ആ​ദ്യ​കാ​ല സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ൾ, കു​ട്ടി​ക​ൾ​ക്ക് ച​രി​ത്രം, ഉ​ണ്ണി അ​മ്മ​യ​മ്പ​ലം, മാ​തൃ​ഭൂ​മി ബു​ക്സ്

സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളു​ടെ അ​റി​യാ​ക്ക​ഥ​ക​ൾ

അടുത്തകാലത്തായി വായിച്ച പുസ്തകങ്ങളിൽ ഏറ്റവും കൂടുതൽ ആകർഷിച്ച ഒന്നാണ് ഉണ്ണി അമ്മയമ്പലം രചിച്ച ‘ആദ്യകാല സ്വാതന്ത്ര്യസമര പോരാളികൾ കുട്ടികൾക്ക്’. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ ആരും അറിയാതെ പോയ സ്വാതന്ത്ര്യസമര പോരാളികളുടെ ജീവൻ തുടിക്കുന്ന കഥകൾ വിവരിക്കുന്ന പുസ്തകം. ചരിത്ര പാഠപുസ്തകങ്ങളിലെവിടെയും വേണ്ടവിധം പരാമർശിക്കാത്ത ഇവരെ പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊണ്ട്, ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം യഥാർഥത്തിൽ ഇവരെപ്പോലുള്ള ഒട്ടനവധി പട്ടിണിപ്പാവങ്ങളുടെ, ദേശാഭിമാനികളുടെ ജീവത്യാഗത്തിന്റെ ഫലമാണ് എന്ന യാഥാർഥ്യം പകർന്നുനൽകുന്ന അപൂർവം കൃതികളിലൊന്ന്. ചരിത്ര അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണിത്.

8, 10 ക്ലാസിലെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള ആദിവാസി ചെറുത്തുനിൽപുകൾ സംക്ഷിപ്ത രൂപത്തിലുണ്ട്. അതിൽ പരാമർശിക്കുന്നവരെക്കുറിച്ച് വിശദമായ വിവരണം എനിക്ക് ഈ പുസ്തകത്തിലൂടെ ലഭിച്ചു. ബിര്‍സ മുണ്ടയുടെ നേതൃത്വത്തിൽ ജംഗിൾ സ്വരാജിനു വേണ്ടിയുള്ള ചെറുത്തുനിൽപും,

ഹുംബാരി-ബുരുജ് കൂട്ടക്കൊലയും വായിക്കുമ്പോൾ എഴുത്തുകാരനെ പോലെതന്നെ വായനക്കാരനും വികാരത്തിന്റെ പാരമ്യത്തിലെത്തുന്നു.

ഗോത്രമേഖലയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിനും അവിടെനിന്നും സ്വത്ത്‌ സമ്പാദിക്കുന്നതിൽനിന്ന് മറ്റുള്ള മേഖലയെ വിലക്കുന്ന, 1908ൽ ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ ‘ചോട്ടാ നാഗ്പുർ കറൻസി ആക്ട്’ പോലുള്ളവ വിശദമായി ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ട, ഒരേയൊരു ട്രൈബൽ നേതാവായ ബിർസാ മുണ്ടയുടെ ജീവിതകഥ നാടകമായി അവതരിപ്പിക്കാനുള്ള തിരക്കഥ ‘ഭൂമിയുടെ പിതാവ്’ സമ്മാനിക്കുന്നു.

ഈ പുസ്തകത്തിലൂടെയാണ് ഞാൻ ഹോന്യ കേംഗ്ലെയെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായ സായുധ കലാപത്തെക്കുറിച്ചും അറിയുന്നത്. മഹാരാഷ്ട്രയിലെ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വാസുദേവ് ഫഡ്കെയുടെ അടുത്ത സ്നേഹിതനായിരുന്നു ഹോന്യ. ഫഡ്കെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇപ്പോഴും ഏറെ തിളങ്ങിനിൽക്കുന്നു. എന്നാൽ, ആദിവാസിയായ ഹോന്യയുടെ ജീവിതം ചരിത്രത്തിലെവിടെയും പരാമർശിക്കുന്നില്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന ആദിവാസികളുടെ ചരിത്രം, ചരിത്രകാരന്മാർ അടയാളപ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം വായനക്കാരിലുണർത്താൻ കഥാകാരന് സാധിച്ചു എന്നുപറയാം.

