ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ

കെ.എൻ. പണിക്കർ: സെക്കുലറിസത്തിന്റെ കാവലാൾ

പ​ണി​ക്ക​ർ മാ​ഷി​ന്റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ എ​പ്പോ​ഴും സ​ജീ​വ​മാ​യ​ത് മ​ത​നി​ര​പേ​ക്ഷ സ്വ​പ്ന​ങ്ങ​ളാ​ണ്

'He who controls the past, controls the future. He who controls the present, controls the past’ (George orwell)

നിനക്ക് ചരിത്രം ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടെന്നാൽ അത് ജീവിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ചാണല്ലോ എന്ന് തടവറയിൽനിന്ന് മകന് എഴുതിയ കത്തിൽ ഗ്രാംഷി. ഒരു ജനതക്ക് സ്വന്തം ജീവിതത്തിന് സകല അർഥത്തിലും സ്വാദ് നൽകുന്ന സ്വാതന്ത്ര്യം നഷ്ടപ്പെട്ടാൽ, അതൊരു വലിയ നഷ്ടമായിരിക്കും. എന്നാൽ, അതോടൊപ്പം അവർക്ക് ചരിത്രംകൂടി നഷ്ടപ്പെട്ടാൽ ഭയാനകമായ ഒരവസ്ഥയിലേക്ക് മനുഷ്യസമൂഹം വലിച്ചെറിയപ്പെടും. ഭൂതകാല മരവിപ്പിനുമേൽ ആരോ വരച്ച ചിത്രങ്ങളല്ല, കഴിഞ്ഞകാല സംഭവങ്ങളുടെ ക്രമംതെറ്റാത്ത ചുരുക്കെഴുത്തുകൾ മാത്രവുമല്ല ചരിത്രം.

ഭൂതവർത്തമാനഭാവി കാലങ്ങൾക്കിടയിൽ ഒരിടത്തും സ്തംഭിക്കാത്ത സംവാദമായി മാറുമ്പോഴാണ് ചരിത്രം ചെറുത്തുനിൽപാകുന്നത്. മറ്റെന്തുമെന്നപോലെ ചരിത്രത്തെയും ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് മർദകമായി മാറുന്ന അധികാരങ്ങളൊക്കെയും നിലനിൽക്കുന്നത്. സംവാദങ്ങളുടെയും അന്വേഷണങ്ങളുടെയും സ്ഥാനത്ത്, അറിയിപ്പുകൾ സ്ഥാനം പിടിക്കുന്ന, അക്രാമകമായ പുരാണബുൾഡോസറുകൾക്കിടയിൽ ജീവിതസത്യങ്ങൾ ചതഞ്ഞരയുന്ന ഒരുകാലത്ത്, ജ്വലിക്കുന്ന ചരിത്രങ്ങൾക്ക് കാവൽ നിൽക്കാൻ കഴിയുന്നില്ലെങ്കിൽ, മനുഷ്യർ അധികാരസ്ഥാപനങ്ങളുടെ തീറ്റയായി മാറും.

കാലങ്ങൾ മാറി, കാണുന്നു പുരാണാസ്ഥികൂടങ്ങൾ വിദ്യുച്ഛക്തി തൂണുകൾക്കൊപ്പം എന്നതായിരുന്നു നവോത്ഥാന കാലത്ത്, മാറ്റത്തിന്റെ മാനിഫെസ്റ്റോയെങ്കിൽ, പുനരുത്ഥാനം ജീവിത പാഠപുസ്തകമായി പുനർജനിക്കുന്ന ഒരവസ്ഥയിൽ കവി പാടിയ ആ വിദ്യുച്ഛക്തി തൂണുകൾപോലും, പുരാണപ്രകീർത്തനങ്ങളുടെ പര്യായമായി മാറുകയാണ്. ശാസ്ത്രം പുരാണമാവുകയും, നവോത്ഥാനം വിനയപൂർവം ആ പുനരുത്ഥാനത്തിന് വഴിമാറുകയും, ആസൂത്രിതവധങ്ങൾ ആൾക്കൂട്ടക്കൊലകളായി ആഘോഷിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു നവഫാഷിസ്റ്റ്കാലം ആദ്യം തകർക്കുന്നത് സൗഹൃദം ആവിഷ്കരിക്കുന്ന ചരിത്രങ്ങളെയായിരിക്കും. സംഘർഷങ്ങളുടെ പുകപടർത്തുന്ന, തീനാളം കിനാവുകാണുന്ന വെറുപ്പിന്റെ കതിനകൾക്കാണ് ഫാഷിസ്റ്റുകൾ എങ്ങും തീകൊളുത്തിക്കൊണ്ടിരിക്കുന്നത്. അത്തരമൊരവസ്ഥയെ ധീരമായി പ്രതിരോധിക്കുന്നതിൽ, അന്നതിനെതിരെ പടനയിക്കുന്നതിൽ, തത്ത്വത്തിലും പ്രയോഗത്തിലും മുന്നിൽ നിൽക്കുന്ന ചരിത്രപ്രതിഭകൾക്ക് സ്വന്തം ജീവിതംകൊണ്ട് നേതൃത്വം നൽകിയ ഒരു മഹാപ്രതിഭയെയാണ്, മാർച്ച് ഒമ്പതിന് ഇന്ത്യക്ക് നഷ്ടമായത്.

