ഒന്ന്
‘ചോപ്പ്’ എന്ന രാഹുൽ കൈമലയുടെ സിനിമയും ആ സിനിമയുടെ തിരക്കഥയും, ആ തിരക്കഥയിലെ പാട്ടുകൾ ഉൾപ്പെടെയുള്ള സംഭാഷണങ്ങളും, ദൃശ്യാവിഷ്‍കാരങ്ങളും, ഏതർഥത്തിലും പതിവ് കലാരചനകളിൽനിന്നും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. കവിതയും കഥയും തത്ത്വചിന്തയും ചിതലരിക്കാൻ പാടില്ലാത്ത ചരിത്രവും സംയുക്തമായി ഒരുക്കുന്ന സൂക്ഷ്മതകളിൽ വെച്ചാണ്, ചോപ്പ് സിനിമയും തിരക്കഥയും ശ്രദ്ധേയമാവുന്നത്. ഒരു കാരണവശാലും ഇല്ലാതാവാൻ പാടില്ലാത്ത ജീവിതമൂല്യങ്ങൾക്കാണത് കാവൽ നിൽക്കുന്നത്. സമരശരികളുടെ ആഴങ്ങളിൽനിന്നാണത്, നിരാശകളുടെ നാൽക്കവലയിൽ നിൽക്കുമ്പോഴും ആവേശം കണ്ടെടുക്കുന്നത്. പിറകോട്ടില്ലെന്ന പ്രക്ഷോഭത്തിന്റെ തീപ്പന്തങ്ങളാണ് ചോപ്പിൽനിന്നും ആളുന്നത്.
ചോപ്പ് നിരവധി നിറങ്ങളിൽ ഒന്നല്ല, ചിതറാത്ത നിലപാടിന്റെ ചെറുത്തുനിൽപാണ്. ചോര, അല്ലല്ല ചോപ്പാണ് കുഞ്ഞെ, നേരറിഞ്ഞാൽ നീ നീറിമരിക്കുമെന്ന് കടമ്മൻ. ആ നേരാണ് പ്രതിസന്ധികൾക്കു മുന്നിൽ ഒട്ടുമേ പതറാതെ, രാഹുൽ കൈമല ഒരുക്കിയ ജ്വലിക്കുന്ന ഓർമകളുടെ മണ്ണിൽ നിവർന്നുനിൽക്കുന്നത്. മറവികളിൽനിന്നും ഒരു ജനത ഓർമകളിലേക്ക് കുതിക്കുമ്പോഴാണ്, ചോപ്പ് പോലുള്ള കലാസൃഷ്ടികൾ ഉണ്ടാവുന്നത്. കടന്നുപോന്ന വഴികളിലെ മുള്ളുകൾ കാണാത്തവർക്ക്, പുതുവഴികൾ വെട്ടാൻ കഴിയില്ല. പരാന്നഭോജനത്തിൽ പുളകിതരാകുന്നവർക്ക്, ജനകീയ സമരങ്ങളുടെ മൂല്യം മനസ്സിലാവില്ല. വിപണിയൊരുക്കുന്ന പളപളപ്പിലും വെറുപ്പൊരുക്കുന്ന പകയിലും പരിമിതപ്പെടുന്നവർക്ക്, ഹൃദയവിസ്തൃതിയുടെ തത്ത്വം തിരിയുകയില്ല. അത്തരം വാമനമനുഷ്യരെ അസ്വസ്ഥമാക്കിക്കൊണ്ട് പ്രശസ്ത കലാപ്രതിഭ രാഹുൽ കൈമല ആവിഷ്‍കരിക്കുന്നത്, സ്ഥിതവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന ആർദ്രതകളുടെ മറ്റൊരു സമാന്തരലോകമാണ്. ഭൂതകാലത്തിലെ ചപ്പുചവറുകൾക്ക് ചന്തം ചാർത്താനല്ല, ചരിത്രത്തിലെ തീ കെടാതെ സൂക്ഷിക്കാനാണത് ആഹ്വാനം ചെയ്യുന്നത്. സ്മരണകളിൽ അഭിരമിക്കാനല്ല, മറവികൾ അടിച്ചേൽപിക്കുന്ന അധികാരശക്തികൾക്കെതിരെ, സ്മരണകളെ സമരായുധമാക്കാനാണത് ആവേശം കൊള്ളുന്നത്.
