മറ്റെല്ലാ നിറങ്ങളെപ്പോലെ ‘മഞ്ഞ’യും മനോഹരമാണ്. ഹോട്ടലിലെ ചില്ല് അലമാരയിൽ എത്രയെത്ര മഞ്ഞ പലഹാരങ്ങളാണ് നിറഞ്ഞാടുന്നത്. കേസരി, പഴംപൊരി, സുഖിയൻ പിന്നെ പെട്ടെന്ന് പേര് ഓർമയിൽ വരാത്ത എത്രയെത്രയോ മഞ്ഞ മധുരങ്ങൾ കാലമേറെ കഴിഞ്ഞിട്ടും മടുപ്പ് ഏതുമില്ലാതെ മനസ്സിൽ ഇപ്പോഴും മോഹമഴയായി പെയ്യുകയാണ്. എന്നാൽ നമ്മുടെ ഇന്ത്യയിൽ, ഒരു ജാതിവിഭാഗത്തിന് ‘മഞ്ഞ’ കാണുമ്പോൾ ‘ഓക്കാനും’ വരും. ഏറ്റവും സ്വാദിഷ്ടമായ പലഹാരങ്ങളിൽപോലും ‘മഞ്ഞ’ കണ്ടാൽ ഒരു നിമിഷം അവരുടെ മനസ്സ് പിടയും.
മഞ്ഞയിൽനിന്നും ചലം ഒലിക്കുന്നില്ല. ചോര മണക്കുന്നില്ല. മഞ്ഞയ്ക്ക് കുത്തുന്ന കൊമ്പുകൾ ഇല്ല. എന്നിട്ടും മലം കോരുന്നവർക്ക് മഞ്ഞ ഒരു നിറമല്ല, ദുർഗന്ധം വമിക്കുന്നൊരു ഉറവയാണ്. തോട്ടിപ്പണിക്കാരുടെ മഞ്ഞ വിരോധത്തിന്റെ വേരുകൾ മനുഷ്യവിസർജ്യത്തിലാണ് ആഴ്ന്നിരിക്കുന്നത്! അപ്പോഴും നരേന്ദ്ര മോദിയുടെ ‘കർമയോഗ്’ തോട്ടിപ്പണിയുടെ ആത്മീയമൂല്യത്തെയാണ് ആഘോഷിക്കുന്നത്! തലമുറകളായി മറ്റുള്ളവർക്ക് ഒറ്റക്കാഴ്ചയിൽപോലും അരോചകമായി അനുഭവപ്പെടുന്ന തോട്ടിപ്പണി അവർ ചെയ്യുന്നത്, തോട്ടിപ്പണിയോടുള്ള പ്രത്യേക ആഭിമുഖ്യംകൊണ്ടല്ലെന്നും നിവൃത്തികേട് ഒന്നുകൊണ്ടുമാത്രമാണെന്നും മനസ്സിലാക്കാൻ ഒരു പ്രത്യേക പഠനവും വേണ്ട, മനുഷ്യപ്പറ്റ് മാത്രം മതി. എന്നാൽ, ജാതിവ്യവസ്ഥക്ക് ഇല്ലാത്തത് മറ്റ് പലതിനൊപ്പം മനുഷ്യന്റെ ആത്മാഭിമാനത്തെ അംഗീകരിക്കുന്ന ആ മനുഷ്യപ്പറ്റാണ്. ശാസ്ത്രസാങ്കേതികവിദ്യ ഏറെ വളർന്നിട്ടും മലം കോരാൻ മാത്രമായി ഒരു ജാതിയുള്ള രാജ്യമെന്നത് ആത്മീയ ഔന്നത്യത്തെ അല്ല അവമാന അഗാധതയെയാണ് അടയാളപ്പെടുത്തുന്നത്. തോട്ടിപ്പണി അവസാനിപ്പിക്കപ്പെടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർപോലും; തങ്ങൾക്കിഷ്ടമല്ലാത്ത നിർബന്ധിത തൊഴിൽ തലമുറകളായി ഒരു ജനവിഭാഗത്തിന്റെ മേൽ കെട്ടിെവച്ച മേൽക്കോയ്മ ജാതിസമ്പ്രദായം അവസാനിപ്പിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നില്ല എന്നിടത്തുവെച്ചാണ് സാംസ്കാരിക വിമർശനം ആരംഭിക്കേണ്ടത്.
ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അന്ധവിശ്വാസം സത്യത്തിൽ ജാതിവ്യവസ്ഥയാണ്. അതിനോളം ഉഗ്രമാം അപരവിദ്വേഷ വ്യവസ്ഥ വേറെയില്ല. തോട്ടിപ്പണിയിലെ മനുഷ്യവിരുദ്ധത മനസ്സിലാക്കാൻ അതിൽ ആത്മീയതയുടെ സുഗന്ധം നിറക്കുന്ന പുസ്തകങ്ങളും പ്രബന്ധങ്ങളുമല്ല, ഭാഷാ സിങ്ങിന്റേത് പോലുള്ള പഠനങ്ങളെയാണ് പിന്തുടരേണ്ടത്. ‘കാണാമറയത്തെ ഇന്ത്യ’ (Unseen the truth about India's manual scavengers) എന്ന ഭാഷാ സിങ്ങിന്റെ പഠനത്തിൽവെച്ചാണ് അവരുടെ മഞ്ഞ പരിപ്പ് വിരോധത്തിന്റെ കാരണം മനസ്സിലാക്കാൻ കഴിഞ്ഞത്. ജാതിയോളം സ്വാഭാവികമായി തീർന്ന മറ്റൊരു മർദന സംവിധാനം മറ്റേതുണ്ട്. ഭൂതകാലത്തിന്റെ പരിമിതികളെ കാലമേറെ കഴിഞ്ഞിട്ടും ഇവ്വിധം സാധ്യതയായി കൊണ്ടുനടക്കുന്ന സമൂഹങ്ങൾ വേറെ ഏതുണ്ട്. ജാതിയെ സൈദ്ധാന്തികമായി കുടഞ്ഞുകളഞ്ഞ മതങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും കൂടി ഇപ്പോഴും അത് ഒരുക്കിയ സൗകര്യങ്ങളുടെ തണലിൽനിന്നും മാറിനിൽക്കാൻ കഴിയുന്നില്ല.
ജാതി ചോദിക്കരുതെന്ന പറച്ചിലും ചോദിക്കാതെതന്നെ പ്രവർത്തിക്കാൻ കഴിയുംവിധം ജാതി വളർന്നിരിക്കുന്നുവെന്ന യാഥാർഥ്യവും തമ്മിലുള്ള അന്തരം സാംസ്കാരിക വിമർശകരിൽ ഒരു വിഭാഗം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങളെ ബന്ധിച്ചിരിക്കുന്ന കയർ ജീവിച്ചിരിക്കെ നിങ്ങൾ മുറിച്ചുമാറ്റാൻ ശ്രമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പ്രേതങ്ങൾ നിങ്ങൾക്കുവേണ്ടി ആ വേല ചെയ്യുമെന്നാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്? എന്ന് കബീർദാസിന്റെ ചോദ്യത്തിന്റെ അസ്വസ്ഥത മുഴക്കം അവസാനിച്ചിട്ടില്ല. തൊഴിൽ ആവിഷ്കാരമാവുന്നതിനു പകരം ‘അറപ്പായി’ മാറുന്ന അവസ്ഥകളും അത്രതന്നെ അവസാനിച്ചിട്ടില്ല. തോട്ടിപ്പണിയിലെ ജാതി വിവേചനം പ്രകടമാകുമ്പോൾ; ജീവിതത്തിന്റെ സമസ്തതലത്തിലും അത്ര പ്രകടമല്ലാതെ അതിപ്പോഴും നമുക്കൊപ്പമുണ്ട്! കഴുകിപ്പോകേണ്ടൊരു അഴുക്കായിട്ടല്ല, കുടഞ്ഞുകളയേണ്ട ഒരു മുള്ളായിട്ടല്ല, പലവിധ ന്യായങ്ങൾ നിരത്തി കൂടെക്കൂട്ടേണ്ട ഒരു ബന്ധുവായിട്ടാണ് ഇന്നും ജാതി നമുക്കിടയിൽ നിലനിൽക്കുന്നത്.
