ബ്രെക്സിറ്റ്: യൂറോപ്യന്‍ വസന്തത്തിന്‍െറ തുടക്കം?

യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്ന് 1992 ഫെബ്രുവരി ഏഴിന് ഒപ്പുവെച്ച  മാസ്ട്രിച് ഉടമ്പടിയിലൂടെ നിലവില്‍ വന്ന സംഘരാഷ്ട്ര സംവിധാനമാണ് യൂറോപ്യന്‍ യൂനിയന്‍. ഈ രാഷ്ട്രകൂട്ടായ്മയുടെ പൊതു കറന്‍സിയായി 2002ല്‍  യൂറോയും ഉദയംചെയ്തതോടെ  യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക-രാഷ്ട്രീയ സംവിധാനമായി യൂറോപ്യന്‍ യൂനിയന്‍ വളര്‍ന്നു. ആദ്യ ഘട്ടത്തില്‍ 19 രാജ്യങ്ങള്‍  പൊതു കറന്‍സിയിലേക്ക് നീങ്ങിയെങ്കിലും ബ്രിട്ടനും ഡെന്മാര്‍ക്കും ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍  സാവധാനം പൊതു നാണയ സംവിധാനത്തിലേക്ക് വരാമെന്നായിരുന്നു ധാരണ. ഒരു രാഷ്ട്രം എന്നരീതിയില്‍ പരിഗണിക്കുമ്പോള്‍ ലോകത്തിലെ  ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായിരുന്നു  യൂറോപ്യന്‍ യൂനിയന്‍േറത്.

യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) എന്ന  രാഷ്ട്രസംഘത്തിലെ 50 കോടിയോളം വരുന്ന പൊതുപൗരന്മാര്‍ക്ക് യൂനിയനിലെവിടെയും സഞ്ചാരസ്വാതന്ത്ര്യം ഉണ്ടെന്നതു പോലെ സ്വതന്ത്രമായ ചരക്കുനീക്കവും ധനവിനിമയവും അനുവദിച്ചുകൊണ്ട് എല്ലാ അംഗരാജ്യങ്ങള്‍ക്കും ബാധകമാകുന്ന പൊതു വ്യാപാരനയത്തിലൂടെ ഏകീകൃത കമ്പോളവ്യവസ്ഥിതിയാണ് നിലനിന്നിരുന്നത്. എന്നാല്‍, ഈ ആനുകൂല്യങ്ങള്‍ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായി മാറുന്നു എന്ന പ്രചാരണത്തില്‍  നിന്നാണ്  ബ്രിട്ടനിലെ ഭൂരിപക്ഷം പേര്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്ത്  ബ്രെക്സിറ്റാവാന്‍ തീരുമാനിച്ചത്.    