നിങ്ങൾ മാത്രമല്ല, ഞങ്ങളും ഇവിടെയുണ്ടെന്ന് പീഡിത പക്ഷത്തുനിന്നുകൊണ്ട് കലാസൃഷ്ടികൾ, സ്വന്തം ചോരയുടെ ചുവപ്പുകൊണ്ടും വിയർപ്പിന്റെ ഉപ്പുകൊണ്ടും ജീവന്റെ ജ്വാലകൊണ്ടും സമരശക്തികൊണ്ടും മരവിച്ച കാലത്തിന് അടിവരചാർത്തുമ്പോഴാണ്, ഇക്കിളികൾക്കു പകരം ഇടിവെട്ടുകൾകൊണ്ട്, ജീവിതം ഇളകിമറിയുന്നത്. രാഹുൽ കൈമലയുടെ ചോപ്പ് ഇത്തിരിവട്ടം മാത്രം കാണുകയും, ഇത്തിരിമാത്രം ചിന്തിക്കുകയും ചെയ്യുന്നവർക്കു മുന്നിൽ ഉയർന്നുകഴിഞ്ഞൊരു ഇടിവെട്ട് ചോദ്യമാണ്. അതോടൊപ്പം അത് അള്ള പടച്ച ഭൂമിയെയിന്നൊരു/ കൂട്ടരു കുത്തകയാക്കി നിറുത്തുന്നതിനെതിരെയുള്ള ചെറുത്തുനിൽപും, പവിഴപ്പുറ്റുകളെന്ന് നിരീക്ഷിച്ചത്/ പാമ്പിൻ പൊത്തുകളാണ് എന്ന കലഹിക്കും കണ്ടെത്തലുമാണ്. മനുഷ്യന്റെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടാനുള്ളതാണ് യഥാർഥ ജീവിതം, അല്ലാത്തതൊന്നും ജീവിതമല്ലെടോ എന്ന തീയാളും തിരിച്ചറിവാണ്, ചോപ്പിലെ ഓരോ ദൃശ്യത്തിലും തിളക്കുന്നത്.
ചോപ്പ്, ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് എന്ന ഇ.കെ. അയമു എഴുതി കേരളമാകെ കൊടുങ്കാറ്റ് പടർത്തിയ, നിലമ്പൂർ ആയിഷയെന്ന കലാപ്രതിഭയെ അരങ്ങിലേക്കു കൊണ്ടുവന്ന, മുസ്‍ലിം സാമുദായിക നാടകത്തിന്റെ പുതിയകാല ആവിഷ്‍കാരമാണ്. നിലമ്പൂർ ചന്തക്കുന്ന് യുവജന കലാസമിതിക്കുവേണ്ടിയാണ് 1956ൽ ഇ.കെ. അയമു ഈ നാടകം എഴുതിയത്. ജ്ജ്.. നാടകത്തിന്റെയും സ്വന്തം ചോപ്പ് സിനിമയുടെയും ദൗത്യം കവികൂടിയായ രാഹുൽ കൈമലയുടെ ചൂഷണം എന്ന പോസ്റ്റർ കവിതയിൽ കൃത്യം കാണാൻ കഴിയും.
കുന്നു കക്കുന്നവന്റെ നാട്ടിൽ
പുഴ മരിക്കുന്നു
കാട് കക്കുന്നവന്റെ നാട്ടിൽ
വിശന്ന് കക്കുന്നവൻ മരിക്കുന്നു
നാട് കക്കുന്നവന്റെ നാട്ടിൽ
നാട് കാക്കുന്നവൻ മരിക്കുന്നു
ചരിത്രം കക്കുന്ന കൂട്ടർ
കാലം കഴിയുവോളം കിരീടം ധരിക്കുന്നു.
