കഷ്ടകാലം നൂറുമേനി

വാഗ്ദത്തപദ്ധതികളും പ്രഖ്യാപനങ്ങളും കൊണ്ട് സമൃദ്ധമാണ്  ജില്ലയുടെ കാര്‍ഷിക മേഖല. നെല്ലും തെങ്ങും കവുങ്ങും വാഴയും കുരുമുളകുമെല്ലാമാണ് പ്രധാന വിഭവങ്ങള്‍. ജൈവകൃഷി പ്രോല്‍സാഹന പദ്ധതികളുമായി സന്നദ്ധ സംഘടനകളും രാഷ്ട്രീയ കക്ഷികളും രംഗത്ത് വന്നെങ്കിലും മുളയിലേ മുരടിച്ച മട്ടാണ്. തൃശൂര്‍-പൊന്നാനി കോള്‍വികസനം എന്ന സ്വപ്നപദ്ധതി മൂന്ന് വര്‍ഷമായിട്ടും അനക്കമറ്റ് തന്നെ. കൃഷി പ്രോല്‍സാഹിപ്പിക്കേണ്ട സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്തം നിറവേറ്റുന്നില്ളെന്ന പരാതിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നുകേള്‍ക്കുന്നത്...
തെങ്ങ് ചതിച്ചു
കേര കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാറില്‍ ഏതെങ്കിലും ഘടകകക്ഷി തന്നെ വേണം. രോഷത്തോടെയാണ് തെരഞ്ഞെടുപ്പിനെക്കുറിച്ച് കേരകര്‍ഷകര്‍ മനസ്സുതുറക്കുന്നത്. അവര്‍ക്ക് ആശങ്കപ്പെടാനും പരിഭവിക്കാനും ഏറെയുണ്ട്.  റബറിനായി യു.ഡി.എഫിലെ ഒരു ഘടകകക്ഷി ചില പരിശ്രമങ്ങള്‍ നടത്തുന്നു. സബ്സിഡിയും മറ്റുമായി റബറിനെ ഒരു പരിധിവരെ കരകയറ്റാനായത് അതുകൊണ്ടാണ്. മികച്ച വില ലഭിക്കാന്‍ തെങ്ങ് കൃഷിക്ക് സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കണം. കൃഷിഭവനുകള്‍ തെങ്ങിന് പ്രത്യേക പരിഗണന നല്‍കണം. കൃഷി വകുപ്പും നാളികേര വികസന ബോര്‍ഡും നോക്കുകുത്തിയാവുമ്പോള്‍ കേരകര്‍ഷകര്‍ രക്ഷപ്പെടില്ല. ലഹരിയില്ലാത്ത നീരയെ പരിഗണിച്ചാല്‍ മാത്രം കേരകര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാം. നീരക്ക് പ്രശ്നമുണ്ടെങ്കില്‍ തേങ്ങയില്‍നിന്ന് എന്തെല്ലാം ഉപോല്‍പന്നങ്ങള്‍ ഉണ്ടാക്കാം. ഇളനീരും ചോക്ലേറ്റും അടക്കം വിവിധ നാളികേര ഉല്‍പന്നങ്ങളിലൂടെ ശ്രീലങ്ക നേടുന്നത് കോടികണക്കിന് വിദേശനാണ്യമാണ്. തെങ്ങുകള്‍ക്കെല്ലാം മഞ്ഞളിപ്പ് രോഗമാണ്. കാര്യമായ വിളവില്ല. വിലയില്ല. കൃഷിഭവനുകള്‍ മുഖേനെ സബ്സിഡി നിരക്കില്‍ വളം ലഭിക്കും. ഇത് സൗജന്യമാക്കണം. രോഗങ്ങളെ  തുരത്താന്‍ പദ്ധതി വേണം. ഇതിന് ഉദ്യോഗസ്ഥരെ നിയമിക്കണം. ആന്ധ്രയില്‍ നിന്നുള്ളതിന് പകരം പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന തൈകള്‍ വ്യാപിപ്പിക്കണം. തെങ്ങ് കൃഷിയെ പലരും കൈവിടുകയാണ്. തെങ്ങുകയറുന്നവര്‍ കുറയുന്നു. അടുത്തതലമുറ ഇതിലേക്ക് വരുന്നില്ല. തടം തുറക്കുന്നതടക്കം മറ്റുപണികള്‍ നടത്തുന്നതിലും കര്‍ഷകര്‍ വിമുഖരാണ്. കൊന്നത്തെങ്ങുപോലെ നീണ്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ അവഗണനക്കെതിരെ  തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നാണ് കേരകര്‍ഷകരുടെ നിലപാട്.
