യു.എസ്- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനികളുടെ വിലാപ യാത്ര
നയതന്ത്ര ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ട്രംപിന്റെയും നെതന്യാഹുവിന്റെയും സൈന്യം ഈ കടുംകൈ ചെയ്തത്. ഇറാനിയൻ ഉദ്യോഗസ്ഥർ ഈ ചർച്ചകളിൽ സഹകരിക്കുന്നുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും ഈ ആക്രമണം ഉണ്ടായി.
“ഈ ജീവൻ വന്നുപോകുന്ന ഒന്നാണ്, ഇതിൽ വലിയ കാര്യമൊന്നുമില്ല; പക്ഷേ, മരണക്കളത്തിലേക്ക് ഒരാൾ നടന്നുകയറിയ ആ അന്തസ്സുണ്ടല്ലോ, ആ പ്രതാപം എന്നെന്നും നിലനിൽക്കുന്നു ” -ജോഷ് മലിഹാബാദി
പൗരസ്ത്യ ചിന്തകളിൽ, സൂര്യൻ ഒരിക്കലും വിജയികൾക്ക് മേലെയല്ല; നിലപാടുകളിൽ ഉറച്ചുനിന്ന രക്തസാക്ഷികൾക്ക് മുകളിലാണ് അത് ശോഭിച്ചുനിൽക്കുന്നത്. മണൽപ്പരപ്പിലായാലും പരുക്കൻ കുന്നുകൾക്കിടയിലായാലും, ഒരു രക്തസാക്ഷി വീണടിഞ്ഞ മണ്ണിൽ നിന്ന് ഒരടി മുന്നോട്ട് നീങ്ങാനാവാത്തവിധം ആ വെളിച്ചം അവിടെത്തന്നെ തങ്ങിനിൽക്കുന്നു. വെളിച്ചത്തിനറിയാം എവിടെയാണ് വിശ്രമിക്കേണ്ടതെന്ന് പഴമക്കാർ പറയാറുണ്ട്.
ഗംഗാസമതലങ്ങളിൽ സായംസന്ധ്യാ നേരത്ത്, മുതിർന്നവർ ഒരു കഥ പറയും-മഹാഭാരതത്തിലെ അഭിമന്യുവിനെക്കുറിച്ച്. ചക്രവ്യൂഹത്തിന്റെ രഹസ്യം പകുതി മാത്രം അറിഞ്ഞിട്ടും അതിലേക്ക് ധീരമായി കടന്നുചെന്ന അഭിമന്യു. ആ കുഞ്ഞിനെ വളഞ്ഞിട്ടു കൊന്ന യോദ്ധാക്കളെക്കുറിച്ച് അവർക്കിന്നും വെറുപ്പാണ്; എന്നാൽ നീതിക്കുവേണ്ടി അഭിമന്യു പോരാടിയ രീതിയെയും ജീവാർപ്പണം നടത്തിയ ആ അന്തസ്സിനെയും അവർ ഇന്നും പുകഴ്ത്തുന്നു.
കർബലയിലെ ആ കത്തുന്ന ആകാശത്തിന് താഴെ വിശപ്പും ദാഹവും മറന്ന് പൊരുതിയ ഹസ്രത്ത് ഇമാം ഹുസൈന്റെ വീരഗാഥകൾ അമ്മമാരും മുത്തശ്ശിമാരും പാടിപ്പുകഴ്ത്തുന്നു-കീഴടങ്ങലിനേക്കാൾ വാളിന്റെ മുനയെയും, ഒത്തുതീർപ്പിനേക്കാൾ ആത്മബലിയെയും തിരഞ്ഞെടുത്ത ധീരന്റെ കഥ. കുരുക്ഷേത്രവും കർബലയും ഭൂമിശാസ്ത്രപരമായി ഏറെ അകലെയായിരിക്കാം. എങ്കിലും സഹസ്രാബ്ദങ്ങളായി പൗരസ്ത്യ നാടോടിക്കഥകളിലും ധാർമ്മിക സങ്കൽപ്പങ്ങളിലും അവ ഒരേ ഇടം പങ്കിടുന്നു. മുഹർറം നാളുകളിൽ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ‘താസിയ’ വീട്ടുപടിക്കൽ എത്തുമ്പോൾ നിറകണ്ണുകളുമായി മുത്തശ്ശി പാടിയിരുന്ന വരികൾ ഈ ലേഖകൻ ഇന്നും ഓർക്കുന്നു: "മുത്തശ്ശി, എനിക്കൊരു കഷ്ണം കരയാമ്പൂ തരൂ, ഞാൻ കർബലയിലേക്ക് പോകട്ടെ."
