നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വി.എം. സുധീരനൊപ്പം
ജനാധിപത്യത്തിലെ ഏറ്റവും വലിയ ശക്തി ജനങ്ങളാണ്. അത് വിസ്മരിച്ച് മുന്നോട്ട് പോകുമ്പോഴാണ് പലപ്പോഴും രാഷ്ട്രീയ നേതൃത്വത്തിന് പാളിച്ച പറ്റുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡ് ജനവികാരം കൃത്യമായി വിലയിരുത്തി ഉചിതമായ തീരുമാനമാണെടുത്തിരിക്കുന്നത്. വി.ഡി. സതീശനുള്ള ജനപിന്തുണയും ഭാവനാസമ്പന്നമായ നിലപാടുകളും ശരിയായ ദിശാബോധത്തോടുകൂടി നല്ലൊരു ടീമായി കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനും അഴിമതിരഹിതവും വികസനോന്മുഖവും ജനക്ഷേമത്തിൽ അടിയുറച്ചു വിശ്വസിക്കുന്നതുമായ ഒരു മാതൃകാഭരണം കാഴ്ചവെക്കാനും തുണയാകുമെന്നാണ് എന്‍റെ പ്രതീക്ഷ.
നിയമസഭാ കക്ഷി നേതാവായി അഥവാ, മുഖ്യമന്ത്രിയായി സതീശൻ വരില്ലേ എന്ന് ആശങ്ക ഉയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന് വേണ്ടി ശക്തമായ ജനാഭിപ്രായമാണ് ഉയർന്നുവന്നത്. അത് ആരും പ്രേരിപ്പിച്ച് ഉണ്ടാക്കിയതല്ല. അങ്ങനെ ആരെങ്കിലും പ്രേരിപ്പിച്ചാൽ കേരളത്തിൽ ഇതുപോലൊരു വലിയ വികാരം ഉണ്ടാക്കാൻ കഴിയുകയുമില്ല. സാധാരണ വീട്ടമ്മമാരും മുതിർന്ന പൗരരും യുവജനങ്ങളും ഉൾപ്പെടെ എല്ലാജനവിഭാഗങ്ങളുടെയും വലിയൊരു വികാരമായി അദ്ദേഹം മാറി.
ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന കോൺഗ്രസ് ഹൈകമാൻഡ് നിയമസഭാ സാമാജികരുടെ പിന്തുണക്കൊപ്പം അവരെയൊക്കെ നിയമസഭയിൽ എത്തിച്ച ജനങ്ങളുടെ വികാരവും പരിഗണിച്ച് കൃത്യമായ നിലപാടിലെത്തി.
കേരളം ഇന്ന് എത്തിനിൽക്കുന്നത് വളരെയേറെ സങ്കീർണമായ ഒരു സാഹചര്യത്തിലാണ്. ശരിയല്ലാത്ത ദിശയിലേക്ക് വികസനത്തെയും കേരളത്തെയും മുന്നോട്ട് കൊണ്ടുപോകാനാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. കെ-റെയിൽ പോലുള്ള അപ്രായോഗിക സംരംഭങ്ങളുടെ വക്താക്കളായി കഴിഞ്ഞ സർക്കാർ മാറിയത് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരുവിധ വസ്തുതാപഠനങ്ങളുമില്ലാതെ സങ്കുചിത താൽപര്യങ്ങൾ മുൻനിർത്തിയുള്ള നീക്കങ്ങളും വികസന മുരടിപ്പിന്റെ പശ്ചാത്തലവുമാണ് കേരളത്തിൽ നിലനിന്നിരുന്നത്.
വർഗീയ പ്രസ്ഥാനങ്ങൾക്കും ജനങ്ങളെ ഒന്നായി കാണാൻ തയാറല്ലാത്ത സാമുദായിക പ്രമാണിമാർക്കും അനർഹമായ സ്ഥാനമാണ് സർക്കാർ നൽകിപ്പോന്നത്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു പകരം വെള്ളാപ്പള്ളിയെപ്പോലുള്ളവർക്ക് അനർഹമായ സ്ഥാനങ്ങളും പരിഗണനയും നൽകി വിഭാഗീയമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനമാണ് ഇടതുമുന്നണി ഭരണ സംവിധാനത്തിൽ പലപ്പോഴും പ്രകടമായത്. ഈ പശ്ചാത്തലത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിൽ അതിനിർണായക പങ്കുവഹിച്ചത് യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനായിരുന്നു എന്നതൊരു തികഞ്ഞ യാഥാർഥ്യമാണ്. 2021ൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചതോടെ മനോവീര്യം നഷ്ടപ്പെട്ട പ്രതിപക്ഷത്തെയും ഇടതുമുന്നണിക്കാരല്ലാത്ത ജനവിഭാഗങ്ങളെയും ആത്മവിശ്വാസത്തിന്റെ പുതിയ സന്ദേശം നൽകി കൈപിടിച്ച് മുന്നോട്ട് നടത്തിച്ചത് വി.ഡി. സതീശനാണ്.