കോളില്‍ കോളില്ല
തൃശൂര്‍-പൊന്നാനി കോള്‍പടവാണ് ജില്ലയുടെ പ്രധാന അന്നദാതാവ്. കരുവന്നൂര്‍പുഴ മുതല്‍ കേച്ചേരി വരെയും കോടന്നൂര്‍, അമ്മാടം, നെടുപുഴ, കണിമംഗലം, പള്ളിപ്പുറം എന്നിവിടങ്ങളിലുമാണ്് കോള്‍ കൃഷി. 30,000 ഏക്കറിലേറെ നിലവും അര ലക്ഷത്തിലധികം കോള്‍ കര്‍ഷകരുമുണ്ട്. മലയോര മേഖലയിലുള്‍പ്പെടെ പഞ്ചായത്തുകളില്‍ ഏറിയ ഭാഗവും നെല്‍കൃഷിയാണ്. വ്യക്തികളും കര്‍ഷകരും രാഷ്ട്രീയ, സന്നദ്ധ സംഘടനകളും കൃഷിയിറക്കി. വിളവെടുപ്പ് മോശമായില്ല. പക്ഷേ നെല്ലിന് വില കിട്ടാതെ കര്‍ഷകര്‍ നിരാഹാരത്തിന്‍െറ വക്കിലത്തെി. മുഖ്യമന്ത്രിയെ ഉപരോധിക്കാനൊരുങ്ങിയപ്പോള്‍ ജില്ലാ സഹകരണ ബാങ്ക് വായ്പയനുവദിച്ചു. കുടിശ്ശിക ഇപ്പോഴുമുണ്ട്. ഒന്നാം വിള കൃഷിയുടെ മുന്നൊരുക്കങ്ങളില്‍തന്നെ വീഴ്ച പറ്റി. കര്‍ഷകര്‍ക്ക് ആവശ്യമായ സഹായവും സംവിധാനങ്ങളും ഒരുക്കാനായില്ല. ഇല്ലിക്കല്‍, ഇടിയഞ്ചിറ, ഏനാമാവ്, മുനയം എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍  മഴയില്‍ വെള്ളത്തിലായി. ബണ്ടുകള്‍ അടക്കും മുമ്പ് ചണ്ടിയും കുളവാഴയും നീക്കാത്തതാണ് കാരണം. ഫണ്ടില്ളെന്ന പേരില്‍ അധികൃതര്‍ കാണിച്ച അനാസ്ഥയില്‍ വിതച്ച വിത്തെല്ലാം വെള്ളത്തിലായി. രണ്ടാംവിളക്ക് വിത്തിറക്കേണ്ട സമയമായി. എന്നാല്‍, സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
വെള്ളത്തിലെ  കൃഷി വെള്ളത്തില്‍
ഉള്‍നാടന്‍ മത്സ്യകൃഷിക്ക് ജില്ലയില്‍ പ്രാധാന്യമേറെയാണ്. ആന്ധ്രയില്‍ നിന്ന് വിത്തത്തെിച്ച് കോടികളുടെ മത്സ്യമാണ്  ഉല്‍പാദിപ്പിക്കുന്നത്. വിളവെടുത്ത കോള്‍ പടവുകളും പ്രത്യേകം തയാറാക്കിയ പാടങ്ങളിലുമാണ് മത്സ്യകൃഷി. പുഴകളിലും കായലുകളിലും മറ്റും സമൃദ്ധമായി മത്സ്യക്കൃഷി നടത്തുന്ന നിരവധി കുടുംബങ്ങള്‍ ജില്ലയിലുണ്ട്. പകലും രാത്രിയും അധ്വാനിക്കുന്ന ഇവര്‍ക്കും നിരത്താന്‍ ആവശ്യങ്ങളേറെ.
