികാരം ധർമേന്ദ്രപ്രധാന് സമരശക്തികൾക്കുമുന്നിൽ രാജിവെക്കേണ്ടി വന്നതോ, സമരത്തിലൊത്തുതീർപ്പായ കാര്യങ്ങൾ വേഗം നടപ്പിലാക്കുന്നതിലോ ഒരുത്തരവാദിത്തവും കാണിക്കുംവിധമല്ല പെരുമാറുന്നത്. പല കേസിലകപ്പെട്ട പ്രതികളെ മുമ്പ് സ്വീകരിച്ചതുപോലെ ധർമേന്ദ്രപ്രധാനെയും അവർ ആവേശപൂർവം സ്വീകരിച്ചാനയിക്കുകയാണ്. സംഘ്പരിവാർ ശക്തികൾ സമരത്തിനെതിരെ വിഷം വമിപ്പിക്കുകയാണ്. പാറ്റകളുടെ സമരത്തിനെത്തിയത് കൊലക്കേസ് പ്രതികളും പോക്സോ പ്രതികളും ഉൾപ്പെടെ 2873 ക്രിമിനലുകൾ എന്ന് ഡൽഹി പൊലീസ്. ‘ജെൻസി റീലുകൾ കാണുമ്പോൾ ഛർദിക്കാൻ വരുന്നു. ഇവറ്റകളെ പെറ്റ് വളർത്തുന്നത് ആരാണ്’ എന്ന് കങ്കണ. ‘propaganda should not be decent; it should be effective’ എന്ന ഗീബൽസ് തന്ത്രമാണവർ പലപ്രകാരേണ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊന്നുമല്ല, പെല്ലറ്റും എ.കെ ഫോർട്ടിസെവനും പോലുമല്ല, ‘മേൽക്കോയ്മാ ദേശീയത’യാണ് അവരുടെ കൈയിലെ പ്രധാന മർദനോപകരണം. സമരകാലത്തും, സമരവിജയത്തിനുശേഷവും അവർ മുറുകെ പിടിച്ചിരിക്കുന്നത്, ജനകീയ ദേശീയതയെ ശിഥിലമാക്കുന്ന ‘മേൽക്കോയ്മാ ദേശീയത’യുടെ അക്രാമക മുദ്രാവാക്യങ്ങളും, അതിനെ പിന്തുണക്കുന്ന നാനാതരം പ്രയോഗങ്ങളുമാണ്. ഇന്ത്യാവിരുദ്ധ വിദേശ ശക്തികളുടെ പ്രവർത്തനഫലമാണ് തൊഴിലില്ലായ്മയും പരീക്ഷാപേപ്പർ ചോർച്ചയുമെന്നുപോലും ഒരുപക്ഷേ നാളെ അവർ പറഞ്ഞേക്കും. ആവിധമാണ് സമരത്തിനെതിരെ മേൽക്കോയ്മാ ദേശീയത മാർച്ചു ചെയ്യുന്നത്! സംഘ്പരിവാർ നേതാക്കളുടെ ബന്ധുക്കളടക്കം ഒന്നുകിൽ സമരത്തിലോ അല്ലെങ്കിൽ അതിനെ പിന്തുണക്കുന്നവരുടെ കൂടെയോ അണിനിരക്കാൻ നിർബന്ധിതമായതൊന്നും അവരുടെ അന്വേഷണ പരിധിയിൽ വരുന്നേയില്ല. സമരക്കാർ ബിരിയാണി കഴിക്കുന്നു, അതിന് ഫണ്ട് നൽകുന്നത് ഇന്ത്യാ വിരുദ്ധനായ ജോർജ്സോസാണ്, അവിടെ നിൽക്കുന്നു അവരുടെ അന്വേഷണം!

