കൃത്രിമക്കാലുമായി ഹാഷിം
കൽപറ്റ: വയനാട് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനാസ്ഥയിൽ കാലും ജോലിയും നഷ്ടമായ യുവാവിന് വാഗ്ദാനങ്ങൾ മാത്രം ബാക്കി. 2023 ഫെബ്രുവരിയിൽ വയനാട് പേര്യ ഊരാച്ചേരി ഹാഷിം മാനന്തവാടി മെഡിക്കൽ കോളജിൽ വെരിക്കോസ് വെയിനിന്റെ ശസ്ത്രക്രിയക്ക് വിധേയനായപ്പോൾ ഡോക്ടർമാർ മുറിച്ചുമാറ്റിയത് കാലിലെ രക്ത ഓട്ടത്തിനുള്ള ഞരമ്പായിരുന്നു. ഇതോടെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് മൂന്നുവർഷമായി നീതിയുടെ വാതിലുകൾ തേടി ഒറ്റക്കാലിൽ ഓഫിസുകൾ കയറിയിറങ്ങുകയാണ് ഹാഷിം. ഇതു സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഡോ. അലക്സ് ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചില്ല.
കൂടാതെ ആഭ്യന്തര വിഭാഗവും ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. വയറിങ് ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ അല്ലലില്ലാതെ കുടുംബവുമൊത്ത് ജീവിക്കുമ്പോഴാണ് ഞരമ്പ് മുറിച്ച് ഹാഷിമിന്റെ ജീവിതം നിശ്ചലമായത്. വലത്തെ കാലിന്റെ മുട്ടു മുതൽ താഴോട്ട് പൂർണമായും ചലനശേഷി നഷ്ടപ്പെട്ടതോടെ കുടുംബവും മക്കളുടെ പഠനവും ചികിത്സയും ആറുമാസം കൂടുമ്പോൾ മാറ്റേണ്ട കൃത്രിമക്കാലും വീടിന്റെ ലോണുമെല്ലാം ചോദ്യചിഹ്നമായി. കൈയബദ്ധം സംഭവിച്ച ഡോക്ടർമാർ ഹാഷിമിന് നൽകിയ സഹായ വാഗ്ദാനത്തിൽ വിശ്വസിച്ച് ആ സമയത്ത് കേസിന് പോലും പോയില്ല. എല്ലാം ഒതുങ്ങിയപ്പോൾ ഡോക്ടർമാരും കൈയൊഴിഞ്ഞു.
ഓപറേഷന് മുമ്പ് ഹാഷിം എഴുതിയ പി.എസ്.സിയുടെ ഡ്രൈവർ കം ഓഫിസ് അറ്റൻഡർ പരീക്ഷയിൽ അഞ്ചാം റാങ്കുണ്ടായിരുന്നു. കാല് നഷ്ടമായതോടെ ഫിറ്റ്നസില്ലാതെ പി.എസ്.സിയുടെ പടിക്കും ഹാഷിം പുറത്തായി. തുടർന്നാണ് മുഖ്യമന്തി ഉൾപ്പടെയുള്ളവരുടെ മുമ്പിൽ നീതിക്ക് വേണ്ടി ഹാഷിം എത്തിയത്. എന്നാൽ, അന്വേഷണവും നടപടിക്രമങ്ങളുമൊക്കെയായി മൂന്ന് വർഷമായി ചുവപ്പുനാടയിൽ വിശ്രമത്തിലാണ് ഹാഷിമിന്റെ ജീവിതം.
അനാസ്ഥയുടെ ഇരയായ തനിക്കും കുടുംബത്തിനും ജീവിക്കാൻ ഒരു ജോലിയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നരക്കാലുമായി ഹാഷിം മുട്ടാത്ത വാതിലുകളില്ല. നടപടിക്രമങ്ങളുടേയും സിസ്റ്റത്തിന്റെയും അന്വേഷണ റിപ്പോർട്ടുകളുടേയും കാലതാമസം പറഞ്ഞ് സ്ഥലം എം.എൽ.എകൂടിയായ മന്ത്രി ഉൾപ്പെടെയുള്ളവർ കൈമലർത്തുകയാണിപ്പോൾ. നീതിക്കു വേണ്ടി ഇനി മുട്ടാൻ വാതിലുകളൊന്നും ബാക്കിയില്ലെന്നാണ് ഹാഷിം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.