അപരവത്കരണത്തിന്‍റെ വാസ്തുവിദ്യ (The Architecture of Othering) എന്ന ആശയത്തിലാണ് കഴിഞ്ഞ ലേഖനം നാം അവസാനിപ്പിച്ചത്. ലോകത്തെവിടെയും എക്കാലത്തും വംശീയ ദേശീയതയുടെ പ്രത്യയശാസ്ത്രങ്ങൾ ഒന്നോ അതിലധികമോ ബാഹ്യശത്രുക്കളെ വിഭാവനം ചെയ്യാറുണ്ട്. അപരൻ (The Other) എന്ന എതിർ സ്വത്വത്തെ ആശ്രയിച്ചാണ് ജിങ്ഗോയിസ്റ്റ് ദേശീയതയുടെ ആളുകൾ സ്വന്തം അസ്തിത്വത്തെ സ്ഥാപിക്കുന്നത് തന്നെ. 'അവൻ' അല്ലെങ്കിൽ 'അവർ' (Out-group) എന്നതിന്‍റെ അഭാവത്തിൽ, 'ഞാൻ' അഥവാ 'ഞങ്ങൾ' (In-group) എന്നതിന് നിർവചനം പോലും അസാധ്യമായിത്തീരുന്നു എന്നതാണ് സത്യം. ഞങ്ങളിൽനിന്ന് വ്യത്യസ്തരാണ് എന്ന ഒരൊറ്റക്കാരണത്താൽ അവർ അധമരായിത്തീരുന്ന മനോഗതിയാണല്ലോ അപരവത്കരണം. അതായത്, "ഞങ്ങൾ ശരിയും സ്വാഭാവികവുമാണ്, എന്നാൽ വ്യത്യസ്തരും വിചിത്രരും അതുകൊണ്ടു തന്നെ അപകടകാരികളുമാണ് അവർ" എന്ന ചിന്താഗതി.
അതറിങ് എന്നത് കേവലമൊരു മനോവിഭ്രാന്തിയല്ല. എന്തെന്നാൽ, ഇവിടെ കേവലം വിഭജനം മാത്രമല്ല നടക്കുന്നത്. വിദ്വേഷത്തിലേക്കുള്ള കവാടമാണ് ഈ അപരവത്കരണം. Xenification എന്നോ Xenotic Othering എന്നോ പറയാം. ഈ സെനഫോബിയ, സംസ്കാരത്തിന്‍റെ അടിത്തറയായി മാറുന്നതോടെ സമൂഹത്തിൽ വലിയൊരു വിഭജനം സംഭവിക്കുന്നു. എന്നുവെച്ചാൽ അമിത് ഷാ പറഞ്ഞതു പോലെ (കഴിഞ്ഞ അധ്യായം നോക്കുക) "വന്ദേമാതരം മുഴുവനായി പാടാതിരിക്കുമ്പോൾ" അല്ല വിഭജനം സംഭവിക്കുന്നത്. യഥാർഥത്തിൽ വിഭജനത്തിന്‍റെ, ആർകിടെക്ചർ ഒഫ് അതറിങ്ങിന്‍റെ പ്രതിഷ്ഠികാശിലകളാണ് ബങ്കിം ചന്ദ്രയുടെ 'ഭാവന'കൾ. അതിൻ്റെ ഭാഗമാണല്ലോ വന്ദേമാതരം.
