കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. നിക്ഷേപക സംഗമത്തിന് ശേഷം 10 മാസം പൂർത്തിയാകുമ്പോൾ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപ വാഗ്ദാനങ്ങൾ യഥാർഥ നിക്ഷേപങ്ങളാവുന്നതിലെ വേഗത ഇപ്പോഴിതാ പുതിയൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. താൽപര്യപത്രങ്ങൾ നിക്ഷേപങ്ങളാവുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പരിവർത്തന നിരക്കാണ് കേരളത്തിൽ ഇതിനകം രേഖപ്പെടുത്തിയത്. നിക്ഷേപ വാഗ്ദാനങ്ങളിൽ 23.16% യഥാർഥ നിക്ഷേപമായി പരിണമിച്ചു. സ്ഥലം അനുവദിച്ച പദ്ധതികളുടെ കാര്യമെടുത്താൽ 37% ആണ് പരിവർത്തന നിരക്ക്.
സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ വൻ വിജയമായിരുന്നു ഐ.കെ.ജി.എസ് എന്ന് പിന്നിട്ട പത്ത് മാസങ്ങൾ തെളിയിക്കുന്നു. 449 താൽപര്യപത്രങ്ങളാണ് ഐ.കെ.ജി.എസിൽ ഒപ്പുവെച്ചത്. 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താൽപര്യപത്രങ്ങൾ സംസ്ഥാനത്തിന് ലഭിച്ചു. ഇതിലൂടെ അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. ടൂറിസം, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമാണം, ഐ.ടി/ഐ.ടി അധിഷ്ഠിത വ്യവസായങ്ങൾ, മരാധിഷ്ഠിത വ്യവസായങ്ങൾ, റബർ ഉൽപന്നങ്ങളുടെ നിർമാണം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ, ആയുർവേദ ആൻഡ് വെൽനെസ് തുടങ്ങിയ മേഖലകളിലാണ്, മേൽ പറഞ്ഞ നിക്ഷേപ താൽപര്യ പത്രങ്ങളിൽ അധികവും ഒപ്പുവെച്ചത്.
ലോകോത്തര ബ്രാൻഡുകൾ മുതൽ കേരളത്തിന്റെ സ്വന്തം കമ്പനികൾ വരെ നിക്ഷേപ താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതിൽ 104 നിക്ഷേപ പദ്ധതികളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിന് ഇത് പുതിയ അനുഭവമാണ്. നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ് കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടോടെയാണ് വിദേശ നിക്ഷേപ പദ്ധതികൾ ഉൾപ്പെടെ ഇങ്ങോട്ടെത്തിയത്. ഇതിനകം നിർമാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും, 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണ്.
അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്ന തുടങ്ങിയവർ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. അദാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെക്കിന്റെ കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്ട്രോം, എസ്.എഫ്. ഒ ടെക്നോളജീസ്, ഗാഷ സ്റ്റീൽസ് ടി.എം.ടി പ്ലാന്റ്, കെ.ജി.എ ഇന്റർനാഷനൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്നോളജീസ്, വിൻവിഷ് ടെക്നോളജീസ്, ഡബ്ല്യു. ജി.എച്ച് ഹോട്ടൽസ്, ജേക്കബ് ആൻഡ് റിച്ചാർഡ് തുടങ്ങിയ സംരംഭങ്ങളുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു. എൻ.ഡി.ആർ സ്പെയ്സിന്റെ വെയർഹൗസിങ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കാണ് നിർമാണ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി. 278 പദ്ധതികൾക്ക് ഭൂമി അനുവദിച്ചു കഴിഞ്ഞു. സെമികണ്ടക്ടർ ഉൾപ്പെടെ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് രംഗത്തെ പ്രധാന കമ്പനിയായ കെയ്ൻസിനും പെരുമ്പാവൂരിൽ ഭൂമി അനുവദിച്ചു. ഭൂമി അനുവദിക്കപ്പെട്ട മറ്റ് നിക്ഷേപ പദ്ധതികളും ഉടനെ നിർമാണം തുടങ്ങും.
താൽപര്യപത്രങ്ങളും നിക്ഷേപ വാഗ്ദാനങ്ങളും യഥാർഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിലാണ് സർക്കാർ അടിയന്തര ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ താൽപര്യപത്രങ്ങളെ തരംതിരിച്ചു. കെ.എസ്.ഐ.ഡി.സി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ എജൻസികൾക്കായിരുന്നു ഇവ നടപ്പിലാക്കാനുള്ള ചുമതല. വിവിധ അനുമതികളുൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾക്ക് വ്യവസായ വകുപ്പ് രൂപം നൽകി. വിവിധ തലങ്ങളിലും കൃത്യമായ ഇടവേളകളിലും പദ്ധതി അവലോകനം നടത്തുന്നതിന് മേൽനോട്ട സംവിധാനവും ഒരുക്കി.
100 കോടി വരെ മൂല്യമുള്ള നിക്ഷേപ താൽപര്യ പത്രങ്ങൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലൂടെ മോണിറ്റർ ചെയ്തു. 100 കോടിയും അതിനു മുകളിലും വരുന്ന നിക്ഷേപ താൽപര്യ പത്രങ്ങളുടെ നോഡൽ ഏജൻസിയായി കെ.എസ്.ഐ.ഡി.സിയാണ് പ്രവർത്തിക്കുന്നത്. വ്യവസായ പാർക്കുകളിലും മറ്റുമുള്ള നിക്ഷേപങ്ങൾ കിൻഫ്രയുടെ നേതൃത്വത്തിലും മോണിറ്റർ ചെയ്തുവരുന്നു. വിവിധ ഏജൻസികളിലൂടെ നടത്തുന്ന തുടർപ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിനായി ഓൺലൈൻ സംവിധാനവും നിലവിലുണ്ട്. ഓരോ നിക്ഷേപ താൽപര്യ പത്രങ്ങൾക്കും ആവശ്യമായ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. നിക്ഷേപ താൽപര്യപത്രവുമായി ബന്ധപ്പെട്ട് നോഡൽ ഓഫിസർമാർ നടത്തുന്ന പ്രവർത്തനങ്ങൾ യഥാസമയം രേഖപ്പെടുത്തുന്നതിനും നിക്ഷേപകർ നൽകുന്ന അനുമതി അപേക്ഷകൾ രേഖപ്പെടുത്തി അവലോകനം ചെയ്യുന്നതിനുള്ള മൊഡ്യൂളുകളും ഓൺലൈൻ സംവിധാനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.