മനുഷ്യരെ സ്വയം പരിമിതപ്പെടുത്തുന്ന ഒരു മർദകാധികാരം കൂടിയായി പ്രവർത്തിക്കാൻ കഴിയുന്നിടത്തുവെച്ചാണ് ജാതി മറ്റെല്ലാ മർദകാധികാര വ്യവസ്ഥകളെയും മറിച്ചിടുന്നത്. ഇന്ന് നിശ്ശബ്ദമർദനത്തിന്റെ കാര്യത്തിലും ജാതിക്കൊപ്പം നിൽക്കാൻ മറ്റൊരു മർദകാധികാര വ്യവസ്ഥകൾക്കും കഴിയില്ല. ലാറ്റിൻ അമേരിക്കയിലെ ഉറുഗ്വായിയിലെ ചെറുപട്ടണമായ മെലോവിലെ ഒരു ചുമരെഴുത്തിനെ കുറിച്ച് എഡ്വേഡോ ഗലീയാനോ ആണെന്ന് തോന്നുന്ന തോന്നുന്നു എഴുതിയത്, ഇന്ത്യൻ അവസ്ഥയിൽ ഏകദേശം ജാതിക്കും നന്നായി ചേരും. ആ ചുമരെഴുത്ത് ഇങ്ങനെ: ‘Assist the police: Torture yourself’. അതായത് പൊലീസിനെ സഹായിക്കുക, സ്വയം പീഡിപ്പിക്കുക. എന്നാൽ, ജാതിവ്യവസ്ഥയിൽ ആ വിധം പൊലീസിന്റെ സാന്നിധ്യമില്ലാതെതന്നെ ജാതി സ്വന്തം വിധത്തിൽ മർദനം നിർവഹിക്കും.
ആദ്യത്തേത്, അതായത് ലാറ്റിൻ അമേരിക്കൻ അവസ്ഥയിൽ സ്വയം മർദനമേറ്റുവാങ്ങാൻ മർദകരെ സഹായിക്കുന്നതിനെകുറിച്ചാണ് പറയുന്നതെങ്കിൽ; അതേകാര്യം ഇന്ത്യനവസ്ഥയിൽ എത്തുമ്പോൾ സ്വന്തം ഉള്ളിൽതന്നെ സ്വന്തം മർദകനെ സ്ഥാപിക്കുന്നതിനെകുറിച്ചാണ് പറയുന്നത്. ‘എന്നാണ് ജനിച്ചത് എന്ന് എനിക്കറിയില്ല, എങ്കിലും ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഞാൻ ഈ മണ്ണിൽ കൊല്ലപ്പെട്ടിരുന്നു എന്നുറപ്പാണ്’ (കാലേക്കുറി പ്രസാദ്). ജനിച്ചാൽ മരിക്കും എന്ന സാധാരണ ചൊല്ലാണ് ചങ്കുപിളർക്കുന്ന കുന്തമായി ‘ജാതി ഇന്ത്യയിൽ’ ജനിക്കുന്നതിന് മുമ്പേ കൊല്ലപ്പെടുന്ന അസാധാരണ അവസ്ഥയായി മാറുന്നത്. എത്ര ‘പെരുമാക്കൾ’, ‘തുഞ്ചൻമാർ’, ‘കുഞ്ചന്മാർ’, ‘ക്രൂരമാം ജാതിയാൽ’ പിറക്കുന്നതിനു മുമ്പേ അലസിപ്പോയതിനെകുറിച്ച് കുമാരനാശാനും എഴുതിയിരുന്നല്ലോ!
പ്രപഞ്ചത്തിന്റെ കഴിഞ്ഞകാലത്തിലേക്ക് നോക്കാനുള്ള ‘സമയ യന്ത്രം’ കണ്ടുപിടിച്ചിട്ടും ജാതിയെ വേണ്ടവിധം കാണാൻ കഴിയാതെ പോകുന്ന ഭീതിദമായ ഒരു അവസ്ഥയെക്കുറിച്ചാണ് കാലെകുറി പ്രസാദ് മുതൽ കുമാരനാശാൻ മുതൽ എത്രയെത്രയോ പ്രതിഭകൾ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നത്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പും പലതരത്തിലുള്ള സൂക്ഷ്മനിരീക്ഷണ സംവിധാനങ്ങളും വളർന്നിട്ടും തൊട്ടടുത്തുള്ളതല്ല, തന്നിൽതന്നെയുള്ള ജാതികീടങ്ങളെ കാണാൻ കഴിയാത്ത സന്ദർഭത്തിലാണ് ജാതിക്കെതിരെയുള്ള കഴിഞ്ഞതും തുടർന്നുകൊണ്ടിരിക്കുന്നതുമായ പലതരം പ്രക്ഷോഭങ്ങളെ ആവർത്തിച്ച് അടയാളപ്പെടുത്തുന്ന കൃതികൾ കൂടുതൽ ആവശ്യമായിത്തീരുന്നത്.
