മന്ത്രിയുടെ ഉറപ്പും പാഴ്വാക്കായി; കമീഷണര്‍ക്ക് സ്ഥലംമാറ്റം

കൊല്ലം: ആഭ്യന്തരമന്ത്രിയുടെ പ്രശംസയും ഉറപ്പും പാഴ്വാക്കായി; സിറ്റി പൊലീസ് കമീഷണര്‍ക്ക് സ്ഥലംമാറ്റം. ഓപറേഷന്‍ കുബേരയില്‍ സംസ്ഥാനത്തെ നമ്പര്‍ വണ്‍ പ്രവര്‍ത്തനമാണ് കൊല്ലത്തേതെന്ന് മന്ത്രി രമേശ് ചെന്നിത്തല പരസ്യമായി പ്രശംസിച്ചിരുന്നു. ഉദ്യോഗക്കയറ്റത്തോടൊപ്പമുള്ള സ്ഥലംമാറ്റമല്ലാതെ ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനമുണ്ടാകില്ളെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പ്രശംസയും ഉറപ്പും നല്‍കിയിട്ട് അധിക കാലമൊന്നും ആകാതിരിക്കെയാണ് കമീഷണര്‍ ദേബേഷ്കുമാര്‍ ബഹ്റയെ പൊലീസ് ആസ്ഥാനത്തേക്ക് എ.ഐ.ജിയായി സ്ഥലംമാറ്റിയത്.

ഓപറേഷന്‍ കുബേരയില്‍ മാത്രമല്ല, മണ്ണ്-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയും മുഖംനോക്കാതെയുള്ള നടപടികളാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്. ഓപറേഷന്‍ കുബേരയില്‍ ആഭ്യന്തരമന്ത്രിയുടെ ഗ്രൂപ്പുകാരനെ അറസ്റ്റ് ചെയ്തതും കമീഷണറുടെ ഇടപെടലിലൂടെയായിരുന്നു. ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളോട് കോണ്‍ഗ്രസിലെതന്നെ വലിയ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍തന്നെയാണ് തന്‍െറ അപ്രിയം പരസ്യമായി പ്രകടിപ്പിച്ചത്. അന്നൊക്കെ കമീഷണര്‍ക്ക് പിന്തുണയുമായി നിന്ന മന്ത്രിതന്നെ ഒടുവില്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞെന്ന സൂചനയാണ് സ്ഥലംമാറ്റത്തോടെ ഉണ്ടാകുന്നത്. ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപടിക്ക് വിധേയരായ കോണ്‍ഗ്രസുകാരില്‍ ഏറെയും ആഭ്യന്തരമന്ത്രിയുടെ ഗ്രൂപ്പുകാരുമായിരുന്നു.

സേഫ് കാമ്പസ് പദ്ധതിയടക്കം നിരവധി സംരംഭങ്ങളാണ് കമീഷണറുടെ മുന്‍കൈയില്‍ നഗരപരിധിയില്‍ നടപ്പാക്കിയിട്ടുള്ളത്. സിറ്റി പൊലീസുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളുള്‍ക്കൊള്ളുന്ന വെബ്സൈറ്റാണ് ഇതില്‍ അവസാനത്തേത്. കുബേരയുടെ ഭാഗമായി പ്രമുഖ ചിട്ടിഫണ്ട് സ്ഥാപനങ്ങളിലടക്കം പരിശോധന നടത്താനും കമീഷണര്‍ തയാറായിരുന്നു.

ബ്ളാക്മെയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആള്‍മാറാട്ടം നടത്തി പണം തട്ടിയതിന് റുക്സാനക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയും പലരുടെയും അതൃപ്തിക്കിടയാക്കിയിരുന്നു. സ്റ്റേഷന് പുറത്ത് കാശ് വാങ്ങി ഈ കേസ് ഒത്തുതീര്‍പ്പാക്കിയതുമായി ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണപരിധിയില്‍ പെട്ടിരുന്നു. കൊല്ലം കമീഷണറായി ചുമതലയേറ്റ് രണ്ടു വര്‍ഷവും അഞ്ചു മാസവും പിന്നിടുമ്പോഴാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്.

സിറ്റി പൊലീസ് കമീഷണറുടെ സ്ഥലംമാറ്റത്തില്‍ അസ്വാഭാവികതയൊന്നുമില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പൊലീസ് മേധാവിമാരെ മാറ്റാറുണ്ട്.

രണ്ടരവര്‍ഷം കഴിഞ്ഞതിനാലാണ് കൊല്ലത്തോടൊപ്പം തൃശൂര്‍ പൊലീസ് മേധാവിയെയും സ്ഥലംമാറ്റിയത്.

ദേബേഷ്കുമാര്‍ ബഹ്റ മികച്ച സേവനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹത്തിന്‍െറ സാന്നിധ്യം കുബേര ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മികച്ച മുതല്‍ക്കൂട്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.