ആദി ശങ്കരാചാര്യ - രാജാ രവിവർമയുടെ പെയിന്റിങ്
"ജനാധിപത്യത്തിന് പ്രധാനമായും രണ്ട് ശത്രുക്കളുണ്ട്: ഒന്ന് സ്വേച്ഛാധിപത്യം, രണ്ട് മനുഷ്യനും മനുഷ്യനും തമ്മിൽ ഭേദമംഗീകരിക്കുന്ന നീതിയും സംസ്കാരവും."-ഡോ. ബി.ആർ. അംബേദ്കർ
പാർലമെന്റിൽ ‘കേരളം’ പേരുമാറ്റ ബിൽ ചർച്ച ചെയ്യവെ ബി.ജെ.പി എം.പി സുധാൻശു ത്രിവേദി പറയുകയുണ്ടായി:
‘‘ഭാരതചരിത്രത്തിൽ ഏതെങ്കിലും ഒരു വിജയത്തെ ധർമവിജയം എന്ന് വിശേഷിപ്പിക്കാമെങ്കിൽ അത് കേരളത്തിന്റെ മണ്ണിൽ നിന്ന്... ആദിശങ്കരാചാര്യർ പോയി വടക്കേ ഇന്ത്യ മുഴുവൻ അത് സ്വീകരിച്ചതാണ്.’’ആദിശങ്കരാചാര്യർ പത്ത് ഉപനിഷത്തുകളെ ഒരുമിപ്പിച്ചുവെന്നും വേദാന്തികമായ ഉപനിഷദ് പതിപ്പുകൾ ലോകത്തെത്തിയെങ്കിൽ അതിന് കാരണം ശങ്കരാചാര്യരാണ് എന്നും സുധാൻശു അവകാശപ്പെട്ടു. ‘ധർമവിജയം’ എന്ന് സുധാൻശു ത്രിവേദി വിശേഷിപ്പിച്ച ആ ധർമം യഥാർഥത്തിൽ എന്തായിരുന്നു? ഉപനിഷദ് ഭാഷ്യങ്ങളുടെ രചനകളിലൂടെ ശങ്കരൻ നിർവഹിച്ചത് എന്തെല്ലാമാണ്? തുടങ്ങിയ ചോദ്യങ്ങൾ ഈ സന്ദർഭത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ഹിന്ദുരാഷ്ട്ര വ്യവസ്ഥക്കാധാരമായ വർണവ്യവസ്ഥയുടെ പ്രധാന സൈദ്ധാന്തികനാണ് ആദിശങ്കരാചാര്യർ. കേരളത്തിൽ നിന്ന് തുടങ്ങിയതാണ് ഈ ധർമവിജയം എന്ന് പ്രസ്താവിക്കുന്നതിലൂടെ, ഹിന്ദുത്വരാഷ്ട്ര വ്യവസ്ഥയുടെ ആശയബീജം കേരളത്തിൽ ശങ്കരാചാര്യരിലൂടെ സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ ശങ്കരനെക്കുറിച്ച് ശ്രീനാരായണ ഗുരു നിരീക്ഷിച്ചത് ‘‘ജാതി സ്ഥാപിക്കാൻ ശങ്കരാചാര്യർ ബുദ്ധികൊണ്ട് പറന്നിട്ടുണ്ട്’’ എന്നാണ്.
ശങ്കരാചാര്യർ ഉപനിഷത്തുകളെ ഒരുമിപ്പിച്ചു എന്ന സുധാൻശു ത്രിവേദിയുടെ വാദത്തിന്റെ അകക്കാമ്പും പരിശോധിക്കേണ്ടതുണ്ട്. പ്രസ്ഥാനത്രയ ഭാഷ്യങ്ങളിലൂടെ ശങ്കരാചാര്യർ ചാതുർവർണ്യ ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയും സാധൂകരിക്കുകയുമാണ് ചെയ്തത്. ത്രിവേദി പ്രസ്താവിച്ച ‘‘ധർമം’’, ശങ്കരന്റെ അഭിപ്രായത്തിൽ വർണാശ്രമധർമം തന്നെയാണ്. ‘‘സ ധർമോ ബ്രാഹ്മണാദ്യൈർ വർണിഭിരാശ്രമിഭിശ്ച...’’ എന്ന് ഗീതാഭാഷ്യത്തിന്റെ ആമുഖത്തിൽ എഴുതുന്ന ശങ്കരൻ, ധർമം എന്നതുകൊണ്ട് അർഥമാക്കുന്നത് ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ വർണാശ്രമ വ്യവസ്ഥയെയാണ്. ബ്രാഹ്മണത്വത്തെയും വൈദികധർമത്തെയും വർണാശ്രമഭേദങ്ങളെയും രക്ഷിക്കാൻ നാരായണൻ അവതരിക്കുമെന്നും ("ബ്രാഹ്മണത്വസ്യ രക്ഷണേ രക്ഷിത: സ്യാദ് വൈദികോ ധർമ: തദധീനത്വാദ് വർണാശ്രമ ഭേദാനാം" - ഗീതാ ശാങ്കരഭാഷ്യം) ശങ്കരാചാര്യർ കുറിക്കുന്നുണ്ട്.