ചോപ്പ് ധീരമായി വലിച്ചെറിയുന്നത് ചൂഷകാധികാരത്തിന്റെ ആ കിരീടമാണ്. നവോത്ഥാനത്തിന്നെതിരെ പുനരുത്ഥാനം കൊടിപറത്തിയ ഒരു കാലത്തോട്, സ്വന്തം വർഗതാൽപര്യത്തെ മതത്തിന്റെ മറവിൽ ഭദ്രമായി സംരക്ഷിക്കാൻ ശ്രമിച്ച ജീർണ ആശയാവസ്ഥകളോടാണ് ചോപ്പ് എതിരിടുന്നത്.
സർവ മേൽക്കോയ്മകളും മനുഷ്യത്വത്തിന്നെതിരെ പടനയിച്ചൊരു പശ്ചാത്തലത്തിലാണ് ഏറനാടിൻ മണ്ണിന്റെ കരുത്തുമായി, ഇ.കെ. അയമുവിന്റെ ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് എന്ന നാടകം നാടാകെ കത്തിപ്പടർന്നത്. കെ.ടി. മുഹമ്മദിന്റെ പ്രശസ്തമായ ഇത് ഭൂമിയാണ് എന്ന നാടകത്തിനുപോലും പ്രചോദകമായത്, ജ്ജ് ആണ്. മനുഷ്യമനസ്സിൽ ഏത് കൊടുംവെയിലിലും കരിയാത്ത നന്മകളുടെ വിത്തുകൾ വിതയ്ക്കാനാവുമെന്ന്, ജ്ജ് നാടകം തെളിയിച്ചു. ഹക്കും ചുക്കും എന്ന രണ്ടേരണ്ടു വാക്കിൽ ഈ നാടകത്തെ സംഗ്രഹിക്കാനായേക്കും! ജന്മിയായ ഹാജിയാർ കുടിയാന്മാരുടെ ഭൂമി ഒഴിപ്പിക്കുന്നതിനെ ന്യായീകരിച്ചാണ്, യാഥാസ്ഥിതികർ അയാളുടെ ഭൂമി അയാളുടെ ഹക്കല്ലേ എന്ന വാദമുയർത്തിയത്! ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ മണ്ണ് അയാളുടെ ഹക്കാണുപോലും ഹക്ക്! ചുക്കാണ്, എന്ന പുരോഗമന പ്രതികരണമുണ്ടായത് ആ ഹക്കിനെ നേരിടാനാണ്. ജനകീയ പ്രക്ഷോഭങ്ങൾക്ക് ഊർജം പകർന്ന ആ നാടകത്തിനും, നാടകപ്രതിഭ ഇ.കെ. അയമുവിനും ഔദ്യോഗിക സാഹിത്യചരിത്രത്തിൽ പക്ഷേ, ഒരിടവും കിട്ടിയില്ല. ഈയൊരു കൊടിയ അനീതിയേയാണ്, നമ്മുടെ കാലം അഭിമുഖീകരിക്കുന്ന സാമൂഹിക അവികസിതാവസ്ഥകളേയാണ,് പ്രശസ്ത കലാപ്രതിഭ രാഹുൽ കൈമലയുടെ, പലനിലകളിൽ ആവർത്തിച്ച് അടയാളപ്പെടുത്തേണ്ട ചോപ്പ് അവതരിപ്പിക്കുന്നത്.
രണ്ട്
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഡോക്യു സംവിധായകൻ, പത്രപ്രവർത്തകൻ, സാംസ്കാരിക വിമർശകൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനാണ് ഹബീബ്റഹ്മാൻ സി എന്ന മലയാളികൾക്ക് പ്രിയങ്കരനായ ഹബീസി. ഫാറൂഖ് കോളജിൽ ഞങ്ങളുടെ വിദ്യാർഥിയായിരുന്ന അദ്ദേഹം വീട്ടിലേക്ക് വന്നപ്പോൾ ശ്രദ്ധിച്ച ഒന്നാമത്തെ കാര്യം ഇരിക്കുമ്പോഴും, എന്തോ ഒരു ഒരിരിക്കപ്പൊറുതിയില്ലായ്മ അവൻ അനുഭവിക്കുന്നതായിട്ടാണ്. മെരുങ്ങാൻ മനസ്സില്ലാത്ത ആ വന്യതയിലാണ് ഹബീസിയുടെ സർഗസ്ഫോടനങ്ങളുടെ വേരുകൾ ആഴ്ന്നിരിക്കുന്നത്. കൃഷി, യാത്ര, വായന, എഴുത്ത് എന്നിവകളെ പരസ്പരം ചേർക്കുന്ന ഇടങ്ങളിൽ പാർക്കുന്ന ഒരുവന്റെ വിഹ്വലതകളാണ്, അവന്റെ കഥകളുടെ അദൃശ്യലോകം. ഇപ്പറഞ്ഞതൊന്നും ഹബീസി കഥകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, അവയുടെ പരോക്ഷ വലിവുകൾ ആ കഥകളിലൊക്കെയും മനസ്സിനെ മുറിപ്പെടുത്തുംവിധം മുറുകുന്നുണ്ട്.
