ഇന്ത്യൻ തൊഴിലാളി വർഗം ദശാബ്ദങ്ങളായി പൊരുതി നേടിയ അവകാശങ്ങളെയും സംരക്ഷണങ്ങളെയും അട്ടിമറിച്ച് നാല് ലേബർ കോഡുകൾ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ 29 പ്രധാന തൊഴിൽ നിയമങ്ങളെ റദ്ദാക്കി കൊണ്ടുവന്ന ഈ കോഡുകൾ, കോർപറേറ്റ് ലാഭക്കൊതിക്ക് വഴിമരുന്നിടുന്നതും ആധുനിക അടിമത്തത്തിന് നിയമസാധുത നൽകുന്നതുമാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളി താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ബദൽ മാർഗങ്ങൾ തേടി കേരള സർക്കാർ ‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നത്.
വേതനം, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ, വ്യവസായ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം വിജ്ഞാപനം ചെയ്ത പുതിയ കോഡുകൾ തൊഴിലാളികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നവയാണ്. വ്യവസായശാലകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലഘൂകരിച്ചും, വേതന വ്യവസ്ഥകളിൽ വെള്ളം ചേർത്തും തൊഴിൽ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര നീക്കം. സംഘടിക്കാനുള്ള അവകാശത്തെയും കൂട്ടായ വിലപേശലിനെയും ഈ നിയമങ്ങൾ ഇല്ലാതാക്കുന്നു.
നിക്ഷേപം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ പരിഷ്കാരങ്ങളെന്നാണ് കേന്ദ്ര വാദം. എന്നാൽ, കൃത്യമായ സുരക്ഷാ കവചങ്ങളില്ലാത്ത ഒരു തൊഴിൽ സാഹചര്യം തൊഴിലാളികളെ ചൂഷണത്തിലേക്ക് തള്ളിവിടുക മാത്രമേ ചെയ്യൂ. ജനാധിപത്യപരമായ ചർച്ചകളോ ട്രേഡ് യൂനിയനുകളുമായുള്ള കൂടിയാലോചനകളോ ഇല്ലാതെ പാർലമെന്റിൽ നിയമങ്ങൾ അടിച്ചേൽപ്പിച്ചത് ഫെഡറൽ തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.
തൊഴിലാളി പക്ഷത്തുനിന്നുള്ള വികസനമാണ് കേരളത്തിന്റെ നയം. കേന്ദ്രം നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം എന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ‘ലേബർ കോൺക്ലേവ് 2025’ ഈ പോരാട്ടത്തിന്റെ നിർണായക ഘട്ടമാണ്. സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഒരു പൊതുവായ പ്രതിരോധം തീർക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രമുഖ നിയമവിദഗ്ധരും സുപ്രീംകോടതി മുൻ ജഡ്ജിമാരും ദേശീയ ട്രേഡ് യൂനിയൻ നേതാക്കളും പങ്കെടുക്കുന്ന സെഷനുകൾ ലേബർ കോഡുകളുടെ പ്രത്യാഘാതങ്ങൾ ആഴത്തിൽ ചർച്ച ചെയ്യും.
ലേബർ കോഡുകൾക്കെതിരെയുള്ള കേവല പ്രതിഷേധമല്ല ഈ കോൺക്ലേവ്. മറിച്ച്, കേന്ദ്ര നിയമങ്ങളെ നേരിടാനുള്ള ബദൽ തന്ത്രങ്ങളും കേരളത്തിന്റെ തനതായ തൊഴിൽ സാഹചര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നയപ്രഖ്യാപനവും ഇതിന്റെ ഭാഗമായുണ്ടാകും. കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കാനും ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂനിയനുകളുമായി ചേർന്ന് കേന്ദ്രത്തെ സമീപിക്കാനും കേരളം മുന്നിലുണ്ടാകും. തൊഴിലാളികളെ വെറും വിഭവങ്ങളായി കാണുന്ന കേന്ദ്ര നയത്തിന് പകരം, അവരെ നാടിന്റെ കാവലാളുകളായി കണ്ട് സംരക്ഷിക്കാനുള്ള കേരളത്തിന്റെ ഈ പോരാട്ടം രാജ്യത്തിന് തന്നെ മാതൃകയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.