നേരത്തേ തന്നെ ഒരു കല്യാണം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിന് പകരം ഇന്നത്തെ പെൺകുട്ടികളെന്താ പഠിപ്പെന്നും ജോലിയെന്നും പറഞ്ഞ് വിവാഹം ഇങ്ങനെ വൈകിപ്പിക്കുന്നത്? സ്ത്രീകൾ വീട്ടമ്മമാരായി തുടരുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരു സുഹൃത്താണ് നിഷ്കളമായി ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
ഇത്തരം ചോദ്യങ്ങൾ പലരും നിരന്തരം ഉന്നയിക്കാറുണ്ടെങ്കിലും അതിനുള്ള ഉത്തരങ്ങൾ അപൂർവമായി മാത്രമേ തുറന്ന മനസ്സോടെ ഉൾക്കൊള്ളാൻ തയാറാകാറുള്ളൂ.
സത്യം പറഞ്ഞാൽ, പെൺകുട്ടികൾ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ച് അത് വൈകിപ്പിക്കുന്നതല്ല. മറിച്ച്, തങ്ങളുടെ ഇഷ്ടങ്ങൾ, വളർച്ച, മാറിവരുന്ന ആവശ്യങ്ങൾ എന്നിവക്ക് പരിഗണന നൽകാത്ത ഒരു ലോകത്തേക്ക് പ്രവേശിക്കാനുള്ള ഭയപ്പാടാണ് അവരെ പിന്തിരിപ്പിക്കുന്നത്.
വർധിക്കുന്ന വിവാഹമോചനങ്ങൾ, ദമ്പതികൾക്കിടയിലെ വൈകാരിക അകൽച്ചയുടെ നോവുന്ന കഥകൾ, സ്ത്രീധന പീഡനങ്ങൾ… ഇത്യാദി വർത്തമാനകാല സംഭവവികാസങ്ങൾ അവരുടെ ഉൽകണ്ഠകളെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു. സത്യത്തിൽ, വിവാഹങ്ങളിൽ നിന്ന് സ്ത്രീകൾ ഓടിയകലുകയല്ല, അവർ സുരക്ഷിതവും പരസ്പരം കരുത്ത് പകരുന്നതുമായ വിവാഹബന്ധങ്ങളെ തേടുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകി തൊഴിൽ ചെയ്യാൻ സജ്ജരാക്കുന്നതിന്റെ ഗുണഫലങ്ങൾ സമൂഹം ഇതിനകം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആൺമക്കൾ മാത്രമേ രക്ഷിതാക്കൾക്ക് വാർധക്യകാല ഉപജീവനത്തിനുതകൂ എന്ന തെറ്റിദ്ധാരണയും ഇല്ലാതായിട്ടുണ്ട്. ആൺകുട്ടികളെ നന്നായി പഠിപ്പിക്കണം, പെൺകുട്ടികളെ നല്ലനിലയിൽ കെട്ടിച്ചയക്കണമെന്ന നിലയിൽ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരുന്ന ചിന്തയെ മാറ്റിമറിക്കാനും ഇന്നത്തെ പെൺകുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം തേടാനും ജോലിക്കാരിയാകാനുമുള്ള അനുമതിയും പിന്തുണയും പ്രധാനമാണ്. വിവാഹത്തിന് മുമ്പ്, പഠിക്കാനും ജോലി ചെയ്യാനും അനുമതി ഉദാരമായി കിട്ടിയെന്ന് വരും. എന്നാൽ, വിവാഹം കഴിഞ്ഞ് ഉത്തവാദിത്തങ്ങൾ വർധിക്കുമ്പോൾ ഈ പിന്തുണ പതുക്കെ മങ്ങിത്തുടങ്ങും. ഒരു ഉദ്യോഗസ്ഥയിൽ നിന്നുള്ള നേട്ടങ്ങളും വരുമാനവും കുടുംബം ആസ്വദിക്കും. പക്ഷേ, ആ വനിതയുടെ ഉത്തരവാദിത്തങ്ങളുടെ മാറാപ്പുകൾ പങ്കിടാൻ ആരും തയാറാകണമെന്നില്ല. സത്യസന്ധവും സുസ്ഥിരവുമായ പിന്തുണ എന്നത് അത്യപൂർവം.