2006ൽ പുറത്തിറങ്ങിയ അഫ്സൽ ഗുരുവിനെയും ഇന്ത്യൻ പാർലമെന്റ് ആക്രമണത്തെയും കുറിച്ചുള്ള ഒരു പുസ്തകത്തിൽ (The hanging of Afzal Guru and the strange case of the attack on the Indian Parliament –Penguin books) അൽമാഡി അഗസ്റ്റോ എന്ന് പേരുള്ള അന്ധയായ ഒരു സ്ത്രീ രണ്ട് കൊലപാതകം നടത്തി എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചുള്ള വിവരണം, എങ്ങനെയാണ് നിരപരാധികൾ അപരാധികളായി എളുപ്പം മാറ്റപ്പെടുന്നത് എന്നതിന്റെ നെഞ്ച് കലക്കുന്ന ഒരു ഉദാഹരണമാണ്. 1982ൽ മോണ്ടെവ് ഡിയോയിലാണ് ഇത്തരമൊരു ക്രൂരസംഭവം അരങ്ങേറിയത്. അറിയുന്നവർക്കെല്ലാം അറസ്റ്റ് ചെയ്യപ്പെട്ട അൽമാഡി അഗസ്റ്റോയെക്കുറിച്ച് വളരെ നല്ല അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നത്.
അന്ധകൂടിയായ അവർക്ക് കൊല ഒരു കാരണവശാലും നിർവഹിക്കാൻ ആവുമായിരുന്നില്ല. എന്നാൽ, എല്ലാം എത്ര പെട്ടെന്നാണ് അട്ടിമറിഞ്ഞതെന്ന് അവരുടെ അഭിഭാഷകനായ പെട്രോ അൽഗോർട വിശദീകരിക്കുന്നത് ആരെയും അസ്വസ്ഥമാക്കും. നിരന്തര പീഡനം വഴിയാണ് പൊലീസ് ഒരു കുറ്റവും ചെയ്യാത്ത അവരെ കുറ്റവാളി ആക്കിയത്. സ്വയം നിർവഹിക്കാത്ത കൊലകളെകുറിച്ച് ഓരോ ദിവസവും അടിയുടെ ഊക്കുകൊണ്ട് അവർ കുറ്റസമ്മതം നടത്തിയത് പലവിധത്തിലാണ്! ആ പുസ്തകത്തിൽ അതേക്കുറിച്ച് കണ്ണുകലക്കുന്ന, കോരിത്തരിപ്പിക്കുന്ന ഒരു വാക്യമുണ്ട് ‘ഭാവന വേണ്ട ചാട്ടവാർ മതി ആരെയും കഥപറച്ചിലുകാരാക്കാൻ’ എന്നുള്ളതാണത്... The electric cattle prod turns anyone in to a prolific storyteller.
പെട്രോ അൽഗോർട എന്ന അവരുടെ വക്കീൽ അവരുടെ അയൽക്കാരോട് ചോദിച്ചു: അൽമാഡി അഗസ്റ്റോയെ എന്നെക്കാൾ നിങ്ങൾക്കെല്ലാം നന്നായി അറിയാവുന്നതല്ലേ. പക്ഷേ, മുമ്പ് അവരെപ്പറ്റി നല്ലത് പറഞ്ഞവരെല്ലാം ഒരു അന്വേഷണവും നടക്കാതെ അവർ കുറ്റവാളിതന്നെ എന്ന് ഉറപ്പിച്ചുപറഞ്ഞു. ‘എന്തുകൊണ്ട്’ എന്ന് വക്കീൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു... ‘പത്രങ്ങൾ അങ്ങനെയാണ് പറയുന്നത്’ എന്ന്! പത്രങ്ങൾക്ക് കളവ് പറയാമല്ലോ എന്ന് വക്കീൽ പറഞ്ഞപ്പോൾ അവർ പറഞ്ഞു ‘റേഡിയോയും അതാണ് പറയുന്നത്’ എന്ന്! റേഡിയോവിനും കളവുപറയാമല്ലോ? ടെലിവിഷനും അതുതന്നെയാണല്ലോ പറയുന്നത് എന്നായി അവർ! ഇത്രയും വിശദമാക്കിയത് മാധ്യമപ്രചാരണത്തിന്റെ പ്രകടശക്തി വ്യക്തമാക്കാനാണ്. എന്നാൽ, ‘നിശ്ശബ്ദപ്രചാരണ’ത്തിന്റെകൂടി അകമ്പടി ഉണ്ടായാൽ അതിന് എത്രമേൽ അപകടകരമാവാൻ കഴിയുമെന്നാണ് ജാതിവ്യവസ്ഥ തെളിയിച്ചുകൊണ്ടിരിക്കുന്നത്.