ആഖ്യാനം അതിൽതന്നെ അധികാരവിമർശമാവുമ്പോൾ, വാക്കുകൾക്ക് ഭാരം കൂടും. ലളിതം സങ്കീർണമാവും. വാർപ്പുമാതൃകകൾ പൊട്ടിപ്പിളരും. പതിവുകളിൽ തീയാളും. പുകയില്ലാത്ത തീയും, നിലവിളിക്കുന്ന നീതിയും പരസ്പരം കണ്ടുമുട്ടും. മയ്യത്ത് എന്ന ഹബീസിയുടെ ശ്രദ്ധേയമായ കഥാസമാഹാരത്തിലെ പ്രയോഗം എന്ന ആദ്യകഥയിലെ കേന്ദ്ര കഥാപാത്രം നിസ്സാരവത്കൃതമാവുന്ന നീതിയാണ്. കശ്മീരാണ് കഥയുടെ പശ്ചാത്തലം എന്നറിയുമ്പോൾ, കഥയ്ക്കപ്പുറമുള്ള പരാധീനതകളും പ്രതിരോധവീര്യവും അതിൽ വന്നുനിറയുന്നത് വായനകളിൽ ആരും അനുഭവിച്ചറിയും. ഒരു തീവണ്ടിയാത്രക്കിടയിൽ ഭക്ഷണമടക്കം തങ്ങളോടൊപ്പം പങ്കുവെച്ചവരിൽ ഒരു വിഭാഗം കശ്മീരിൽനിന്നുള്ളവരാണെന്ന് പിന്നീട് അറിഞ്ഞപ്പോൾ മറ്റുള്ളവർ പകച്ചുപോയത്, സയ്യിദ് ബിസ്മില്ല ഗീലാനി അടയാളപ്പെടുത്തിയിട്ടുണ്ട്. (‘Manufacturing Terrorism: Kashmiri encounters with media & Law’)
തെറ്റായ മാധ്യമപരിചരണം നിമിത്തം, ഭീകരർ എന്ന പ്രതിച്ഛായയിലേക്ക് ഇത്രമേൽ പരിമിതപ്പെടുത്തപ്പെട്ട വേറൊരു ജനതയും ഇന്ത്യയിലില്ല. എന്നാൽ, എന്നും ഇന്ത്യൻ യൂനിയന്റെ കാവലായിനിന്ന ധീരമായ അനുഭവമാണ് ഭൂരിപക്ഷം കശ്മീരികൾക്കുമുള്ളത്. പാക് ആക്രമണകാലത്ത് അതിനോടെതിരിടാനെത്തിയ ഇന്ത്യൻ പട്ടാളത്തെ മറ്റൊരു പട്ടാളമായി പിന്തുണച്ചവരാണവർ! എന്നാലിന്ന് അവസ്ഥയാകെ അസ്വസ്ഥജനകമാംവിധം മാറിക്കഴിഞ്ഞിരിക്കുന്നു. അത്തരമൊരു കീഴ്മേൽമറിച്ചിലിന്റെ ഹൃദയസ്പർശിയായ കഥയാണ്, വൈചാരികഭാവം ഒട്ടും ചോരാതെ, വൈകാരികമായി ഹബീസി ആവിഷ്‍കരിച്ചിരിക്കുന്നത്. പത്രത്തിൽ അപ്രധാനമെന്ന നിലയിൽ വന്ന ഒരു വാർത്തയെയാണ്, പ്രയോഗം എന്ന വിസ്ഫോടനാത്്മകമായ കഥയല്ലാത്ത കഥയാക്കി ഹബീസി മാറ്റിയെഴുതിയിരിക്കുന്നത്. മാറ്റിയെഴുത്തിന്റെ ആ മുറിപ്പെടുത്തുന്ന മാരകതയിൽവെച്ചാണ്, മയ്യത്ത് സമാഹാരത്തിലെ ഓരോ കഥയും അരാഷ്ട്രീയ അലസതകളെ അസ്വസ്ഥപ്പെടുന്നത്. സങ്കൽപ വായു വിമാനത്തിലേറാനല്ല, സത്യത്തിന്റെ ഓട്ടത്തോണിയിൽ മുങ്ങിപ്പോവാത്തവിധം ജാഗ്രതയോടെ തുഴഞ്ഞുപോവാനാണ് കഥകളോരോന്നും പറയാതെ പറയുന്നത്. സ്നേഹരാഹിത്യവും, നീതിനിഷേധവുമല്ലാതെ മറ്റെന്താണ് ഭീകരതയെന്നാണ്, അധികാരത്തോട് കഥകളോരോന്നും കലഹിക്കുന്നത്. സമ്മാനങ്ങൾക്കും ആദരവുകൾക്കുമിടയിലെ കിടങ്ങുകളിലേക്കാണ് കഥകളൊക്കെയും കണ്ണ് തുറക്കുന്നത്. അശരണരുടെ മേൽ ശക്തർ നടപ്പാക്കുന്ന കുടിലതകൾക്കും, പൗരജീവിതത്തിനുമേൽ അധികാരം കെട്ടിവെക്കുന്ന അനീതികൾക്കും എതിരെയുള്ള പ്രതിരോധങ്ങളെന്ന നിലയിൽ, ഹബീസി കഥകൾ, കാലപരീക്ഷണങ്ങൾക്കു മുന്നിൽ പതറലറിയാതെ നിവർന്നുനിൽക്കും. വർണനകളിൽനിന്നും വീര്യത്തിലേക്കുള്ള, ഉപരിപ്ലവതകളിൽനിന്നും അഗാധതകളിലേക്കുള്ള പുതുവഴികളാണ് കഥകളോരോന്നും അശാന്തമായി വെട്ടുന്നത്.
മൂന്ന്
ഗഫൂർ കൊടിഞ്ഞി കണ്ടെടുക്കുന്നത് ഉടഞ്ഞുപോയ ജീവിതങ്ങളുടെ ഭൂപടമാണ്. തോറ്റിട്ടും തോൽപിക്കപ്പെടാത്തവരുടെ ജീവിതം തളിർക്കുമ്പോഴാണ് യാഹൂട്ടിയുടെ ലോകം പോലുള്ളൊരു ശ്രദ്ധ അർഹിക്കുന്ന നോവൽ ഉണ്ടാവുന്നത്. മൂല്യങ്ങളല്ല, എങ്ങനെയെങ്കിലും നിലനിൽക്കണമെന്ന മോഹമാണ്, പോരികപ്പെട്ടൊരു തങ്ങൾ ആയി വേഷമാടുന്ന യാഹൂട്ടിയെ മുന്നോട്ട് നയിക്കുന്നത്! ആത്മീയ അശാന്തികളിൽ വെച്ചല്ല, വിശപ്പിന്റെ ഈക്കിൽ വെച്ചാണയാൾ ഔലിയ പദവിയിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നത്. മതതത്ത്വങ്ങളുടെ അഗാധതകളിൽനിന്നല്ല, അന്വേഷണങ്ങളുടെ പൊള്ളലിൽ വെച്ചല്ല, യാഹൂട്ടിയെന്ന ദരിദ്രൻ, ദാരിദ്യ്രനിർമാർജനത്തിന്റെ പുതിയ ജീവിതപാഠം ചൊല്ലിപ്പഠിച്ചത്. അയാൾ ആദ്യമൊരു ഔലിയാവേഷം കെട്ടിയ ഒരാളുടെ അസിസ്റ്റന്റാവുന്നു. പിന്നെ സ്വയമൊരു ഔലിയയായും വേഷംകെട്ടിയാടുന്ന അയാളുടെ ജീവിതം വലിയൊരു തട്ടിപ്പിന്റെ സംഗ്രഹമാണെങ്കിലും; നോവലിൽ അയാൾ ആവിഷ്‍കരിക്കപ്പെട്ടിരിക്കുന്നത് സഹതാപത്തോടെയാണ്. ഭീകരതകളുടെ േസ്രാതസ്സായി മാറിയ ആൾദൈവങ്ങളോട് ബാഹ്യതലത്തിലുള്ള സാമ്യമൊഴിച്ചാൽ, ആന്തരികതലത്തിൽ അയാളേറെ നിസ്സഹായനാണ്. ചെറിയ തരികിടകൾക്കപ്പുറം കടക്കാനാവാത്തവിധം അയാളുടെ ഇരകളിൽ പലരുമെന്നതുപോലെ അയാളും നിസ്സഹായനാണ്.
