ന്യൂഡൽഹിയുടെ സിരാകേന്ദ്രമായ കൊണാട്ട് പ്ലേസിലെ കേരള ക്ലബിൽ നടന്ന പുസ്തക ചർച്ചക്കിടെ പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ എ.ജെ. ഫിലിപ്പ് ഒരു അനുഭവം പങ്കുവെച്ചു-തിരക്കേറിയ ട്രാഫിക് സിഗ്നലിൽ പച്ച കത്തുന്നതിനായി കാത്തുനിൽക്കുന്നതിനിടയിൽപോലും മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്യുന്ന ചെറുപ്പക്കാരെക്കുറിച്ച്.
‘‘ചുവന്ന ലൈറ്റ് പച്ചയാകാൻ കാത്തുനിൽക്കുന്ന ആ ചുരുങ്ങിയ സമയം പോലും സ്മാർട്ട്ഫോണിൽ ചെലവഴിക്കാനാണ് യുവത ഉപയോഗിക്കുന്നതെന്ന് എനിക്ക് തോന്നി’’ ഇന്ത്യക്കാർക്കിടയിൽ പടരുന്ന സ്മാർട്ട്ഫോൺ ‘ലഹരി’യെക്കുറിച്ച് ഫിലിപ്പ് പറഞ്ഞു.
തലസ്ഥാന നഗരിയിൽനിന്ന് 1,100 കിലോമീറ്ററിലധികം അകലെ, ബിഹാറിലെ സിവാൻ ജില്ലയിൽ യു.പി അതിർത്തിയോട് ചേർന്ന ഉൾനാടൻ ഗ്രാമമായ ദരൈലി മതിയയിൽവെച്ച് സോൻഭദ്രയിലെ ഒരു കൽക്കരി ഖനിയിൽ ഗാർഡായി ജോലി ചെയ്യുന്ന കൃഷ്ണ യാദവ് എന്ന വിമുക്തഭടൻ എന്നോട് പറഞ്ഞു: ‘‘ശുചിമുറികളില്ലാത്ത വീടുകളിൽനിന്ന് അകലെ, വയലുകളിലെ കുറ്റിച്ചെടികളുടെ മറവിലിരുന്ന് പ്രാഥമിക കൃത്യം നിർവഹിക്കുമ്പോൾ പോലും യുവാക്കൾ ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്’’
ദരൈലി മതിയയും കൊണാട്ട് പ്ലേസും തികച്ചും വിപരീതമായ രണ്ട് ലോകങ്ങളാണ്. ഒന്ന് കടുത്ത ദാരിദ്ര്യത്തിന്റെയും ഗ്രാമീണ പിന്നാക്കാവസ്ഥയുടെയും പ്രതീകമാണെങ്കിൽ, മറ്റൊന്ന് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള ആധുനികതയുടെ മുഖമാണ്. ദരൈലി മതിയയിൽ ആവശ്യത്തിന് പോഷകാഹാരം കഴിക്കാൻ പോലും വകയില്ലാത്ത അർധനഗ്നരായ കർഷകരും എല്ലും തോലുമായ കന്നുകാലികളുമാണുള്ളത്. കൊണാട്ട് പ്ലേസിലാകട്ടെ മാളുകളും ലക്ഷ്വറി ബ്രാൻഡുകളും സിനിമാ തിയറ്ററുകളും അത്യാധുനിക വാഹനങ്ങളും ബാറുകളും റസ്റ്റാറന്റുകളുമുണ്ട്. എങ്കിലും, ദരൈലി മതിയയിലെയും കൊണാട്ട് പ്ലേസിലെയും താമസക്കാരെ തമ്മിൽ ബന്ധിപ്പിക്കുന്നത് അവരുടെ സ്മാർട്ട്ഫോൺ ഉപയോഗമെന്ന ശീലമാണ്.
‘‘നമ്മുടെ കുടുംബങ്ങളിൽ പെൺകുട്ടികളും ആൺകുട്ടികളും രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒരുപാടുനേരം ഫോണിൽ ചെലവിട്ട് രാവിലെ വളരെ വൈകിയാണ് എഴുന്നേൽക്കുന്നത്. സ്ത്രീകൾ വൈകി എഴുന്നേൽക്കുന്നത് കാരണം ഭക്ഷണവും വൈകും. ഓൺലൈൻ ക്ലാസുണ്ടെന്ന് പറഞ്ഞാണ് ആൺകുട്ടികൾ ഫോൺ ആവശ്യപ്പെടുന്നത്’’- കൃഷ്ണ യാദവ് ഗ്രാമത്തെ പിടികൂടിയ ‘സ്മാർട്ട്ഫോൺ മാനിയ’യെക്കുറിച്ച് വിവരിക്കുന്നു.
