അന്യ രാജ്യങ്ങളിൽ നിന്നും കളിക്കാരോടൊപ്പം പരിശീലകരും വന്നു നിറയുന്നതോടെ ഇന്ത്യൻ കായികരംഗം രക്ഷപ്പെടുമോ?
കളികളിൽ പലതിലും മിടുക്ക് വിദേശ രാജ്യങ്ങൾക്കാണെങ്കിലും ഇന്ത്യൻ കായിക മുന്നേറ്റത്തിന് സഹായകമാകുക വിദേശങ്ങളിൽ നിന്നുള്ള പരിശീലകരെ ഇറക്കുമതി ചെയ്യലാണെന്നത് മിഥ്യാധാരണയല്ലേ?
കഴിഞ്ഞ ഫുട്ബാൾ ഐ ലീഗിൽ മത്സരിച്ചിരുന്ന ടീമുകളിൽ പകുതിയുടെയും പരിശീലക൪ വിദേശീയരാണ്. പക്ഷെ കിരീടം തലയിലേറ്റാൻ അവ൪ പരിശീലിപ്പിച്ച ക്ളബുകൾക്കൊന്നും സാധിച്ചില്ല; വിദേശ താരങ്ങൾ ഒരുപാടു പേ൪ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞ് ഗോളടി വിദഗ്ധരായി ഇറങ്ങിയിട്ടും.
വിദേശ പരിശീലകരെ കൊണ്ടുവന്നിട്ടും വിദേശ കളിക്കാ൪ പണമെറിഞ്ഞു വാരി വിതറിയിട്ടും കൊൽക്കത്ത ക്ളബുകൾക്ക് ഐ-ലീഗ് കിരീടം തൊടാൻ പോലും കഴിഞ്ഞില്ല എന്നത് കഴിഞ്ഞ ആറു വ൪ഷവും കിരീടം ഗോവയിൽ തന്നെ ആയിരുന്നു എന്ന ചരിത്രം ചൂണ്ടിക്കാട്ടുന്നു. ഡെംപോ മൂന്നു തവണ, ച൪ച്ചിൽ രണ്ട്, സൽഗോക്ക൪ ഒന്ന്. ഐ -ലീഗിൽ പത്ത് ടീമിൽ ആറും ഇടക്കുവെച്ച് കോച്ചുകളെ മാറ്റിയപ്പോഴും അന്തിമ വിജയം ഇന്ത്യക്കാരൻ പരിശീലിപ്പിച്ച ച൪ച്ചിൽ ബ്രദേഴ്സിനായിരുന്നല്ലോ.
ജോൺ റൈറ്റ്, ഗ്രെഗ് ചാപ്പൽ, ഗാരി ക്രിസ്റ്റൺ എന്നീ മൂന്നു വിദേശികളെ 13 കൊല്ലത്തിനിടയിൽ പരീക്ഷിച്ച ഇന്ത്യൻ ക്രിക്കറ്റ്, ഡങ്കൺ ഫ്ളെച്ചറിൽ വിശ്വാസം പുതുക്കി നിശ്ചയിച്ചത്. ടി -ട്വൻറിയിലെ കടുത്ത പരാജയത്തിന് ശേഷം ഭാഗ്യ രൂപത്തിൽ ലഭിച്ച ഏതാനും വിജയങ്ങളുടെ പശ്ചാത്തലത്തിലാണ്. പരിശീലകനായി വലിയ വില കൊടുത്തു കൊണ്ടുവന്ന മൈക്കിൾ നോബ്സ് ഇന്ത്യൻ ഹോക്കിയെ കുളിപ്പിച്ച് കിടത്തിയത് കഴിഞ്ഞ വ൪ഷമായിരുന്നല്ലോ.
ടെറി വാൾഷ്, റിക്ക് ചാൾസ്വ൪ത്ത്, ജോസ് ബ്രാസ, പോൾ ലിസക്ക്, റോളണ്ട് ഓൾട്ട്മാൻസ് എന്നിവ൪ പ്രഗത്ഭമതികളായ കോച്ചുകളാണെന്ന കാര്യത്തിൽ സംശയമില്ല. അവരുടെ പരിശീലനവും നമ്മുടെ കുട്ടികൾക്ക് കിട്ടിയിരുന്നു; കിട്ടേണ്ടതുമാണ്.
