കാബൂൾ: അഫ്ഗാൻ-പാകിസ്താൻ അതി൪ത്തിക്കടുത്ത അഭയാ൪ഥി ക്യാമ്പിൽ മുഹമ്മദ് ഷെഹ്സാദിന് ക്രിക്കറ്റ് കളിക്കുകയല്ലാതെ സന്തോഷകരമായി മറ്റൊന്നും ഉണ്ടായിരുന്നില്ല. പിറന്നുവീണതുതന്നെ ഖൈബ൪ പാസിന് കിഴക്കുള്ള അഭയാ൪ഥി ക്യാമ്പിലാണ്. ജലാലാബാദിനരികെയുള്ള നങ്രാഹ൪ താഴ്വരയിലായിരുന്നു കുടുംബവീട്. സോവിയറ്റ് അധിനിവേശം ജീവിതത്തിനുമേൽ ഇരുൾപരത്തിയ നാളുകളിലാണ് പെഷാവറിൽ അതി൪ത്തിക്കടുത്ത ക്യാമ്പിലേക്ക് മാതാപിതാക്കളുടെ ജീവിതം പറിച്ചുനടുന്നത്. ദുരിതപൂ൪ണമായ ജീവിത സാഹചര്യങ്ങളിൽനിന്ന് ക്രിക്കറ്റിലേക്ക് ഗാ൪ഡെടുത്ത് ഷെഹ്സാദ് വള൪ന്നത് സ്വപ്നലോകത്തേക്കായിരുന്നു. രാജ്യത്തിനുവേണ്ടി കളിക്കണമെന്ന അതിയായ മോഹം മനസ്സിൽ കൊണ്ടുനടന്ന ഈ വലങ്കയ്യൻ വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാൻ ഇന്ന് അഫ്ഗാനിസ്ഥാൻെറ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ്.
കുഞ്ഞുന്നാളിൽ പിച്ചവെച്ചു വള൪ന്ന ക്യാമ്പിൽ, ക്രിക്കറ്റ് കളിച്ചു വള൪ന്ന ബാല്യത്തിൽ ഷെഹ്സാദിന് പരിചിതമായിരുന്നത് പാകിസ്താനി ക്രിക്കറ്റ് താരങ്ങളെയാണ്. ഇംറാൻ ഖാനും ജാവേദ് മിയാൻദാദും മനസ്സിലാവേശിച്ച നാളുകളിൽ റഷീദ് ലത്തീഫിനോടും മോയിൻ ഖാനോടും ഇഷ്ടം തോന്നിയത് വിക്കറ്റ് കീപ്പറുടെ ഗ്ളൗസിനോടുള്ള താൽപര്യം കൊണ്ടുതന്നെയായിരുന്നു.
തെരുവിൽ പ്ളാസ്റ്റിക് ട്രോഫിക്കുവേണ്ടി, റബ൪ പന്തു കൊണ്ട് ക്രിക്കറ്റ് കളിച്ചുനടന്ന പയ്യൻ, രണ്ടു കുപ്പായങ്ങളുടെ പുറത്ത് ‘മോയിൻ’ എന്നും ‘ലത്തീഫ്’ എന്നും എഴുതിപ്പിടിപ്പിച്ചു. പഠനത്തിൽ ശ്രദ്ധിക്കാനുള്ള മാതാപിതാക്കളുടെ ആജ്ഞകളെ വെട്ടിയൊഴിഞ്ഞ് ക്രീസിൽ കളിച്ചുതിമി൪ത്തു. ആറു വയസ്സുമുതൽ ക്രിക്കറ്റിനെ പ്രണയിച്ച ജീവിതത്തിൽ ഉറക്കത്തിൽപോലും കളിയെക്കുറിച്ച ചിന്തകളായിരുന്നെന്ന് സ്വതസ്സിദ്ധമായ പുഞ്ചിരിയോടെ ഷെഹ്സാദ് പറയുന്നു. കളിക്കാത്തപ്പോഴും ഗ്ളൗസ് ധരിച്ചുനടന്ന കുട്ടിക്കാലം കളിയോടുള്ള താൽപര്യത്തിൻെറ സാക്ഷ്യപത്രമായിരുന്നു.
ജന്മനാടിൻെറ മികച്ച താരമായി മാറുകയെന്ന മോഹവുമായി നടന്ന ഷെഹ്സാദിനെ അലട്ടിയത് അതെങ്ങനെ സാധ്യമാകുമെന്ന ചോദ്യമായിരുന്നു. ‘ജീവിതത്തിൽ എൻെറ സാധ്യതകൾ പരിമിതമായിരുന്നു. ക്രിക്കറ്റിനൊപ്പമുള്ള ജീവിതപ്രയാണം അറിയപ്പെടാത്ത ദിശയിലേക്കുമായിരുന്നു.’- ഷെഹ്സാദ് പറയുന്നു.
മാതാപിതാക്കളുടെ എതി൪പ്പ് പതിയെ മാറി. പുസ്തകങ്ങൾക്കൊപ്പം നടക്കാത്ത മകനെ ക്രിക്കറ്റിനൊപ്പം വിഹരിക്കാൻ അവ൪ അനുവദിച്ചു. കളിയുടെ ഉന്നത വഴികളിലൂടെ സഞ്ചരിച്ച് ഷെഹ്സാദ് ആശിച്ച ഉയരങ്ങളിലെത്തുകയായിരുന്നു പിന്നെ.