ദേശസ്നേഹവുമായി ഇതിനെ ബന്ധിപ്പിക്കുന്നത് തന്നെ ദേശസ്നേഹത്തെ മൊണോപൊളൈസ് ചെയ്യലാണ്. അതാകട്ടെ, അപരവത്കരിക്കുന്നത് മുസ്‌ലിംകളെ മാത്രമാവില്ല. എന്നാൽ ഫാഷിസ്റ്റ് ചിന്തകളുടെ ഏറ്റവും വലിയ ഉപകരണമാണ് അതറിങ്. ഇതിലൂടെയാണ് ഒരു ബഹുസ്വര സമൂഹത്തിൽ സാംസ്‌കാരികമായ മേൽക്കൈ നേടുന്നവർ തങ്ങളുടെ ആധിപത്യത്തെ സ്ഥാപിക്കുന്നത്. അതേസമയം ഈ ഡോമിനന്‍റ് ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ദൗർബല്യവും ഇത് തന്നെയാണ്. ഈ കുറിപ്പിന്‍റെ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ, ഒരു ഔട്ഗ്രൂപ്പിന്‍റെ അഭാവത്തിൽ ഇൻഗ്രൂപ്പിന് നിർവചനം പോലും സാധ്യമാകാതെ വരുന്നു.
അതായത്, അവർ നമ്മളല്ല എന്ന് പറയുമ്പോൾ മാത്രം സ്വത്വരൂപീകരണം (Identity Formation) സംഭവിക്കുന്ന സംവർഗമാണ് നമ്മൾ. അന്തരികമായി എത്രത്തോളം ദുർബലമാണ് ഫാഷിസ്റ്റ് ദേശീയതകൾ എന്നതിന് മറ്റൊരു തെളിവും ആവശ്യമില്ല. ശത്രു ഉണ്ടെങ്കിൽ മാത്രം നിലനിൽക്കുന്ന പ്രത്യയശാസ്ത്രമാണ് ഫാഷിസ്റ്റ് ദേശീയത. അധികാരത്തിന് വേണ്ടിയുള്ള ക്രൂരതകൾ ന്യായീകരിക്കപ്പെടുന്നത് അതറിങ്ങിലൂടെയാണ്. "മൃഗീയ മതവുമായി ജീവിക്കുന്ന മൃഗീയ ജനതയായ ഇന്ത്യക്കാരോട് എനിക്ക് വെറുപ്പാണ്" എന്ന ചർച്ചിലിന്‍റെ നിലപാട് ഇതിന്‍റെ ഉദാഹരണമാണ്.
കൊളോണിയൽ അധിനിവേശങ്ങളെ ന്യായീകരിക്കുന്ന, 'വൈറ്റ്മാൻസ് ബേഡൻ' (റുഡ്‌യാഡ് കിപ്ലിങ്) എന്ന ആശയത്തിലും അതറിങ് പ്രവർത്തിക്കുന്നുണ്ട്. സഭ്യരും (Civilized) വന്യരും (Uncivilized/Savages) ആയി മനുഷ്യരെ 'വേർതിരിക്കുക'യായിരുന്നല്ലോ കോളോണിയൽ അതറിങ്. ലിംഗ പദവിയിൽ തങ്ങളെ സ്വയം 'പ്രഥമ'രായി കാണുന്ന പുരുഷന്മാർ സ്ത്രീയെ അതർ ആക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് സിമോൻ ഡി ബൂവ പറയുന്നു.
Everything in the State, nothing outside the State എന്ന് തന്‍റെ ഫാഷിസ്റ്റ് ഐഡിയോളജിയെ സംക്ഷേപിക്കുന്ന ബെനീറ്റോ മുസ്സോളിനി അതിർത്തി വിപുലനത്തിന്‍റെ ദേശീയതയെയാണ് മുന്നോട്ടുവെച്ചതെങ്കിലും അതിരുകൾക്കകത്ത് തന്നെയുള്ള ഇടതരെയും ജനാധിപത്യവാദികളെയും അപരരായാണ് ചിത്രീകരിച്ചത്. ആര്യൻ, ജർമാനിക് മിത്തിനെ അടിത്തറയാക്കിയ നാത്‌സിസവും ഹിറ്റ്ലറും യഹൂദരെയും ജിപ്സികളെയും, അതെത്തുടർന്ന് കമ്യൂണിസ്റ്റുകളെയും പിന്നെ ശാരീരികമോ മാനസികമോ ആയ അപര്യാപ്തതകളുള്ളവരെയും അപരരാക്കി. സ്പാനിഷ് കത്തോലിക്കാ ദേശീയതയിലൂന്നിയ ഫ്രാൻസിസ്കോ ഫ്രാങ്കോ കാറ്റലൻ, ബാസ്‌ഖ് തുടങ്ങിയ പ്രാദേശിക സ്വത്വങ്ങളെ സ്പാനിഷ് ദേശശരീരത്തിൽ നിന്നും വേർപെടുത്തി. ജപ്പാനിലെ എംപറർ-സിസ്റ്റം ഫാഷിസം അയൽ ജനതകളെ, വിശേഷിച്ചും ചൈനക്കാരെ അധമരായ അപരരായാണ് കണ്ടത്.
