വോട്ടുചോരിയിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ കേരളത്തിൽ നേരത്തെ പുറത്തുവന്നത് തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ്. തൃശൂർ നഗരത്തിലെ കൂട്ട വോട്ടുകളും അയൽ ജില്ലകളിൽ നിന്നുവന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാരായി ചേർന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ തൃശൂർ എം.പി സുരേഷ് ഗോപിയുടെ ബന്ധുക്കൾ മുതൽ മലപ്പുറം ജില്ലയിലെ ബി.ജെ.പി നേതാക്കൾ വരെയുണ്ടായിരുന്നു. ഹരിയാനയിൽ നടന്ന വോട്ടുകൊള്ളയിൽ ഏറ്റവുമധികം കള്ളവോട്ട് രേഖപ്പെടുത്തിയത് ബൾക് വോട്ടർമാർ അഥവാ ഒരു വീട്ടുനമ്പറിലെ കൂട്ടവോട്ടർമാർ-വഴിയായിരുന്നു: 19.26 ലക്ഷം വോട്ട്. ഇതേ മാതൃകയാണ് തൃശൂരിലും പരീക്ഷിക്കപ്പെട്ടത്. അവരെല്ലാം എസ്.ഐ.ആർ വന്നപ്പോൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയോ അജ്ഞാതരായി പരിണമിക്കുകയോ ചെയ്തുവെന്നാണ് എ.എസ്.ഡി പട്ടികയിൽനിന്ന് വ്യക്തമാകുന്നത്.
തൃശൂർ അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയ ബൂത്ത് നമ്പർ 29ൽ 337 വോട്ടാണ് എസ്.ഐ.ആറിൽ നീക്കിയത്. ഇതിൽ 329 വോട്ടർമാരും അജ്ഞാതരാണ് (untraceable). 97.62 ശതമാനം. ബൂത്ത് നമ്പർ 53ൽ ഒഴിവാക്കിയത് 302 വോട്ട്. ഇതിൽ 102 പേർ അജ്ഞാതർ. 157 പേർ എസ്.ഐ. ആറിൽ പങ്കെടുക്കാൻ വിസമ്മതിച്ചവരും (refused)! ഈ രണ്ട് വിഭാഗവും ചേർന്നാൽ 85.76 ശതമാനമായി. ഒരൊറ്റ വാർഡിൽനിന്ന് 157 പേർ എസ്.ഐ.ആറിനെ നിരാകരിക്കുന്നുവെങ്കിൽ അതും സവിശേഷമായി പരിശോധിക്കേണ്ട വിഷയമാണ്. പക്ഷേ, ശക്തി കേന്ദ്രമായിട്ടും ഇത്രയും പേരെ പുറത്താക്കിയതിനെതിരെ ബി.ജെ.പി നേതൃത്വം-പാലക്കാട്ടെയും തൃശൂരിലെയും-ഒരക്ഷരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായി വോട്ട് ലഭിച്ച മിക്ക ബൂത്തുകളിലും വലിയ തോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 150 മുതൽ 350 വോട്ടർമാർ വരെ നീക്കം ചെയ്യപ്പെട്ട ബി.ജെ.പി ശക്തികേന്ദ്രങ്ങളുണ്ട്. എന്നാൽ, തൃശൂർ അസംബ്ലി മണ്ഡലത്തിലെ എൽ.ഡി.എഫോ യു.ഡി.എഫോ ലീഡ് ചെയ്ത ബൂത്തുകളിൽ പലതിലും നൂറിൽ താഴെ വോട്ടർമാർ മാത്രമാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. റാൻഡം പരിശോധന നടത്തിയ 20, 21, 22 വാർഡുകൾ ഇതിനുദാഹരണമാണ്. ഇവിടെ 40 മുതൽ 95 വരെ വോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്. ഇതിൽ തന്നെ അജ്ഞാതർ 3-7 പേർ മാത്രം. മറ്റു സ്ഥലങ്ങളിലേക്ക് വോട്ട് മാറ്റിയവരാണ് ഇതിൽ ഭൂരിഭാഗവും.
ബി.ജെ.പിയിതര പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ അജ്ഞാത വോട്ടർമാർ കുറയുന്നുവെന്നതാണ് കണക്കുകളിൽ കാണുന്ന മറ്റൊരു പ്രവണത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച തൃശൂർ മണ്ഡലത്തിൽ ബി.ജെ.പിക്ക് ലീഡ് ലഭിക്കാതിരുന്ന ഏക നിയമസഭാ മണ്ഡലം ഗുരുവായൂരാണ്. ഗുരുവായൂർ മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം നൽകിയ ബൂത്തുകളിൽ അജ്ഞാത വോട്ടർമാർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. 172 വോട്ടർമാരെ നീക്കം ചെയ്ത 157ാം നമ്പർ ബൂത്തിൽ തിരിച്ചറിയാനാകാത്ത വോട്ടർമാർ വെറും രണ്ടുപേർ മാത്രം. മറ്റൊരു ബൂത്തിൽ നാലുപേർ. എന്നാൽ, ഗുരുവായൂരിലെത്തന്നെ ബി.ജെ.പി ലീഡ് ചെയ്ത വാർഡുകൾ പരിശോധിച്ചാൽ ഈ പ്രവണതക്ക് മാറ്റം കാണാം. അവിടെ അജ്ഞാതർക്ക് വേണ്ടത്ര വോട്ടുണ്ട്. ഒരേ മണ്ഡലത്തിലെ രണ്ട് മുന്നണികൾ ലീഡ് ചെയ്യുന്ന ബൂത്തുകളിൽ തിരിച്ചറിയാനാവാത്ത വോട്ടർമാരുടെ സാന്നിധ്യം രണ്ടു തരത്തിലായിത്തീരുന്നത് വിചിത്രമാണ്.
