പശുവിനെ ‘ദേശീയ മൃഗ’മായി പ്രഖ്യാപിക്കാനും അതുവഴി രാജ്യത്ത് ഗോവധം നിരോധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ മുസ്‍ലിം നേതാക്കൾ. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാനാ അർഷദ് മദനി പറഞ്ഞത്, ആൾക്കൂട്ട കൊലപാതകങ്ങൾക്ക് അറുതിവരുമെന്നതിനാൽ രാജ്യത്തെ മുസ്‍ലിംകൾക്ക് ഇത്തരമൊരു തീരുമാനത്തോട് എതിർപ്പുണ്ടാകില്ല എന്നാണ്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പശുവിനെ പവിത്രമായ ഗോമാതാവായി കാണുന്ന സാഹചര്യത്തിൽ, പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ സർക്കാരിന് മുന്നിൽ രാഷ്ട്രീയ നിർബന്ധങ്ങളേതുമില്ലെന്നും മദനി ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഇടപെട്ട മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരിയും മദനി ഉന്നയിച്ച ആവശ്യം ആവർത്തിച്ചു.
ബീഫ് കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമങ്ങൾ ആദ്യമായി നിർമിക്കപ്പെട്ടത് 2015-ൽ മഹാരാഷ്ട്രയിലും തുടർന്ന് ഹരിയാനയിലുമാണ്. മറ്റ് ബി.ജെ.പി ഭരണസംസ്ഥാനങ്ങളും ഈ പാത പിന്തുടർന്നു. അതോടെ, ‘ബീഫ് ലിഞ്ചിങ്’എന്ന് വിളിക്കുന്ന അക്രമങ്ങളുടെ പരമ്പരക്ക് തുടക്കമായി. ആൾക്കൂട്ടക്കൊലകൾ ഇപ്പോഴും നിർബാധം തുടരുകയാണ്. രാജ്യവ്യാപകമായി ഗോവധ നിരോധം ആവശ്യപ്പെടുന്നവർ പറയുന്നത് ഇത് ഒരു ഭരണഘടനാപരമായ ആവശ്യമാണെന്നാണ്. എന്തുകൊണ്ടാണ് ഇത് നടപ്പിലാക്കാത്തത്? നമുക്ക് പരിശോധിക്കാം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48 ഒരു നിർദ്ദേശക തത്വമാണ്; അതായത് ഇത് ഒരു മാർഗനിർദ്ദേശമാണ്, നിയമമല്ല. അതിൽ പറയുന്നത് ഇങ്ങനെയാണ്:
‘‘കൃഷിയും മൃഗസംരക്ഷണവും ആധുനികവും ശാസ്ത്രീയവുമായ രീതിയിൽ സംഘടിപ്പിക്കുവാൻ രാഷ്ട്രം യത്നിക്കേണ്ടതും, പ്രത്യേകിച്ച്, പശുക്കളുടെയും, കിടാങ്ങളുടെയും, കറക്കുന്നതോ ഭാരം വലിക്കുന്നതോ ആയ മറ്റ് കന്നുകാലികളുടെയും ഇനങ്ങൾ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവയുടെ കശാപ്പ് നിരോധിക്കുന്നതിനും നടപടികൾ എടുക്കേണ്ടതുമാകുന്നു’’.
ഇവിടെ അസാധാരണമായ ഒന്നുണ്ട്. ഇതിന്റെ യുക്തി മതപരമല്ല, മറിച്ച് സാമ്പത്തികവും ശാസ്ത്രീയവുമായ വാദമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിനായി സമ്മർദ്ദം ചെലുത്തിയവർ മതവികാരം ഉന്നയിച്ചുകൊണ്ടിരുന്നുവെങ്കിലും, താല്പര്യമില്ലാത്ത ന്യൂനപക്ഷങ്ങളുടെ മേൽ തീരുമാനം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
കോൺഗ്രസ് അംഗങ്ങളായ സേത്ത് ഗോവിന്ദ് ദാസ്, പണ്ഡിറ്റ് താക്കൂർ ദാസ് ഭാർഗവ എന്നിവർ ഗോവധ പശുവിന്റെ ‘മൗലികാവകാശമായി’ അവതരിപ്പിക്കാൻ തുനിഞ്ഞപ്പോൾ, മറ്റുള്ളവർ എരുമകളെയും കാളകളെയും എല്ലാ പ്രായത്തിലുമുള്ള മറ്റ് കന്നുകാലികളെയും നിരോധനത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ ഭരണഘടന മതേതരമാണെന്ന ധാരണ നിലനിർത്താൻ, നിയമനിർമാതാക്കൾ നിരോധനത്തിന് ഒരു മതപരമല്ലാത്ത കാരണം കണ്ടെത്തി. കുട്ടികൾക്ക് പാൽ നൽകി പോഷിപ്പിക്കാൻ പശുക്കളെ ആവശ്യമായിരുന്നു; ഉത്പാദനക്ഷമതയില്ലാത്ത കന്നുകാലികൾ എന്നൊന്നില്ലാത്തതിനാൽ (പശുവും കാളയും ‘‘ചലിക്കുന്ന വള നിർമ്മാണ ശാല’’ ആയിരുന്നു) അവയെ കൊല്ലുന്നത് തെറ്റാണെന്നായിരുന്നു വാദം.
