കിഫ്‌ബിയുടെ നല്ല ഭാവിക്ക്; നാടിന്റെയും

കടമെടുപ്പ് പരിധിയുടെ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടാനും വരാനിരിക്കുന്ന വലിയ തിരിച്ചടവ് ബാധ്യതകളെ മറികടക്കാനും കിഫ്ബി ഒരു ഓഫ്-ബജറ്റ് കടംവാങ്ങൽ സംവിധാനത്തിൽനിന്ന് മൂല്യം വീണ്ടെടുക്കുന്ന ഒരു ആസ്തി മാനേജറായി മാറേണ്ടതുണ്ട്. തമിഴ്‌നാട് നടപ്പാക്കിയ മാതൃക ഇതിനൊരു മികച്ച ഉദാഹരണമാണ്.

കേരളത്തിന്റെ ആധുനിക അടിസ്ഥാനസൗകര്യ വികസന ചരിത്രത്തിൽ ഒരു ദശാബ്ദക്കാലമായി ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും ധനശാസ്ത്രജ്ഞർക്കിടയിൽ സംവാദങ്ങൾക്ക് വഴിവെച്ചതുമായ ഒന്നാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB). സംസ്ഥാനം നേരിട്ടിരുന്ന അടിസ്ഥാനസൗകര്യ കമ്മി പരിഹരിക്കുന്നതിൽ കിഫ്ബി വലിയൊരു പരിധി വരെ വിജയിച്ചു എന്നത് വസ്തുതയാണ്. ഏതാണ്ട് 99,000 കോടി രൂപയുടെ പ്രോജക്ടുകൾക്ക് അനുമതി നൽകിയ ഈ ധനസഹായ മാതൃക ഇന്ന് നിർണായകമായ ഒരു ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കടുത്ത സാമ്പത്തിക പരിമിതികൾ, വരാനിരിക്കുന്ന തിരിച്ചടവുകളുടെ വലിയ ബാധ്യത, കേന്ദ്ര-സംസ്ഥാന ധനനയ വൈരുധ്യങ്ങൾ എന്നിവക്കിടയിൽ കിഫ്ബിയുടെ ഭാവി രൂപപ്പെടേണ്ടത് കേവലം രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം സങ്കീർണമായ സാമ്പത്തികശാസ്ത്ര വിശകലനങ്ങളിലൂടെയാണ്.

വായ്പാ തിരിച്ചടവുകളാണ് കിഫ്ബി നേരിടുന്ന അടിയന്തരമായ വെല്ലുവിളി. 2026 നും 2031നും ഇടയിൽ കിഫ്ബിക്ക് ഏകദേശം 16,517 കോടി രൂപയുടെ വലിയൊരു തുക വായ്പാ തിരിച്ചടവായി കണ്ടെത്തേണ്ടതുണ്ട്. ഇത് പ്രതിവർഷം ശരാശരി 3,300 കോടി രൂപയിലധികം വരും. ഈ പ്രതിസന്ധി ഏറ്റവും ഉയർന്ന തലത്തിൽ എത്തുന്ന 2027 മുതൽ 2029 വരെയുള്ള വർഷങ്ങളിൽ തിരിച്ചടവ് ബാധ്യത 3,730 കോടി രൂപ വരെയായി ഉയർന്നേക്കാം.

ആഭ്യന്തര വിപണിയിലെ ബോണ്ടുകൾ, ടേം ലോണുകൾ, അന്താരാഷ്ട്ര വിപണിയിലെ മസാല ബോണ്ടുകൾ എന്നിവ വഴിയാണ് കിഫ്ബി വലിയ തോതിൽ മൂലധന സമാഹരണം നടത്തിയത്. ഇവയിൽ പലതും ഒമ്പത് ശതമാനമോ അതിനു മുകളിലോ ഉള്ള ഉയർന്ന പലിശ നിരക്കിലാണ് സ്വീകരിച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ റേറ്റിങ് ഏജൻസികളുടെ സുരക്ഷിതത്വ മാനദണ്ഡങ്ങൾ നഷ്ടപ്പെടാതെ ലിക്വിഡിറ്റി നിലനിർത്തണമെങ്കിൽ ഡെബ്റ്റ് റീസ്ട്രക്ചറിങ്ങും കുറഞ്ഞ പലിശ നിരക്കിലുള്ള പുനർ ധനസഹായവും കിഫ്ബിക്ക് അനിവാര്യമായി മാറും.