ഭാരതം മുഴുവൻ സ്വീകരിച്ചു എന്ന് സുധാൻശു അവകാശപ്പെടുന്ന ധർമത്തിന്റെ പ്രോക്താവായ ശങ്കരാചാര്യർ, ശൂദ്രന് വേദാധികാരമില്ലെന്ന് ഗീതാഭാഷ്യത്തിൽ വ്യക്തമാക്കി ("ശൂദ്രാണാം അസമാസകരണം ഏകജാതിത്വേ സതി വേദാനധികാരാത് " - ഗീത 18.41-ന്റെ ശാങ്കരഭാഷ്യം). സ്ത്രീകളും വൈശ്യരും ശൂദ്രരും പാപയോനികളാണെന്ന് എഴുതുന്ന (ഗീത 9.32-ന്റെ ശാങ്കരഭാഷ്യം) ശങ്കരൻ ചാതുർവർണ്യത്തിന്റെ ശക്തനായ വക്താവായിരുന്നു.
സത്കർമങ്ങൾ ചെയ്യുന്നവർ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ യോനികളിൽ പിറക്കുമെന്നും പാപികൾ പട്ടിയായും പന്നിയായും ചണ്ഡാളരായും ജനിക്കുമെന്നും ശങ്കരൻ ഛാന്ദോഗ്യ ഉപനിഷത് ഭാഷ്യത്തിൽ പറയുന്നു ("തദ്യ ഇഹ രമണീയ ചരണാ...... ചണ്ഡാലയോനിം വാ" - ഛാന്ദോഗ്യം 5.10.7). സ്രഷ്ടാവായ ബ്രഹ്മം മനുഷ്യരിൽ ബ്രാഹ്മണജാതിയായിത്തീർന്നുവെന്നും നാല് വർണങ്ങളായി ബ്രഹ്മം മാറിത്തീർന്നുവെന്നും ശങ്കരൻ ബൃഹദാരണ്യകോപനിഷദ് ഭാഷ്യത്തിലും സമർഥിക്കുന്നുണ്ട് ("... ദേവേഷു ബ്രഹ്മ ബ്രാഹ്മണജാതി: അഭവത് ബ്രാഹ്മണ: ബ്രാഹ്മണ സ്വരൂപേണ മനുഷ്യേഷു ബ്രഹ്മാ ഭവത്..." - ബൃഹദാരണ്യകം 1.4.15). അതിനാൽ തന്നെ, ‘‘ഹിന്ദു സന്യാസിയായ ആദിശങ്കരനാണ് ഏകത എന്ന ഇന്ത്യൻ കാഴ്ചപ്പാട് ആദ്യമായി അമൂർത്തമാക്കിയത്’’ എന്ന ശശി തരൂരിന്റെ വാദം (ദേശീയതയുടെ ഉത്കണ്ഠ) പോലെ ചരിത്രപരമായ തെളിവുകളില്ലാത്ത വെറും വാചാടോപം മാത്രമാണിത്.