ഡോ. രാജേന്ദ്ര പ്രസാദ്, സ്വാതന്ത്ര്യത്തിന് കൃത്യം ഒരാഴ്ച മുമ്പ് 1947 ആഗസ്റ്റ് ഏഴിന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ഒരു കത്തെഴുതി. അതിലദ്ദേഹം പറഞ്ഞു: ‘‘ഇന്നലത്തെ യോഗം പരിഗണിക്കേണ്ടിയിരുന്ന രണ്ട് വിഷയങ്ങൾ എനിക്ക് ഉന്നയിക്കാനുണ്ടായിരുന്നു. പശുവിനെ കൊല്ലുന്നത് നിർത്തലാക്കാൻ ആവശ്യപ്പെട്ട് പടരുന്ന പ്രക്ഷോഭത്തെക്കുറിച്ച് ഞാൻ പരാമർശിച്ചിരുന്നു, എന്നാൽ എല്ലാവരും പോകാനുള്ള തിരക്കിലായതിനാൽ വിഷയം പരിഗണിച്ചില്ല. പശുവിനെ കൊല്ലുന്നത് നിയമനിർമ്മാണത്തിലൂടെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റ്കാർഡുകളും കത്തുകളും പൊതികളും ടെലിഗ്രാമുകളും എനിക്ക് മുന്നിൽ കുമിഞ്ഞുകൂടിയിരിക്കുകയാണ്. പശു സംരക്ഷണത്തിന് അനുകൂലമായ ഹിന്ദു വികാരം ഏറെ പഴയതും ആഴത്തിൽ വേരൂന്നിയതുമാണ്; ഈ നിമിഷത്തിൽ അതിനെ അവഗണിക്കുന്നത് ബുദ്ധിമുട്ടാണ്, അസാധ്യമല്ലെങ്കിൽ പോലും. ഈ വിഷയം തീർച്ചയായും പരിഗണന അർഹിക്കുന്നുണ്ടെന്നും കൃത്യമായ പരിഗണനക്ക് ശേഷം നാം ഒരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു’’.
ഭരണഘടനാ നിർമ്മാണ സഭയിലെ മുസ്‍ലിം അംഗങ്ങൾ, ഈ നിരോധന നിർദേശത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കിക്കൊണ്ട് മുന്നോട്ട് പോകാൻ ഹിന്ദു അംഗങ്ങളോട് അഭ്യർഥിച്ചു. യു.പിയിൽ നിന്നുള്ള സാഹിറുൽ ഹസൻ ലാരി പറഞ്ഞു: ‘‘പശുക്കളെ കൊല്ലുന്നത് നിരോധിക്കണമെന്നാണ് സഭയുടെ അഭിപ്രായമെങ്കിൽ, അത് വ്യക്തവും കൃത്യവും അസന്ദിഗ്ദ്ധവുമായ വാക്കുകളാൽ രേഖപ്പെടുത്തിക്കൊണ്ടാവട്ടെ’’.
ഹിന്ദുക്കൾ മതപരമായ കാരണങ്ങളാലാണ് ഗോവധം നിരോധിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ‘‘ഭൂരിപക്ഷം അവരുടെ നിലപാട് വ്യക്തമായും കൃത്യമായും പ്രകടിപ്പിക്കേണ്ട ശരിയായ സന്ദർഭമാണിത്’’ എന്ന് അദ്ദേഹം വ്യക്തമാക്കിയത് ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുള്ള സദ്ഭാവനയുടെയും സൗഹാർദ്ദപരമായ ബന്ധത്തിന്റെയും താല്പര്യത്തിലായിരുന്നു. തങ്ങളുടെ മതം പശുവിനെ ബലി കഴിക്കാൻ നിർബന്ധിക്കുന്നില്ലെന്നും അത് അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുസ്‍ലിംകൾക്ക് അറിയാമായിരുന്നു. എന്നാൽ, അസംബ്ലിയിലെ അംഗങ്ങൾ പ്രകടിപ്പിച്ച ശക്തമായ മതവികാരം കണക്കിലെടുക്കുമ്പോൾ, നിലവിൽ മുസ്‍ലിംകൾക്ക് നൽകിയിട്ടുള്ള ഈ അനുമതിയും ആനുകൂലവും തുടർന്നും ലഭിക്കുമോ എന്നതായിരുന്നു ചോദ്യം. ഇത് മതത്തിലുള്ള ഇടപെടലല്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്ന് ലാരി പറഞ്ഞു.