വര്‍ഷങ്ങളായി കേള്‍ക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാന്നും പുലര്‍ന്നു കണ്ടിട്ടില്ല. കായല്‍ കൈയേറ്റമാണ് മേഖലയിലെ കര്‍ഷകരുടെ മുഖ്യ പ്രശ്നം. മത്സ്യവിത്തിട്ട കായലുകളാണ് കൈയേറുന്നത്. ഇത് തടയാന്‍ കൃത്യമായ നിയമനിര്‍മാണം വേണം. ഇതിനായി മുട്ടാത്ത വാതിലുകളില്ല. ജലമലിനീകരണവും മത്സ്യകൃഷിയെ ബാധിക്കുന്നു. കൃഷിയെ തുരത്താന്‍ കരുതിക്കൂട്ടി മലിനീകരണം നടത്തുന്നവരുമുണ്ട്. കൃഷി കഴിഞ്ഞ പാടത്ത് മഴയെ ആശ്രയിച്ച് കൃഷി നടത്തുന്നവരുണ്ട്. രാസവളത്തില്‍ മുങ്ങിയ പാടത്ത് പലപ്പോഴും മത്സ്യങ്ങള്‍ ചത്തുപൊന്തും. ചീഞ്ഞ വൈക്കോല്‍ മൂലം കൊഞ്ച് അടക്കം ചത്തൊടുങ്ങി നഷ്ടമുണ്ടായവരും കുറവല്ല. എന്നാല്‍ സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരമൊന്നും കിട്ടാറില്ല. 2011ലെ തീരപരിപാലന നിയമംമൂലം വീടുവെക്കാനും അറ്റകുറ്റപ്പണി നടത്താനും  കഴിയാതെ കഷ്ടപ്പെടുകയാണ് ഒരു കൂട്ടര്‍. ഇക്കാര്യങ്ങളിലെല്ലാം അനുകൂല തീരുമാനമുണ്ടാകുമെന്ന വാഗ്ദാനത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ജില്ലയിലെ കോള്‍പടവുകളിലും മാള, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, മണലൂര്‍, പുള്ള് അടക്കം മേഖലകളിലും കൃഷിയുണ്ട്. ഈ മേഖലയിലെ തൊഴിലാളികള്‍ക്കും പ്രശ്നങ്ങള്‍ ഏറെയാണ്. പണി വല്ലപ്പോഴും മാത്രം.  പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഒന്നും ഇല്ലതാനും.
മടിയില്‍ വെക്കാനാവാത്ത ദുരിതം
അടക്കയാണെങ്കില്‍ മടിയില്‍ വെക്കാം. അടയ്ക്കാമരമാണെങ്കിലോ... മടിയില്‍ വെക്കാനാവാത്തൊരു ദുരിതം പേറുകയാണ് ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍. രോഗഭീഷണിയാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. മഞ്ഞളിപ്പും കൂമ്പടപ്പുമടക്കമുള്ള രോഗങ്ങള്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപിച്ചു തുടങ്ങി. 12,550 ഹെക്ടറാണ് കവുങ്ങ് കൃഷി. അഞ്ചു വര്‍ഷം മുമ്പ് 20 ക്വിന്‍റലോളം അടക്ക കിട്ടിയ തോട്ടങ്ങളില്‍നിന്ന് ഇപ്പോള്‍ രണ്ടു ക്വിന്‍റലാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍. മഹാളിരോഗത്തിന് ബോഡോമിശ്രിതം അടക്കമുള്ള പ്രതിവിധികള്‍ ഉണ്ടെങ്കിലും കവുങ്ങ് നശിക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കാനെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ. മറ്റു കാര്‍ഷിക വിളകള്‍ക്ക് ലഭിക്കുന്നതുപോലുള്ള നഷ്ടപരിഹാരമോ പുനരുദ്ധാരണത്തിനുള്ള സഹായങ്ങളോ ലഭിക്കുന്നില്ളെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വാഴ വാഴില്ല; വീഴും