2009ലാണ് അഫ്ഗാൻ ടീമിൽ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുന്നത്. ആഗസ്റ്റ് 30ന് ആംസ്റ്റൽവീനിൽ നെത൪ലൻഡ്സിനെതിരെയായിരുന്നു ആദ്യമത്സരം. ഏകദിനത്തിൽ 21 കളികളിൽ 743 റൺസടിച്ച ഷെഹ്സാദ് അഫ്ഗാൻ ബാറ്റ്സ്മാന്മാരിൽ റൺവേട്ടയിൽ ഒന്നാമനാണ്. ശരാശരിയിലും (37.15 ) ഈ ഓപണിങ് ബാറ്റ്സ്മാനാണ് ഒന്നാമൻ. മുൻനിര ബാറ്റ്സ്മാന്മാ൪ക്കിടയിലെ പ്രഹരശേഷിയിലും (90.6) മുന്നിട്ടു നിൽക്കുന്നു. തൻെറ രണ്ടും മൂന്നും ഏകദിനങ്ങളിൽ തുടരെ സെഞ്ച്വറി നേടിയ ഈ അഫ്ഗാൻ പത്താൻെറ അക്കൗണ്ടിൽ ഇതിനകം മൂന്നു സെഞ്ച്വറികളുണ്ട്. 2009-10ലെ ഐ.സി.സി ഇൻറ൪കോണ്ടിനെൻറൽ കപ്പിൽ കനഡക്കെതിരെ അഫ്ഗാൻ 494 റൺസ് പിന്തുട൪ന്ന് ജയിച്ചത് ഷെഹ്സാദിൻെറ അപരാജിത ഇരട്ട സെഞ്ച്വറിയുടെ മികവിലായിരുന്നു.
അടിച്ചുതക൪ക്കാൻ കേമനായ ഈ 25കാരൻ, നല്ല പന്തുകളെ ബഹുമാനിക്കുകയും ലൂസ് ബാളുകളെ ശിക്ഷിക്കുകയുമാണ് തൻെറ ബാറ്റിങ് തത്ത്വമെന്ന് പ്രഖ്യാപിക്കുന്നു.
ലത്തീഫും മോയിനും കുട്ടിക്കാലത്തെ ഹീറോകളായിരുന്നെങ്കിൽ വിക്കറ്റിനുപിന്നിൽ ഷെഹ്സാദിനിപ്പോൾ പ്രചോദനം ലഭിക്കുന്നത് അതി൪ത്തിയുടെ മറുവശത്തുനിന്നാണ്. ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയാണ് ഇന്നുള്ള കളിക്കാരിൽ ഈ അഫ്ഗാൻകാരൻെറ ഇഷ്ടതാരം.
ഈ ഇഷ്ടം കാരണം മുഹമ്മദ് ഷെഹ്സാദ് എന്ന പേര് ചുരുക്കി സഹതാരങ്ങൾ ഇപ്പോൾ വിളിക്കുന്നത് എം.എസ് എന്നാണ്. ധോണിയുമായി സൗഹൃദം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുകയാണ് ഷെഹ്സാദ്.
‘ധോണിയെ 2007 മുതൽ ഞാൻ പിന്തുടരുന്നുണ്ട്. 2010ൽ വെസ്റ്റിൻഡീസിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ നാലാം നിലയിലായിരുന്നു അദ്ദേഹത്തിൻെറ താമസം. ഒരുദിവസം ചായ കുടിക്കാൻ ധോണി എന്നെ റൂമിലേക്ക് ക്ഷണിച്ചു. ഒരു സൂപ്പ൪ താരം എനിക്ക് ചായ ഒഴിച്ചുതരുന്നത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഞാൻ സഹായിക്കാമെന്നു പറഞ്ഞപ്പോൾ, താനാണ് ആതിഥേയനെന്ന് പറഞ്ഞ് അദ്ദേഹം ചായ ഒഴിച്ചുതരുകയായിരുന്നു. മഹാനായ ക്രിക്കറ്ററും മികച്ച വ്യക്തിയുമാണ് ധോണി. അദ്ദേഹത്തോടൊപ്പമിരിക്കാനും ക്രിക്കറ്റിനെക്കുറിച്ച് ച൪ച്ച ചെയ്യാനുമൊക്കെ എല്ലായ്പോഴും ഞാൻ ആഗ്രഹിക്കുന്നു. സമ്മ൪ദവേളകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മികച്ച ക്രിക്കറ്ററായി സ്വയം പരിവ൪ത്തിപ്പിക്കാൻ കഴിയുന്നത് എങ്ങനെയെന്നും ധോണിയുമായി ച൪ച്ച ചെയ്തു. ഞാൻ അദ്ദേഹത്തിൻെറ സുഹൃത്താണെന്ന് മറ്റൊരാൾക്ക് പരിചയപ്പെടുത്തിയപ്പോൾ അതിയായ സന്തോഷം തോന്നി. അദ്ദേഹത്തിൻെറ സ്വഭാവവും മനോഭാവവും എനിക്കുള്ള ആദരവ് വ൪ധിപ്പിക്കുകയാണ് ചെയ്തത്. എൻെറ ഹെലികോപ്ട൪ ഷോട്ട് ധോണിക്കുള്ളതാണ്; അദ്ദേഹത്തിൻെറ വലിയ ആരാധകനാണെന്ന് തെളിയിക്കാൻ’- ഷെഹ്സാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.