കഴിഞ്ഞ കാലങ്ങളിൽ കിഫ്ബി പ്രധാനമായും ഫണ്ട് ചെയ്തത് സ്കൂളുകൾ, ആശുപത്രികൾ, തീരസംരക്ഷണ മതിലുകൾ തുടങ്ങിയ സാമൂഹിക ആസ്തികൾക്കായിരുന്നു. ഇവ സമൂഹത്തിന്റെ ദീർഘകാല വികസനത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, നേരിട്ട് സാമ്പത്തിക ലാഭമോ വരുമാനമോ നൽകുന്നവയല്ല. വരും കാലങ്ങളിൽ പൂർണമായും സ്വയം വരുമാനം കണ്ടെത്താൻ കഴിയുന്ന പ്രോജക്ടുകളിലേക്ക് കിഫ്ബി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. ഇതിനായി സർക്കാർ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) പക്കലുള്ള ഉപയോഗശൂന്യമായ ഭൂമിയും വികസിപ്പിച്ച് വാണിജ്യ ആസ്തികളാക്കി മാറ്റുകയാണ് ഒരു പോംവഴി.

കൊല്ലത്തെ മുനിസിപ്പൽ ഐ.ടി പാർക്ക്, കല്ലട ജലസേചന പദ്ധതിയുടെ കാമ്പസിൽ നിർമിക്കുന്ന വാണിജ്യ പാർക്കുകൾ എന്നിവ ഈ പുതിയ ചിന്താഗതിയുടെ പ്രായോഗിക രൂപങ്ങളാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച വലിയ ബൈപാസുകൾ, ദേശീയപാത വികസനം, അല്ലെങ്കിൽ വരാനിരിക്കുന്ന ശബരി റെയിൽ പദ്ധതി പോലുള്ള വലിയ ഇൻഫ്രാസ്ട്രക്ചർ കോറിഡോറുകൾക്ക് ഇരുവശവുമുള്ള ഭൂമിയുടെ വിലയിൽ വലിയ വർധനവുണ്ടാകുന്നുണ്ട്. ഈ മൂല്യവർധനവിന്റെ ഒരു നിശ്ചിത ശതമാനം നികുതിയായോ സ്പെഷൽ ഫീസായോ ഈടാക്കുന്ന വാല്യൂ ക്യാപ്ചർ ഫിനാൻസിങ് (Value Capture Financing -VCF) മാതൃക കേരളം കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.

കിഫ്ബിയുടെ ഭാവിയെ നിർണയിക്കുന്ന ഏറ്റവും വലിയ ഘടകം കേന്ദ്ര സർക്കാറിന്റെയും റിസർവ് ബാങ്കിന്റെയും (RBI) നിലപാടുകളാണ്. ഫെഡറൽ ധനകാര്യ ഘടനയിലുണ്ടായ മാറ്റങ്ങൾ കിഫ്ബിയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ നേരിട്ട് ബാധിച്ചിട്ടുണ്ട്. കിഫ്ബിയുടെ പ്രധാന ആകർഷണം അത് ബജറ്റിന് പുറത്തുള്ള (Off-Budget Borrowing) ഒരു സ്വതന്ത്ര സംവിധാനമാണ് എന്നതായിരുന്നു.

എന്നാൽ, കിഫ്ബി വഴി സംസ്ഥാന സർക്കാർ നടത്തുന്ന വായ്പ ഇടപാടുകൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക ‘ധന ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ്’ (FRBM) പരിധിക്കുള്ളിൽ (Net Borrowing Ceiling) ഉൾപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം കിഫ്ബിയുടെ അടിസ്ഥാന തത്ത്വത്തെത്തന്നെ ബാധിക്കുകയും സംസ്ഥാന ധനവകുപ്പിനെ വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഒന്നുകിൽ സംസ്ഥാനത്തിന്റെ ദൈനംദിന ബജറ്റ് ആവശ്യങ്ങൾക്കായി വായ്പയെടുക്കുക, അല്ലെങ്കിൽ കിഫ്ബി പ്രോജക്ടുകൾക്കായി വായ്പാ പരിധി മാറ്റിവെക്കുക എന്ന രീതിയിലേക്ക് കാര്യങ്ങൾ ചുരുങ്ങി.കിഫ്ബിയുടെ വായ്പകൾക്ക് ആഗോള വിപണിയിൽ വിശ്വാസ്യത ലഭിച്ചതിന്റെ പ്രധാന കാരണം കിഫ്ബി ആക്ട് (KIIF Act) വഴി ഉറപ്പുനൽകിയ നിയമപരമായ വരുമാന സംരക്ഷണമാണ്.

