ലാലീഗയിലെ ഗോളടിയില്‍ മെസ്സിക്ക് റെക്കോര്‍ഡ്‌

മഡ്രിഡ്: സ്പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ തവണ എതിരാളികളുടെ വലകുലുക്കിയ ഏകതാരം എന്ന ബഹുമതി
ബാഴ്സലോണയുടെ അ൪ജൻറീനിയൻ താരകം ലയണൽ മെസ്സിക്ക് സ്വന്തം. സെവിയക്കെതിരെ നടന്ന ലാ ലിഗ പോരാട്ടത്തിൽ ഹാട്രിക് നേട്ടത്തിനൊപ്പമാണ് മെസ്സി റെക്കോഡ് ഗോൾ സ്കോറ൪ പദവി ആഘോഷിച്ചത്. അത്ലറ്റിക് ബിൽബാവോയുടെ ടെൽമോ സറയുടെ 251 ലാ ലിഗ ഗോളുകൾ എന്ന റെക്കോഡ് 253 ഗോളുകൾ എന്നാണ് മെസ്സി തിരുത്തിയെഴുതിയത്.

സൂപ്പ൪താരത്തിൻെറ റെക്കോഡ് തക൪ക്കൽ ‘പരിപാടി’യുടെ ബലത്തിൽ 5-1 നാണ് ബാഴ്സലോണ സെവിയയെ തക൪ത്തത്. 1940കളിലും 50 കളിലും നീണ്ടുനിന്ന 15 സീസണുകളിൽ 227 മത്സരങ്ങളിലാണ് ബിൽബാവോക്കായി ടെൽമോ സറ 251 ഗോളുകൾ നേടിയത്. മെസ്സിയാകട്ടെ പത്തു സീസണുകൾ പോലും പൂ൪ത്തിയാക്കുന്നതിന് മുമ്പ് കരിയറിലെ 289ാം ലീഗ് മത്സരത്തിലാണ് മെസ്സിയുടെ ചരിത്രനേട്ടം.

250 ലാ ലിഗ ഗോളുകളുമായി മത്സരം ആരംഭിച്ച മെസ്സി, 21ാം മിനിറ്റിൽ അസ്സലൊരു ഫ്രികിക്കിലൂടെയാണ് സറയുടെ റെക്കോഡിന് സമമത്തെിയത്. ഈ ഗോളിൽ കുറിച്ച 1-0 ത്തിൻെറ ലീഡിനൊപ്പം ബാഴ്സ ആദ്യ പകുതി അവസാനിപ്പിച്ചപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ജോ൪ദി ആൽബയുടെ സെൽഫ് ഗോളിൽ (47) സെവിയ സമനില പിടിച്ചത് അവ൪ക്ക് തിരിച്ചടിയായി. എന്നാൽ, രണ്ടു മിനിറ്റുകൾക്കകം, ബ്രസീലിയൻ താരം നെയ്മ൪ ബാഴ്സയെ തിരിച്ചുകൊണ്ടുവന്നു. സാവിയുടെ ഫ്രികിക്കിൽനിന്ന് നെയ്മറുടെ ഹെഡ൪ മറുപടി(2-1). 65ാം മിനിറ്റിൽ, കളി തങ്ങളുടെ കൈയിൽ സുരക്ഷിതമാക്കി, ഇവാൻ രകിടിക് സെവിയയുടെ വലയിൽ ബാഴ്സയുടെ മൂന്നാം ഗോളും എത്തിച്ചു. ലൂയിസ് സുവാറസിൻെറ തക൪പ്പനൊരു പാസാണ് രകിടിക് ഹെഡറിലൂടെ ഗോളാക്കിയത്.  


ബാഴ്സയുടെ തട്ടകമായ ന്യൂക്യാംപിൽ തിങ്ങിനിറഞ്ഞ ആരാധക൪ മെസ്സിയുടെ മാന്ത്രികസ്പ൪ശം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 72ാം മിനിറ്റിൽ നെയ്മറുടെ സഹായത്തിൽ, പന്തിനെ വലയിലത്തെിച്ച മെസ്സി സറയുടെ റെക്കോഡ് പഴങ്കഥയാക്കി. 78ാം മിനിറ്റിൽ വലതുവിങ്ങിൽ സെവിയയുടെ പ്രതിരോധം ഭേദിച്ച് കയറിയ മെസ്സി, നെയ്മറിന് നൽകിയ പാസ് തിരികെ സ്വീകരിച്ച് 20 അടി അകലെനിന്ന് തൊടുത്ത ഷോട്ട് നേരെ ചെന്നുനിന്നത് സെവിയയുടെ വലയിൽ. ഹാട്രിക് മികവിൽ സൂപ്പ൪ ഒരു റെക്കോഡ് പ്രകടനം. ബാഴ്സക്ക് 5-1ൻെറ ജയവും.

റെക്കോഡ് ഭേദിച്ച് മുന്നേറിയ പ്രകടനത്തിനുശേഷം മെസ്സിയെ വായുവിലേക്കുയ൪ത്തിയെറിഞ്ഞാണ് സഹതാരങ്ങൾ ആഹ്ളാദം പങ്കുവെച്ചത്. മെസ്സിയാകട്ടെ ബാഴ്സക്കായി നേടിയ ആദ്യ ഗോളിൻെറ വിഡിയോ ഫേസ്ബുക്കിൽ ഷെയ൪ചെയ്ത് എല്ലാവ൪ക്കും നന്ദി പറഞ്ഞുകൊണ്ടാണ് റെക്കോഡ് ആഘോഷം പൂ൪ത്തിയാക്കിയത്.

ആദ്യഗോൾ നേടുമ്പോൾ ഒരു റെക്കോഡും ഭേദിക്കുമെന്ന് കരുതിയിരുന്നില്ളെന്നും ഈ നേട്ടം തനിക്കൊപ്പം നിന്ന എല്ലാവരുടേതും കൂടിയാണെന്നും താരം പറഞ്ഞു.

13ാം വയസ്സിൽ ബാഴ്സയുടെ അക്കാദമിയിൽചേ൪ന്ന് പ്രഫഷനൽ ഫുട്ബാളിൽ പിച്ചവെച്ച മെസ്സി, സറയെക്കൂടാതെ ഹ്യൂഗോ സാഞ്ചസ്(234), റൗൾ(228), ആൽഫ്രെഡോ ഡി സ്റ്റെഫാനോ(227), സീസ൪ റോഡ്രിഗസ്(226) എന്നീ മുൻകാല അതികായന്മാരെ പിന്തള്ളിയാണ് മുന്നേറിയത്.

യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോഡ് റൗളിനൊപ്പം (71) മെസ്സി പങ്കിടുകയാണ്. ചൊവ്വാഴ്ച അപോയലിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഈ റെക്കോഡും സ്വന്തം പേരിലാക്കാനുള്ള അവസരം മെസ്സിക്കു മുന്നിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.