ട്രസ്റ്റീഷിപ്പ് എന്ന ആശയം ഇംഗ്ലണ്ടിൽ നിന്നല്ല കേരളത്തിൽ നിന്നാണ് ഉണ്ടായതെന്ന് തിരുവിതാംകൂറിനെയും പത്മനാഭസ്വാമി ക്ഷേത്രത്തെയും മുൻനിർത്തി സുധാൻശു വാദിക്കുകയുണ്ടായി. ‘‘തിരുവിതാംകൂറിലെ ഭരണാധികാരികൾ പറയുമായിരുന്നു, ഞങ്ങൾ കേവലം സേവകർ മാത്രമാണെന്ന്. ട്രസ്റ്റീഷിപ്പ് എന്ന ആശയം ഇംഗ്ലണ്ടിൽ നിന്നല്ല, കേരളത്തിൽ നിന്നാണ് ഉണ്ടായത്’’ എന്നാണ് ത്രിവേദി പറഞ്ഞത്.
ട്രസ്റ്റീഷിപ്പ് എന്നത് പ്രധാനമായും മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ഒരു സാമൂഹിക-സാമ്പത്തിക ആശയമാണ്. സമ്പന്നർ തങ്ങളുടെ സ്വത്ത് സ്വന്തം സ്വാർഥലാഭത്തിനായി മാത്രം ഉപയോഗിക്കാതെ, സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരു ‘ട്രസ്റ്റി’ എന്ന നിലയിൽ കൈകാര്യം ചെയ്യണം എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ ജനങ്ങൾക്കായി അങ്ങനെ പ്രവർത്തിച്ചുവെന്ന് ചരിത്രപരമായി പറയാൻ കഴിയില്ല. ‘പത്മനാഭദാസന്മാർ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരികൾ ക്രൂരമായ അയിത്താചാരങ്ങളാണ് വെച്ചുപുലർത്തിയത്. പൊതുവഴിയിലൂടെ സഞ്ചരിക്കാനും വിദ്യാഭ്യാസം നേടാനും മഹാത്മാ അയ്യങ്കാളി ഉൾപ്പെടെയുള്ളവരുടെ വലിയ പ്രക്ഷോഭങ്ങൾ വേണ്ടിവന്നു. ഡോ. പൽപ്പു ജോലിക്ക് അപേക്ഷിച്ചപ്പോൾ ജാതിയുടെ പേരിൽ അത് നിരസിച്ചവരാണ് തിരുവിതാംകൂർ ഭരണകൂടം. മുലക്കരവും തലക്കരവും ചുമത്തി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അടിമത്തവും നിലനിർത്തിയ വ്യവസ്ഥിതിയെയാണ് സഭയിൽ മഹത്വവത്കരിക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്.
‘‘മാധവസരണിയിലെ ആ ഗണിതശാസ്ത്രം യൂറോപ്പ് എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നേടിയെടുത്തത്’’ എന്ന് കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യത്തെ പുകഴ്ത്തി സുധാൻശു പറയുകയുണ്ടായി. എന്നാൽ, കേരളത്തിൽ വികസിച്ചുവന്ന ജ്യോതിശാസ്ത്ര-ഗണിത വിജ്ഞാനത്തിന് അടിത്തറയേകിയ അടിസ്ഥാന ജനവിഭാഗങ്ങളുടെ സംഭാവനകളെ തമസ്കരിച്ച്, അവയെല്ലാം ബ്രാഹ്മണ-അമ്പലവാസി വിഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിച്ച ഒന്നായി ചിത്രീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അനുബന്ധ വാസ്തുവിദ്യകളും നിർമിച്ചത് ആശാരി, മൂശാരി, കല്ലാശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ പഞ്ചകമ്മാള വിഭാഗങ്ങളാണ്. ഇവരുടെ അനുഭവജ്ഞാനത്തെയാണ് ബ്രാഹ്മണ പൗരോഹിത്യം മയമതം, മനുഷ്യാലയചന്ദ്രിക തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളിലൂടെ സ്വാംശീകരിച്ചത്. യഥാർഥത്തിൽ വിശ്വകർമജരുടെ പ്രായോഗിക വിജ്ഞാനത്തെയാണ് ബ്രാഹ്മണ്യ പൗരോഹിത്യം സംസ്കൃതവത്കരിച്ച് തങ്ങളുടേതാക്കി മാറ്റിയത്.