ഫാഷിസ്റ്റ് അതറിങ്ങിന് മൂന്ന് പൊതുസ്വഭാവങ്ങളുണ്ട്. ഒന്ന് ഇരവാദമാണ്. ഇത് തങ്ങളുടെ 'അപരർ'ക്ക് നേരെ അവർ തന്നെ ചുമത്താറുള്ള ആരോപണമാണെങ്കിലും. ജർമാനിക് വംശം അപകടത്തിൽ എന്ന ഭീതിയാണ് ഹിറ്റ്‌ലർ ഉയർത്തിയത്. സമാനമായി ഹിന്ദു അപകടത്തിൽ എന്നതാണ് സംഘി ഹിന്ദുത്വയുടെ പ്രചാരണം. ഈ പ്രചാരണങ്ങളുടെ തുടക്കമാണ് ബങ്കിം ചന്ദ്രയുടെ സാഹിത്യ പ്രവർത്തനം.
രണ്ടാമത്തെ സ്വഭാവം കൽപിത ശത്രുവിനെക്കുറിച്ച അതിഭാവുകത്വം നിറഞ്ഞ വർണനകളാണ്. ലോകം കീഴടക്കാൻ പോകുന്ന, ജർമനിയുടെ സാമ്പത്തിക രംഗം പൂർണമായും നിയന്ത്രിക്കുന്ന യൂദരെപ്പറ്റി ഭീതി ഉണ്ടാക്കി നാത്‌സികൾ. ബങ്കിം ചന്ദ്രയും സവർക്കറും മറ്റും ചേർന്ന് നിർമിച്ചെടുത്ത മുസ്‌ലിം ആകട്ടെ, ജനസംഖ്യ വർധിപ്പിച്ച് രാജ്യം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവനും 'ലൗ ജിഹാദി'ലൂടെ ഹൈന്ദവ സ്ത്രീകളുടെ പരിശുദ്ധി നശിപ്പിച്ച് അവരിൽ സ്വന്തം സന്തതികളെ ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നവനുമാകുന്നു.
ദേശീയതയുടെ കുത്തകാവകാശവാദമാണ് മൂന്നാമത്തെ ഘടകം. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരെയെല്ലാം സ്വാഭാവികമായും രാജ്യദ്രോഹികളോ സംസ്കാര ശൂന്യരോ ആയ 'അപരർ' ആക്കി മാറ്റുക. മുസ്‌ലിം ജനതയോടുള്ള ബങ്കിം ചന്ദ്രയുടെ നിലപാടുകൾ ഇതു തന്നെയാണ്. ഇതിന്‍റെ തുടർച്ചയാണ് ഗോൾവൽക്കറുടെ 'വിചാരധാര'യിൽ (Bunch of Thoughts) നാം വായിക്കുന്ന, ആന്തരിക ദൗർബല്യങ്ങൾ എന്ന സിദ്ധാന്തം. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും അപരരാക്കി മുദ്ര കുത്തുന്നുണ്ട് ഇതിൽ.