നേരത്തേ യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായി ബ്രിട്ടന്‍ മാറിയതോടെ യൂനിയനിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ ആളുകള്‍ ബ്രിട്ടനിലേക്ക് കുടിയേറിയതും കാര്‍ഷിക-മത്സ്യ ബന്ധന മേഖലകളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ ബലികഴിച്ച് പൊതുനയം സ്വീകരിച്ചതുമെല്ലാം ബ്രിട്ടന് തിരിച്ചടിയായി മാറി എന്നൊക്കെയാണ്  ബ്രക്സിറ്റിന് അനുകൂലമായി പ്രചരിച്ച കാരണങ്ങള്‍. കൂടാതെ, യൂനിയനില്‍ ചേരാതെ മാറിനിന്ന സ്വിറ്റ്സര്‍ലന്‍ഡും നോര്‍വേയും സ്വതന്ത്രമായ നയതീരുമാനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും യൂറോപ്പിലെ അതിസമ്പന്ന രാജ്യങ്ങളായി തുടരുന്നു എന്നതും ബ്രെക്സിറ്റിനു പിന്തുണ കിട്ടാന്‍ കാരണമായി. ഒടുവില്‍ ഒരു കൂട്ടുരാഷ്ട്ര സംവിധാനത്തില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതോടെ ഇനിയുള്ള നാളുകള്‍ യൂറോപ്യന്‍ യൂനിയന്‍െറയും ബ്രിട്ടന്‍െറയും  നേതാക്കള്‍ തമ്മില്‍ അതുസംബന്ധിച്ച വ്യവസ്ഥകളില്‍ ധാരണയിലെത്തേണ്ടതുണ്ട്. ബ്രിട്ടന്‍െറ സമ്പദ്വ്യവസ്ഥയെയും കുടിയേറ്റ നിയമങ്ങളെയുമെല്ലാം അത് ബാധിക്കുമ്പോള്‍  ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അതിന്‍െറ പ്രതിഫലനം ഇപ്പോഴുണ്ടായതിനേക്കാള്‍ കൂടുതല്‍ പ്രതികൂലമായി  അനുഭവപ്പെട്ടേക്കും. ഇപ്പോള്‍തന്നെ ബ്രിട്ടീഷ് പൗണ്ട് 31 വര്‍ഷത്തിനുശേഷമുള്ള ഏറ്റവും താഴ്ചയിലത്തെിയത് ലോക സമ്പദ്വ്യവസ്ഥയെ  ആടിയുലച്ചിരിക്കുകയാണ്. ഇത് ആഗോള ഓഹരിവിപണിയിലും നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായതുകൊണ്ട് ഗുണം ലഭിച്ചിരുന്നത് വന്‍ കിട കുത്തകകള്‍ക്കും ലോകത്തിലെ വന്‍ സമ്പന്നര്‍ക്കുമായിരുന്നു എന്ന വാദത്തെ ശരിവെക്കുന്ന വിവരങ്ങളാണ്  സാമ്പത്തിക മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബ്രെക്സിറ്റാവാനുള്ള ബ്രിട്ടീഷ് ജനഹിതം പുറത്തുവന്നതോടെ ലോകത്തിലെ നാനൂറോളം അതിസമ്പന്നര്‍ക്ക് മൊത്തം 127.4 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുകയുണ്ടായി. കോടിപതികളുടെ മൊത്തം ആസ്തിയുടെ 3.2 ശതമാനത്തോളം വരുമിതെന്നാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ നഷ്ടം (ആറ് ബില്യണ്‍ ഡോളര്‍) സംഭവിച്ചിരിക്കുന്നത് ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായ  ഫാഷന്‍വസ്ത്ര വ്യവസായിയായ സ്പെയിന്‍കാരന്‍ അമാന്‍സിയോ ഒര്‍ട്ടേഗക്കാണ്. ഒരു ബില്യണിലധികം നഷ്ടപ്പെട്ട ഒമ്പതു പേരില്‍ ബില്‍ ഗേറ്റ്സും ഉള്‍പ്പെടും. ബ്രിട്ടന്‍ പഴയതുപോലെ ഇനി സമ്പന്നര്‍ക്ക്  ‘സേഫ് ഹെവന്‍ ‘ആയിരിക്കില്ളെന്ന് ചുരുക്കം.

യു.എസ് സാമ്പത്തികവ്യവസ്ഥയെയും  ബ്രെക്സിറ്റ് ദോഷകരമായി ബാധിക്കുമെന്നാണ്  കരുതുന്നത്. ബ്രെക്സിറ്റ് വാര്‍ത്ത പുറത്തുവന്ന ദിവസം ബ്രിട്ടീഷ് പൗണ്ടിനെതിരെ യു.എസ് ഡോളര്‍ 6.3 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 50 വര്‍ഷത്തിനിടയില്‍ ഒരു ദിവസംകൊണ്ടുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്.ഇത് അമേരിക്കയുടെ ഉല്‍പാദനരംഗത്ത് മാന്ദ്യത്തിന് കാരണമായേക്കും. കയറ്റുമതിയെ ആശ്രയിച്ചാണ് യു.എസ് വ്യാപാരം പ്രധാനമായും മുന്നോട്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം യു.എസ് ഡോളറിന്‍െറ മൂല്യം വര്‍ധിച്ചപ്പോള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂടിയതു കാരണം വ്യാപാരരംഗത്ത് മാന്ദ്യം അനുഭവപ്പെട്ടിരുന്നു.ഈ കാലയളവില്‍ നിര്‍മാണമേഖലയില്‍ മാത്രം യു.എസില്‍  39,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് വില കുറയുന്നത് ഫലത്തില്‍ യു.എസ് ആഭ്യന്തരവിപണിക്ക് തിരിച്ചടിയായി മാറും.     

യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തു പോകാനാഗ്രഹിക്കുന്ന അംഗരാജ്യങ്ങള്‍ക്ക് 2007ലെ ലിസ്ബണ്‍ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിച്ച് പുറത്തുപോകാം എന്ന പ്രമാണം അനുസരിച്ചാണ്  ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുന്നത്. ഇതിന് ഉടമ്പടിയില്‍ രണ്ടു വര്‍ഷത്തെ സമയപരിധി അനുവദിച്ചിട്ടുണ്ടെങ്കിലും കാത്തിരിപ്പിന്‍െറ ആവശ്യമില്ലാതെ എത്രയും വേഗം പുറത്തുപോകണമെന്ന നിലപാടാണ് യൂറോപ്യന്‍ യൂനിയന്‍ മേധാവി ഴാങ് ക്ളോഡ് ജന്‍കറിന്‍േറത്. എന്നാല്‍, പുറത്തു പോകുന്നതുമായി ബന്ധപ്പെട്ട്  50ാം പ്രമാണത്തിലെ  വ്യവസ്ഥകള്‍ക്ക് വ്യക്തത പോരാത്തതുകൊണ്ടുതന്നെ പിരിഞ്ഞു പോകല്‍ സങ്കീര്‍ണമായേക്കും. ബ്രിട്ടന്‍െറ നിലപാട് പുറത്തുവന്നതോടെ യൂറോപ്യന്‍ യൂനിയന്‍െറ നയങ്ങളില്‍ അതൃപ്തിയുള്ള, സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് പോലുള്ള രാജ്യങ്ങളിലെ ജനങ്ങളിലും  ഫ്രക്സിറ്റ്, നെക്സിറ്റ്  മുറവിളികള്‍ ഉയര്‍ന്നേക്കുമെന്നതിന്‍െറ സൂചനകള്‍ പുറത്തുവരുന്നുണ്ട്. അതിരുകളില്ലാത്ത യൂറോപ്പ് എന്ന ആഗോളീകരണ സ്വപ്നം തകര്‍ത്ത് ‘യൂറോപ്യന്‍ വസന്ത’ത്തിന്‍െറ തുടക്കമായി  ബ്രെക്സിറ്റ് പരിണമിച്ചേക്കാം. ഒരര്‍ഥത്തില്‍ അറബ് വസന്തത്തിന്‍െറ കാറ്റാണ് അഭയാര്‍ഥിപ്രവാഹം സൃഷ്ടിച്ച കുടിയേറ്റപ്രശ്നങ്ങളിലൂടെ ബ്രെക്സിറ്റിന് വേഗം കൂട്ടിയതെന്നും  പറയാം. അതുകൊണ്ടുതന്നെ യൂറോപ്പിലേക്ക്  അഭയാര്‍ഥികളുടെ കുത്തൊഴുക്ക് സൃഷ്ടിക്കപ്പെടാന്‍ കാരണമായതുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ  വിദേശനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്ക് ബ്രെക്സിറ്റ് വഴിവെച്ചേക്കും.

അടുത്ത അഞ്ചു വര്‍ഷത്തിനകം സ്കോട് ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും ബ്രിട്ടനില്‍നിന്ന് പിരിഞ്ഞുപോകുന്ന സ്ഥിതിയിലേക്ക് ബ്രിട്ടനില്‍ രാഷ്ട്രീയമാറ്റങ്ങള്‍ സംഭവിക്കാനിടയുണ്ട്. ഈ രണ്ടു പ്രവിശ്യയിലെയും ഭൂരിപക്ഷം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നാണ് വോട്ട് രേഖപ്പെടുത്തിയത്. വടക്കന്‍ അയര്‍ലന്‍ഡ് അധികം താമസിയാതെതന്നെ ബ്രിട്ടനില്‍നിന്ന് പിരിഞ്ഞ് യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായ അയര്‍ലന്‍ഡിനോട് ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.     

രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടന്‍െറ ഭാവി ഏറ്റവും വലിയ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്നത്. ബ്രെക്സിറ്റിനുവേണ്ടി പ്രചാരണം നടത്തിയവര്‍ തങ്ങളുടെ വാഗ്ദാനങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാനാകാതെ ഉള്‍വലിയുമ്പോള്‍ അവരുടെ വാക്കു കേട്ട് വോട്ട് ചെയ്തവരില്‍ പലരും  തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നോര്‍ത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഖേദപ്രകടനം നടത്തുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ്  ബ്രെക്സിറ്റ് വിഷയത്തില്‍ വീണ്ടുമൊരു ഹിതപരിശോധന വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നത്. എന്നാല്‍, ഒരു പരിവര്‍ത്തനാത്മക പ്രസ്ഥാനമായി കടന്നുവന്ന ബ്രെക്സിറ്റ് യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുമോ അതല്ല അറബ് വസന്ത വഴിയില്‍ ശിശിരത്തിന് വഴിമാറുമോ എന്നറിയാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.