സി.ബി.എസ്.ഇ മുതൽ നീറ്റ് വരെ നീളുന്ന പരീക്ഷ ക്രമക്കേടുകൾ രാജ്യത്തെ പരീക്ഷ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിടിപ്പുകേടിന് വില നൽകേണ്ടി വരുന്നത് രാജ്യത്തെ ഭാവി തലമുറയാണ്.
മേയ് 13ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കപ്പെടുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ, ഫലപ്രഖ്യാപനത്തിനു പിന്നാലെ പുറത്തുവന്ന വാർത്തകൾ ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി മാറിക്കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിലെ അപാകതകൾ മുതൽ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ വരെ നീളുന്ന സംഭവവികാസങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മന്ത്രി ധർമേന്ദ്ര പ്രധാന്റെയും കനത്ത വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സി.ബി.എസ്.ഇ പുതുതായി നടപ്പിലാക്കിയ ഓൺലൈൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനമാണ് ഈ വിവാദങ്ങളുടെ കേന്ദ്രബിന്ദു. യാതൊരു മുൻകരുതലോ പരീക്ഷണങ്ങളോ ഇല്ലാതെ തിരക്കിട്ട് നടപ്പിലാക്കിയ ഈ ഡിജിറ്റൽ സംവിധാനം വിദ്യാർഥികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഫിസിക്സ് പരീക്ഷയുടെ ഫലം കണ്ട് അമ്പരന്ന വേദാന്ത് എന്ന വിദ്യാർഥി തനിക്ക് സി.ബി.എസ്.ഇ നൽകിയ ഉത്തരക്കടലാസിന്റെ പകർപ്പ് തന്റെ കൈയക്ഷരമല്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചതോടെയാണ് പുകഞ്ഞുകൊണ്ടിരുന്ന പ്രതിഷേധം ആളിക്കത്തിയത്. ആദ്യം സങ്കുചിതമായ ന്യായീകരണങ്ങൾ നിരത്തിയ സി.ബി.എസ്.ഇ പിന്നീട് വേദാന്തിന്റെ പരാതി ശരിയാണെന്നും പിഴവ് സംഭവിച്ചതായും സമ്മതിക്കേണ്ടി വന്നു. സമാനമായ പരാതിയുമായി സഞ്ജന എന്ന വിദ്യാർഥിനിയും രംഗത്തെത്തി. തനിക്ക് ലഭിച്ച കെമിസ്ട്രി പേപ്പറിന്റെ ആദ്യ പേജ് തന്റേതാണെങ്കിലും ഉള്ളിലെ പേജുകൾ മറ്റാരൊക്കെയോ എഴുതിയതാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ആ പെൺകുട്ടി പങ്കുവെച്ചത്.
ഭരണകൂടത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ വേദാന്തിനെ 'പാകിസ്ഥാൻ ചാരൻ' എന്ന് വിളിച്ചുപോലും അധിക്ഷേപിക്കാനുള്ള നീക്കങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നത് എത്രത്തോളം അസഹിഷ്ണുതയോടെയാണ് അധികാരികൾ ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിന്റെ തെളിവാണ്. സ്വന്തം പിഴവ് മറയ്ക്കാൻ ഒരു കുട്ടിയെ വേട്ടയാടുന്നതിലും വലിയ അധർമം മറ്റെന്തുണ്ട്? ഈ വർഷം 17 ലക്ഷത്തോളം (17,68,000) വിദ്യാർഥികളാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ സയൻസ് സ്ട്രീമിൽ മാത്രം ഏകദേശം 4 ലക്ഷത്തോളം കുട്ടികളുണ്ട്. ഒരു വിദ്യാർഥിയുടെ പേപ്പർ മാറിയിട്ടുണ്ടെങ്കിൽ, സ്വാഭാവികമായും മറ്റൊരാളുടെ പേപ്പറും മാറിപ്പോയിട്ടുണ്ടാകും. സ്കാനിങ്ങിലെ പിഴവുകൾ, വ്യക്തമല്ലാത്ത ചിത്രങ്ങൾ, ഉത്തരങ്ങൾ പൂർണമായി സ്കാൻ ചെയ്യാതിരിക്കുക തുടങ്ങി നിരവധി പരാതികൾ ഉണ്ടായി.
സി.ബി.എസ്.ഇയുടെ ഡിജിറ്റൽ സുരക്ഷ എത്രത്തോളം ദുർബലമാണെന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സി.ബി.എസ്.ഇ പരീക്ഷാനന്തര നടപടികൾക്കായി ഉപയോഗിക്കുന്ന ഓൺലൈൻ സ്ക്രീൻ മാർക്കിങ് പോർട്ടലിൽ മാരകമായ സുരക്ഷ വീഴ്ചകളുണ്ടെന്ന് 19 വയസ്സുകാരനായ സൈബർ സെക്യൂരിറ്റി ഗവേഷകൻ നിസർഗ അധികാരി തെളിവുകൾ സഹിതം വെളിപ്പെടുത്തിയിരിക്കുന്നു.
പരിശോധകരുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാനും, പാസ്‌വേഡുകൾ മാറ്റാനും, അതിലുപരി വിദ്യാർഥികളുടെ മാർക്കുകളിൽ മാറ്റം വരുത്താനും കഴിയുന്ന തരത്തിലുള്ള പഴുതുകൾ ഈ സംവിധാനത്തിലുണ്ടെന്നാണ് നിസർഗ തന്റെ ബ്ലോഗിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയും പുറത്തുവിട്ടത്. ഇത്രയും ഗൗരവമേറിയ ഒരു സംവിധാനം യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണോ നടപ്പിലാക്കിയതെന്ന ചോദ്യം രക്ഷിതാക്കളെ ഭീതിയിലാഴ്ത്തുന്നു. ഈ ഡിജിറ്റൽ പരാജയം കേവലം സാങ്കേതികമല്ല, മറിച്ച് ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയോടുള്ള ക്രിമിനൽ അനാസ്ഥയാണ്.
ജെ.ഇ.ഇ മെയിൻ, അഡ്വാൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾ പോലും സി.ബി.എസ്.ഇയുടെ മാർക്കിങ് പിഴവ് കാരണം ആശങ്കയിലാണ്. ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും പ്രവേശനം ലഭിക്കാൻ പന്ത്രണ്ടാം ക്ലാസ്സിൽ 75% മാർക്ക് നിർബന്ധമാണ്. പത്തും ഇരുപതും മാർക്കിന്റെ വ്യത്യാസം മൂലം പല മിടുക്കരായ വിദ്യാർഥികൾക്കും തങ്ങൾ അർഹിച്ച സീറ്റുകൾ നഷ്ടമാകുന്ന അവസ്ഥയാണ്. സി.ബി.എസ്.ഇയുടെ പിഴവ് തിരുത്തി മാർക്ക് ലിസ്റ്റ് പുതുക്കി വരുമ്പോഴേക്കും കൗൺസിലിങ് നടപടികൾ അവസാനിക്കുമോ എന്ന ഭയം രക്ഷിതാക്കളെയും വിദ്യാർഥിത്ഥികളെയും ഒരുപോലെ അലട്ടുന്നു.
സി.ബി.എസ്.ഇ മാത്രമല്ല, കേന്ദ്രത്തിന് കീഴിലുള്ള മിക്ക പരീക്ഷ സംവിധാനങ്ങളും ഇന്ന് തകർച്ചയുടെ വക്കിലാണ്.
നീറ്റ് (NEET UG): 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ പരീക്ഷാ ക്രമക്കേടുകൾ മൂലം സുപ്രീം കോടതിക്ക് വരെ ഇടപെടേണ്ടി വന്നു. 14 വർഷത്തെ പ്രയത്നമാണ് പല കുട്ടികൾക്കും ഇല്ലാതായത്.
സി.യു.ഇ.ടി (CUET-UG): രാജ്യത്തിനകത്തും പുറത്തും പരീക്ഷ കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം പരീക്ഷ വൈകിയതും സാങ്കേതിക തകരാറുകളും ഈ സംവിധാനത്തിന്റെ പരാജയം വിളിച്ചോതുന്നു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരീക്ഷിച്ചതുപോലെ, ഒരു കോടിയിലധികം വിദ്യാർഥികളുടെ ഭാവിയാണ് ഈ സർക്കാർ പന്താടിക്കൊണ്ടിരിക്കുന്നത്. 'വിശ്വഗുരു' എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ വിദ്യാർഥികൾക്ക് സുതാര്യമായ ഒരു പരീക്ഷ അന്തരീക്ഷം ഒരുക്കാൻ പോലും ഈ ഭരണകൂടത്തിന് കഴിയുന്നില്ല. ചോദ്യപേപ്പർ ചോർച്ച തടയാൻ വ്യോമസേനയെയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളെയും ആശ്രയിക്കേണ്ടി വരുന്നത് തന്നെ പരീക്ഷ മാഫിയകളുടെ ശക്തിയാണ് വെളിപ്പെടുത്തുന്നത്.
ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒ.എസ്.എം സംവിധാനത്തിൽ പിഴവ് പറ്റിയെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വെറും കുറ്റസമ്മതം കൊണ്ട് ലക്ഷക്കണക്കിന് കുട്ടികളുടെ നഷ്ടപ്പെട്ട വിലപ്പെട്ട മാസങ്ങളും മാനസിക വിഷമങ്ങളും പരിഹരിക്കപ്പെടില്ല. തകരാറുകൾ പരിഹരിക്കുമെന്ന ഉറപ്പിനേക്കാൾ, ഈ സംവിധാനത്തിന്റെ വിശ്വാസ്യത എങ്ങനെ തിരിച്ചുപിടിക്കും എന്നതാണ് പ്രധാന ചോദ്യം.
പരീക്ഷ സംവിധാനങ്ങളെ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റുന്നത് അവസാനിപ്പിക്കണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, ഭാവിയിൽ ഇത്തരം പിഴവുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അല്ലാത്തപക്ഷം, ഈ പുതിയ തലമുറ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ വിശ്വാസമില്ലാത്തവരായി മാറും. അധികാരികളുടെ പിടിപ്പുകേടിന് കുട്ടികൾ ശിക്ഷിക്കപ്പെടുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.