പാഠം ഒന്ന്- പുതുയുഗ വിദ്യാലയം

വീണ്ടുമൊരു അധ്യയന വർഷത്തിലേക്ക് നമ്മുടെ പൊതുവിദ്യാലയങ്ങൾ വാതിൽ തുറക്കുമ്പോൾ, അറിവിന്റെ മാത്രമല്ല, ഒരു പുതിയ ലോകക്രമത്തിന്റെ വിശാലമായ വാതായനമാണ് നാം തുറക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേവലം സാങ്കേതികവിദ്യയല്ല, നമ്മുടെ ചിന്തയെയും തൊഴിലിനെയും ജീവിതത്തെയും മാറ്റിമറിക്കുന്ന ഊർജ്ജസ്രോതസ്സാണ്. ഈ നൂതനമായ മാറ്റത്തിനൊപ്പം സാമൂഹിക അവബോധത്തിന്റെ കരുത്തും ചേർന്നാൽ മാത്രമേ നമ്മുടെ ഭാവി വിദ്യാഭ്യാസം അർഥപൂർണമാകൂ. എ.ഐ. കാലത്തെ ക്ലാസ് മുറികളും വിദ്യാർഥികളുടെ വ്യക്തിഗത പഠനവും അധ്യാപകരിൽ ആശങ്ക ജനിപ്പിക്കേണ്ടതില്ല. മറിച്ച്, വിദ്യാർഥിയുടെ പഠനവേഗവും ശൈലിയും തിരിച്ചറിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപകരെ സഹായിച്ചു കൊണ്ടിരിക്കും. പിന്നാക്കം പോകുന്ന കുട്ടിയെ കണ്ടെത്തി പ്രത്യേക ശ്രദ്ധ നൽകാൻ ഇത് കൂടുതൽ സഹായിക്കും. 'ഒരു വിദ്യാർഥിയെയും പിന്നിലാക്കില്ല' എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായി ഇത് മാറും. ഒപ്പം എല്ലാ അധ്യാപകരെയും സമർഥരാക്കാൻ കഴിയുന്ന ഒരു പുതിയ അധ്യാപന - പഠനപ്രക്രിയക്ക് വഴിതെളിക്കും.

വീടകങ്ങളിൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഗാഡ്‌ജെറ്റുകളിലൂടെ നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ആൽഫ-ബീറ്റ-ഐപാഡ് കിഡ്‌കളുടെ മുന്നിൽ രണപരാജിതരായ ചക്രവർത്തിമാരെ പോലെ അധ്യാപകർ മാറിക്കൂടാ. എ.ഐ. ടൂൾ അധ്യാപകന്റെ ഒരു പ്ലാനിങ് അസിസ്റ്റന്റ് ആയിരിക്കണം; അധ്യാപകന്റെ ബോസ് ആയല്ല അവ പ്രവർത്തിക്കേണ്ടത്. അധ്യാപകർ പകർന്നു നൽകുന്ന് സർഗാത്മകതക്ക് പകരം നിൽക്കാൻ ഒരിക്കലും എ.ഐക്ക് കഴിയില്ല. ചോദ്യം ചോദിക്കാൻ കുട്ടിയെ പഠിപ്പിക്കുന്നത് അധ്യാപകരാണ്. സംവാദം, കല, നാടകം, പരീക്ഷണം ഇതെല്ലാം അധ്യാപകരുടെ നേതൃത്വത്തിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്. കുട്ടികളോട് വൈകാരികമായി ഇഴചേർന്നു നിൽക്കാൻ അധ്യാപകർക്ക് മാത്രമേ കഴിയൂ. ക്ലാസിൽ എപ്പോഴും മൗനിയായിരിക്കുന്ന വിദ്യാർഥിയുടെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിയാൻ എ.ഐക്ക് കഴിയില്ല. 2020-2025 വർഷങ്ങളിൽ നമ്മുടെ സ്വന്തം കേരളത്തിൽ മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതിനായിരത്തിലേറെ പോക്സോ കേസുകളാണ്. ഇതിൽ മിക്ക കേസുകളും വെളിച്ചത്തു കൊണ്ടുവരാൻ കാരണമായത് നല്ലവരായ അധ്യാപകരുടെ സ്നേഹമസൃണമായ ഇടപെടലുകളിലൂടെയാണ്. അധ്യാപനം മൂല്യബോധനത്തിനു കൂടിയാണെന്ന തിരിച്ചറിവിൽ നിന്നാണ് മാതൃകാ അധ്യാപകർ പിറവിയെടുക്കുന്നത്.