നഗരങ്ങളിൽ പൊതുവേ ഒഴിവാക്കപ്പെടുന്ന വോട്ടർമാരുടെ എണ്ണത്തിൽ വർധന കാണുന്നുണ്ട്. കൊച്ചി പോലുള്ള മെട്രോകളിലും മറ്റും ഇത് ഒരു പരിധിവരെ സ്വാഭാവികവുമാണ്. എന്നാൽ, ഗ്രാമ പ്രദേശങ്ങളിലും ബി.ജെ.പിക്ക് വോട്ട് കൂടുതലുള്ള ബൂത്തുകളിലും ഒഴിവാക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർധന പ്രകടമാകുന്നുണ്ട്. ഗുരുവായൂരിലെത്തന്നെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 187, 188 തുടങ്ങിയ ബൂത്തുകൾ ഉദാഹരണം. 187ൽ 84 ശതമാനം തിരിച്ചറിയാനാകാത്ത വോട്ടർമാരുണ്ട്.
ഗുരുവായൂരിലെ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലെയും ബി.ജെ.പി ശക്തികേന്ദ്രങ്ങളിലെയും ഒഴിവാക്കിയ വോട്ടുകളുടെയും അതിൽ തിരിച്ചറിയാനാ കാത്തവരുടെയും താരതമ്യം
നഗരങ്ങളിൽ ഒഴിവാക്കപ്പെടുന്നവർ കൂടുന്നുവെന്ന വാദം മുഖവിലക്കെടുത്താൽപോലും എല്ലാ നഗരങ്ങളിലും ഒരുപോലെ ഈ പ്രവണത പ്രകടവുമല്ല. കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും തിരിച്ചറിയാനാകാത്തവരുടെ എണ്ണത്തിൽ അസ്വാഭാവികമായ വ്യത്യാസമുണ്ട്. മൂന്ന് നഗരങ്ങളിലെയും ഏറക്കുറെ സമാന നഗര സ്വഭാവമുള്ള പ്രദേശങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഇത് വ്യക്തമാകും. തിരുവനന്തപുരത്തെ ബൂത്ത് നമ്പർ 62 (അജ്ഞാതർ 75.34%), ബൂത്ത് 82 (64.83%), ബൂത്ത് 99 (61.32%) എന്നിവിടങ്ങളിൽ തിരിച്ചറിയാനാകാത്തതിനാൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം വൻതോതിലാണ്. എറണാകുളം മണ്ഡലത്തിലെ നഗര ഹൃദയത്തിലുള്ള ബൂത്ത് 81 (അജ്ഞാതർ പൂജ്യം), ബൂത്ത് 99 (21.16%) ബൂത്ത് 110 (21.12%), ബൂത്ത് 132 (14 %) എന്നിവിടങ്ങളിൽ തിരിച്ചറിയാനാകാത്തവർ താരതമ്യേന കുറവാണ്. കോഴിക്കോട് എത്തുമ്പോൾ അജ്ഞാതരുടെ എണ്ണം വീണ്ടും കുത്തനെ താഴേക്ക് പോകുന്നു. ബൂത്ത് 7 (6.25%), ബൂത്ത് 16 (3.27 %), ബൂത്ത് 43 (44.49%) എന്നിവ ഉദാഹരണം. മരിച്ചതിനെത്തുടർന്ന് ഈ ബൂത്തുകളിൽനിന്ന് പേര് നീക്കപ്പെട്ടവരുടെ എണ്ണത്തിലും വലിയ വ്യത്യാസം പ്രകടമാണ്. തിരുവനന്തപുരത്ത്, മരിച്ചതിനാൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം ആറ് ശതമാനം മുതൽ 10 ശതമാനം വരെയാണ്. കൊച്ചിയിൽ ഇത് 14-18 ശതമാനമാണ്. കോഴിക്കോട് 15 മുതൽ 30 ശതമാനം വരെയുണ്ട്. തിരിച്ചറിയാനാകാത്തവരുടെ എണ്ണം തിരുവനന്തപുരത്ത് അനുപാതരഹിതമായി വർധിക്കുന്നുവെന്ന സംശയത്തിലേക്കാണ് ഇതും വിരൽചൂണ്ടുന്നത്. തിരുവനന്തപുരം നഗരത്തിലെത്തന്നെ, ബി.ജെ.പിക്ക് ലീഡ് ലഭിക്കാത്ത ചില ബൂത്തുകളിലെ മരണനിരക്ക് കൊച്ചി-കോഴിക്കോട് നഗരങ്ങളിലേതിന് ഏറക്കുറെ സമാനവുമാണ്. മരിച്ചവർ 20 ശതമാനമുള്ള പൂന്തുറ ബൂത്ത് ഉദാഹരണം.
(മീഡിയവൺ കോഓഡിനേറ്റിങ് എഡിറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.