ശ്രീശാന്തിനെ കാണാന്‍ കെ.സി.എ സംഘം ദല്‍ഹിയില്‍

ആലപ്പുഴ: ഒത്തുകളി വിവാദത്തിൽ അറസ്റ്റിലായി തിഹാ൪ ജയിലിൽ കഴിയുന്ന ശ്രീശാന്തിനെ സന്ദ൪ശിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ ദൽഹിയിൽ. കളിക്കളത്തിലും പുറത്തും ശ്രീശാന്തിൻെറ പെരുമാറ്റത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേരളം കണ്ട മികച്ച ക്രിക്കറ്റ് താരത്തിന് കുറ്റം തെളിയുന്നതു വരെ മാനസിക പിന്തുണ നൽകണമെന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് കെ.സി.എ നടപടി.
ക്രിമിനൽ അഭിഭാഷകൻ കൂടിയായ ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത് എൻ. നായ൪, എറണാകുളത്തുനിന്നുള്ള ജയേഷ് ജോ൪ജ് എന്നിവരാണ് കെ.സി.എ പ്രതിനിധികളായി തിങ്കളാഴ്ച വൈകുന്നേരം ദൽഹിക്ക് പോയത്. ചൊവ്വാഴ്ച തിഹാ൪ ജയിലിൽ ശ്രീശാന്തിനെ കാണാനാണ് ശ്രമം. ഇതിന് കഴിഞ്ഞില്ലെങ്കിൽ കോടതിയിൽ വെച്ച് കാണും. സാകേത് കോടതി ശ്രീശാന്തിൻെറ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിൽ കിട്ടാനുള്ള ദൽഹി പൊലീസിൻെറ അപേക്ഷ തള്ളി കോടതി ശ്രീശാന്തിനെ തിഹാ൪ ജയിലിലേക്ക് അയക്കുകയായിരുന്നു. ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ശ്രീശാന്തിനെയും കൂട്ടി നാട്ടിലേക്ക് മടങ്ങാനാണ് കെ.സി.എ സംഘം ഉദ്ദേശിക്കുന്നത്.
ശ്രീശാന്ത് അറസ്റ്റിലായ ശേഷം നിയമം നിയമത്തിൻെറ വഴിക്കെന്ന നിലപാടോടെ പൂ൪ണമായും ഒഴിഞ്ഞുമാറുന്ന സമീപനമാണ് കെ.സി.എ സെക്രട്ടറി ടി.സി. മാത്യു സ്വീകരിച്ചത്. എന്നാൽ, കെണിയിൽ പെടുത്തിയതാണെന്ന് ശ്രീശാന്ത് ആവ൪ത്തിക്കുകയും കുറ്റം തെളിയിക്കുന്നതുവരെയും ആരോപണ വിധേയൻ എന്നതിനപ്പുറം കുറ്റവാളിയോടെന്നതുപോലുള്ള സമീപനം പാടില്ലെന്ന അഭിപ്രായം ശക്തമാകുകയും ചെയ്തതോടെയാണ് കെ.സി.എ നിലപാട് മാറ്റിയത്.
 അറസ്റ്റിലായ താരങ്ങൾക്ക് ഇതര സംസ്ഥാനങ്ങളൊക്കെ ശക്തമായ പിന്തുണ നൽകുന്നതും നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.