അച്ചടക്ക ലംഘനം; നാല് പ്രമുഖ താരങ്ങളെ ഓസീസ് പുറത്താക്കി

മെൽബൺ/മൊഹാലി: ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയോടേറ്റ ഇന്നിങ്സ് തോൽവിയെപ്പറ്റി വിശദീകരണം നൽകണമെന്ന കോച്ചിൻെറ നി൪ദേശം അവഗണിച്ച നാല് പ്രമുഖ താരങ്ങൾക്കെതിരെ ക്രിക്കറ്റ് ആസ്ട്രേലിയയുടെ ശിക്ഷാനടപടി. മൊഹാലിയിൽ മാ൪ച്ച് 14ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ഇവരെ കളിപ്പിക്കരുതെന്ന് അധികൃത൪ കോച്ച് മിക്കി ആ൪തറിനോട് ആവശ്യപ്പെട്ടു. വൈസ് ക്യാപ്റ്റൻ ഷെയ്ൻ വാട്സൻ, പേസ൪മാരായ ജെയിംസ് പാറ്റിൻസൺ, മിച്ചൽ ജോൺസൺ, ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജ എന്നിവ൪ക്കെതിരെയാണ് നടപടി. പ്രകോപിതനായ വാട്സൻ ഇന്ത്യാ പര്യടനം റദ്ദാക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരോട് എട്ടു വിക്കറ്റിന് തോറ്റ ഓസീസ് രണ്ടാം മത്സരത്തിൽ ഇന്നിങ്സിൻെറയും 135 റൺസിൻെറയും കനത്ത പരാജയമാണ് രുചിച്ചത്. ഹൈദരാബാദിലെ തോൽവി ഏറെ വേദനയുണ്ടാക്കിയെന്ന് ആ൪ത൪ പറഞ്ഞു. ടീമിൻെറ തിരിച്ചുവരവിന് ആവശ്യമായ മൂന്നിന നി൪ദേശങ്ങൾ തേടിയിരുന്നു. അടുത്ത രണ്ട് മത്സരങ്ങളും നേടുന്നതിന് സാങ്കേതികമായും മാനസികമായും എന്തെല്ലാം തയാറെടുപ്പ് നടത്തണമെന്ന് ഓരോരുത്തരായി അവതരിപ്പിക്കണമെന്ന് നി൪ദേശിച്ചു. നി൪ഭാഗ്യവശാൽ നാലു താരങ്ങൾ അതിനോട് മുഖംതിരിച്ചെന്ന് ആ൪ത൪ പറഞ്ഞു.
പുറത്തായവരിൽ വാട്സനും പാറ്റിൻസണും മാത്രമേ ഹൈദരാബാദിൽ കളിച്ചുള്ളൂ. ചെന്നൈ ടെസ്റ്റിലും ഖ്വാജക്കും ജോൺസണും അവസരം ലഭിച്ചിരുന്നില്ല. ഇത്തരമൊരു നടപടിയിലൂടെ കളിക്കാരെ മാറ്റിനി൪ത്തുന്നത് ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഇതാദ്യമാണ്. പരിക്കേറ്റ വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാൻ മാത്യു വെയ്ഡും മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യത കുറവായതിനാൽ വെറ്ററൻ താരം ബ്രാഡ് ഹഡിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഹഡിനടക്കം 12 പേരിൽനിന്നാണ് മൊഹാലി ഇലവനെ തെരഞ്ഞെടുക്കുക.
അതേസമയം, വാട്സൻെറ അപ്രതീക്ഷിതമായ മടക്കം ടീമിലെ അസ്വാരസ്യങ്ങൾ മൂലമാണെന്ന സംശയം ബലപ്പെടുകയാണ്. അടുത്ത മത്സരത്തിൽ കളിപ്പിക്കാതിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഇന്ത്യ വിട്ടതെന്ന വാ൪ത്തകൾ ക്രിക്കറ്റ് ആസ്ട്രേലിയ നിഷേധിച്ചു. ഭാര്യ ലീ ഫ൪ലോങ് പൂ൪ണ ഗ൪ഭിണിയായതിനാലാണ് നാട്ടിലേക്ക് പോവുന്നതെന്നാണ് വാട്സൻ നൽകിയ വിശദീകരണം. എന്നാൽ, പര്യടനം അവസാനിച്ചതിനുശേഷമാണ് ലീയുടെ പ്രസവ തീയതി. ആവശ്യമെങ്കിൽ ഏതു സമയത്തും നാട്ടിൽ പോവാൻ അധികൃത൪ ഓൾറൗണ്ട൪ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇത്ര നേരത്തേ മടങ്ങേണ്ട കാര്യമില്ലെന്നാണ് റിപ്പോ൪ട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.