പട്ടിണി മാറ്റാൻ മദ്രാസും മുംബൈയും, കൊളംബോയും റങ്കൂണും കടന്ന് പിന്നെ പേർഷ്യയിലേക്കും അറബ് നാടുകളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മുണ്ടുമുറുക്കി കുടിയേറിയവരാണ് മലയാളികൾ. ആ രാജ്യങ്ങളിലെ ജാതിയോ മതമോ ഭാഷയോ നോക്കിയായിരുന്നില്ല നമ്മുടെ കുടിയേറ്റം. പതിറ്റാണ്ടുകളായി മറുനാട്ടിൽ പണിയെടുക്കുന്ന പ്രവാസികളുടെ പണംകൊണ്ട് തടിച്ചുകൊഴുത്ത ഒരു സംസ്ഥാനത്താണ് തൊഴിൽ തേടി വന്ന അതിഥി അപരവിദ്വേഷികളാൽ 80ലധികം മുറിവുകളേറ്റ് ചതഞ്ഞു കൊല്ലപ്പെടുന്നത്. വാളയാറിൽ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ ഛത്തിസ്ഗഢ് സ്വദേശി രാംനാരായണൻ ഭയ്യാറിന്റെ രക്തം ചിതറിത്തെറിക്കുന്നത് ഓരോ മലയാളിയുടെയും മുഖത്തേക്കാണ്. ‘‘തും ബംഗ്ലാദേശി?’’ എന്ന ചോദ്യത്തോടെയുള്ള വംശവെറിയരുടെ മർദനം, ഒരുപറ്റം മലയാളികൾക്കുള്ളിൽ അടിഞ്ഞുകൂടിയ കടുത്ത അപരവിദ്വേഷത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ഒരുപാട് കാരണങ്ങൾകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാണ് കേരളം. ഒരുവശത്ത്: 22 ലക്ഷത്തോളം മലയാളികൾ ഗൾഫിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തൊഴിൽ എടുത്തു ജീവിക്കുന്നു. ഓരോ വർഷവും 2.17 ലക്ഷം കോടി രൂപയോളം ഈ ‘രാംനാരായണന്മാർ’ നാട്ടിലേക്കയക്കുന്നു. ഈ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്നു. ഇതിന്റെ തുള്ളി തട്ടാത്ത ഒരു മലയാളി വീടോ വ്യവസായമോ കേരളത്തിലില്ല. എന്തിന്, ഈ പണത്തിന്റെ ആശയെ ചുറ്റിപ്പറ്റിയാണ് നമ്മുടെ എല്ലാ പാർട്ടികളുടെയും രാഷ്ട്രീയം. പ്രവാസി ക്ഷേമവും നിക്ഷേപവും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ഗൾഫ് യാത്രകൾ നടത്തുന്നു. വിദേശത്ത് മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. എന്നാൽ, അവരുടെ യാത്രക്കിടയിൽ ‘‘നീ മലയാളിയാണോ?’’ എന്ന് ചോദിച്ച് വിദേശികളിൽനിന്ന് മർദനമേറ്റ ഒരു കേരളീയനെയും അവർ കണ്ടുമുട്ടിക്കാണില്ല.
മറുവശത്ത്: 35 ലക്ഷത്തോളം ‘അതിഥി തൊഴിലാളികൾ’ കേരളത്തിന്റെ നിർമാണം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ അധ്വാനിക്കുന്നു. ഇവരുടെ വിയർപ്പുകൂടി കലർന്ന ചാന്തിനാൽ പടുക്കപ്പെട്ടവയാണ് നമ്മുടെ വീടുകൾ, പാലങ്ങൾ, റോഡുകൾ... ഇവർ കേരളത്തിൽ ചെലവഴിക്കുന്നതും സ്വന്തം നാടുകളിലേക്കയക്കുന്നതും പഴയ കണക്കനുസരിച്ച് 17,500 കോടി രൂപയോളമാണ്. അങ്ങനെ ഇരുദിശ തൊഴിലാളി കുടിയേറ്റമുള്ള സംസ്ഥാനമാണ് കേരളം. 96 ശതമാനത്തോളം സാക്ഷരതയുള്ള നാട്. എന്നാൽ, സാക്ഷരത മാത്രം മതിയോ? ഹൃദയത്തിൽ സഹിഷ്ണുതയും മനുഷ്യത്വവും വേണ്ടേ? ഒരുകാലത്ത് മണ്ണിന്റെ മക്കൾ വാദമുയർത്തി ദക്ഷിണേന്ത്യക്കാർക്കെതിരെ കലാപം ചെയ്തിരുന്ന മഹാരാഷ്ട്രയിലെ ബാൽ താക്കറേയുടെ പിന്മുറക്കാർ പോലും തെറ്റുതിരുത്തുമ്പോൾ കേരളത്തെ വെറുപ്പിന്റെ ആസ്ഥാനമാക്കാൻ ഒരുമ്പെടുകയാണ് കുറുവടിക്കൂട്ടങ്ങൾ.
രാംനാരായണനും ഒരു പ്രവാസിയായിരുന്നു -ഛത്തിസ്ഗഢിൽനിന്ന് തൊഴിൽ തേടിയെത്തിയവൻ. രണ്ടു കുട്ടികളുണ്ടായിരുന്നു. നെഞ്ചിനുള്ളിൽ എന്തെല്ലാമോ നൊമ്പരങ്ങളും പേറിയാണ് അയാൾ കേരളത്തിലെത്തിയത്. ഓരോ അടി കൊള്ളുമ്പോഴും അതയാൾ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരു ‘ബംഗ്ലാദേശി’യെ അടിച്ചുകൊന്ന് ദേശീയത ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു ആക്രമികൾ. ഈ വിഷം നിറഞ്ഞ ആൾക്കൂട്ടവും അവർ നടത്തുന്ന അടിച്ചുകൊലയും യാദൃച്ഛികമായി സംഭവിച്ചതല്ല, വിഷത്തിലൂട്ടിയ അമ്പുകൾപോലെ ശ്രദ്ധാപൂർവം തയാറാക്കിയെടുത്തതുതന്നെയാണ്. അതുകൊണ്ടാണ് ഒന്നിന് പിറകെ ഒന്നായി ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്. രാംനാരായണന്റെ ദയനീയ മുഖം വരുംകാല ചർച്ചകളിൽ സ്വദേശത്തും വിദേശത്തും ചോദ്യചിഹ്നമാവും; അത് നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.
ktabdurabb@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.