നമ്മുടെ അധ്യാപകർ സാമ്പ്രദായികമായ അധ്യാപന രീതി തുടരുന്നതിനാൽ ഇപ്പോഴും ജോലിഭാരത്തിന് ഒട്ടും കുറവില്ല. ഇപ്പോൾ അധ്യാപകരുടെ 40 ശതമാനം സമയവും ഹാജർ എടുക്കാനും പരീക്ഷാപേപ്പർ നോക്കാനും റിപ്പോർട്ട് തയ്യാറാക്കാനും മറ്റുമാണ് ചെലവഴിക്കുന്നത്. എ.ഐ. ഇതെല്ലാം സെക്കന്റുകൾക്കുള്ളിൽ ചെയ്തുതീർക്കും. അതോടെ അധ്യാപകർക്ക് കുട്ടികളുടെ കൂടെ ചെലവഴിക്കാൻ കൂടുതൽ സമയം കിട്ടും. പിന്നാക്കം നിൽക്കുന്ന കുട്ടിക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കാനും, പാഠം പഠിപ്പിക്കുന്നതിലെ പുതിയ രീതികൾ പരീക്ഷിക്കാനും സമയം കിട്ടും.

കുട്ടികൾ അധ്യാപകരോട് നിരന്തരം ചോദ്യം ചോദിച്ചു കൊണ്ടിരിക്കണമെന്നതുപോലെ എ.ഐയോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള കഴിവ് (പ്രോംപ്റ്റ് എഞ്ചിനീയറിങ്) അധ്യാപകർ നേടിയെടുക്കണം. എ .ഐ. ടൂളുകൾ അനായസം കൈകാര്യം ചെയ്യാൻ കഴിയണം. സമീപഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഐ. ടൂളുകളുടെ കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കും.

മൂന്ന് ലക്ഷത്തിലധികം കുരുന്നുകളാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇന്നലെ വരെ വീടായിരുന്നു അവരുടെ കുഞ്ഞുലോകം. ഇന്നു മുതൽ അവർ വിദ്യാലയത്തിന്റെ പുതിയൊരു എക്കോ സിസ്റ്റത്തിലേക്ക് പ്രവേശിക്കുകയാണ്. ശരിക്കും അവർക്ക് അപരിചിതമായ ഒരു പുതിയ ലോകത്തിലേക്ക്. വീടകത്തെ പ്രിയപ്പെട്ടവരുടെ സ്നേഹസാമീപ്യമായിരുന്നു അവരുടെ അറിവും ആത്മവിശ്വാസവും, ഇനി അധ്യാപകരാണ് അവരുടെ രക്ഷിതാക്കൾ. സാമൂഹ്യബന്ധങ്ങളുടെയും സാമൂഹ്യാനുഭവങ്ങളുടെയും പുതിയ മേഖലകളിലേക്ക് അവർ ആനയിക്കപ്പെടുന്നു. അവിടെ അവരുടെ അച്ഛനും അമ്മയും ആത്മസുഹൃത്തുക്കളുമാകണം അധ്യാപകർ. അശേഷം ആശങ്കയില്ലാതെ കടന്നുവരാവുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറണം. അധ്യാപകരുടെ കൈപിടിച്ച് അവർ വളരണം. അറിവും ആത്മവിശ്വാസവും അതിജീവനശേഷിയുമുള്ള നല്ല മനുഷ്യരാകണം. ഈ ഭഗീരഥപ്രയത്നത്തിന് അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും കൂടെയുണ്ടാവണം.

നമ്മുടെ കുഞ്ഞുമക്കൾ ജീവിതയാത്രയിലെ ഒരു പടവ് കൂടി മുകളിലേക്ക് കയറുകയാണ്. പ്രമോഷൻ, അഥവാ ക്ലാസ് കയറ്റമെന്നത് കേവലം ഒരു ക്ലാസിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം മാത്രമല്ല. മറിച്ച് അറിവിന്റെയും അനുഭവങ്ങളുടെയും മറ്റൊരു ചുവടു കൂടി പിന്നിടലാണ്. അവിടെ നിങ്ങൾ നല്ല പാഠങ്ങൾ പഠിക്കണം. നല്ല സൗഹൃദങ്ങളുണ്ടാകണം. സഹപാഠിയെയും സഹജീവിയെയും കുറിച്ചുള്ള കരുതലുണ്ടാകണം. ഓരോ പടവിലും ചുവടുറപ്പിച്ചു വേണം മുന്നോട്ടു കുതിക്കേണ്ടത്. അവിടെ നിങ്ങൾക്ക് താങ്ങായും തണലായും ചുവടു പിഴക്കുമ്പോൾ കൈതാങ്ങായും നിങ്ങളുടെ അധ്യാപകരുണ്ടാകും.