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാംനഈ, അഭിമന്യുവിനെപ്പോലെയോ ഇമാം ഹുസൈനെപ്പോലെയോ യുവാവായിരുന്നില്ല. എൺപത്തിയാറാം വയസ്സിൽ ജീവിതത്തിന്റെ സായന്തനത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും, തന്റെ നാടിന്റെ ഭൗതികവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ധീരതയും നിശ്ചയദാർഢ്യവും ഹുസൈനെയും അഭിമന്യുവിനെയും ഓർമ്മിപ്പിക്കുന്നതായിരുന്നു. കുടുംബാംഗങ്ങളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ട ആ ക്രൂരവും ആസൂത്രിതവുമായ ആക്രമണത്തിന് മുന്നിൽ തലകുനിക്കാതെ അദ്ദേഹം മരണം വരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഈ കൊലപാതകത്തിന് പിന്നിൽ മറ്റൊരു ന്യായവാദം നിരത്തുന്നുണ്ട്. ആണവായുധങ്ങൾ നിർമ്മിക്കുന്ന, ലോകസമാധാനത്തിന് ഭീഷണിയായ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്ന് ഇറാൻ ജനതയെ മോചിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് അവരുടെ വാദം. എന്നാൽ, നയതന്ത്ര ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ട്രംപിന്റെയും നെതന്യാഹുവിന്റെയും സൈന്യം ഈ കടുംകൈ ചെയ്തത്. ഇറാനിയൻ ഉദ്യോഗസ്ഥർ ഈ ചർച്ചകളിൽ സഹകരിക്കുന്നുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും ഈ ആക്രമണം ഉണ്ടായി. ഇറാൻ ഭരണകൂടത്തെ ‘ഭീകരർ’ എന്ന് ആവർത്തിച്ചു വിളിക്കുമ്പോഴും, ഇസ്രായേലിനോ അയൽ രാജ്യങ്ങൾക്കോ എതിരെ ഇറാൻ പ്രകോപനമില്ലാതെ ആദ്യം ആക്രമണം നടത്തിയതിന് തെളിവുകളൊന്നുമില്ല. 2025ൽ ഇസ്രായേൽ ഏകപക്ഷീയമായി ഇറാനെ ആക്രമിക്കുകയും പിന്നീട് അമേരിക്ക അതിൽ പങ്കുചേരുകയുമാണുണ്ടായത്. ഇപ്പോൾ വീണ്ടും സംയുക്തമായി ആക്രമണം നടത്തിയിരിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള പ്രതിരോധ നടപടികളാണെന്നാണ് അവിടുത്തെ നേതൃത്വം വ്യക്തമാക്കുന്നത്.
എന്താണ് ട്രംപിനെയും നെതന്യാഹുവിനെയും ഇതിന് പ്രേരിപ്പിക്കുന്നത്? പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ മുൻ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ സീനിയർ അഡ്വൈസറും റിട്ട. കേണലുമായ ഡഗ്ലസ് മഗ്രെഗോർ സൂചിപ്പിച്ചത്, അമേരിക്കൻ കോൺഗ്രസിനേക്കാളും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളേക്കാളും നെതന്യാഹുവിന് ട്രംപിന് മേൽ അസാമാന്യ സ്വാധീനമുണ്ടെന്നാണ്. കൂടാതെ, ഇരു നേതാക്കളും സ്വന്തം രാജ്യങ്ങളിൽ വിശ്വാസ്യതയുമായി ബന്ധപ്പെട്ട കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. നെതന്യാഹു അഴിമതിക്കേസുകളാൽ വലയുന്നു; ട്രംപാകട്ടെ പലവിധ സാമ്പത്തിക ക്രമക്കേടുകളിലും വിവാദങ്ങളിലും പെട്ടുനിൽക്കുന്നു.