എന്തെന്നാൽ വ്യതിരിക്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന ഈ വിഭാഗങ്ങൾ ഏകശിലാത്മകമായ ഹിന്ദു രാഷ്ട്ര സങ്കൽപത്തിന് തടസ്സമാണെന്ന് ഗോൾവൽക്കർ ചിന്തിക്കുന്നു. ഇതേ ചിന്തയിലാണ് വി.ഡി സവർക്കറുടെ ചരിത്രപഠനങ്ങളും മുന്നോട്ട് പോകുന്നത്. ഇന്ത്യ എന്ന ദേശത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും നിർമിതിയിൽനിന്ന് മുസ്‌ലിംകളെ മാറ്റിനിർത്തുകയാണ് സവർക്കർ ചെയ്തത്. ബംഗാളിലെ പോരാട്ടത്തിന്‍റെ ചരിത്രത്തിൽനിന്ന് ഫഖീറുകളെ മാറ്റി നിർത്തിയ ബങ്കിമിന്‍റെ തുടർച്ച തന്നെ. വന്ദേമാതരത്തിലെ മത ചിഹ്നങ്ങളെ ദേശവത്കരിക്കാനുള്ള ശ്രമങ്ങളോട് വിയോജിപ്പുള്ളവർ ദേശവിരുദ്ധരാകുന്നതിന്‍റെ ന്യായം ഈ അപരവത്കരണം തന്നെയാകുന്നു.
യഥാർഥത്തിൽ നാത്‌സി ഹിന്ദുത്വയുടെ അതറിങ് പ്രക്രിയക്ക് വ്യവസ്ഥാപിതമായി തുടക്കം കുറിച്ച ആളാണ് ബങ്കിം ചന്ദ്ര ചട്ടോപാധ്യായ. അയാളിൽ തുടങ്ങി സവർക്കറിലൂടെ വികസിച്ച് ഗോൾവൽക്കറിൽ പൂർണത പ്രാപിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തുടർച്ചയുണ്ട്. ബംഗാൾ കേന്ദ്രമായി ഒരു കാൽപനിക ഹിന്ദുത്വ ദേശീയതയെ നിർമിക്കുകയാണ് ചാറ്റർജീ ചെയ്തത്. മെക്കോളെയുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങളും നവോഥാന പ്രവർത്തനങ്ങളും വഴി ബംഗാളി 'ഭദ്രലോകി'ന് നഷ്‌ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു പിടിക്കുക എന്നതായിരിക്കാം ബങ്കിം ചന്ദ്രയുടെ ലക്ഷ്യം. പിൽക്കാല ഹിന്ദുത്വ ആശയരൂപീകരണത്തിന് ശക്തമായ റോ മെറ്റീരിയലായി വർത്തിച്ചത് ബങ്കിമിന്‍റെ ഭാവനകളാണ്.
ദേശത്തെ ഭൂപ്രദേശം എന്ന അസ്‌തിത്വത്തിൽ നിന്ന് വേർപെടുത്തി, ഒരു ഭാരത മാതാവിനെ സങ്കൽപിക്കുകയും മാതാവിനേറ്റ അപമാനങ്ങളുടെ കാരണമായി മുസ്‌ലിം 'അധിനിവേശ'ത്തെ ചിത്രീകരിക്കുകയും ചെയ്തു. ഇതാണ് ഇന്നും ഹിന്ദുത്വ വൈകാരികതയുടെ അടിത്തറ.
എന്നാൽ ഹിന്ദുത്വ പിന്നീട് വേര് പിടിച്ചത് ബംഗാളിലല്ല, മറിച്ച് മഹാരാഷ്ട്രയിലാണ്. വിനായക് ദാമോദർ സവർക്കർ തന്‍റെ പുസ്തകങ്ങളിലുടെ, വിശേഷിച്ചും Six Glorious Epochs of Indian History എന്ന പുസ്തകത്തിലൂടെ ബങ്കിം ചന്ദ്രയുടെ കാൽപനികാശയത്തിന് ചരിത്രപരമായ അടിത്തറ നൽകി. തുടക്കത്തിൽ 'ബ്രിട്ടീഷ് വാഴ്ചയിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ'ത്തെപ്പറ്റി ചിന്തിച്ചിരുന്ന സവർക്കർ തന്‍റെ പിൽക്കാല കൃതികളിൽ ശ്രമിക്കുന്നത് 'മുസ്‌ലിംകളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമുള്ള ഹിന്ദുക്കളുടെ സ്വാതന്ത്ര്യ'ത്തെക്കുറിച്ചാണ്. ഇന്ത്യാ വിഭജനത്തിന്‍റെ ആശയം അഥവാ റ്റൂ-നേഷൻ തിയറി ആദ്യമായി മുന്നോട്ടു വെച്ചത് സവർക്കറാണ്.