ഡോ. കെ.എൻ. പണിക്കർ, ശ്രദ്ധയർഹിക്കുന്ന ആയിരക്കണക്കിന് അക്കാദമിക് പണ്ഡിതർക്കിടയിലെ ഒരു പ്രതിഭയെന്നതിനപ്പുറം ഇന്ത്യൻ നവഫാഷിസ്റ്റുകളെ ഓരോ അടിവെപ്പിലും ആഴത്തിൽ അസ്വസ്ഥപ്പെടുത്തിയ ഒരു സാംസ്കാരിക വിമർശകൻ എന്ന നിലയിലാണ് ശ്രദ്ധേയമാവുന്നത്. ചരിത്രമടക്കം എന്തും ഏതും അധികാരശക്തികളെ കിടിലം കൊള്ളിക്കുന്ന, ഒരു സാംസ്കാരിക വിമർശനമായി തീരുന്നില്ലെങ്കിൽ, മുറിവേറ്റകാലം ആവശ്യപ്പെടുന്ന ചെറുത്തുനിൽപായി മാറാൻ അതിനാവില്ലെന്ന് സ്വന്തം അസ്ഥിയിൽ തൊട്ടറിഞ്ഞതുകൊണ്ട് കൂടിയാവണം കെ.എൻ. പണിക്കർ സ്വന്തം ഓർമക്കുറിപ്പുകൾക്ക് ‘കലുഷിതമായ കാലം’ എന്നു പേരിട്ടത്. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ ഭൂതവർത്തമാനകാലങ്ങളെ മാത്രമല്ല, സമരോത്സുകജാഗ്രത പുലർത്തുന്നില്ലെങ്കിൽ ഭാവിയെക്കൂടി ഉൾക്കൊള്ളാൻ കഴിയുംവിധം സമഗ്രമായി തീർന്നേക്കും, ആ പേര് എന്ന ആശങ്കയിലൂടെയാണ് ഇപ്പോൾ ഇന്ത്യൻ ജനായത്തം കടന്നുപോകുന്നത്.

ഐതിഹ്യങ്ങളെക്കാളുമാഴത്തിൽ രക്തസാക്ഷിത്വം മുഴങ്ങേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കെ.ജി. എസിനെപ്പോലുള്ള കവികൾ പറഞ്ഞുകൊണ്ടിരിക്കെ, സ്വാതന്ത്ര്യത്തിന്റെ പടക്കളങ്ങളിൽ പ്രാണൻ സമർപ്പിച്ച പ്രക്ഷോഭകാരികളെ അവഹേളിക്കുംവിധമാണ്, ചരിത്രം നമുക്കിടയിൽ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. രാമഭക്തിയുള്ളവർക്ക് രാമഭക്തിയാവാമെന്നതിനപ്പുറം, മറ്റൊരു പൊതുപുണ്യപ്രസക്തിയും ശ്രീരാമനില്ലെന്ന് സകലർക്കുമറിയാവുന്നതാണെങ്കിലും, ഇന്നത് അമർത്തിപ്പറയാനാവാത്തവിധം പലകാരണങ്ങളാൽ പലരും പ്രയാസപ്പെടുമ്പോളാണ്, ചരിത്രത്തിന്റെ ദുരുപയോഗത്തെക്കുറിച്ച്, കെ.എൻ. പണിക്കർ മാഷ് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടേയിരുന്നത്.