കേരളത്തിൽ എൻെറ അറിവിൽ അധികാരശക്തികളെ അസ്വസ്ഥമാക്കുന്ന നിരവധി മാഗസിനുകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ‘പെല്ലറ്റ്’ (pellet) എന്ന പേരിൽ ഒരൊറ്റ മാഗസിനാണ് ഇറങ്ങിക്കണ്ടിട്ടുള്ളത്. ഗവ. ബ്രണ്ണൻ കോളജിലെ 125ാമത്തെ മാഗസിനാണത്. എസ്.എഫ്.ഐ കോളജ് യൂനിയൻെറ മാഗസിൻ എഡിറ്ററായ അതുൽ രമേശ് എഡിറ്ററായുള്ള ആ മാഗസിൻെറ പ്രകാശനം 2015ൽ നിർവഹിക്കാൻ ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ അവസരം കിട്ടിയത് അന്നും ഇന്നും ഏറെ അഭിമാനത്തോടെയാണ് ഓർമിക്കുന്നത്. 2010ൽ തന്നെ കശ്മീരിൽ ചെറിയതോതിൽ ‘പെല്ലറ്റ്’ ഇടപെടൽ ഉണ്ടായിരുന്നെങ്കിലും 2016ലാണത് ശക്തമായത്. സാർവദേശീയ തലത്തിൽ പെല്ലറ്റ് സംവാദവിഷയമാവുന്നതും അതോടെയാണ്. ആംനസ്റ്റി ഇൻറർനാഷനലടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ അതിനെതിരെ ശബ്ദമുയർത്തി. ‘പെല്ലറ്റ് അന്ധത’ എന്നൊരു പുതിയ വാക്ക് ഡിക്ഷ്ണറിയിൽ ഇടംതേടി. അതോടൊപ്പം ‘പെല്ലറ്റ് ഡോക്ടർമാരും’. പെല്ലറ്റേറ്റ് പരിക്കേറ്റവർ ആശുപത്രിയിലെത്തിയാൽ കുറ്റവാളികളാവും. അതൊഴിവാക്കാൻ പലരും മുറിവുകളുമായി വീട്ടിലിരുന്നു. അപ്പോഴാണ് വൈദ്യപഠനമൊന്നുമില്ലാതെ തന്നെ കുറേപ്പേർ വീടുകളിലെത്തി പെല്ലറ്റ് മുറിവുകൾ ശുശ്രൂഷിക്കുന്നവരായത്. അവരെയാണ് ‘പെല്ലറ്റ് ഡോക്ടർമാർ’ എന്ന് വിളിച്ചത്!

പറഞ്ഞുവരുന്നത്, ‘പെല്ലറ്റ്’ വ്യാപകമായി പ്രചാരത്തിൽ വരുന്നതിനുമുമ്പുതന്നെ ബ്രണ്ണൻകോളജ് മാഗസിൻെറ പേര് ‘പെല്ലറ്റ്’ എന്നായിരുന്നു എന്നോർമിപ്പിക്കാനാണ്. അതോടൊപ്പം ആ മാഗസിൻ ‘മേൽക്കോയ്മാ ദേശീയതയെ’ ചെറുകുറിപ്പുകൾകൊണ്ട് കീറിമുറിക്കുകയും ചെയ്തു. അന്നവർ ചോദിച്ച ചോദ്യങ്ങളിൽ ചിലത് ഇന്നും പ്രസക്തമായതിനാൽ ജന്തർമന്തർ സമരസന്ദർഭത്തിൽ ആവർത്തിക്കുന്നു: ‘ഈ കാണാച്ചങ്ങലകൾകൊണ്ട് നമ്മുടെ കൈയും കാലും നാവും പൂട്ടിയിട്ടത് ആരാണ്...? ഈ കരയുടെ ഓരത്ത് മുള്ളുവേലി കെട്ടിയാൽ അത് രാഷ്ട്രമാകുമോ? മുള്ളുവേലിക്കപ്പുറത്ത് വിശക്കുന്നവന് റൊട്ടികൊടുത്താൽ, അത് രാഷ്ട്രവിരുദ്ധമാകുമോ? സിനിമാ തിയറ്ററിൽ കസേരവിട്ട് എഴുന്നേൽക്കുന്ന രാഷ്ട്രസ്നേഹം....തെരുവിൽ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം....രാഷ്ട്രമേ...നിൻെറ രൂപമെന്താണ്? നിന്നെ കണ്ടാൽ ഞാൻ എങ്ങനെ തിരിച്ചറിയും? ഞാൻ നടക്കുന്നതും ഞാൻ ഇരിക്കുന്നതും ഞാൻ കിടക്കുന്നതും നിൻെറ അറിവോടെയാണല്ലോ...’


Tags:    
News Summary - cockroach janta party movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.