ഹിന്ദു എന്ന പദത്തെ സവർക്കർ നിർവചിച്ചത് ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ആയിരുന്നു. സവർക്കറും ജ്യേഷ്ഠൻ ജി.ഡി സവർക്കറും ചേർന്ന് സ്ഥാപിച്ച 'അഭിനവ് ഭാരതി'ൽ ആണ്, ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ആരംഭം.
പരിണാമത്തിന്‍റെ അടുത്ത ഘട്ടത്തിലാണ് ആക്രാമക ദേശീയതക്ക് ആത്മീയമായ അടിത്തറ നൽകിക്കൊണ്ട് മാധവ സദാശിവ ഗോൾവൽക്കർ രംഗപ്രവേശം ചെയ്യുന്നത്. സവർക്കറുടെ രാഷ്ട്രീയ ഹിന്ദുത്വക്ക് മതപരവും ദാർശനികവുമായ അടിത്തറ നൽകുന്നത് ഗോൾവൽക്കറാണ്. ഇതാണ് ഹിന്ദുത്വ ദേശീയതയുടെ പരിണാമം. ചരിത്രത്തെ കാൽപനിക ഭാവനയുമായി ചേർത്ത് അതിന് അടിത്തറയിട്ടയാളാണ് ബങ്കിം ചന്ദ്ര. ആ പരിശ്രമത്തിലെ പ്രധാന ചുവടുവെപ്പാണ് ആനന്ദമഠവും വന്ദേമാതരവും.
ആകയാൽ വന്ദേമാതരത്തിന് നേരെയുള്ള വിമർശനങ്ങൾ മതപരമല്ല, രാഷ്ട്രീയം തന്നെയാണ്.
ബങ്കിമിന്‍റെ അവസാന നോവലായ 'സീതാറാ'മിൽ നായിക ശ്രീയുടെ സഹോദരൻ ഗംഗാറാമിനെ അന്യായമായ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കുന്നത് ദുരധികാരിയായ ഒരു മുസ്ലിം ഫഖീറും ഒരു ഖാദിയും ചേർന്നത്രേ. വധശിക്ഷാസ്ഥലത്ത് ചെന്ന ശ്രീ, അവിടെയുള്ള ഹിന്ദുക്കളിൽ പ്രതികാരചിന്തയുണർത്തി പ്രകോപിതരാക്കുകയാണ് ചെയ്യുന്നത്. അനീതി, സ്വേച്ഛാധിപത്യം, കൊളോണിയലിസം, ദുർഭരണം തുടങ്ങിയവക്കെതിരായ വിഷയങ്ങളൊന്നും അവളുടെ വാക്കുകളിൽ വരുന്നില്ല. അത് അക്രമാധിഷ്‌ഠിതമായ സാമുദായിക ഏകോപനത്തിന്റെ പ്രഭാഷണമാണ്. ദേവിയെ ആവാഹിക്കുന്ന ശ്രീ ആക്രോശിക്കുന്നത് കൊല്ലുക, കൊല്ലുക എന്നാകുന്നു. "കൊല്ലുക, ശത്രുവിനെ കൊല്ലുക, ഹിന്ദുവിന്റെ ശത്രു, രാജ്യത്തിന്റെ ശത്രു, എന്റെ ശത്രു. കൊല്ലുക, ശത്രുവിനെ കൊല്ലുക" എന്നിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട് ശ്രീ.