പൊതുവിദ്യാഭ്യാസ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ സർക്കാർ സംവിധാനങ്ങൾക്കും അധ്യാപകർക്കുമൊപ്പം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കൂടിയുണ്ട്. നമ്മുടെ കുട്ടികൾ അവരുടെ ഒരു ദിവസത്തിന്റെ മൂന്നിലൊന്നു ചെലവഴിക്കുന്ന ഇടങ്ങളെന്ന നിലയിൽ നമ്മുടെ വീടിന്റെ മറ്റൊരു മുറിയായി തന്നെ വിദ്യാലയങ്ങളെ കാണണം. അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പഠന പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലും രക്ഷിതാക്കൾ ജാഗ്രതയോടെ ഇടപെടണം.

രാജ്യത്തിന് മാതൃകയായ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭാഷയിലും ശാസ്ത്രത്തിലും ഗണിതത്തിലും അടിസ്ഥാന പാഠങ്ങൾ സ്വായത്തമാക്കുന്നതോടൊപ്പം, ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കാനുള്ള കഴിവും പ്രതിഭയും കുട്ടിക്ക് ആർജിക്കാൻ കഴിയണം. പാഠ്യപദ്ധതിയിലും അധ്യാപന-പഠന രീതികളിലും അതിനനുസരിച്ചുള്ള കാലോചിത മാറ്റങ്ങൾ വരണം. വിദ്യാഭ്യാസവും തൊഴിലും ആഗോളവൽക്കരിക്കപ്പെട്ട കാലത്ത് ഏറ്റവും ചലനാത്മകതയുള്ള സമൂഹമായി മലയാളികൾ മാറിയിട്ടുണ്ട്. സ്വാഭാവികമായും സംസ്ഥാനത്ത് നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും കുട്ടികളുടെ സ്കൂൾ മാറ്റവും സാധാരണമായിട്ടുണ്ട്. അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള അക്കാദമിക് ഫ്ളക്സ്ബിലിറ്റി നാം കൈവരിക്കേണ്ടതുണ്ട്. അതിനനുസൃതമായ പാഠ്യപദ്ധതി രൂപീകരിക്കേണ്ടതുണ്ട്.

ആറ് മുതൽ 14 വയസ് വരെയുള്ള എല്ലാ കുട്ടികളെയും സ്കൂളുകളിലെത്തിക്കാൻ മാത്രമല്ല അവർക്ക് മാനസിക സംഘർഷങ്ങളില്ലാത്ത പഠനം ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആദിവാസികൾ, ദലിത്-പിന്നാക്ക-ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാമ്പത്തിക സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ള എല്ലാ ദുർബലജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിൽ സർക്കാർ സവിശേഷ പരിഗണന നൽകും. നിലവിലെ ആനുകൂല്യങ്ങൾക്ക് പുറമേ, വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായ പദ്ധതികൾ ആലോചിക്കും. ഡിസെബിലിറ്റിയുള്ള കുട്ടികളുടെ വിദ്യാഭ്യാസമാണ് മറ്റൊരു പ്രധാന വിഷയം. സർക്കാർ, എയിഡഡ്, സ്വകാര്യ മേഖലകളിൽ അവർക്ക് വേണ്ടി പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അതിന് പുറമേ പൊതുവിദ്യാലയങ്ങൾ കൂടി ഡിസെബിലിറ്റി ഫ്രണ്ട്ലി ആകേണ്ടതുണ്ട്. ചുരുക്കത്തിൽ സാമൂഹിക പിന്നാക്കാവസ്ഥയോ, സാമ്പത്തിക പരാധീനതകളോ, ശാരീരിക-മാനസിക വെല്ലുവിളികളോ ഒരു കുട്ടിയുടെയും വിദ്യാഭ്യാസം നിഷേധിക്കാൻ കാരണമായിക്കൂടാ എന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും പ്രാപ്യമാകുന്ന സമത്വത്തിലും സാമൂഹിക നീതിയിലും ഊന്നിനിൽക്കുന്ന ഒരു പൊതുവിദ്യഭ്യാസ സംവിധാനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അതിലേക്കുള്ള ഒരു പുതുയുഗ യാത്രയുടെ തുടക്കമാകട്ടെ ഈ വിദ്യാഭ്യാസ വർഷം.

Tags:    
News Summary - Lesson One: The New Age School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 07:21 GMT