ഘടകകക്ഷികളെയെല്ലാം വിശ്വാസത്തിലെടുത്ത് ഒരുമയോടെ മുന്നണി സംവിധാനത്തെ മുന്നോട്ട് നയിച്ചതിന്റെ ഫലമായി ഉപതെരഞ്ഞെടുപ്പുകളിലെല്ലാം മികച്ച വിജയവും യു.ഡി.എഫ് നേടി. ആ ഉജ്ജ്വല വിജയങ്ങൾ യു.ഡി.എഫ് അണികൾക്കും പിന്തുണക്കുന്ന ജനവിഭാഗങ്ങൾക്കും വലിയ ആത്മവിശ്വാസമാണ് പകർന്നത്.
‘‘വർഗീയ സംഘടനകളുമായി പൊരുത്തപ്പെടില്ല, ഒരു കാരണവശാലും സാമുദായിക-വർഗീയ ശക്തികൾക്ക് കീഴടങ്ങില്ല’’ എന്ന പ്രഖ്യാപനവും വിദ്വേഷ പ്രസ്താവന നടത്തിയവരെ തള്ളിപ്പറഞ്ഞ് അവരുടെ നിലപാടുകൾക്കെതിരെ ധീരമായ അഭിപ്രായപ്രകടനം നടത്തിയതും മതനിരപേക്ഷ ചിന്താഗതിക്കാരായ ജനവിഭാഗങ്ങളിൽ വലിയ ഉണർവുണ്ടാക്കി. പ്രഖ്യാപനത്തിലൊതുക്കാതെ ആ നിലപാട് യാഥാർഥ്യമാക്കി പക്വതയോടെ മുന്നോട്ടുപോവുക വഴി കോൺഗ്രസും യു.ഡി.എഫും ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളുടെ വക്താവായി സതീശൻ മാറി. വർഗീയതക്ക് ഒരിക്കലും പ്രസക്തി കൽപിക്കാത്ത പ്രബുദ്ധകേരളം ഈ സമീപനത്തെ ഹൃദയത്തിലേറ്റി.
മറ്റൊന്ന് യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നടപ്പാക്കേണ്ട പദ്ധതികളെ സംബന്ധിച്ചും സമീപനത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാട് അദ്ദേഹം നൽകിയിരുന്നു. കോൺഗ്രസിന്റെ മാനിഫെസ്റ്റോ തയാറാക്കുന്നതിൽ കൃത്യമായി ഗൃഹപാഠം ചെയ്തു. അതുപോലെ ഓരോ കാര്യങ്ങളുടെയും എല്ലാവശങ്ങളും പഠിച്ചാണ് സതീശൻ സംസാരിക്കുന്നത്, അത് നിയമസഭയിലായാലും പുറത്തായാലും. മുമ്പ് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി നടത്തിയ ലോട്ടറി സംബന്ധിച്ച വാദപ്രതിവാദത്തിൽ സതീശന്‍റെ ‘ഡിബേറ്റിങ് സ്കിൽ’ ശരിക്കും മനസ്സിലാക്കാൻ കേരളത്തിന് അവസരം കിട്ടിയതാണ്.
മുതിർന്നവർക്കും പരമ്പരാഗത വോട്ടർമാർക്കും മാത്രമല്ല, പുതു തലമുറക്കും സതീശനിൽ വലിയ പ്രത്യാശയാണുള്ളത്. അദ്ദേഹത്തിന്‍റെ നിലപാടുകളും സമീപനങ്ങളുമെല്ലാം ഭാവനാസമ്പന്നമാണ്. എല്ലാവരുടെയും പ്രതീക്ഷക്കൊത്തുയരുന്ന, കേരളത്തെ അതിന്റെ എല്ലാ പ്രബുദ്ധതയും നന്മയും മാനുഷികതയും നിലനിർത്തി നേരിലേക്ക് നയിക്കുന്ന മുഖ്യമന്ത്രിയാവാൻ വി.ഡി. സതീശന് സാധിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.