മനുഷ്യരുടെ ആത്മബോധത്തെ മറിച്ചിടുന്ന, ഉരപേറിയ കീഴ്നടപ്പെന്ന് മഹാകവി കുമാരനാശാൻ വിശേഷിപ്പിച്ച, ഗ്രാംഷി സാമാന്യബോധമെന്ന് വിളിച്ച, ആ ഭരണവർഗ തത്ത്വചിന്തയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കാൻ പ്രതിഭാശാലികളിൽ ചിലർ മത്സരിക്കുന്ന സമയത്താണ്, കെ.എൻ. പണിക്കർ അമർത്തിപ്പറഞ്ഞ സമരോത്സുക മതനിരപേക്ഷതയുടെ മഹത്വം ജ്വലിക്കുന്നത്. ഒരേ ബ്രാഹ്മണിക് പുരാണങ്ങൾകൊണ്ടു തന്നെ ചോറും കറിയും ഉപ്പേരിയുമുണ്ടാക്കി, ആജീവനാന്തം കഴിയാനാവുമെന്ന അലസ സാംസ്കാരിക കാഴ്ചപ്പാടുകളെയാണ്, കെ.എൻ. പണിക്കർ പിടിച്ചുകുലുക്കിയത്. പോയാലുമില്ലെങ്കിലും ആ പ്രഭാഷണങ്ങളിൽ എപ്പോഴും പോ ഫാഷിസ്റ്റേ എന്നൊരു വാക്യം പിഴക്കാത്തൊരു പതിവുപോലെ എന്നുമുണ്ടായിരുന്നു. ഓരോ മനുഷ്യനും മതനിരപേക്ഷതയുടെ കാവലാളാവാനുള്ള പ്രതിജ്ഞകൾകൊണ്ട് പൂക്കണമെന്ന ആഹ്വാനമല്ലാത്തൊരു ആഹ്വാനം എന്നും ആ പ്രഭാഷണങ്ങളിൽ തുളുമ്പിയിരുന്നു. മൂലധനഭീകരതയുടെയും അതിനെ ഇന്ത്യനവസ്ഥയിൽ വളമിട്ട് വളർത്തുന്ന സവർണപ്രത്യയശാസ്ത്രങ്ങൾക്കുമെതിരെ, നീറിന്റെ നിർബന്ധബുദ്ധിയോടെ നിരന്തരം സംസാരിച്ചതുകൊണ്ട് കൂടിയാവാം, ഫാഷിസ്റ്റ് പ്രസിദ്ധീകരണങ്ങളിൽ മാഷിന്റെ മരണവാർത്തപോലും വളരെ ചെറുതായിപ്പോയത്. ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ, അയാൾ പറഞ്ഞത് അത്രയെങ്കിലും കൊടുത്തല്ലോ എന്നെത്ര. അതും ശരിയാണ്.

കെ.എൻ. പണിക്കർ ഇന്ത്യൻ ഫാഷിസത്തിന്റെ കണ്ണിലെ കരടല്ല, എടുത്തുമാറ്റാനാവാത്തവിധമുള്ളൊരു കല്ലാണ്. മേൽക്കോയ്മാ സംസ്കാരത്തെ സൂക്ഷ്മതലത്തിൽ മറിച്ചിടാതെ, ഇന്ത്യൻ ജനതക്ക്, സാംസ്കാരിക സ്വാതന്ത്ര്യം സാക്ഷാത്കരിക്കാൻ കഴിയില്ലെന്ന ആഴത്തിലുള്ള തിരിച്ചറിവാണ്, അദ്ദേഹത്തിന്റെ അന്വേഷണങ്ങളിൽ അശാന്തി നിറച്ചത്. ലിബറൽ സെക്കുലർ മനുഷ്യരുടെ ദേശീയ യോഗാനുഷ്ഠാന പ്രകീർത്തനത്തിലെ അപകടം തിരിച്ചറിഞ്ഞ പ്രതിഭകൾ പലരുമുണ്ടാവാമെങ്കിലും അവരിൽനിന്നും വ്യത്യസ്തമായി അതമർത്തിപ്പറയാൻ കെ.എൻ. പണിക്കർ മാഷ് ഒട്ടും മടിച്ചില്ല. സംഘ്പരിവാർ, സത്യത്തിൽ മതസംസ്കാരത്തെയല്ല, ജാതിമേൽക്കോയ്മാ സംസ്കാരത്തെയാണ്, പല പ്രകാരേണ ഇന്ത്യൻ ജനതക്കുമേൽ കെട്ടിവെച്ചുകൊണ്ടിരിക്കുന്നത്. മതം മറ്റ് പലതുംപോലെ ഇക്കാര്യത്തിൽ അവർക്കുള്ളൊരു മുഖംമൂടി മാത്രമാണ്. എന്നിരുന്നാലും പലപ്പോഴും പ്രതിഭാശാലികളിൽ പലരും മതത്തെയും ജാതിയെയും പരസ്പരം വെച്ചുമാറാവുന്ന തരത്തിൽ ഉപയോഗിച്ചുവരുന്നതായി കാണുന്നതിനോടുള്ള വിമർശനം നിലനിർത്തിക്കൊണ്ടുതന്നെ, സംഘ്പരിവാർ യോഗയെക്കുറിച്ച് കെ.എൻ. പണിക്കർ എഴുതിയത് തുടർസംവാദങ്ങൾ ആവശ്യപ്പെടുംവിധം സൂക്ഷ്മമാണ്.