സ്ത്രീകളെ കുറിച്ച ചില മുൻധാരണകളും, മുൻവിധികളും ഇനിയെങ്കിലും തിരുത്തേണ്ടതുണ്ട്. സ്ത്രീകളെല്ലാം ഒരേ അച്ചിൽ വാർത്തെടുക്കപ്പെട്ടവരല്ല. ‘‘അവർക്ക് എന്താണോ ഏറ്റവും നല്ലത്, അത് ഞങ്ങൾ ചെയ്തുകൊടുക്കുന്നു’’ എന്ന നിലയിലല്ല സ്ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഓരോ വനിതയും വ്യത്യസ്തരാണ്. ചിലർ വിദ്യാഭ്യാസ മേഖലകളിൽ അവരുടെ ജീവിതലക്ഷ്യം കണ്ടെത്തുമ്പോൾ മറ്റു ചിലർ മികച്ച രക്ഷാകർത്താവായി മാറിയാകും ജീവിതത്തിന്റെ അർഥം കണ്ടെത്തുന്നത്. ചിലർ നല്ലൊരു വീട്ടമ്മ എന്ന നിലയിൽ ശോഭിക്കുമ്പോൾ മറ്റു ചിലർ പ്രഫഷനൽ മികവിൽ, സാമൂഹിക സേവനത്തിൽ, കലയിൽ, സംഗീതത്തിൽ അങ്ങനെ പലയിടങ്ങളിലാണ് തങ്ങളുടെ ദൗത്യം തിരിച്ചറിയുന്നത്.
ഇവരുടെയൊക്കെ ഹൃദയതാളം തിരിച്ചറിഞ്ഞ്, ആ ദിശയിലേക്ക് അവരെ പിന്തുണച്ച് മുന്നോട്ട് നയിക്കുന്നതിലാണ് കാര്യത്തിന്റെ മർമം. പ്രഫഷനൽ ജീവിതത്തിനുവേണ്ടി വാദിക്കുന്ന ഒരു സ്ത്രീ പിന്നീട്, ദാമ്പത്യ ജീവിതം വിജയകരമാക്കാൻ ജോലിയിൽ നിന്ന് അവധിയെടുത്ത് വിട്ടുനിന്നെന്ന് വരാം. നേരത്തേ ശക്തമായി ആഗ്രഹിച്ചിരുന്ന പ്രഫഷനൽ ജീവിതം അമ്മയായി മക്കളെ പോറ്റാനും, അല്ലെങ്കിൽ പ്രായം ചെന്ന മാതാപിതാക്കളെ സംരക്ഷിക്കാനുമൊക്കെ വേണ്ടി ജോലി വേണ്ടെന്നും വെച്ചേക്കാം. അതേപോലെ തന്നെ, ഒരിക്കൽ മുഴുവൻ സമയ വീട്ടമ്മയാകുന്നതിന് നിലപാടെടുത്ത ഒരു സ്ത്രീക്ക് പിന്നീട് വീടിന് പുറത്തിറങ്ങി മറ്റ് തൊഴിൽ സാധ്യതകൾ എത്തിപ്പിടിക്കാൻ ആഗ്രഹങ്ങൾ ഉടലെടുത്തേക്കാം. ഈ തീരുമാനത്തേയും നേരത്തേ സൂചിപ്പിച്ച അതേ അളവിൽ പരിഗണിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.
ഒരുകാര്യം മനസ്സിലാക്കിയേ തീരൂ... പുതിയ കാലത്തെ പെൺകുട്ടികൾക്ക് നമ്മൾ നൽകുന്ന വലിയ ഉപദേശങ്ങൾ നമ്മുടെ ചുരുങ്ങിയ അനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയവ മാത്രമാണ്. അവർ ജീവിക്കേണ്ടത് നമ്മൾ കണ്ടുപഴകിയതിൽ നിന്ന് വ്യത്യസ്തമായ ഒരു ലോകത്താണ്. നമ്മൾ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത വെല്ലുവിളികളെയാണ് അവർക്ക് നേരിടേണ്ടത്. അവരുടെ തെരഞ്ഞെടുപ്പുകൾ എന്താണെന്ന് തീരുമാനിക്കലല്ല നമ്മുടെ ഉത്തരവാദിത്തം. അവരെ കേട്ട്, ആകുലതകൾ തിരിച്ചറിഞ്ഞ് അവർ കണ്ടെത്തുന്ന വഴിയിൽ മുന്നോട്ട് നടക്കാൻ പിന്തുണക്കുകയാണ്.
(വട്ടേനാട് ജി.വി.എച്ച്.എസ്.എസിൽ സീനിയർ നോൺ വൊക്കേഷനൽ ടീച്ചറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.