ചെട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ വയനാട് ചുരത്തിൽ
കൽപറ്റ: ആദ്യമായി ചുരമിറങ്ങുന്നതിന്റെ ആവേശവും ആകാംക്ഷയുമെല്ലാം ഗോത്രവിഭാഗങ്ങൾ മാത്രം പഠിക്കുന്ന ചെട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കുണ്ടായിരുന്നു. ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലാത്ത കടലും തീവണ്ടിയും വിമാനവുമെല്ലാം കാണാൻ പോകുന്നുവെന്ന് പ്രധാന അധ്യാപകൻ സലാം മാസ്റ്റർ പറഞ്ഞപ്പോൾതന്നെ സ്കൂളിലുള്ള 16 കുട്ടികളുടേയും മനസ്സിൽ കുളിരുകോരിയിരുന്നു. വനത്താൽ ചുറ്റപ്പെട്ട ചെട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികളുടെ പുറംലോകവുമായുള്ള ബന്ധം അത്രമാത്രം ശുഷ്കമായിരുന്നു.
തീവണ്ടിയെക്കുറിച്ചും കടലിനെ കുറിച്ചുമൊക്കെയുള്ള കേട്ടറിവ് പോലും പരിമിതമായിരുന്നു അവർക്ക്. കുട്ടികളെ പുറം ലോകത്തെ വിസ്മയങ്ങൾ കാണിക്കാനുള്ള സ്പോൺസർഷിപ് ഏറ്റെടുക്കാമെന്ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ അനിൽ ജേക്കബ് അറിയിച്ചതോടെ പുതുതായി സ്കൂളിലെത്തിയ ഹെഡ്മാസ്റ്ററും മറ്റ് ജീവനക്കാരും മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് കുട്ടികളെ ശനിയാഴ്ച ചുരമിറക്കി.
നിർഭാഗ്യവശാൽ വയനാടിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ വിലങ്ങായ വയനാട് ചുരം കുട്ടികളുടെ മോഹങ്ങളിലും തടസ്സം നിന്നു. ഇവരുടെ വാഹനം മൂന്നുമണിക്കൂർ ചുരത്തിലെ കുരുക്കിൽ കുടുങ്ങിയതോടെ എയർപോർട്ടും വിമാനവും കാണാനുള്ള ഭാഗ്യം ലഭിക്കാതെ പോയി. എങ്കിലും കൊയിലാണ്ടി മുതൽ തീവണ്ടിയിൽ കയറിയും കോഴിക്കോട് പ്ലാനറ്റേറിയത്തിലെ വിസ്മയങ്ങൾ തൊട്ടറിഞ്ഞും ചാലിയത്തെ ബോട്ട് സഫാരിയും കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തി മതിവരുവോളം കളിച്ചും ആസ്വദിച്ചുമാണ് അവർ ചുരം കയറിയത്.
ഗോത്രവിഭാഗങ്ങളിലെ, പ്രത്യേകിച്ച് കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുട്ടികൾ മാത്രം പഠിക്കുന്ന ചെട്യാലത്തൂർ ഗവ. എൽ.പി സ്കൂൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടാൻ ആലോചിച്ചതോടെ ഇവരുടെ വിദ്യാഭ്യാസം തുലാസിലാവുമെന്ന ആശങ്കയിൽ ഏറെ പ്രതിഷേധം ഉയർന്നു. തുടർന്നാണ് സ്കൂൾ നിലനിർത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്. ആസ്ബസ്റ്റോസ് മേൽക്കൂരയാണെന്നു കാണിച്ച് നൂല്‍പുഴ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം കെട്ടിടത്തിനു ഫിറ്റ്നസ് നിഷേധിച്ചതോടെയായിരുന്നു അടച്ചുപൂട്ടൽ ആലോചന. നൂൽപുഴ മുക്കുത്തിക്കുന്നിൽനിന്ന് മൂന്നര കിലോമീറ്റർ വനത്തിനുള്ളിലായാണ് ചെട്യാലത്തൂർ ഗ്രാമം. ഇവിടെയുള്ള കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ചെട്യാലത്തൂർ ഗവ. എൽപി സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.