ഗോത്രജനതയെ ബ്രിട്ടീഷ്- ജന്മി ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാനായി സ്വന്തം ജീവിതം തന്നെ ബലികൊടുത്ത താംത്യാ ഭീൽ. തന്റെ തലക്ക് ബ്രിട്ടീഷ് പട്ടാളം 10,500 രൂപ അല്ലെങ്കിൽ 100 ഏക്കർ ഭൂമി വിലകൽപിച്ചപ്പോൾ, സ്നേഹിതനായ ഗണപത് സിങ്ങിന്റെ അടുത്ത് അഭയം തേടുന്നതും എന്നാൽ ധനമോഹിയായ സ്നേഹിതൻ താംത്യയെ ബ്രിട്ടീഷുകാർക്ക് പിടിച്ചുകൊടുത്താൽ കൈവരുന്ന ഭാഗ്യമോർത്ത് ഒറ്റിക്കൊടുക്കുന്നതും, തന്നെ നിഷ്ഠുരമായി തല്ലിച്ചതച്ച് ബ്രിട്ടീഷുകാർ കൊണ്ടുപോകുമ്പോൾ അദ്ദേഹം സ്നേഹിതനെ നോക്കി കാർക്കിച്ചുതുപ്പുന്നതും തൂക്കിക്കൊല്ലാൻ വിധിക്കുമ്പോൾ ‘ഞാൻ എനിക്കു വേണ്ടിയല്ല പാവപ്പെട്ടവർക്ക് വേണ്ടിയാണ് പോരാടിയത്, അതുകൊണ്ടുതന്നെ എന്നെ തൂക്കിക്കൊല്ലുന്നതിനുപകരം ഒരു സൈനികൻ എന്ന പരിഗണന നൽകി വെടിവെച്ചുകൊല്ലണ’മെന്ന് അപേക്ഷിക്കുന്നതും ആ അഭ്യർഥന പുച്ഛിച്ചുതള്ളിക്കൊണ്ട് ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിക്കൊല്ലുന്നതും വായനക്കാരിൽ വിങ്ങൽ ഉണ്ടാക്കും. മധ്യപ്രദേശിലെ പാതാൾ പാനി റെയിൽവേ സ്റ്റേഷനിൽ താംത്യയുടെ മരത്തിൽ നിർമിച്ച പ്രതിമ യാത്രാപ്രിയരായ ആളുകൾക്കുള്ള ഒരു അടയാളസൂചകം കൂടിയാണ്.

ബ്രിട്ടീഷുകാർ എന്നും നേർക്കുനേരെ പോരാടാൻ ഭയന്നിരുന്ന ഖാജ്യ നായ്ക്ക്, ‘മുറിവേറ്റ പുഷ്പം’ (മൂർച്ചയാ ഫൂൽ) എന്നറിയപ്പെട്ടിരുന്ന ഭീമ നായ്ക്ക്, എട്ടാം ക്ലാസിലെ ചരിത്രപുസ്തകത്തിൽ പഠിക്കാനുള്ള റാണി ഗയ്ഡിൻ ലൂ എന്നിവരെ കുറിച്ചെല്ലാം, വായനക്കാരുടെ ജിജ്ഞാസ വർധിപ്പിക്കുന്ന വിധത്തിൽ ലളിതവും നാടകീയവുമായ രൂപത്തിൽ വിവരിക്കാൻ എഴുത്തുകാരന് സാധിച്ചു. വയനാടൻ കാടുകളിൽ കുറിച്യ-കുറുമ്പ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെ നേതാവ് തലയ്ക്കൽ ചന്തു-വയനാട്ടിലെ കണ്ണവം കാടുകളിലെ മുളകൊണ്ട് നിർമിച്ച അമ്പിനെ ബ്രിട്ടീഷുകാരുടെ തീതുപ്പുന്ന തോക്കുകൾ പേടിച്ചിരുന്ന കാലത്തെക്കുറിച്ചും ബ്രിട്ടീഷ് പട്ടാളത്തെ കിടുകിടെ വിറപ്പിച്ച തലയ്ക്കൽ ചന്തുവിനെക്കുറിച്ചുമുള്ള വിവരണം ഏതൊരു വായനക്കാരനിലും ദേശസ്നേഹം ഉണർത്താൻ കഥാകാരന് കഴിഞ്ഞു. തലയ്ക്കൽ ചന്തു ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ടുവെന്ന് വായിച്ചിട്ടുണ്ട്. അതിനു പിന്നിലെ കഥ പക്ഷേ അറിയില്ലായിരുന്നു.

ഓഷിൻ എന്ന കുട്ടിയുടെ വിഭ്രമാത്മകമായ ചിന്തയിലൂടെ ഒട്ടേറെ നേതാക്കളെ, മണ്ണിന്റെ മക്കളെ, കാടിന്റെ മക്കളെ പരിചയപ്പെടുത്തുന്നതിൽ കഥാകാരൻ വിജയിച്ചു എന്ന് നിസ്സംശയം പറയാം.

Tags:    
News Summary - Unknown stories of freedom fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.