എന്നാൽ, വിദേശ കോച്ചുകൾക്ക് അന്തിമ ജയം കൊയ്യാൻ സാധിക്കില്ല എന്ന് ധ്യാൻചന്ദിന് ശേഷം ഇന്ത്യ കണ്ട പ്രശസ്ത ഹോക്കി മാന്ത്രികനായ മുൻ ക്യാപ്റ്റൻ ധനരാജ് പിള്ള തീ൪ത്തു പറയുന്നു. നമ്മുടെ കളിക്കാരുടെ മനസറിയാൻ അവ൪ക്ക് ആവുന്നില്ല.
1900ാമാണ്ടിൽ നോ൪മൻ പ്രിച്ചാ൪ഡ് എന്ന ബ്രിട്ടീഷുകാരൻ ഇന്ത്യക്ക് വേണ്ടി ആദ്യത്തെ ഒളിമ്പിക് മെഡൽ നേടിയപ്പോഴും (ഒന്നല്ല രണ്ട്), 1924 മുതൽ ഒളിമ്പിക്സിൽ പങ്കെടുത്തു കൊണ്ടിരുന്ന ഇന്ത്യക്ക് വേണ്ടി മഹാരാഷ്ട്രക്കാരൻ കെ.ഡി ജാദവ് 1952ൽ ഭാരോദ്വഹനത്തിൽ ആദ്യമായൊരു ഒളിമ്പിക് മെഡൽ നേടിയപ്പോഴോ ആരായിരുന്നു കോച്ചെന്നു നാം അന്വേഷിച്ചില്ല.
ഒളിമ്പിക് ഹോക്കിയിൽ ഡബിൾ ഹാട്രിക്കിന് തുടക്കംകുറിച്ചു കൊണ്ട് 1928ൽ ആംസ്റ്റ൪ഡാമിൽ ഇന്ത്യ ആദ്യത്തെ സ്വ൪ണ മെഡൽ നേടിയപ്പോഴും 2011ൽ ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും എത്രകാലം ഇന്ത്യൻ ടീം വിദേശ കോച്ചിനു കീഴിൽ പരിശീലന ക്യാമ്പിലായിരുന്നുവെന്നും നാം അന്വേഷിക്കാൻ പോയിരുന്നില്ല.
അതോടൊപ്പം മാലിക്ക് മീ൪ സുൽത്താൻ ഖാൻ എന്ന ചെറുപ്പക്കാരൻ 1929ൽ ഇംഗ്ളണ്ടിൽ ചെന്ന് ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ പരിശീലകരാരും ആ പഞ്ചാബുകാരന് ഉണ്ടായിരുന്നില്ല എന്നത് സത്യം.
അഞ്ചരയടി മാത്രം പൊക്കമുള്ള ലാഹോറുകാരൻ മുഹമ്മദ്ഗാമ (1878-1960) ഇംഗ്ളണ്ടിൽ ചെന്നു 1910ൽ ലോക ഗുസ്തി ചാമ്പ്യൻ പട്ടം എന്ന ഉയരങ്ങൾ കീഴടക്കിയപ്പോൾ ഒരു കോച്ചിൻെറ പിൻബലവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
1956ൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ഫുട്ബാളിൽ ഒളിമ്പിക്സിൻെറ സെമിഫൈനലിലെത്തിയപ്പോൾ കോച്ച് സ്ഥാനത്ത് ഹൈദരാബാദിൽ നിന്നുള്ള ആ സ്കൂൾ മാസ്റ്റ൪ എസ്.എ റഹിം ആയിരുന്നുവെന്ന് ആ മരണം നടന്നു അരനൂറ്റാണ്ടായിട്ടും നമുക്ക് മറക്കാനൊക്കില്ല. റോൺ മീഡ്സ് മുതൽ ബോബ് ഹുട്ടൺവരെ അരഡസൻ വിദേശ കോച്ചുകൾ വന്നിട്ടും തിരിച്ചു പിടിക്കാനാവാത്ത നേട്ടം.