നിയമപ്രകാരം സംസ്ഥാനത്തെ മോട്ടോർ വാഹന നികുതിയുടെ (MVT) 50 ശതമാനവും പെട്രോൾ/ഡീസൽ വിൽപനയിലൂടെ ലഭിക്കുന്ന സെസിന്റെ (Cess) 100 ശതമാനവും നേരിട്ട് കിഫ്ബിയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. ഇത് നിക്ഷേപകർക്ക് വലിയൊരു ഗാരന്റിയാണ്. എന്നാൽ, ഈ വരുമാന സ്രോതസ്സ് വലിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. കേരളം ഇലക്ട്രിക് വാഹനങ്ങളിലേക്കും ഹരിത ഊർജത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയുന്നതോടെ പെട്രോൾ/ഡീസൽ സെസ് വഴിയുള്ള വരുമാനം ഭാവിയിൽ നിശ്ചലമാവുകയോ കുറയുകയോ ചെയ്യും. ഇത് കിഫ്ബിയുടെ വായ്പാ തിരിച്ചടവ് ശേഷിയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ബാധിക്കാതിരിക്കാൻ പകരം വരുമാന മാർഗങ്ങളെക്കുറിച്ച് ഇപ്പോൾ തന്നെ ആലോചിക്കേണ്ടതുണ്ട്.

കടമെടുപ്പ് പരിധിയുടെ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടാനും വരാനിരിക്കുന്ന വലിയ തിരിച്ചടവ് ബാധ്യതകളെ മറികടക്കാനും കിഫ്ബി ഒരു ഓഫ്-ബജറ്റ് കടംവാങ്ങൽ സംവിധാനത്തിൽ നിന്ന് മൂല്യം വീണ്ടെടുക്കുന്ന ഒരു ആസ്തി മാനേജറായി മാറേണ്ടതുണ്ട്. തമിഴ്‌നാട് നടപ്പാക്കിയ മാതൃക ഇതിനൊരു മികച്ച ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ നേരിട്ടുള്ള ഗാരന്റിയിൽ വലിയ തോതിൽ കടമെടുക്കുന്നതിനുപകരം അവർ തമിഴ്‌നാട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപറേഷൻ രൂപവത്കരിക്കുകയാണ് ചെയ്തത്. സെബിയുടെ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഒരു ആൾട്ടർനേറ്റിവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടായാണ് ഇത് പ്രവർത്തിക്കുന്നത്.

ബാങ്ക് വായ്പകളെയോ ഉയർന്ന പലിശയുള്ള ബോണ്ടുകളെയോ മാത്രം ആശ്രയിക്കാതെ, ആഭ്യന്തര ഇൻഷുറൻസ് കമ്പനികളിൽ നിന്നും ആഗോള പെൻഷൻ ഫണ്ടുകളിൽ നിന്നും ഇക്വിറ്റി പങ്കാളിത്തം ഉറപ്പാക്കാൻ ഈ സംവിധാനത്തിന് സാധിക്കുന്നുണ്ട്. കിഫ്ബിക്കും വരും നാളുകളിൽ ഗ്രീൻ എനർജി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകൾക്കുമായി ഇത്തരം സെബി രജിസ്ട്രേഡ് ഫണ്ടുകൾ രൂപവത്കരിക്കാവുന്നതാണ്. ഇത് ബാധ്യതകളെ കടത്തിൽ നിന്ന് ഇക്വിറ്റി പങ്കാളിത്തത്തിലേക്ക് മാറ്റാൻ മാത്രമല്ല, കേന്ദ്ര സർക്കാറിന്റെ വായ്പാ നിയന്ത്രണങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഗുജറാത്ത് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ബോർഡ് വഴി നടപ്പാക്കിയ ഭൂമി കേന്ദ്രീകരിച്ചുള്ള മോണിറ്റൈസേഷൻ രീതിയാണ് മറ്റൊന്ന്. അഹ്മദാബാദ് മെട്രോയോ വലിയ റിങ് റോഡുകളോ നിർമിക്കുന്നതിന് മുമ്പുതന്നെ പദ്ധതിപ്രദേശത്തിന് ഇരുവശവുമുള്ള ഭൂമി ഒരു പ്രത്യേക പൂളായി സർക്കാർ നിജപ്പെടുത്തുന്നു.