ഹിന്ദുക്കൾ പശുവിനെ സംരക്ഷിക്കുന്നതിന് തടസ്സമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, സഭ മുന്നോട്ടുവെക്കുന്ന സാമ്പത്തിക വാദം തികച്ചും ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി. കൃഷിയുടെ ആധുനികവും ശാസ്ത്രീയവുമായ വികസനമെന്നാൽ യന്ത്രവൽക്കരണമാണ്, അല്ലാതെ ഭാരം ചുമക്കുന്ന മൃഗങ്ങളെ തുടർന്നും ഉപയോഗിക്കലല്ല എന്നും ലാരി ഓർമ്മിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അഭ്യർഥന കേൾക്കപ്പെട്ടില്ല, ഭേദഗതി അംഗീകരിക്കപ്പെട്ടതുമില്ല.
ഈ അവസ്ഥ ഇപ്പോഴും തുടരുകയാണ്. മൗലാനാ മദനി മറ്റൊരു പ്രശ്നം കൂടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്: ‘‘ഏകീകൃത സിവിൽ കോഡിന് അനുകൂലമായി വാദിക്കുന്നവർ പറയുന്നത് രാജ്യം ഒന്നാകുമ്പോൾ നിയമവും ഒന്നായിരിക്കണം എന്നാണ്. എന്നാൽ മൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെയല്ല ബാധകമാക്കിയിരിക്കുന്നത്’’.
ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകനും നിരീക്ഷകനുമായ റഷീദ് കിദ്വായ് എഴുതി: ‘‘മുസ്‍ലിം പണ്ഡിതന്മാരുടെ ആവശ്യത്തെ കീഴടങ്ങലായല്ല, മറിച്ച് ഒരു വെല്ലുവിളിയായാണ് വായിക്കേണ്ടത്. അത് ഒളിച്ചുകളി നിർത്താൻ ഭരണകൂടത്തോടും, ആശയക്കുഴപ്പത്തിൽ നിന്ന് നേട്ടം കൊയ്യുന്നത് നിർത്താൻ രാഷ്ട്രീയ വർഗ്ഗത്തോടും ആവശ്യപ്പെടുന്നു. പശു എന്നത് ഭരണനിർവഹണത്തിന്റെ കാര്യമാണോ അതോ വെറും ധ്രുവീകരണത്തിനുള്ള ഉപകരണമാണോ എന്ന് തീരുമാനിക്കാൻ അത് രാജ്യത്തോടും ആവശ്യപ്പെടുന്നു’’.
ഇന്ത്യൻ ഭരണകൂടം സ്ഥാപിതമായിരിക്കുന്നത് മതേതരത്വത്തിലാണോ അതോ മതത്തിലൂന്നിയാണോ എന്ന് വ്യക്തമാക്കാൻ നമ്മൾ ഓരോരുത്തരും സർക്കാരിനോട് ആവശ്യപ്പെടേണ്ടതുണ്ട്. ‘‘പിങ്ക് വിപ്ലവ’’ത്തിനെതിരെ പ്രസംഗങ്ങളിലൂടെ വാചാലനായ പ്രധാനമന്ത്രിക്ക്, ഒരു ആത്മാർഥമായ നിയമം പാസാക്കിക്കൊണ്ട് ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാനും പരിഹരിക്കാനും കഴിയും. ഇത് ബീഫ് ലിഞ്ചിങ്ങുകൾക്ക് അന്ത്യം വരുത്തുകയോ വരുത്താതിരിക്കുകയോ ചെയ്തേക്കാം; എങ്കിലും, നിലവിലുള്ള കപടനാട്യങ്ങളെ തീർച്ചയായും ഇല്ലാതാക്കും.
(ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ അധ്യക്ഷനായ ലേഖകൻ ‘ഡെക്കാൻ ക്രോണിക്കിളി’ൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹ വിവർത്തനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.