കേവലം പ്രതികാരത്തിന്‍റെ കഥയല്ല ഇത്. വരേണ്യതയും ഫാഷിസവും ദേശത്തെയും ചരിത്രത്തെയും സമീപിക്കുന്ന രീതിയുടെ പ്രകാശനമാണ്. വൈവിധ്യങ്ങൾക്ക് ഇടമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന ചിന്തയാണത്. വംശീയദേശീയതയാണ് ഇതിന്റെ ആധാരം. ഇന്ത്യ നേരിടാൻ പോകുന്ന പ്രശ്‌നങ്ങളുടെയെല്ലാം അടിത്തറ ദേശീയതയായിരിക്കും എന്ന, ടാഗോറിന്‍റെ ദീർഘദർശനം ഇവിടെയാണ് പ്രസക്തമാകുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ, "ഇന്ത്യയുടെ ചരിത്രമെന്നത് ഏതെങ്കിലുമൊരു വംശത്തിന്‍റേത് മാത്രമല്ല. മറിച്ച് ലോകത്തിലെ വിവിധ വംശങ്ങൾ സംഭാവന ചെയ്‌ത് സംസൃഷ്ടമായ ഒരു ദീർഘപ്രക്രിയയുടേതാണ്. ദ്രാവിഡരും ആര്യന്മാരും പുരാതന ഗ്രീക്കുകാരും പേർഷ്യക്കാരും പടിഞ്ഞാറൻ നാടുകളിലെയും മധ്യേഷ്യയിലെയും മുഹമ്മദീയരും ചേർന്ന് സൃഷ്ടിച്ചതാണത്" (Nationalism in India).
അതിനാൽ ഇന്ത്യക്ക് ഇന്ത്യയുടെ ചരിത്രം എന്നതിനെക്കാൾ മനുഷ്യന്‍റെ ചരിത്രം എന്ന നിലക്കാണ് ഏറെ കാര്യങ്ങൾ നിർവഹിക്കാനുള്ളത് എന്നും ടാഗോർ ചൂണ്ടിക്കാട്ടുന്നു.
പ്രസക്തമായ മറ്റൊരു കാര്യമെന്തെന്നാൽ, ദേവീ ഭാവത്തിൽ മാത്രമാണ് ശ്രീ ജനങ്ങൾക്കിടയിലേക്കിറങ്ങി വരുന്നതും പ്രതികാരത്തിനായി ആക്രോശിക്കുന്നതും. (അക്ഷരാർത്ഥത്തിൽ 'പ്രതികാരദുർഗ'). മാനുഷിക ഭാവത്തിൽ സീതാറാമിനെ വഴി തെറ്റിക്കുന്ന പ്രലോഭനമായാണ് ശ്രീ ചിത്രീകരിക്കപ്പെടുന്നത്. 'വിധിവശാൽ പോരിനിറങ്ങി'യ ചൗധുറാണിയെ അടുക്കളയിലേക്ക് തിരിച്ചെത്തിച്ച ബങ്കിം ചന്ദ്ര (ഒന്നാം അധ്യായം കാണുക) ദേവീ ഭാവത്തിൽ മാത്രം 'കലാപകാരി'യായിത്തീരുന്ന ശ്രീയെ മനുഷ്യസ്ത്രീ എന്ന ഭാവത്തിൽ, ശങ്കരാചാര്യർ പറഞ്ഞ, "നാരീ സ്തനഭര നാഭീ ദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം..." എന്നതിനപ്പുറത്തേക്കൊന്നും കൊണ്ടുപോകുന്നില്ല.
ഒരിക്കലും ദേശത്തിന്‍റെ വൈവിധ്യത്തെയോ വൈവിധ്യത്തിലെ ഏകതയെയോ പ്രതിനിധീകരിച്ചിട്ടില്ല ബങ്കിം ചന്ദ്ര. അതുകൊണ്ടു തന്നെ ബങ്കിം ചന്ദ്രയുടെ ഗാനത്തിന് ബഹുസാംസ്കാരികതയുടെ ഉണർത്തുപാട്ടാവാൻ സാധിക്കുകയുമില്ല.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.