കാലമേറെ മാറിയിട്ടും, കാലം അത്രമേൽ മാറിയിട്ടില്ലെന്നാണ് ഗഫൂർ കൊടിഞ്ഞിയുടെ യാഹൂട്ടിയുടെ ലോകം എന്ന നോവൽ ആവിഷ്‍കരിക്കുന്നത്. മുസ്‍ലിം സമൂഹത്തിൽ നിലനിൽക്കുന്ന യാഥാസ്ഥിതികത്വത്തെയാണ് നോവലിസ്റ്റ് വിചാരണ ചെയ്യുന്നത്. മതത്തെ സ്വന്തം പ്രതാപം ദൃഢപ്പെടുത്താനുള്ള ഉപാധിയാക്കി ചുരുക്കുന്നതിന്നെതിരെയുള്ള പ്രതിഷേധമാണ്, പതിഞ്ഞമട്ടിൽ നോവലിൽ പ്രകടമാവുന്നത്. അനീതിക്കെതിരെയുള്ള ഇടിവെട്ടുകൾക്കു പകരം, മർമത്തിൽ കൊള്ളുന്ന ഇലക്കുത്തുകളാണ്, ആഖ്യാനത്തിൽ സ്ഫോടനം സൃഷ്ടിക്കുന്നത്. യാഹൂട്ടിയുടെ തട്ടിപ്പുയാത്ര, മനുഷ്യബന്ധങ്ങളുടെ കൂടി തീർഥയാത്രയായി തീരുന്നിടത്തുവെച്ചാണ്, യാഹൂട്ടിയുടെ ലോകം വൈവിധ്യപൂർണമാകുന്നത്. സാധാരണഗതിയിൽ വിരസമാവുന്ന ഒരു പതിവ് ഇതിവൃത്തത്തെ; വൈവിധ്യത്തിലൂടെയും ഗ്രാമജീവിത ചിത്രീകരണത്തിലൂടെയും ചേതോഹരിതമായി അവതരിപ്പിക്കുന്നതിൽ ഗഫൂർ കൊടിഞ്ഞിക്ക് ഏറെ മുന്നേറാനായിട്ടുണ്ട്.
മമ്മത് മോല്യേരല്ലേ? മൂപ്പരുടെ പറച്ചിൽകേട്ട് മോല്യേരൊന്ന് അന്തംവിട്ടു. ങാ, ഇച്ച് ങ്ങളെ മൻസ്ലായീല. ങ്ങക്കെങ്ങനേ ഞമ്മളെ പേര് തിരിഞ്ഞത്!? ഞമ്മള് സൈക്ക് യാഹും തങ്ങള്. ഞമ്മള് മമ്പൊർത്ത്ന്ന് ബുളി കിട്ടീറ്റ് ബെര്യാണ്. ചെന്തട്ക്കീല് എത്തണമെന്ന് മഖാമ്ന്ന് ഞമ്മക്ക് കിനാവ്ണ്ടേര്ന്ന്. ഞമ്മളെ ഉള്ള്ല് ങ്ങളെ പേരൊക്കെ ഇണ്ട്ന്ന് കൂട്ടിക്കോളീ. അതൊക്കെ പോട്ടെ, ഞമ്മളെ ഇണ്ണിനാജി എപ്പളാ ബെര്യാ? ചിരപരിചിതനെപ്പോലെ കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ വീണ്ടും മമ്മദ് മുസ്ല്യാരുടെ കണ്ണ് തള്ളി. യാസെയ്ക്ക് മൊഹിയിദ്ദീനെ.. അയാളറിയാതെ വിളിച്ചുപോയി!
