സഹോദരൻ അക്കൗണ്ട് വിവരങ്ങൾ കൈമാറുകയും അതുവഴി പണമിടപാട് നടക്കുകയും ചെയ്തതിന്റെ പേരിൽ ഇതൊന്നുമറിയാത്ത യുവതി കേസിൽ കുരുങ്ങിയ സംഭവവും സംസ്ഥാനത്തുണ്ട്. ഫലത്തിൽ കുറ്റകൃത്യങ്ങളിൽ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടുകയും ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകിയ ഉടമകൾ പ്രതികളാവുകയും ചെയ്യുന്നതാണ് സാഹചര്യം...
അക്കൗണ്ട് തകരാറിലായതിനാൽ സഹോദരനോ ബന്ധുവിനോ പണം കൈമാറാൻ കഴിയുന്നില്ലെന്ന് നിസ്സഹായത പറഞ്ഞവർക്ക് അക്കൗണ്ട് നമ്പർ നൽകി സഹായമനസ്കത കാട്ടിയവരും കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ‘സുഹൃത്തിന്റെ സുഹൃത്ത്’ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഫീസ് അടക്കാനുള്ള പണം കൈമാറാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഇവർ ഇരകളെ വിശ്വസിപ്പിച്ചത്. അക്കൗണ്ടിൽ വന്ന പണം എടുത്ത് കൈമാറിയതാണ് വിനയായത്. ക്രിപ്റ്റോ കറൻസി ഇടപാടിലെ അർഹമായ പണം അക്കൗണ്ടിലെത്തിയത് ദുരൂഹ അക്കൗണ്ടുകളിൽ നിന്നായതിനെ തുടർന്ന് കുഴപ്പത്തിലായവരും ഇക്കൂട്ടത്തിലുണ്ട്. ഇവിടെ പണം ആർക്കും നൽകിയിട്ടില്ല. സ്വന്തം ആവശ്യങ്ങൾക്കാണ് ചെലവഴിച്ചത്. പക്ഷേ, എന്നിട്ടും കുരുക്കിലായി.
മാസങ്ങൾക്ക് മുമ്പാണ് വയനാട്ടിൽ 500ഓളം പേർ മ്യൂൾ തട്ടിപ്പിനിരയായ വിവരം പുറത്തുവന്നത്. പതിവ് പോലെ യുവാക്കളായിരുന്നു കുടുങ്ങിയവർ. ഓരോ അക്കൗണ്ടിനും 5,000ത്തിനും 10,000ത്തിനും ഇടയിലുള്ള തുകയാണ് നൽകിയിരുന്നത്. ഈ തട്ടിപ്പുകളിൽ കേസെടുത്തത് നാഗാലാൻഡ് പൊലീസും ഡറാഡൂൺ പൊലീസും ലഖ്നോ പൊലീസുമെല്ലാമാണെന്നതാണ് കൗതുകം. സഹോദരൻ അക്കൗണ്ട് വിവരങ്ങൾ കൈമാറുകയും അതുവഴി പണമിടപാട് നടക്കുകയും ചെയ്തതിന്റെ പേരിൽ ഇതൊന്നുമറിയാത്ത യുവതി കേസിൽ കുരുങ്ങിയ സംഭവവും സംസ്ഥാനത്തുണ്ട്. ഫലത്തിൽ കുറ്റകൃത്യങ്ങളിൽ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടുകയും ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകിയ ഉടമകൾ പ്രതികളാവുകയും ചെയ്യുന്നതാണ് സാഹചര്യം. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഏറ്റവും എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ കഴിയുന്നത് അക്കൗണ്ട് ഉടമകളെയാണ്. അതിനാൽ, ക്രിമിനൽ ശൃംഖലകൾക്കുപകരം അക്കൗണ്ട് ഉടമകളാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെടുകയും നിയമനടപടികൾക്ക് വിധേയമാവുകയും ചെയ്യുന്നത്. ഓൺലൈൻ തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം വെളുപ്പിക്കാൻ ക്രിമിനലുകൾ മണി മ്യൂളുകളെ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം അക്കൗണ്ടുകള്‍ പലപ്പോഴും ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓപറേഷൻ സി ഹണ്ടിലൂടെ കണ്ടെത്തിയ കേസുകളിൽ മിക്കവയിലും ഇരകളുടെ അക്കൗണ്ടുകളിൽ ഒറ്റത്തവണയാണ് പണമെത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാകും ഒറ്റത്തവണ നടക്കുന്നത്.
പരാതിക്കാരില്ലാത്തതിനാൽ അക്കൗണ്ട് വഴി വന്നുപോയ പണമടച്ച് കേസിൽ നിന്ന് തലയൂരാനാവില്ലെന്നതാണ് ഇരകൾ നേരിടുന്ന മറ്റൊരു പ്രശ്നം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പിടികൂടിയ കേസുകളിലും ഈ സങ്കീർണതയുണ്ട്. പരാതിക്കാരില്ലാത്തതിനാൽ കോമ്പൗണ്ടിങ്ങിന് സാധ്യതയില്ല. വലിയ സാമ്പത്തിക തട്ടിപ്പിലെ പങ്കാളികൾ എന്ന നിലയിലാകും നിയമവും ഇവരെ പരിഗണിക്കുക. സംഘടിത കുറ്റകൃത്യം എന്ന നിലയിലാവും പരിഗണന. പ്രധാന കുറ്റവാളികളെ കണ്ടെത്താനാകാത്തതിനാൽ ഇവരുടെ മേലിലാകും നിയമനടപടികൾ. രാജസ്ഥാൻ, ഝാർഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിൽ നിന്നാണ് പ്രധാനമായും ഇവരുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്. ഈ അക്കൗണ്ടുകളിലേക്ക് അന്വേഷണം എത്രത്തോളം എത്തുമെന്നത് കണ്ടറിയണം. ഇവിടെ ചില പരിമിതികളുണ്ട്. ഈ സംസ്ഥാനങ്ങളിലേക്ക് പൊലീസ് അന്വേഷണത്തിനായി എത്തുകയും ബാങ്ക് അക്കൗണ്ടുടമയെ ട്രാക്ക് ചെയ്യുകയും ചെയ്ത സംഭവങ്ങളുണ്ട്. പക്ഷേ, അക്കൗണ്ടുടമ ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല. ഇയാളുടെ ആധാർ തരപ്പെടുത്തി തട്ടിപ്പ് സംഘങ്ങളായിരിക്കും അക്കൗണ്ട് എടുത്തിട്ടുണ്ടാവുക. കാർഷിക ആനുകൂല്യങ്ങളും മറ്റും നൽകാമെന്ന് പറഞ്ഞാകും സാധാരണക്കാരിൽനിന്ന് തിരിച്ചറിയൽ രേഖ കൈവശപ്പെടുത്തുക. ബാങ്കിൽനിന്ന് അക്കൗണ്ട് എടുത്ത ശേഷം ഇവ തിരികെ നൽകുകയും ചെയ്തിരിക്കാം. ഇവിടെയും മ്യൂൾ സാധ്യതകളാണ് തട്ടിപ്പ് സംഘം പ്രയോജനപ്പെടുത്തിയിരിക്കുക.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.