അതിനുമുമ്പ് ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഞങ്ങളുടെ തലമുറയിൽപ്പെട്ടവരിൽ ചിലർ ഒരരനൂറ്റാണ്ടിനും മുമ്പ് പ്രത്യേകിച്ച് ആരുടെയും പ്രയത്നമോ, ആഹ്വാനമോ ഇല്ലാതെതന്നെ, യോഗ പരിശീലിക്കുകയും അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അതിൽനിന്നും വ്യത്യസ്തമായി യോഗ ആഘോഷിക്കാൻ ഒരു സാർവ ദേശീയദിനം പിറന്നിരിക്കുന്നു. ജനായത്തവാദികൾ മാത്രമല്ല, ഞാൻ മനസ്സിലാക്കിയിടത്തോളം ഫാഷിസ്റ്റുകൾപോലും ഒരു സാർവദേശീയ പദവി യോഗക്കുവേണ്ടി മുമ്പൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും അതു ലഭിച്ച സന്ദർഭത്തിൽ, സ്വകാര്യമായി ചെയ്ത യോഗ ഒരു പരസ്യ രാഷ്ട്രീയപ്രയോഗമായി മാറിയ പശ്ചാത്തലത്തിലാണ്, പ്രദർശന യോഗയുടെ പ്രത്യയശാസ്ത്രം വിചാരണവിധേയമാവുന്നത്. ആ വിചാരണക്ക് ഊർജം പകരും പണിക്കർ മാഷിന്റെ യോഗ സംബന്ധമായ അഭിപ്രായപ്രകടനം. യോഗയടക്കമുള്ള പലതിന്റെയും മറവിൽ മതസംസ്കാരത്തെ ദേശീയ സംസ്കാരമായി ഫാഷിസ്റ്റുകൾ മാറ്റുന്നതിനെക്കുറിച്ചാണ് മാഷ് മുന്നറിയിപ്പ് നൽകുന്നത്.

മതസംസ്കാരത്തെ ദേശീയ സംസ്കാരമായി പരിണമിപ്പിക്കുന്നു. ഇത് ഇന്ത്യൻ ദേശീയതക്ക് നിരക്കാത്തതാണ്. എങ്കിലും നിരന്തരമായ പ്രവർത്തനത്തിന്റെ ഫലമായി മതേതരവാദികൾപോലും ചില ചില്ലറ നീക്കുപോക്കുകൾക്ക് തയാറായിപ്പോകുന്നു. യോഗക്ക് ഹിന്ദുമത ബന്ധമില്ലെന്ന ആഗോള സമീപനം ഇതിന്റെ ഉദാഹരണമായി കാണാം. (കെ.എൻ. പണിക്കർ) പണിക്കർ മാഷ് പറയുന്ന ഈ ചില്ലറ നീക്കുപോക്കുകൾ പക്ഷേ അതേ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച, ഇസ്‍ലാം വെറുപ്പുൽപാദനത്തിന് എതിരായ ഇസ്‍ലാമോഫോബിക് ദിവസത്തിന്റെ കാര്യത്തിൽ കാണുന്നില്ലെന്നുകൂടി ചേർത്തുവായിക്കുമ്പോഴാണ്, ആധിപത്യം വഹിക്കുന്ന ഫാഷിസ്റ്റ്ബോധം സൃഷ്ടിച്ച ചതിക്കുഴിയുടെ ആഴം തെളിയുന്നത്. സൗഹൃദം സമാധാനം സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഒരു സർവ ദേശീയദിനം എന്ന അർഥത്തിൽ, സർവരും അഭിവാദ്യം ചെയ്യേണ്ട ഒരു യു.എൻ ദിനമാണ്, ഇന്ത്യയിൽ ഏറക്കുറെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ അനാഥമായിപ്പോയത്.