ഒരുവാക്കും വെറുതെയാവാത്ത വിധമാണ് നോവലിൽ ഭാഷ ഒഴുകുന്നത്. മലയാളഭാഷ ഇത്രമേൽ വ്യത്യസ്ത മൊഴിഭേദങ്ങളുടെ അടരുകളാൽ മനോഹരമാണല്ലോ എന്നോർത്ത് വായനകൾ വിസ്മയം കൊള്ളും. മൊഴിഭേദങ്ങളെല്ലാം ഏതെങ്കിലും, സവർണ പരിഷ്‍കാര ഭ്രമത്താൽ നഷ്ടമായാൽ ഭാഷ വരളും. സിസിലിയൻ കവിയും സോഷ്യലിസ്റ്റുമായ ഇഗ്നോസിയാബുത്തീത്ത മൊഴിഭേദങ്ങളുടെ പ്രാധാന്യം; ഭാഷയും മൊഴിഭേദങ്ങളും(Language and dialect) എന്ന കവിതയിലടയാളപ്പെടുത്തിയതിന്റെ, വേറൊരു തരത്തിലുള്ള ആഘോഷമാണ്, യാഹൂട്ടിയുടെ ലോകത്തിൽ ആവിഷ്കൃതമായിരിക്കുന്നത്. നോവലിന്റെ അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രൻ എഴുതി; ഭംഗിയുള്ള കല്ലുകൾ പെറുക്കിയെടുക്കുന്ന കുട്ടിയുടെ കൗതുകത്തോടെ, അന്യംനിന്നുകൊണ്ടിരിക്കുന്ന വാക്കുകൾ പെറുക്കിയെടുക്കുകയാണ് ഗഫൂർ. അതുകൊണ്ടുതന്നെ മറഞ്ഞുപോകുന്ന ഭാഷകളുടെയും മറ്റു സാംസ്കാരിക അടയാളങ്ങളുടെയും ഒരു മ്യൂസിയമാണീ നോവൽ.
ഹലാക്കിന്റെ അവുലുംകഞ്ഞി കുടിച്ചമാതിരി, കിനാവിന്റെ സപ്രമഞ്ചം വിരിച്ചിട്ടപോലെ, ഈമാൻ ഉദിച്ച് നിക്ക്ണ് മോറ്, അരസും കുരുസുല്ല്യാതെ, കഅ്ബ മുൺങ്ങ്യാള് തുടങ്ങിയ പ്രയോഗങ്ങൾ; ബലാല്, കറാമത്ത്, കിർഫ, അസ്മാഅ്, മുറാദ്, അജബ്, കൊയമാന്തരം, പൗസാക്ക് തുടങ്ങിയ വാക്കുകൾ; പ്രമാണിത്വത്തേയും വ്യാജവേഷങ്ങളെയും നിർത്തിപ്പൊരിക്കുന്ന വിചാരണകൾ, ആക്ഷേപഹാസ്യത്തിന്റെ ഗുണ്ടുകൾ, മുന്നോട്ടിനിയും മുന്നോട്ട് എന്ന് വിളിക്കപ്പെടാത്ത മുദ്രാവാക്യങ്ങൾ, തുടങ്ങി യാഹൂട്ടിയുടെ ലോകം എന്ന ഗഫൂർ കൊടിഞ്ഞിയുടെ ശ്രദ്ധേയമായ നോവൽ തുറക്കുന്നത്, ഇന്നലെയെന്നപോലെ ഇന്നും ഇളകിമറിയുന്ന, നാനാതരം ജീവിതപ്രവണതകളുടെ പരിച്ഛേദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.