പ്രശസ്ത ചരിത്രകാരനും ‘സാപ്പിയൻസ്’, ‘ഹോമോ ദിയൂസ്’ എന്നീ കൃതികളുടെ രചയിതാവുമായ യുവൽ നോഹ ഹരാരി നിർമിത ബുദ്ധി മനുഷ്യരാശിക്ക് സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ലേഖകൻ ഹരാരിയുടെ സിദ്ധാന്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന പ്രബുദ്ധ സംഘത്തിന്റെ ഭാഗമല്ല. എ.ഐ ഈ തലമുറയിൽ ചെലുത്തുന്ന സ്വാധീനം പൂർണമായി വിലയിരുത്താനുള്ള അക്കാദമിക വൈദഗ്ധ്യവും എനിക്കില്ല. എങ്കിലും ഫിലിപ്പിന്റെയും കൃഷ്ണയുടെയും നിരീക്ഷണങ്ങൾ എന്നിലും പ്രതിധ്വനിക്കുന്നു: ക്ലാസുകൾക്കിടയിലും വിദ്യാർഥികൾ ഫോണിലൂടെ സ്ക്രോൾ ചെയ്യുന്നത് ഒരു അധ്യാപകൻ എന്ന നിലയിൽ, ഞാനും ശ്രദ്ധിക്കാറുണ്ട്. ഈ ഉപകരണങ്ങളിൽ നിന്ന് ഒഴുകുന്ന വിവരങ്ങളും ഡേറ്റയും അവർ എങ്ങനെയാണ് പ്രോസസ് ചെയ്യുന്നത്? ഇന്റർനെറ്റും എ.ഐയും അവരുടെ മനസ്സിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? സ്മാർട്ട്ഫോൺ ഉപയോഗം ഇന്ന് സാർവത്രികമാണ്. ഈ ഭ്രമം എത്രകാലം നിലനിൽക്കും? മനുഷ്യചരിത്രം കടന്നുപോകുന്ന ഒരുഘട്ടം മാത്രമാണോ ഇത്, അതോ മനുഷ്യ മനസ്സിന്റെ രീതികളെ എന്നെന്നേക്കുമായി മാറ്റുന്ന ഒന്നോ?
പഴയ സ്കൂൾ സുഹൃത്ത് രമേശിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ അവൻ ചോദിച്ചു, ‘‘എന്തിനാണ് ബംഗാളിൽ ബാബറിന്റെ പേരിൽ മറ്റൊരു പള്ളി വരുന്നത്? അയോധ്യയിലെ ബാബറി മസ്ജിദിനെച്ചൊല്ലിയുള്ള തർക്കങ്ങളിൽ നിന്ന് നമ്മൾ ഇനിയും മുക്തരായിട്ടില്ല. പിന്നെയും എന്തിനാണ് ബാബറിന്റെ പേരിൽ ഒന്ന്?’’ 1970കളിൽ ദ്രോണാചാര്യ സ്കൂളിൽ ഞങ്ങളെ പഠിപ്പിച്ച വിശ്വപ്രകാശ് വർമ എന്ന അധ്യാപകനെ സന്ദർശിക്കാൻ പുറപ്പെട്ടതാണ് ഞങ്ങൾ. ഒരു വാഗ്വാദത്തിന് താൽപര്യമില്ലാത്തതിനാൽ ഞാൻ വിഷയം മാറ്റി.
പട്നയിൽ നടന്ന ഒരു ചടങ്ങിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു മുസ്ലിം വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് വെറുമൊരു നിസ്സാര സംഭവമെന്നാണ് കൃഷ്ണ പ്രതികരിച്ചത്.
‘‘നിതീഷ് ഞങ്ങൾക്ക് ചെയ്തത് നല്ല കാര്യങ്ങളാണ്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് എന്റെ അക്കൗണ്ടിൽ 10,000 രൂപ വന്നു. സ്കൂളിൽ പഠിക്കുന്ന മകൻ കുറെ കാലമായി ഒരു മൊബൈൽ ഫോണിനായി നിർബന്ധം പിടിക്കുകയായിരുന്നു. ആ പണം കൊണ്ട് അത് സാധിച്ചുകൊടുക്കാനായി’’-എന്റെ അമ്മയെ വീട്ടുജോലികളിൽ സഹായിക്കുന്ന സ്ത്രീ പറഞ്ഞു. കൃഷ്ണയും ദരിദ്ര കർഷകനായ ഇസ്രായേൽ മിയയും ആ നിഖാബ് സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അർഥമില്ലെന്നാണ് വിശ്വസിക്കുന്നത്. ഉഴുതുമറിച്ചിട്ട വയലുകൾക്കപ്പുറം ഒരു മാന്തോപ്പിൽ നാല് യുവാക്കൾ മൊബൈൽ സ്ക്രീനുകളിൽ കണ്ണുനട്ട് ഇരിക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോൾ അമ്മ ഒരു പെൺപ്രാവിന്റെയും മോഷ്ടിക്കപ്പെട്ട മുട്ടകളുടെയും കഥ പറഞ്ഞു.
