പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ കെ.എൻ. പണിക്കറെ സന്ദർശിച്ചപ്പോൾ. പത്നി ഉഷ ഭാർഗവ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരെയും കാണാം
പ്രഫ. കെ.എൻ. പണിക്കരുടെ വിയോഗത്തോടെ ഇന്ത്യൻ ചരിത്രരചനയിലെയും സാമൂഹിക മുന്നേറ്റങ്ങളുടെയും ഒരു യുഗമാണ് അവസാനിക്കുന്നത്. നിർഭയനായ ബുദ്ധിജീവി, ദയാലുവായ മാർഗദർശി, മതേതര ധാർമികതയുടെ കാവലാൾ എന്നീ നിലകളിലെല്ലാം അദ്ദേഹം അവശേഷിപ്പിച്ചു പോകുന്ന ശൂന്യത ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മുതൽ ഇന്ത്യയിലുടനീളമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളിൽ വരെ ഒരുപോലെ അനുഭവപ്പെടും.
‘കീഴാള ചരിത്രരചനയുടെ’ അഗ്രഗാമിയായിരുന്നു കെ.എൻ. പണിക്കർ. വരേണ്യ-മേലാളരുടെ കഥകൾക്കപ്പുറം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിലേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ, ചരിത്രത്തെ 'കാവിവൽക്കരിക്കുന്നതിനെതിരെ' അദ്ദേഹം ശക്തമായി ശബ്ദമുയർത്തി. രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ചല്ല, ശാസ്ത്രീയമായ സത്യസന്ധതയോടെ വേണം ചരിത്രം കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
ലൈബ്രറികൾക്കും ക്ലാസ് മുറികൾക്കും അപ്പുറം കെ.എൻ. പണിക്കർ ഒരു കർമ്മയോഗിയായിരുന്നു. ഹർഷ് മന്ദറിനും എനിക്കുമൊപ്പം 'അൻഹദ്' (Act Now for Harmony and Democracy) എന്ന സംഘടനയുടെ സ്ഥാപക ട്രസ്റ്റിയായി അദ്ദേഹം പ്രവർത്തിച്ചു.
2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹം ചരിത്രത്തെ കണ്ടുനിൽക്കുകയല്ല, മറിച്ച് അതിൽ ഇടപെടുകയാണ് ചെയ്തത്. അൻഹദിലൂടെ, ഗൗരവകരമായ അക്കാദമിക് ചിന്തകളും തെരുവിലെ പോരാട്ട വീര്യവും തമ്മിലുള്ള അകലം കുറക്കാനും മതേതരമായ ഒരു പ്രതിസംസ്കാരം സൃഷ്ടിക്കാനും അദ്ദേഹം സഹായിച്ചു.
“ഭൂതകാലത്തെ അറിയുന്നത് വർത്തമാനകാലത്തെ മനസ്സിലാക്കാനാണ്; ആ അറിവിനനുസരിച്ച് പ്രവർത്തിക്കുക എന്നത് ഓരോ പൗരരുടെയും കടമയാണ്” എന്ന് പറഞ്ഞ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചരിത്രം നീതിക്കുവേണ്ടിയുള്ള ആയുധമായിരുന്നു. വർഗീയതയെ ചെറുക്കാനും ബഹുസ്വര ഇന്ത്യയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം അത് ഉപയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.