അമേരിക്കയുടെ 47ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപ് ജനുവരി 20ന് അധികാരമേറ്റു. യു.എസ് കാപിറ്റോൾ മന്ദിരത്തിലെ റോട്ടുണ്ട ഹാളിലായിരുന്നു സത്യപ്രതിജ്ഞ. അമേരിക്ക ഫസ്റ്റ് എന്നതാണ് ട്രംപ് അധികാരമേൽക്കുമ്പോൾ മുഴക്കിയ മുദ്രാവാക്യം. അധികാരത്തിലെത്തിയ ഉടൻതന്നെ ജോ ബൈഡൻ സർക്കാറിന്റെ 78 എക്സിക്യൂട്ടിവ് നടപടികൾ റദ്ദാക്കി.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്നതിനിടെ ഇന്ത്യൻ വംശജകൂടിയായ സുനിത വില്യംസ് അവരുടെ എട്ടാമത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി. സഹപ്രവർത്തകൻ ഹേഗിനൊപ്പമായിരുന്നു നടത്തം.
മടക്കയാത്ര അനിശ്ചിതത്വത്തിലായതിനാൽ ഒമ്പതുമാസം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയേണ്ടിവന്നിരുന്നു സുനിത വില്യംസിനും ബാരി യൂജിൻ ബുച്ച് വിൽമോറിനും. ഫ്ലോറിഡക്കടുത്ത് മെക്‌സിക്കൻ ഉൾക്കടലിലാണ് ഫ്രീഡം എന്ന കാപ്‌സ്യൂൾ ഇറങ്ങിയത്.
വഖഫ് ഭേദഗതി ബിൽ 2025 ഏപ്രിൽ രണ്ടിന് ലോക്സഭയും ഏപ്രിൽ നാലിന് രാജ്യസഭയും പാസാക്കി. ഇരുസഭകളിലും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലമായും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു.
ലോക്‌സഭയിൽ 232നെതിരെ 288 വോട്ടുകൾക്കാണ് ബിൽ പാസായത്. 1923ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കുന്നതാണ് പുതിയ ഭേദഗതി ബിൽ. 2024 ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ ആദ്യമായി അവതരിപ്പിച്ചത്.
2025 ഫെബ്രുവരിയിൽ ബിൽ സംബന്ധിച്ച ജോയന്റ് പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന് സമർപ്പിച്ചു. 14 പ്രധാന ഭേദഗതികളാണ് പുതുക്കിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ട് കൃത്രിമോപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പെഡെക്സ് ദൗത്യത്തിൽ സ്പേസ് ഡോക്കിങ്, അൺഡോക്കിങ് എന്നിവ ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ചു.
ഇതോടെ, സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കിയ ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മുമ്പ് നേട്ടം കൈവരിച്ച രാജ്യങ്ങൾ.
2025ലെ പദ്‌മ പുരസ്കാര പട്ടികയിൽ 139 പേർ. മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ (മരണാനന്തരം) ഏഴുപേർ പദ്‌മവിഭൂഷന് അർഹരായി.
ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രമുള്ള ബഹിരാകാശയാത്ര വിജയകരം. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനിയുടെ ന്യൂ ഷെപേഡ് പേടകത്തിലായിരുന്നു ആറ് വനിതകളുടെ യാത്ര. അമേരിക്കൻ ഗായികയായ കെയ്‌റ്റി പെറി, വാർത്താ അവതാരകയായ ഗെയ്‌ൽ കിങ്, അയിഷാബോവി, അമാൻഡ ന്വിൻ, കെറി ആൻ ഫ്ലിൻ, ലോറൻ സാഞ്ചസ് എന്നിവരാണ് യാത്രികർ.
ടെക്സസിലെ വാൻഹോണിൽനിന്ന് റോക്കറ്റും പേടകവും പുറപ്പെട്ടു. 10 മിനിറ്റ് 20 സെക്കൻഡിനുള്ളിലാണ് എല്ലാവരും ബഹിരാകാശത്തെത്തി മടങ്ങിയത്. പേടകം പാരച്യൂട്ടിൽ ടെക്‌സസിലെ മരുഭൂമിയിലിറങ്ങി.
കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മലയാളിയുൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. ഏപ്രിൽ 22നായിരുന്നു ആക്രമണമുണ്ടായത്. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്വരയിലാണ് വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നിറയൊഴിച്ചത്.
ഇരുപതിലധികം പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനുമായുള്ള 1960ലെ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും സാർക് വിസയിളവ് റദ്ദാക്കുകയും ചെയ്തു. കൂടാതെ, അമൃത് സറിലെ വാഗ-അട്ടാരി അതിർത്തി അടക്കുകയും ചെയ്തു.
ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി. മേയ് ഏഴിന് പുലർച്ചെ 1.05നും 1.30നും ഇടയിൽ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരത്താവളങ്ങൾ വിവിധ സേനാവിഭാഗങ്ങൾ ചേർന്ന് തകർത്തു. ഓപറേഷൻ സിന്ദൂർ എന്നാണ് ദൗത്യത്തിന് നൽകിയ പേര്. മുസഫറാബാദ്, കോടി, ഭിംഭെർ, സിയാൽകോട്ട്, മറിഡ്കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് തകർത്തത്.
2023ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവന കണക്കിലെടുത്താണ് 55ാമത് പുരസ്കാരം മോഹൻലാലിന് നൽകിയത്.
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. 2004ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനുമുമ്പ് പുരസ്കാരം നേടിയ ആദ്യ മലയാളി.
രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിന്റെ 23ാമത് ഗവർണറായി ചുമതലയേറ്റു. ഗോവയിൽ നിന്നുള്ള ബി.ജെ.പി നേതാവായ ആർലേകർ ബിഹാർ ഗവർണറായിരുന്നു. കേരളത്തിന്റെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിന്റെ ഗവർണർ പദവി ഏറ്റെടുത്തു.
ഇന്ത്യയുടെ 26ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു. 2029 ജനുവരി 26 വരെയാണ് കാലാവധി. രാജീവ് കുമാറാണ് സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമീഷണർ.
ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശവും ഗുരുതരമായ സംഘർഷവും തുടർന്ന വർഷമായിരുന്നു 2025. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. ഫലസ്തീനിൽ കൂട്ടക്കുരുതി തുടരുകയും നിരവധി കുട്ടികൾക്കടക്കം ജീവൻ നഷ്ടമാകുകയും ചെയ്തു. അതോടൊപ്പം പട്ടിണിയും ക്ഷാമവും വ്യാപക നാശനഷ്ടങ്ങളും ഫലസ്തീന് നേരിടേണ്ടിവരുന്നു.
2025 ഒക്ടോബർ 10 മുതൽ യു.എസ് നിർദേശിച്ച പദ്ധതിയുടെ ഭാഗമായി ഔപചാരിക വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും, ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ സൈനിക പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. 2025 സെപ്റ്റംബറിൽ യു.കെ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ ഫലസ്തീനെ അംഗീകരിക്കുന്ന ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളുടെ എണ്ണം 150ൽ കൂടുതലായി.
ആഗോള കത്തോലിക്കാസഭയുടെ 267ാമത് മാർപാപ്പയായി ലിയോ പതിനാലാമനെ തെരഞ്ഞെടുത്തു. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോ ആണ് ലിയോ പതിനാലാമൻ മാർപാപ്പ എന്നറിയപ്പെടുക. 69 വയസ്സുള്ള ലിയോ പതിനാലാമൻ മാർപാപ്പ അഗസ്റ്റീനിയൻ സഭാംഗമാണ്. 2023ൽ ഫ്രാൻസിസ് മാർപാപ്പയാണ് റോബർട്ട്ഫ്രാൻസിസ് പ്രേവോയെ കർദിനാളായി അഭിഷേകം ചെയ്തത്.
അമേരിക്കയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പ കൂടിയാണ് ലിയോ പതിനാലാമൻ മാർപാപ്പ. മേയ് എട്ടിന് രാത്രിയാണ് പാപ്പയെ തിരഞ്ഞെടുത്ത വിവരമറിയിച്ചുകൊണ്ട് സിസ്റ്റീൻ ചാപ്പലിൽനിന്ന് വെളുത്ത പുകയുയർന്നത്. ഷികാഗോയിലെ ഇലിനോയിൽ 1955 സെപ്റ്റംബർ 14നാണ് ലിയോ പതിനാലാമന്റെ ജനനം.
വഖഫ് ഭേദഗതി ബിൽ 2025 ഏപ്രിൽ രണ്ടിന് ലോക്സഭയും ഏപ്രിൽ നാലിന് രാജ്യസഭയും പാസാക്കി. ഇരുസഭകളിലും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലമായും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു.
ലോക്‌സഭയിൽ 232നെതിരെ 288 വോട്ടുകൾക്കാണ് ബിൽ പാസായത്. 1923ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കുന്നതാണ് പുതിയ ഭേദഗതി ബിൽ. 2024 ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. 2025 ഫെബ്രുവരിയിൽ ബിൽ സംബന്ധിച്ച ജോയന്റ് പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന് സമർപ്പിച്ചു. 14 പ്രധാന ഭേദഗതികളാണ് പുതുക്കിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം വിഴിഞ്ഞത്തെത്തിയ സെലസ്റ്റിനോ മരസ്കോ എന്ന മദർഷിപ്പിനെ പ്രധാനമന്ത്രി സ്വീകരിച്ചു. 2024 ജൂലൈയിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽറൺ നടത്തിയത്. സാൻഫെർണാ ഡോ എന്ന കപ്പലാണ് തീരത്ത് ആദ്യമായി എത്തിയത്. 2015 ആഗസ്റ്റ് 17നാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരാർ ഒപ്പിട്ടത്.
വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡുമായി ചേർന്ന് അദാനി ഗ്രൂപ്പാണ് തുറമുഖത്തിന്റെ നിർമാണപ്രവൃത്തികളും നടത്തിപ്പു ചുമതലയും നിർവഹിക്കുന്നത്. അന്തർദേശീയ കപ്പൽപാതയുടെ 10 നോട്ടിക്കൽ മൈൽ അടുത്ത് സ്ഥിതിചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്റർ സ്വാഭാവിക ആഴമുണ്ട്. മദർഷിപ്പുകളെ സുരക്ഷിതമായി തീരത്തോട് അടുപ്പിക്കാൻ സാധിക്കുന്നതിനാൽ ഇന്ത്യയിലെ ആദ്യത്തെ മദർപോർട്ട് അഥവാ ട്രാൻസ്ഷിപ്‌മെന്റ് പോർട്ട് എന്ന ഖ്യാതിയും വിഴിഞ്ഞത്തിനുണ്ട്.
രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യ മുക്തി കൈവരിക്കുന്ന സംസ്ഥാനമായി കേരളം. ഐക്യകേരളത്തിന് 69 വയസ്സ് പൂർത്തിയായ നവംബർ ഒന്നിനായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 64,006 കുടുംബങ്ങൾ അതിദാരിദ്യത്തിൽനിന്ന് മുക്തി നേടിയതോടെയാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.