ബൈബിളിലെ പ്രവാചകന്മാർ ഭാവി മുൻകൂട്ടി പറയുന്നവരായിരുന്നില്ല: മറിച്ച് ദൈവസന്ദേശവും ദൈവഹിതവും വെളിപ്പെടുത്തുന്നവരായിരുന്നു. മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ജീവിതം പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന വസ്തുതയും ഇതുതന്നെയാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുളള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ അതിന്റെ നേർക്കാഴ്ചയായിരുന്നു.
അളന്നുതൂക്കിയുളള സംസാരശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. മാർ പവ്വത്തിലിനെക്കുറിച്ച് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പറഞ്ഞത് ‘പറയേണ്ടത് പറയും, പറയേണ്ടതുമാത്രം പറയും’ എന്നാണ്. അദ്ദേഹത്തിന് ഒരിക്കൽപോലും താൻ പറഞ്ഞവാക്ക് പിൻവലിക്കേണ്ടി വന്നിട്ടില്ല. സത്യത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ മാർ പവ്വത്തിൽ തയാറായിരുന്നു. രൂക്ഷമായ വിമർശനങ്ങൾക്കൊന്നും ആ നിലപാടുകളെ മയപ്പെടുത്താനോ വ്യതിചലിപ്പിക്കാനോ കഴിഞ്ഞില്ല. ജനപ്രീതിനോക്കി ഒരിക്കലും പ്രതികരിച്ചില്ല. ഭൂരിപക്ഷത്തിന് പ്രിയമോ അപ്രിയമോ എന്നും ചിന്തിക്കാറില്ല. സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴും തൂലിക ചലിപ്പിക്കുമ്പോഴും എതിർ ചേരിയെ ആദരവോടെ കണ്ടു. ജനകീയ പിന്തുണക്കും ലഭിക്കാമായിരുന്ന സ്ഥാനമാനങ്ങൾക്കും വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കാത്ത പ്രവാചകനായിരുന്നു മാർ പവ്വത്തിൽ.
പണ്ഡിതന്മാരുടെ ഇടയിലെ പിതാവും പിതാക്കന്മാരുടെ ഇടയിലെ പണ്ഡിതനുമായിരുന്നു പവ്വത്തിൽ പിതാവ്. പാണ്ഡിത്യത്തിന്റെ ഗൗരവം അദ്ദേഹത്തിലുണ്ടായിരുന്നു. നിറജ്ഞാനമുള്ള ഒരാൾ വാചാലമായ സംഭാഷണത്തിൽ അധികം ഏർപ്പെടുകയില്ല. പാണ്ഡിത്യത്തിന്റെ പരകോടിയിൽ മനനം ചെയ്ത ചിന്തയിൽ, തലനാരിഴകീറിയ വിവേചനബോധത്തിൽ അദ്ദേഹം പറഞ്ഞതും എഴുതിയതുമായ ഓരോ വാക്കിനും ഉറപ്പും കൃത്യതയുമുണ്ടായിരുന്നു. ഓരോ സംഭവങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ജനം ശ്രദ്ധയോടെ കാതോർത്തിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ധ്വംസിക്കപ്പെട്ടപ്പോഴെല്ലാം മാർ പവ്വത്തിൽ തന്റെ തൂലികക്ക് മൂർച്ചകൂട്ടി.
ജീവിതത്തെയും വിശ്വാസത്തെയും ഗൗരവത്തോടെയും ഉറച്ചബോധ്യങ്ങളോടെയും കാണുകയും വിശ്വാസ പ്രമാണത്തിൽ പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്യുന്ന വലിയ ആധ്യാത്മികമനുഷ്യൻ. അനേകായിരം വേദികളിൽ പതിനായിരങ്ങളെ പിടിച്ചിരുത്തിയ പാണ്ഡിത്യം തുളുമ്പുന്ന ഗാംഭീര്യമുള്ള പ്രഭാഷണങ്ങളിൽ മതം മുതൽ കമ്യൂണിസം വരെ അദ്ദേഹം വിഷയമാക്കിയിരുന്നു. മതത്തെക്കുറിച്ചും, രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ബോധ്യത്തോടെ സമൂഹത്തോട് സംവദിക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. സ്വത്വബോധവും സമുദായബോധവും സഭാവബോധവും സമൂഹബോധവും എപ്പോഴും അദ്ദേഹത്തിന്റെ ചിന്താവിഷയങ്ങളായിരുന്നു.
ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളജിലെ പഴയ ഇക്കണോമിക്സ് അധ്യാപകൻ സഭയുടെ അമരക്കാരനായി വളർന്ന് നന്മയ്ക്കും വിശ്വാസത്തിന്റെ സൂക്ഷിപ്പിനും വേണ്ടി ധീരമായി നിലകൊണ്ടു. വിമോചനസമരം, കരിസ്മാറ്റിസം, കമ്യൂണിസം, കുർബാന അർപ്പണം, മധ്യസ്ഥപ്രാർഥന, നിലയ്ക്കൽപ്രശ്നം, കുരിശുവിവാദം, സ്വാശ്രയസമരം തുടങ്ങിയ വിഷയങ്ങളിലും പ്രശ്നങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ നിലപാടുകളാണുണ്ടായിരുന്നത്. അവയത്രയും ഉറച്ച സഭാത്മകതയിൽ നിന്ന് ഉയിർകൊണ്ടവയുമാണ്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ ദൈവസങ്കൽപത്തിന്റെ അസാന്നിധ്യം, പ്രത്യയശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ എതിർപ്പിന് മൂർച്ചകൂട്ടുന്നു. പ്രത്യയശാസ്ത്രത്തിന്റെ ഹിംസാത്മകമായ വർഗസമരവും, തൊഴിലാളി സർവാധിപത്യവും ജനാധിപത്യവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. അമിതമായ രാഷ്ട്രീയവൽക്കരണവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുമായുള്ള പൊരുത്തപ്പെടുത്തലും ആയതിനാൽ വിമോചന ദൈവശാസ്ത്രം പോലുള്ള റിവൈവൽ മൂവ്മെന്റിനെതിരെ ശക്തമായി മുഖം തിരിച്ചു നിൽക്കുന്നയാളുമായിരുന്നു. വർഗീയവാദികളുടെ സർവാധിപത്യപ്രവണതയെയും അദ്ദേഹം ശക്തമായി എതിർത്തിരുന്നു. മനുഷ്യൻ ഭക്ഷിക്കുന്നതെന്തെല്ലാമായിരിക്കണം, വസ്ത്രധാരണം എങ്ങനെവേണം എന്നതൊക്കെ നിയന്ത്രിക്കാൻ സർക്കാരിന് എന്താണധികാരം? ജനാധിപത്യം വ്യക്തിസ്വാതന്ത്യത്തിലും, മതസ്വാതന്ത്ര്യത്തിലുമെല്ലാം അധിഷ്ഠിതമാണെന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞു.
സഭക്കുള്ളിലും സ്വത്വബോധം ഉയർത്തിപ്പിടിച്ച് അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കേരളസഭാചരിത്രമാണ്. സഭയുടെ ഐക്യം എന്ന എക്യുമെനിക്കൽ കാഴ്ചപ്പാടിൽ കേരളത്തിലെ മുഖ്യാധാരാസഭകളുടെ പൊതുപ്ലാറ്റ്ഫോം ഉണ്ടാക്കാൻ യത്നിച്ചിരുന്നു. അങ്ങനെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ അമരക്കാരനായി. അതുകൊണ്ടുതന്നെ ക്രൈസ്തവ മേലധ്യക്ഷന്മാർ ഒരുമിച്ചുകൂടുമ്പോൾ അവരുടെ ഇടയിൽ സമുന്നതവും ബഹുമാന്യവുമായ സ്ഥാനമാണ് പവ്വത്തിൽ പിതാവിനുണ്ടായിരുന്നത്. ഇതരസഭാ വിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും, ആദരവും ഏവർക്കും മാതൃകയായി.
മറ്റുമതങ്ങളോട് തികഞ്ഞ സ്നേഹവും സൗഹൃദവും പുലർത്താനും അദ്ദേഹം എന്നും ശ്രമിച്ചു. മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും വേണ്ടി ശക്തമായ നിലപാട് കൈക്കൊണ്ടു. തന്റെ സഹപാഠികൂടിയായ മുൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ദിവംഗതനായ പി.കെ. നാരായണപ്പണിക്കരോട് പഠനകാലം മുതൽ ശക്തമായ സുഹൃദ്ബന്ധമാണ് പുലർത്തിപ്പോന്നിരുന്നത്.
കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഗാന്ധിജിയുടെ പാത പിന്തുടരാനാണ് അദ്ദേഹം ജനങ്ങളെ എന്നും ഉപദേശിച്ചിരുന്നത്. സർവമനുഷ്യരും സത്യത്തിനുവേണ്ടി നിലകൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തൊഴിൽരംഗത്ത് ശത്രുതക്ക് പകരം കൂട്ടായ്മയാണ് വേണ്ടതെന്ന് അദ്ദേഹം വാദിച്ചു. സമ്പത്തിന്റെയും കഴിവുകളുടെയും അധീശത്വം തങ്ങൾക്കല്ല, ദൈവത്തിനാണ് എന്ന് അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു. മൂന്നു വർഷം മുൻപ് നമ്മെ വിട്ടുപോയി എങ്കിലും ഗ്രീക്ക് നാടകകൃത്തായ സോഫോക്ലിസ് പറഞ്ഞതുപോലെ, പകൽ എത്ര തിളക്കമുള്ളതായിരുന്നു എന്നറിയാൻ, ഒരുവൻ സന്ധ്യവരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. ആ കർമയോഗിയുടെ അസാന്നിദ്ധ്യം തീരാത്ത നഷ്ടം തന്നെ. ഓർമകൾക്കു മുൻപിൽ ഹൃദയാഞ്ജലി അർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.