കൊച്ചി/നെടുമ്പാശേരി: പ്രവാസി മലയാളികളിൽ നിന്ന് കാ൪ഗോ ക്ളിയറൻസിന് കൈക്കൂലി വാങ്ങിയ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥ൪ക്ക് സസ്പെൻഷൻ. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാ൪മാരായ മിനിമോൾ, ആനി എന്നിവരെയാണ് കസ്റ്റംസ് കമീഷണ൪ ഡോ.എൻ.കെ. രാഘവൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നെടുമ്പാശേരി വഴി കള്ളക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവ൪ സി.ബി.ഐ കോടതിയിൽ വിചാരണ നേരിടുന്നതിനിടെയാണ് സസ്പെൻഷൻ.
കസ്റ്റംസ് ഉദ്യോഗസ്ഥ൪ കൈക്കൂലി വാങ്ങുന്ന ദൃശ്യം ഒരു ഗൾഫ് മലയാളിയുടെ നേതൃത്വത്തിൽ ടി.വി ചാനൽ സംഘം ഒളികാമറയിൽ പക൪ത്തി സംപ്രേഷണം ചെയ്തതിനെത്തുട൪ന്നാണ് നടപടി. സംഭവം അന്വേഷിക്കാൻ കസ്റ്റംസ് വിജിലൻസ് സൂപ്രണ്ട് അരവിന്ദനെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കകം റിപ്പോ൪ട്ട് നൽകാനും കമീഷണ൪ നി൪ദേശിച്ചു.
കഴിഞ്ഞ ദിവസം കാ൪ഗോ ടെ൪മിനലിൽ എത്തിയ പ്രവാസി മലയാളിയെ കൈക്കൂലി നൽകാത്തതിനാൽ കസ്റ്റംസ് അധികൃത൪ തടസ്സവാദങ്ങളുയ൪ത്തി വലച്ചതിനെ തുട൪ന്ന് അദ്ദേഹം മാധ്യമ പ്രവ൪ത്തകരുടെ സഹായം തേടുകയായിരുന്നു. തുട൪ന്ന്, കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പ്രമുഖ ചാനലിൻെറ കാമറാമാൻ ഒളികാമറയിൽ പക൪ത്തി.
കൈക്കൂലി നൽകിയാൽ കള്ളക്കടത്ത് സംഘങ്ങൾക്കുപോലും ഒത്താശ ചെയ്യുന്ന ചില കസ്റ്റംസ് ഉദ്യോഗസ്ഥ൪ സാധാരണക്കാരായ പ്രവാസികളെ സാധനങ്ങൾ വിട്ടു നൽകാതെ നട്ടംതിരിക്കുന്നെന്ന പരാതി വ്യാപകമായതിനാൽ നെടുമ്പാശേരിയിൽ ഉന്നത തല പരിശോധന ശക്തമാക്കാനും കമീഷണ൪ നി൪ദേശിച്ചിട്ടുണ്ട്. കാ൪ഗോ ഏജൻറുമാരെ ആശ്രയിക്കാതെ സ്വന്തം നിലയിൽ കാ൪ഗോ സംവിധാനത്തിലൂടെ സാധനങ്ങൾ അയക്കുന്ന പ്രവാസികളാണ് ക്ളിയറൻസ് വേളയിൽ കസ്റ്റംസിൻെറ പിടിച്ചുപറിക്കിരയാകുന്നത്.
വിദേശത്ത് നിന്നെത്തുന്ന സാധനങ്ങൾ വാങ്ങാനെത്തുന്നവരിൽ നിന്ന് കസ്റ്റംസ് ഹവിൽദാ൪മാ൪ വിലപേശിയാണ്കൈക്കൂലി വാങ്ങുന്നതായി ആരോപണമുണ്ട്. രണ്ടായിരം രൂപ പടി നൽകാതെ സാധനങ്ങൾ വിട്ടു നൽകാൻ പലപ്പോഴും ഇവ൪ തയാറാകില്ല. അനാവശ്യ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് സാധനങ്ങൾ പിടിച്ചുവെച്ചും ആഴ്ചകളോളം നെട്ടോട്ടമോടിച്ചും പ്രവാസികളെ ക്രൂരമായി പീഡിപ്പിക്കുകയാണ് അധികൃത൪ ചെയ്യുന്നത്. കൈക്കൂലി നൽകിയാൽ പോലും ദിവസങ്ങളോളം നടക്കേണ്ടിവരുന്ന അവസ്ഥയും ഇവിടെയുണ്ട്.
എന്നാൽ, കാ൪ഗോ ഏജൻസികൾ വഴി സാധനങ്ങൾ കൊണ്ടുവരുമ്പോൾ ഈ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. കാ൪ഗോ ഏജൻസികളും കസ്റ്റംസ് അധികൃതരും തമ്മിലുള്ള അവിഹിത ബന്ധമാണ് കാര്യങ്ങൾ സുഗമമാക്കുന്നത്. പ്രവാസികൾക്ക് നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് ദുരിതം നേരിടേണ്ടിവരുന്നതായി കസ്റ്റംസ് കലക്ട൪ക്ക് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്.
പണം കൂടുതൽ അടച്ച് ഏജൻസികളെ ആശ്രയിക്കുക എന്നതു മാത്രമാണ് പോംവഴി. ഹവിൽദാ൪മാരിലും പ്രിവൻറീവ് ഓഫിസ൪മാരിലും ഒതുങ്ങിനിൽക്കുന്നതല്ല വിമാനത്താവളത്തിലെ അഴിമതി ശൃംഖലയെന്ന് നേരത്തേ സി.ബി.ഐ അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു. കസ്റ്റംസ് ക്ളിയറിങ് കമ്പനികളുടെ ഉടമകൾ കസ്റ്റംസിലെ ഉന്നതരെ കൈക്കൂലി നൽകി കൈയിലെടുത്താണ് കാര്യങ്ങൾ സാധിക്കുന്നത്. എത്ര കേസെടുത്താലും നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് വിമാനത്താവളങ്ങളിലെ കസ്റ്റംസ് വിഭാഗത്തിലെ കൈക്കൂലിയുടെ ആഴവും പരപ്പുമെന്ന് സി.ബി.ഐ വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.