മാ​ന​ന്ത​വാ​ടി​യി​ലെ ന​ഗ​ര​വ​നം

നഗരമധ്യത്തിലൊരു വനം; സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ര്‍ന്ന് മാ​ന​ന്ത​വാ​ടി​യി​ലെ ന​ഗ​ര​വ​നം

മാനന്തവാടി: പ്രകൃതിയെ അടുത്തറിയാന്‍ നഗരമധ്യത്തില്‍ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്തവിധം നഗരപരിധിക്കകത്ത് സമൃദ്ധമായ വനാനുഭവം പകരുകയാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ മാനന്തവാടിയില്‍ ഒരുക്കിയ നഗരവനം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറക്കുക, ഹരിതാഭ വർധിപ്പിക്കുക, ഉയര്‍ന്ന അന്തരീക്ഷ താപനില കുറക്കുക, വായു-ശബ്ദമലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗം കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കുക, ഭൂഗര്‍ഭ ജല സംഭരണം വർധിപ്പിക്കുക തുടങ്ങിയവയാണ് നഗരവനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

പൊതുജനങ്ങള്‍ക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം നേടാനും പദ്ധതിയിലൂടെ അവസരമൊരുക്കുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ കോമ്പൗണ്ടില്‍ ആരംഭിച്ച നഗരവനം, ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഒരു ലക്ഷത്തിലേറെ പേരാണ് സന്ദര്‍ശിച്ചത്. അക്വേറിയം, നക്ഷത്രവനം, ആന്തുറിയം കോര്‍ണര്‍, ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍, ഫേണ്‍സ്, കനോപി വാക്ക്, ഏറുമാടം, ഓക്‌സിജന്‍ പാര്‍ലര്‍, വെള്ളച്ചാട്ടം, ഊഞ്ഞാല്‍, ഫോട്ടോ പോയന്റ്, കഫ്റ്റീരീയ, ഇരിപ്പിടങ്ങള്‍, ശുചിമുറി എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വിവിധയിനം ഔഷധസസ്യങ്ങളെയും ചെറു ജീവജാലങ്ങളെയും സംബന്ധിച്ച വിവരണങ്ങള്‍, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗ്രാഫുകള്‍, വന്യമൃഗങ്ങളുടെ ശിൽപങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും നഗരവനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സന്ദര്‍ശകര്‍ക്കായി മനുഷ്യനിര്‍മിത വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്. മരങ്ങള്‍ക്കിടയിലൂടെ ഒരുക്കിയ 800 മീറ്റര്‍ നീളമുള്ള നടപ്പാത ഏറെ ആകർഷകമാണ്. പ്രകൃതിക്ക് കോട്ടം വരുത്താതെ, പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള നിർമാണ പ്രവൃത്തികളാണ് നഗരവനത്തിലുള്ളത്. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Tags:    
News Summary - A forest in the middle of the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.