പൂപ്പൊലി നികുതി വിവാദം; അമ്പലവയൽ പഞ്ചായത്ത് നിയമനടപടിക്ക്

കല്‍പറ്റ: അമ്പലവയൽ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് (ആർ.എ.ആർ.എസ്) കീഴില്‍ നടന്നുവരുന്ന പൂപ്പൊലി പുഷ്പോത്സവവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. സംസ്ഥാനത്തുതന്നെ ഏറെ ശ്രദ്ധ നേടുകയും സഞ്ചാരികളുടെ പങ്കാളിത്തം കൊണ്ട് വന്‍വിജയമാവുകയും ചെയ്ത പൂപ്പൊലിയുടെ വിനോദ നികുതിപോലും അടക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.

രണ്ടുവർഷമായി സ്വകാര്യ ഏജൻസിയാണ് പൂപ്പൊലി പുഷ്പോത്സവം നടത്തുന്നതെന്നതുകൊണ്ടുതന്നെ വിനോദ നികുതി അടക്കേണ്ടതും ഏജൻസിയാണ്. ഏജൻസിയുമായി ഗവേഷണ കേന്ദ്രം ഉണ്ടാക്കിയ കരാറിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, വിനോദ നികുതി അടക്കാതിരിക്കാൻ ആർ.എ.ആർ.എസ് അധികൃതർതന്നെ അണിയറയിൽ നീക്കം നടത്തുകയാണെന്നാണ് ആരോപണം.

കഴിഞ്ഞ കാലങ്ങളിൽ പഞ്ചായത്തിലേക്ക് നികുതി അടക്കാത്തതിനെതിരെ എൽ.ഡി.എഫ് നേതൃത്വം നൽകിയിരുന്ന മുൻ ഭരണ സമിതി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത്ര കാലമായിട്ടും പൂപ്പൊലിയുടെ വിനോദ നികുതിയില്‍ ഒരു രൂപ പോലും പഞ്ചായത്തിലേക്ക് അധികൃതര്‍ അടച്ചിട്ടുമില്ല.

2015ൽ ആരംഭിച്ച പൂപ്പൊലിയുടെ പത്താം എഡിഷനാണ് ഇപ്പോൾ നടക്കുന്നത്. യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി വന്നതോടെയാണ് പഞ്ചായത്തിന് അർഹതപ്പെട്ട വിനോദ നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലവയല്‍ പഞ്ചായത്ത് നോട്ടീസ് നൽകിയത്.

നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് ആർ.എ.ആർ.എസ് അധികൃതർക്ക് കഴിഞ്ഞ ദിവസം രണ്ടാമതും നോട്ടീസ് അയച്ചെങ്കിലും മറുപടി നൽകിയില്ല. ഇതോടെ നിയമപരമായി നടപടിക്കുള്ള തയാറെടുപ്പിലാണ് ഭരണസമിതി.

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും നികുതി അടക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഏഴ് ശതമാനമാണ് തദ്ദേശ സ്ഥാപനത്തിന് വിനോദ നികുതിയായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അടക്കേണ്ടത്. മറ്റ് പരിപാടികള്‍ നടക്കുമ്പോള്‍ ഇത്തരത്തിൽ കൃത്യമായി നികുതി അടക്കാറുണ്ട്. എന്നാൽ, സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിന് പുല്ലുവിലയാണ് കൽപിക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ഇത്തരത്തിൽ പഞ്ചായത്തിന് അർഹതപ്പെട്ട വരുമാനം നഷ്ടപ്പെടുന്നതെന്നാണ് ആരോപണം. ഓരോ വര്‍ഷത്തിലെയും പൂപ്പൊലിയുടെ വരുമാനം കണക്കാക്കിയാല്‍ നിലവില്‍ കോടിയിലധികം രൂപയാണ് അമ്പലവയല്‍ പഞ്ചായത്തിന് വിനോദ നികുതിയിനത്തില്‍ നഷ്ടമായത്. പൊതുജനങ്ങളില്‍നിന്ന് പ്രവേശനത്തിന് പണം വാങ്ങിയാണ് പരിപാടി നടത്തുന്നതെന്നതുകൊണ്ടുതന്നെ വിനോദ നികുതിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അധികൃതര്‍ക്ക് സാധിക്കില്ലെന്നും പറയപ്പെടുന്നു. അതേസമയം, സീൽപോലും ഇല്ലാത്ത ടിക്കറ്റാണ് വിൽക്കുന്നതെന്നും ഇത് അനധികൃതമാണെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രവേശന ടിക്കറ്റിന് പുറമെ മറ്റു വിനോദ പരിപാടികൾ വീക്ഷിക്കാൻ അമിത ടിക്കറ്റ് ചാർജ് ഏജൻസികൾ ഈടാക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

അതേസമയം, വിനോദ നികുതിയിൽ ഇളവ് േതടി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് ആർ.എ.ആർ.എസ് അധികൃതർ പറയുന്നത്. പൂപ്പൊലി വിനോദത്തിന് മാത്രമല്ല, കർഷകർക്ക് പുതിയ അറിവ് നേടാനും നടീൽ വസ്തുക്കൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും കൂടിയാണെന്നാണ് ഗവേഷണ കേന്ദ്രത്തിന്റെ വിശദീകരണം. വിജ്ഞാന വ്യാപനവും ഗവേഷണവുമാണ് മുഖ്യലക്ഷ്യമെന്നതിനാൽ നികുതി ഇളവിന് അർഹതയുണ്ടെന്നും ഇവർ വിശദീകരിക്കുന്നു.

Tags:    
News Summary - flower show tax controversy; Ambalavayal Panchayat to take legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.