തുടർന്ന് ഈ ഭൂമി പുനഃക്രമീകരിക്കുകയും അതിന്റെ ഒരു നിശ്ചിത ശതമാനം പൊതു വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്യുന്നു. അടിസ്ഥാനസൗകര്യ വികസനം വഴി സ്വകാര്യ ഭൂമിയുടെ വില കുതിച്ചുയരുമ്പോൾ അതിൽ നിന്ന് ഒരു വികസന ചാർജ് ഈടാക്കുന്ന രീതിയാണ് അവർ വിജയകരമായി നടപ്പിലാക്കിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച മലയോര-തീരദേശ പാതകളിലും വ്യവസായ കോറിഡോറുകളിലും ഇത്തരം ഒരു വാല്യൂ ക്യാപ്ചർ ഫിനാൻസിങ് നിയമപരമായി നടപ്പിലാക്കിയാൽ സംസ്ഥാന ബജറ്റിനെ ആശ്രയിക്കാത്ത വലിയൊരു നികുതിയേതര വരുമാനം കിഫ്ബിക്ക് ലഭ്യമാകും.

ഒഡിഷ അവരുടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിനെ സുരക്ഷിതമാക്കിയത് പ്രകൃതിവിഭവങ്ങളിൽ നിന്നുള്ള റോയൽറ്റി വരുമാനത്തിന്റെ ഒരു നിശ്ചിത പങ്ക് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റിക്കൊണ്ടാണ്. കേരളത്തിന് വലിയ തോതിൽ വിഭവങ്ങൾ ഇല്ലെങ്കിലും ടൂറിസം, തോട്ടം മേഖല, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം നിയമപരമായി കിഫ്ബിയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. വരാനിരിക്കുന്ന 2027–2029 കാലഘട്ടത്തിലെ തിരിച്ചടവ് കൊടുമുടിയെ നേരിടാൻ ഈ തുക വലിയൊരു പരിധി വരെ സഹായകരമാകും.

ആഭ്യന്തര, ആഗോള മാതൃകകളെ സംയോജിപ്പിച്ചുകൊണ്ട് മാത്രമേ കിഫ്ബിക്ക് അതിന്റെ സ്ഥാപനപരമായ വ്യക്തിത്വത്തെ പുനർനിർമിക്കാൻ സാധിക്കൂ. കേന്ദ്ര സർക്കാറിന്റെ വായ്പാ നിയന്ത്രണങ്ങളുടെ ഇരയായി തുടരുന്നതിനുപകരം, സ്വയം വരുമാനം കണ്ടെത്തുന്ന ഒരു പ്രത്യേക വികസന ഫണ്ടായി (Sovereign Wealth and Development Fund) കിഫ്ബി മാറണം.

ചുരുക്കത്തിൽ, കിഫ്ബിയുടെ ഭാവി എന്നത് വരും വർഷങ്ങളിൽ കൂടുതൽ പ്രോജക്ടുകൾ പ്രഖ്യാപിക്കുന്നതിലല്ല, മറിച്ച് നിലവിലുള്ള പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കുകയും വായ്പകൾ സുരക്ഷിതമായി തിരിച്ചടക്കുകയും ചെയ്യുന്നതിലാണ് അടങ്ങിയിരിക്കുന്നത്. അതായത്, അത് ഒരു ‘ഫണ്ടിങ് എൻജിൻ’ എന്നതിൽ നിന്നുമാറി ‘അസറ്റ് മാനേജ്‌മെന്റ് ആൻഡ് പ്രഫഷനൽ പ്രോജക്ട് ഡെവലപ്‌മെന്റ് കോർപറേഷൻ’ ആയി പരിണമിക്കണം. കേരളത്തിന്റെ റവന്യൂ ഡെഫിസിറ്റിനെ (Revenue Deficit) കൂടുതൽ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടുപോകണമെങ്കിൽ, പൊതു ഇൻഫ്രാസ്ട്രക്ചറിനെ നേരിട്ടോ അല്ലാതെയോ സാമ്പത്തിക വരുമാനം തരുന്ന സ്രോതസ്സുകളാക്കി മാറ്റാൻ കിഫ്ബിക്ക് സാധിക്കണം.

(കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ) 

Tags:    
News Summary - For the good future of KIIFB; and for the country's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 07:21 GMT