മുറ്റത്തെ ചെടികൾക്കിടയിൽ ഒരു ശാന്തമായ മൂലയിലാണ് ആ പ്രാവ് മുട്ടയിട്ട് അടയിരുന്നത്. ആഹാരം തേടി അവൾ പുറത്തുപോകുമ്പോൾ ആൺപ്രാവ് മുട്ടകൾക്ക് കാവലിരിക്കും. എന്നാൽ, ഒരു ദിവസം രാവിലെ അമ്മ രാമചരിതമാനസം വായിച്ചുകൊണ്ടിരിക്കെ അയൽപക്കത്തെ ഒരു യുവാവ് ആ മുട്ടകൾ മോഷ്ടിച്ചു. ‘‘അവ വിരിയാറായതായിരുന്നു’’ അമ്മ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. ‘‘നീ ജനിച്ചപ്പോൾ എനിക്കുണ്ടായ അതേ സന്തോഷം ആ അമ്മപ്രാവിനും ലഭിക്കേണ്ടതായിരുന്നു. പക്ഷേ, ആ ദുഷ്ടൻ അത് കെടുത്തിക്കളഞ്ഞു. ഭഗവാൻ ഒരിക്കലും അവനോട് പൊറുക്കില്ല.’’
മേൽക്കൂരയിൽനിന്ന് ആ പ്രാവിന്റെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.‘‘എല്ലാ ദിവസവും രാവിലെ അവൾ ആ ശൂന്യമായ കൂട്ടിലേക്ക് മടങ്ങിവരും, എന്നിട്ട് കരയും’’- അമ്മ എനിക്ക് ചായ തരുന്നതിനിടെ പറഞ്ഞു. ഞാൻ അത് ശ്രദ്ധയോടെ കേട്ടതിൽ അമ്മക്ക് ആശ്വാസമായി. അയൽക്കാർക്കും ഗ്രാമവാസികൾക്കും അമ്മയെ വലിയ ബഹുമാനമാണ്. പക്ഷേ, പ്രാവിന്റെ കഥ പറയാൻ ശ്രമിക്കുമ്പോൾ അവരത് നിസ്സാരമായി കാണുകയാണ് പതിവ്. പ്രാവ് നേരിട്ട സങ്കടം അമ്മക്ക് വല്ലാത്ത വിഷമമാണ്; കൈയിലിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ലോകത്തിന് ചുറ്റും നടക്കുന്ന പലതും കാണുന്ന അയൽവാസികൾക്ക് അതൊരു നിസ്സാര കാര്യവും. വിദേശത്തുള്ള മക്കളുമായും പേരക്കുട്ടികളുമായും സംസാരിക്കാൻ മാത്രം ഉപയോഗിക്കുന്ന, ചതവുകൾ വീണ ഒരു പഴയ ബട്ടൺ ഫോണാണ് അമ്മയുടേത്.
ഡൽഹിയിൽ തിരിച്ചെത്തി ഈ കോളം എഴുതാനായി സമകാലിക കാര്യങ്ങൾ പരതവേ, നിതീഷ് കുമാർ യുവ വനിതാ ഡോക്ടറെ അപമാനിച്ചതിനെയും, മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ രോഷാകുലയായ ഡോക്ടർ അദ്ദേഹം നൽകിയ ജോലി നിരസിച്ചതിനെയുമൊക്കെപ്പറ്റിയുള്ള ചർച്ചകളാൽ ബഹളമയമായിരുന്നു യൂട്യൂബും വാർത്താ ചാനലുകളും.
ബിഹാർ മുഖ്യമന്ത്രിയുടെ ചെയ്തിയെക്കുറിച്ച് അദ്ദേഹത്തിന്റെ അനുയായികളും എതിരാളികളും തമ്മിലെ തർക്കം തുടരുകയാണ്. ‘‘ഇത് ഇപ്പോൾ ഒരു ആഗോള പ്രശ്നമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ നിതീഷിന്റെ പ്രവൃത്തിയെ അപലപിക്കുന്നു’’-ഞങ്ങളുടെ കാമ്പസിലെ ഒരു ബിരുദാനന്തര ബിരുദ വിദ്യാർഥി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.