അമേരിക്കയുടെ ‘ജനാധിപത്യം പുനഃസ്ഥാപിക്കൽ’ വാദം പലപ്പോഴും സംശയാസ്പദമാണ്. ഇറാന്റെ അമ്പരപ്പിക്കുന്ന പ്രകൃതിസമ്പത്ത് ഇതിന്റെ പിന്നിലെ പ്രധാന കാരണമാകാം. ഏകദേശം 208 ബില്യൺ ബാരൽ ക്രൂഡ് ഓയിൽ, 1,200 ട്രില്യൺ ക്യുബിക് അടി പ്രകൃതിവാതകം, 320 മെട്രിക് ടൺ സ്വർണ്ണം എന്നിവ ഇറാന്റെ മണ്ണിലുണ്ട്. ഒരു ലോകശക്തിയെ സംബന്ധിച്ചിടത്തോളം ഈ സമ്പത്ത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യം കൂടിയാണ്.
ഇറാൻ തങ്ങളാലാവുംവിധം ഈ ആക്രമണങ്ങളെ നേരിടുമ്പോൾ, ഇറാന്റെ മണ്ണിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അപലപിക്കാൻ പോലും ഇന്ത്യൻ സർക്കാർ വിസ്മരിച്ചതായി തോന്നുന്നു. ഒരു സുഹൃത് രാജ്യത്തിന്റെ ഉന്നതനായകൻ നിയമവിരുദ്ധമായി കൊല്ലപ്പെട്ട് ആറ് ദിവസം പിന്നിട്ട ശേഷമാണ് ഇന്ത്യ ഔദ്യോഗികമായി ഒരു അനുശോചനക്കുറിപ്പ് പോലുമിറക്കിയത്. ഒരുപക്ഷേ ട്രംപിന്റെ ധാർഷ്ട്യത്തെ നരേന്ദ്ര മോദി ഭയക്കുന്നുണ്ടാകാം. ഇറാന് മേലുള്ള ആക്രമണത്തിന് തൊട്ടുമുമ്പ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ട്രംപ് തട്ടിക്കൊണ്ടുപോയി തടവിലിട്ടിരുന്നു. ട്രംപിന്റെ ചെയ്തികളെ ചോദ്യം ചെയ്യുന്ന അമേരിക്കയിലെ പ്രതിപക്ഷത്തെപ്പോലെ, ഇന്ത്യൻ പ്രതിപക്ഷവും രാജ്യത്തിന്റെ നയതന്ത്ര തത്വങ്ങൾ ബലികഴിച്ചതിന് മോദിയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. സോണിയ ഗാന്ധി ഇതിനെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന് വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധി മോദിയെ ‘സന്ധിചെയ്ത’ പ്രധാനമന്ത്രി എന്ന് വിളിച്ചു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ത്യയും ഇറാനും തമ്മിലെ പുരാതനമായ സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിമർശനം നടത്തിയത്. കാശ്മീർ മുതൽ ലഖ്‌നൗ വരെയുള്ള തെരുവുകളിൽ ഷിയാ സമൂഹങ്ങൾ ഖാംനഈയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രകടനങ്ങളുമായി രംഗത്തിറങ്ങി. നേതാക്കൾ അനുശോചിച്ചാലും ഇല്ലെങ്കിലും ഈ മണ്ണിലെ പച്ച മനുഷ്യരിൽ ഏറെപ്പേർ ചാച്ചാ ഖാംനഈയെ സ്നേഹിച്ചിരുന്നു. ധീരമായി മരണത്തെ നേരിട്ട ആ രാഷ്ട്ര നായകന് ഈ നാടോടിക്കഥാകാരൻ ആദരപൂർവം വിട ചൊല്ലുന്നു.
ഇന്ത്യയുടെ സാംസ്കാരിക ബോധവുമായി ചേർന്നുനിൽക്കുന്ന ഒരു കവിതാ ശകലം ഇങ്ങനെയാണ്:
“രക്തസാക്ഷികളുടെ കുടീരങ്ങളിൽ വർഷാവർഷം മേളകൾ നടക്കും; മാതൃഭൂമിക്ക് വേണ്ടി ജീവൻ അർപ്പിച്ചവർ അവശേഷിപ്പിക്കുന്ന അടയാളം ഇതൊന്നുമാത്രമായിരിക്കും.”
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.