1966ൽ ഇന്ത്യ ചരിത്രത്തിലാദ്യത്തെ ഡേവിസ് കപ്പ് ടെന്നീസ് ഫൈനൽ കളിച്ചപ്പോൾ ഇന്ത്യക്കാരൻ ആ൪.കെ. ഖന്നയായിരുന്നു കോച്ചും ക്യാപ്റ്റനും.
പ്രകാശ് പദുക്കോൺ 24ാം വയസിൽ 1980ൽ ഓൾ ഇംഗ്ളണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നേടിയപ്പോഴോ 20 വ൪ഷങ്ങൾക്ക് ശേഷം പുലേല്ല ഗോപിചന്ദ് ആ വിജയം ആവ൪ത്തിച്ചപ്പോഴോ ഒരു വിദേശി പരിശീലകനും ഒപ്പം ഇല്ലായിരുന്നു.
1987ൽ 17ാം വയസിൽ വിശ്വനാഥൻ ആനന്ദ് ലോക ജൂനിയ൪ ചാമ്പ്യൻഷിപ്പ് നേടി ചെസ് ബോ൪ഡിൽ തുടങ്ങിയ വിപ്ളവം അഞ്ച് തവണ ലോക കിരീടമാക്കി മാറ്റിയപ്പോഴും വിദേശി കോച്ചാണത് സാധിച്ചതെന്നാരും പ്രഖ്യാപനം നടത്തിയില്ല.
കോമൺവെൽത്ത് ഗെയിംസിൽ 1958ൽ ആദ്യ സ്വ൪ണം നേടിയ നമ്മുടെ പറക്കുംസിക്കായ മിൽഖാസിങ്ങിന് വിദേശ പരിശീലകനുണ്ടായിരുന്നില്ല.
നമ്മുടെ സ്വന്തം പി.ടി. ഉഷയുടെ കാര്യവും വ്യത്യസ്തമല്ല. ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ പയ്യോളി എക്സ്പ്രസ് അഞ്ച് സ്വ൪ണം നേടിയപ്പോഴോ ഒരു സെക്കൻഡിൻെറ നൂറിലൊരംശം വ്യത്യാസത്തിന് ലോസ് ആഞ്ജലസിൽ ഒളിമ്പിക് മെഡൽ നഷ്ടപ്പെടുമ്പോഴോ ഉഷയോടൊപ്പം കോച്ച്, നാട്ടുകാരനായ ഒ.എം. നമ്പ്യാ൪ തന്നെ ആയിരുന്നു.
വിദേശ പരിശീലനം കിട്ടിയിരുന്നെങ്കിൽ ഉഷയ്ക്ക് അന്ന് 400 മീറ്റ൪ ഹ൪ഡിൽസിൽ ആ നിമിഷാ൪ധത്തെ ചരിത്ര നിമിഷമാക്കാമായിരുന്നുവെന്ന നിഗമനങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും മരുന്നടി വ്യാപകമാവുന്ന കാലഘട്ടത്തിൽ വിദേശ കോച്ചുകൾ എന്തൊക്കെ ഉത്തേജക ഔധങ്ങളാണ് നമ്മുടെ താരങ്ങളുടെ ശരീരത്തിലേക്ക് കയറ്റിവിടുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.
ബീജിങ് ഒളിമ്പിക്സിലെ വെങ്കലം ലണ്ടൻ ഒളിമ്പികിസിൽ വെള്ളിയാക്കി മാറ്റിയ സുശീൽ കുമാ൪ എന്ന ഇന്ത്യൻ ഇൻറ൪നാഷനൽ കഴിഞ്ഞമാസം വെളിപ്പെടുത്തിയ നഗ്ന സത്യം അറിയുക. 2010ൽ മോസ്കോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ റഷ്യക്കാരനോട് തോറ്റ് കൊടുക്കാൻ ഇന്ത്യക്കാരുടെ വിദേശി കോച്ച് ലക്ഷങ്ങൾ തനിക്ക് ഓഫ൪ ചെയ്തു എന്നായിരുന്നു അത്.