അമ്പലങ്ങളെയും യാഗങ്ങളെയും കേന്ദ്രീകരിച്ച് വളർന്നുവന്ന ജ്യോതിശാസ്ത്രവും ഗണിതവും സാമാന്യ ജനജീവിതത്തിന്റെ പുരോഗതിക്ക് കാര്യമായ സംഭാവനകളൊന്നും നൽകിയില്ല. ശുൽബസൂത്രങ്ങളിൽ ജ്യാമിതീയ കണക്കുകൾ കാണാമെങ്കിലും, ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ഉൽപാദനപരമായ ഉന്നമനത്തിന് അത് ഉപകരിച്ചില്ല. ഇഷ്ടികകൊണ്ടുള്ള യാഗപീഠ നിർമാണത്തിലൂടെ വൈദിക കാലത്തുതന്നെ ഗണിതവും സാങ്കേതികവിദ്യയും വികസിച്ചിരുന്നു എന്ന വാദവും വസ്തുതാപരമല്ല. ഇഷ്ടിക നിർമാണ വിദ്യ ഹാരപ്പൻ സംസ്കാരത്തിന്റെ സംഭാവനയാണെന്നാണ് ശാസ്ത്ര ചരിത്രകാരി ഡോ. മീരാ നന്ദ (Prophets Facing Backward) നിരീക്ഷിക്കുന്നത്. കൈത്തൊഴിൽ വിദഗ്ധരുടെയും കൽപ്പണിക്കാരുടെയും പ്രായോഗിക വിജ്ഞാനം ബ്രാഹ്മണ്യ പൗരോഹിത്യം തങ്ങളുടെ യാഗാവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.
‘‘ഭഗവാൻ പരശുരാമൻ തന്റെ മഴുവെറിഞ്ഞ് നേടിയെടുത്ത ഭൂമിയാണിതെന്ന് പറയപ്പെടുന്നു’’ എന്ന ഐതിഹ്യവും സുധാൻശു സഭയിൽ അവതരിപ്പിച്ചു. കേരളത്തെ നമ്പൂതിരിമാർക്ക് തീറെഴുതിക്കൊടുക്കാൻ ബ്രാഹ്മണ പൗരോഹിത്യം മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്ന് ശ്രീ ചട്ടമ്പിസ്വാമികൾ പണ്ടേ തുറന്നുകാട്ടിയിട്ടുള്ളതാണ്.
‘‘ഭംഗിയൊടു ഭൂമി തന്നേ ബ്രാഹ്മണർക്കു
നൽകുവാൻ ഭാർഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം’’എന്ന കീർത്തനത്തിന്റെ പ്രചാരണത്തിലൂടെ കേരളം ബ്രാഹ്മണർക്ക് നൽകുവാനാണ് പരശുരാമൻ അവതരിച്ചത് എന്ന ബ്രാഹ്മണ മിത്തിന് വർത്തമാനകാലത്തും സാധൂകരണം നൽകുകയാണ് ചെയ്യുന്നത്. 'Brahmin Settlements in Kerala' തുടങ്ങിയ പഠനങ്ങളിലൂടെ ബ്രാഹ്മണ ചരിത്രങ്ങൾ മാത്രം അന്വേഷിച്ച കേരളത്തിലെ മുഖ്യധാരാ-വരേണ്യ ചരിത്രകാരന്മാർ അടിസ്ഥാന ജനവിഭാഗങ്ങളുടെ ചരിത്രം രേഖപ്പെടുത്താൻ തുനിഞ്ഞില്ല. കേരളത്തിൽ നിലനിന്നിരുന്ന അടിമത്തത്തെയും അടിമജീവിതങ്ങളെയും കാര്യമായി പരിഗണിക്കാത്തവരാണ് അവരിൽ ഭൂരിഭാഗവും.
പുരോഗമനം പറയുന്ന കേരളത്തിൽ തന്നെയാണ് ഒരു ചരിത്ര ഗവേഷണ സ്ഥാപനത്തിന്റെ മുന്നിൽ മഴുവെറിയുന്ന പരശുരാമന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത് എന്നതിനാൽ സുധാൻശു ത്രിവേദിയെ മാത്രം കുറ്റം പറയാനുമാവില്ല.ചുരുക്കത്തിൽ, കേരള ചരിത്രത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അച്ചിലിട്ട് വാർത്തെടുത്ത ഒരു മിഥ്യാ ഭൂതകാലമാക്കി മാറ്റാനാണ് സുധാൻശു ത്രിവേദിയുടെ പ്രസംഗം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.