ഡോ. ഇ.വി. രാമകൃഷ്ണൻ, എം.കെ. സാനു, പി.കെ. പോക്കർ, ആർ. ഉണ്ണി മാധവൻ
ജാതിനിർവഹിക്കുന്ന ശബ്ദ-നിശ്ശബ്ദ പ്രചാരണയുദ്ധത്തിന്റെ ആഴങ്ങളാണ് ‘ചേയാ’ എന്ന ശ്രദ്ധേയമായ ജീവചരിത്ര നോവൽ ആവിഷ്കരിക്കുന്നത്. ‘ചേയാ’ എന്ന നവോത്ഥാന നോവൽ എഴുതിയ ആർ. ഉണ്ണി മാധവന് മലയാളത്തിൽ ഒരു ആമുഖം ആവശ്യമില്ല. മുമ്പേ തന്നെ സ്വന്തം പ്രതിഭയുടെ മുദ്ര എഴുത്തിൽ പതിപ്പിച്ച അദ്ദേഹത്തിന്റെ ‘ചേയാ’ എന്ന നോവൽ നവോത്ഥാന മൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോവേണ്ട ഇതുപോലുള്ള നിരവധി ജീവചരിത്ര നോവലുകളുടെ അനിവാര്യതയെ കൂടിയാണ് മറ്റു പലതിനുമൊപ്പം ഓർമിപ്പിക്കുന്നത്. നോവലിസ്റ്റ് എഴുതിയ മുൻവചനം, നോവലിലേക്ക് തുറന്നുെവച്ച ഒരു വിസ്തൃതവഴിയാണ്. അതിങ്ങനെ; ഒരുകാലത്ത് താഴ്ന്നജാതിയിൽപെട്ടവർ ഉയർന്ന ജാതിക്കാരെ കണ്ടാൽ തിരിച്ചറിയാൻ വിളിച്ചുപറയേണ്ട അടയാളവാക്കായിരുന്നു ‘ചേയാ’. അതിനു മറുപടിയായി പറയേണ്ട അടയാളവാക്കാണ് ‘ഹോയ്’ അതുകേട്ടാൽ താഴ്ന്ന ജാതിക്കാർ വഴിമാറി കൊടുക്കണമെന്നായിരുന്നു സാമൂഹികനീതി. അയിത്താചരണത്തിന്റെ മുദ്രകളായ രണ്ടു വാക്കുകളും പിഴുതെറിഞ്ഞ് ഹരിജനോദ്ധാരണം സാധ്യമാക്കാൻ ജീവിതം മാറ്റിവെച്ച മഹാനായിരുന്നു സ്വാമി ആനന്ദതീർഥൻ. സ്വാമി ആനന്ദതീർഥരുടെ ജീവിതത്തിന്റെ അവസാന നാളുകളും ഓർമകളുടെ പിൻവിളികളും ആണ് ‘ചേയാ’.