ലണ്ടൻ ഒളിമ്പിക്സ് ക്യാമ്പിൽ നിന്നും മരുന്നടി വിവാദത്തിൽ പുറംതള്ളപ്പെട്ട സിനി ജോസ്, ടിയാന മേരി തോമസ്, ഹരികൃഷ്ണൻ എന്നിവ൪ പറഞ്ഞത് ക്ഷീണം തീ൪ക്കാനെന്ന പേരിൽ ഉക്രേനിയൻ കോച്ച് നൽകിയ ഔധമാണ് തങ്ങൾ കഴിച്ചതെന്നാണ്.
ജമൈക്കയുടെ മിന്നൽ പിണ൪ ഓട്ടക്കാരനായ അസഫാപവലും ഷെറോൺ സിംസണും ആരോപിച്ചത് മരുന്നടിക്ക് തങ്ങൾ അയോഗ്യരാക്കപ്പെട്ടത് കാനഡയിൽ നിന്ന് വന്ന കോച്ച് ക്ഷീണം തീ൪ക്കാനെന്ന പേരിൽ നൽകിയ ഉത്തേജക ഔധം കഴിച്ചതു കൊണ്ടാണെന്നായിരുന്നു.
എങ്കിൽ വിദേശ കോച്ചുകളുടെ ഘോഷയാത്ര നടത്തിയത് കൊണ്ട് മാത്രം ഇന്ത്യൻ കായികരംഗം രക്ഷപ്പെടുമോ?
ഓരോ ടീമിലും അഞ്ചുവരെ വിദേശ കളിക്കാരെ പങ്കെടുപ്പിക്കണമെന്ന് ഐ.പി.എൽ ഫുട്ബാൾ ഫോ൪മാറ്റിൽ പറയുന്നു. എങ്കിൽ അവരെ കടിഞ്ഞാണിടാൻ വിദേശ കോച്ചുകൾ തന്നെ വേണമെന്നാണ് വാദമെങ്കിൽ ബ്രസീലിൽ നിന്നുള്ള ബെറ്റോ എന്ന ഒരൊറ്റ കളിക്കാരന് 90 ലക്ഷം രൂപ ചെലവഴിച്ച ച൪ച്ചിൽ ബ്രദേഴ്സിനെപ്പോലുള്ള സമ്പന്ന ടീമുകൾ പോലും നക്ഷത്രങ്ങൾ എണ്ണേണ്ടി വരും.
ഐ ടീമിലെ ഗോളടി പട്ടികയിൽ തന്നെ ആദ്യത്തെ പത്ത് സ്കോറ൪മാരിൽ ഒരിന്ത്യക്കാരനും കയറിപ്പറ്റാൻ സാധിച്ചിരുന്നില്ല. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ ഗോളടിച്ച ശാരംഗപാണി രാമൻെറയോ, അവസാന ഗോൾ സ്കോ൪ ചെയ്ത സൈമൺ സുന്ദ൪ രാജിൻെറയോ ഹാട്രിക് നേടിയ നെവിൽ ഡിസൂസയുടെയോ നാട്ടുകാരുടെതാണ് ഈ അനുഭവം.
അപ്പോൾ ഉയരുന്ന ചോദ്യം വിദേശ കളിക്കാ൪ക്ക് പിന്നാലെ വിദേശ പരിശീലകരെയും കുത്തിനിറച്ചതു കൊണ്ട് ഇന്ത്യൻ ഫുട്ബാൾ രക്ഷപ്പെടുമോ എന്നതത്രെ.
ശേഷവിശേഷം: പാട്യാലയിലും ബംഗളൂരിലും എൻ.ഐ.എസ് കോച്ചുകളെ സൃഷ്ടിക്കുന്ന കോച്ചു ഫാക്ടറികൾ നമുക്കുണ്ടെങ്കിലും കോഴ്സ് ജയിച്ച് പുറത്തുവരുന്നവരൊക്കെയും ‘സ്ളീപ്പ൪ കോച്ചുകൾ’ ആണോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.