പണിക്കർ മാഷിന്റെ വിമർശനങ്ങൾക്കും വിശകലനങ്ങൾക്കുമിടയിൽ എപ്പോഴും സജീവമായത് മതനിരപേക്ഷ സ്വപ്നങ്ങളാണ്. മലബാർ സമരം, ബാബരി ധ്വംസനം വംശഹത്യകൾ, ആൾക്കൂട്ടക്കൊലകൾ, സംഘ്പരിവാർ വിജയങ്ങൾ തുടങ്ങി മാഷ് അപഗ്രഥനത്തിനെടുത്ത ഓരോ വിഷയവും വഴിവെട്ടിയത് വെറുപ്പിനെതിരെയുള്ള സമരമാണ്. ഓരോ ചുവടുവെപ്പിലും ചരിത്രമൊരു ചെറുത്തുനിൽപ് കൂടിയാണെന്ന ബോധ്യമാണത് പങ്കുവെച്ചത്.

2016ലാണ് ഡേവിഡ് ഹാൻസന്റെ നേതൃത്വത്തിൽ സോഫിയ എന്ന റോബോ മനുഷ്യൻ രൂപംകൊണ്ടത്. 2017ൽ സൗദി അറേബ്യ ആ യന്ത്രമനുഷ്യ സ്ത്രീക്ക് പൂർണപൗരത്വവും നൽകി! ഏകദേശം അതേസമയത്താണ് മലയാളത്തിന്റെ പ്രിയകവി റഫീക്ക് അഹമ്മദ്, ‘രണ്ട് രാഷ്ട്രങ്ങൾ’ എന്ന നമ്മുടെ കാലത്തെ ഏറെ ശ്രദ്ധേയമായ കവിത എഴുതുന്നത്. ഇന്നലെ വരെ ഒരേ വീട്ടിലെന്നപോലെ ഒന്നിച്ചു കഴിഞ്ഞവർ പെട്ടെന്ന് രണ്ട് ശത്രുരാഷ്ട്രങ്ങളെന്നപോലെ അകലുന്നതിലെ അപകടമാണ് ആ കവിത ആവിഷ്കരിച്ചത്. ‘ഒരു വളവുമിടാതെ, ഒരു കീടവുമാക്രമിക്കാതെ വളർന്നു മുറ്റുന്ന പകയുടെ പടർപ്പ്, ഒരു തടയുമില്ലാത്ത വെറുപ്പിൻ തഴപ്പ്’ എന്ന കാവ്യപ്രയോഗങ്ങൾ, നമ്മുടെ കാലത്തെ കൃത്യം അടയാളപ്പെടുത്തുംവിധം അസ്വസ്ഥമാണ്. സോഫിയ പ്രതിനിധാനംചെയ്യുന്ന സാങ്കേതിക പുരോഗതികൾക്കിടയിലും സ്വയം തളരുന്നതിനു പകരം വളരുന്ന സാമൂഹിക ജീർണതകളാണ്, ‘രണ്ട് രാഷ്ട്രങ്ങൾ’ എന്ന കവിത അടയാളപ്പെടുത്തുന്നത്. എന്തിനെക്കുറിച്ച് പറയുമ്പോഴും കെ.എൻ. പണിക്കർ മാഷ് തന്റെ ഇടപെടലുകളിൽ ഉൾപ്പെടുത്തിയത്, ഈയൊരു സാമൂഹിക അധോഗതിക്കെതിരെയുള്ള വിമർശനങ്ങളാണ്.

Tags:    
News Summary - Dr KN Panikkar Guardian of secularism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.