ക്രിയാബഹുലവും ത്യാഗനിർഭരവുമായ ജീവിതമാണ് ‘ചേയാ’ എന്ന ഈ നോവലിൽ ആർ. ഉണ്ണിമാധവൻ കലാ ചാതുര്യത്തോടുകൂടി ആഖ്യാനം ചെയ്തിരിക്കുന്നത് (പ്രഫസർ എം.കെ. സാനു). ‘ചേയാ’യിലൂടെ കടന്നുപോകുമ്പോൾ കലാപകലുഷിതമായ ഒരു കാലഘട്ടത്തിന്റെ നെഞ്ചിടിപ്പുകൾ നാം കേൾക്കുന്നു. കാലത്തിനു മുന്നേ നടന്ന ആനന്ദതീർഥനെ ശിഷ്യനായി സ്വീകരിച്ച് യാത്രയാക്കുമ്പോൾ നാരായണഗുരു പറഞ്ഞ വാക്കുകൾ സ്വാമിയുടെ ജീവിതത്തെ എങ്ങനെ നിർവചിച്ചു എന്ന് നാം തിരിച്ചറിയുന്നു: ‘ധാരാളം ജോലി ചെയ്തു തീർക്കാൻ ഉണ്ടല്ലോ. ധീരമായി പൊയ്ക്കോളൂ. ആനന്ദതീർഥൻ കേരള സമൂഹത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രകാശഗോപുരമാണ്. ഇനിയും പൂർത്തീകരിക്കാത്ത സാമൂഹിക വിപ്ലവത്തിന്റെ പാതയിലൂടെ മുന്നേറുന്നവർക്ക് ഈ നോവൽ ഒരു പാഠപുസ്തകമാവട്ടെ എന്ന് ആശംസിക്കുന്നു’ ഡോ. ഇ.വി. രാമകൃഷ്ണൻ).
ഹരിജനങ്ങളുടെ കൂടെ നടക്കുന്ന സ്വാമി ദൈവവിരോധി, പൂണൂൽ പൊട്ടിച്ച വഷളൻ, കള്ളസന്യാസി, കുഴപ്പക്കാരൻ സ്വാമി, തെമ്മാടി സ്വാമി, തല്ലുകൊള്ളി സ്വാമി, തോന്ന്യാസ സ്വാമി, വീണ്ടുവിചാരമില്ലാത്ത ആക്ടിവിസ്റ്റ് തുടങ്ങി ആനന്ദതീർഥ സ്വാമികൾ ചുമക്കേണ്ടിവന്ന ചീത്തവിളികൾ മാത്രം മതിയാവും സമരബഹുലമായ ആ ജീവിതത്തിന്റെ ഗാംഭീര്യവും ഔന്നത്യവും മനസ്സിലാക്കാൻ. ജാതിക്കെതിരെ ‘മതം’ നിർവഹിക്കുന്ന സമരത്തിന്റെ ചുരുക്കപ്പേരാണ് ‘ചേയ’. ആശയവാദത്തിനും സാമൂഹികപരിവർത്തനത്തിൽ ഒരു ആയുധമാവാൻ കഴിയുമെന്നാണത് നിസ്സംശയം ബോധ്യപ്പെടുത്തുന്നത്. അടിച്ചേൽപിക്കപ്പെട്ട ജാതി അറിവുകളെ അടിച്ചുതകർക്കാനാണത് ആഹ്വാനം ചെയ്യുന്നത്. മധുരം നിറച്ച കുടിലതകൾക്ക് തീ കൊടുക്കാനാണത് തുടലുകൾ പൊട്ടിക്കുന്നത്. ക്ഷണിക ചാരിതാർഥ്യ മനോഭാവങ്ങളെയാണ് (Instant gratification mindset) ‘ചേയാ’ അടപടലം പിടിച്ചുകുലുക്കുന്നത്. മറവിയിലേക്ക് മറിഞ്ഞുവീഴുന്നവരെ ഓർമകളിലേക്കാണ് നോവൽ പിടിച്ചുതള്ളുന്നത്. ‘അറിവിലുമേറി അറിയുന്നതിലാണത്’ നിർവൃതമാവുന്നത്.
കേരളത്തിലുടനീളം ജാതി നിർമൂലനത്തിനുവേണ്ടി ഓടിനടന്നു പ്രവർത്തിച്ചതിന്റെ പേരിൽ മർദനങ്ങൾ ഏൽക്കേണ്ടിവന്ന സ്വാമി ആനന്ദതീർഥന്റെ ജീവിതത്തെ മുൻനിർത്തി ചരിത്രത്തെ അടയാളപ്പെടുത്തുകയാണ് ആർ. ഉണ്ണി മാധവൻ ചെയ്യുന്നത് (ഡോ. പി.കെ. പോക്കർ). ജീവിതം ചിതലരിക്കാതിരിക്കാനുള്ള ഗംഭീരമായ ഒരു ചുവടുവെപ്പ് എന്നുംപറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.