ചെങ്ങഴിക്കോടന്‍െറ നാടെന്ന ഖ്യാതിക്കൊപ്പം വാഴ ഗവേഷണ കേന്ദ്രത്തിന്‍െറ ആസ്ഥാനം, കദളീവനമെന്ന നിലയിലും പ്രസിദ്ധമാണ് തൃശൂര്‍. പക്ഷേ ജില്ലയിലെ വാഴകൃഷി കുറഞ്ഞു വരികയാണ്. സംസ്ഥാനത്ത് മൊത്തം കൃഷിയുടെ രണ്ട് ശതമാനമാണ് വാഴകൃഷിയെന്നാണ് കൃഷിവകുപ്പിന്‍െറ കണക്ക്. ഉല്‍പാദനച്ചെലവ് കൂടിയതും കാറ്റുവീശി നശിക്കുന്നതും രോഗബാധയുമാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം ന്യായവിലകൂടി ലഭിക്കാത്തത് കൃഷിയില്‍നിന്ന് കര്‍ഷകരെ അകറ്റുന്നു. ഇലകരിച്ചിലാണ് രോഗങ്ങളിലെ പുതിയ വില്ലന്‍. നല്ലരീതിയിലുള്ള ഉല്‍പാദനനഷ്ടം ഇതുമൂലം ഉണ്ടായതായി ചെങ്ങഴിക്കോടന്‍െറ ഈറ്റില്ലമായ ചേലക്കരയിലെ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍  ജില്ലയിലെ വാഴകൃഷിയുടെ നഷ്ടം മൂന്ന് കോടിയാണ്. പുത്തൂരും, മരോട്ടിച്ചാലും കണ്ണാറയിലുമാണ് പ്രധാന വാഴകൃഷി കേന്ദ്രങ്ങള്‍. നിളാതീരത്തും, ചേലക്കര, വേലൂര്‍ മേഖലയിലും കൃഷിത്തോട്ടങ്ങളുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിനുവേണ്ട കദളിപ്പഴത്തില്‍ ഒരു വിഹിതം ഉല്‍പാദിപ്പിക്കുന്നത് മറ്റത്തൂരില്‍നിന്നാണ്. വിപണനം പ്രതിസന്ധിയിലായതോടെ മൂല്യവര്‍ധന വഴിയാണ് ഇവര്‍ പിടിച്ചുനില്‍ക്കുന്നത്.
കണ്ണീര്‍പാടം
കോള്‍നിലങ്ങളില്‍ ഹരിതവര്‍ണം വിതറുന്നരുടെ ജീവിതത്തിന്‍െറ നിറം കെട്ടുപോയിട്ട് പതിറ്റാണ്ടുകളായി. കുടുംബം പട്ടിണിയിലും അര്‍ധപട്ടിണിയിലും ഉഴലുമ്പോഴും നാടിന്‍െറ ഭക്ഷ്യസുരക്ഷക്കായി അവര്‍ പാടത്ത് വെയിലും മഴയുമേല്‍ക്കുന്നു. ആറണയില്‍ തുടങ്ങി 10 അണയില്‍ മുന്നേറി 350 - 400 രൂപയില്‍ എത്തിനില്‍ക്കുന്നു ഇവരുടെ കൂലി. എങ്കിലും 13 വയസ്സില്‍ തുടങ്ങി 80തിന്‍െറ അവശതയിലും പാടത്ത് പണിയെടുന്ന ഇവരില്‍ പലരും തോല്‍ക്കാന്‍ ഒരുക്കമല്ല. നിലവില്‍ 50 -60 പ്രായമത്തെിയവരുടെ തൊഴിലിടമായി ഈ മേഖല മാറി. യുവാക്കള്‍ക്ക് കടന്നുവരാന്‍ മടി. വര്‍ഷത്തില്‍ ഏറിയാല്‍ നാലുമാസം മാത്രമാണ് പണി. ബാക്കിയൊക്കെ യന്ത്രങ്ങള്‍ ഏറ്റെടുത്തു. യന്ത്രവത്കൃത കൃഷിയോട് ഇവര്‍ക്ക് വിയോജിപ്പില്ല. എന്നാല്‍, അവ പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ തൊഴിലാളി വിരുദ്ധമാണ്. 40 കഴിഞ്ഞവര്‍ക്ക് പരിശീലനം നല്‍കില്ളെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഒരുപാട് പേര്‍ക്ക് തൊഴിലവസരം ഇല്ലാതാക്കി. ജീവിതസായാഹ്നം വരെ പച്ചപ്പിനായി പണിയെടുത്തവര്‍ യന്ത്രങ്ങള്‍ വന്നതോടെ ആട്ടിയോടിക്കപ്പെടുന്ന അവസ്ഥയാണ്. കോള്‍പടവുകളിലെ ജോലിക്കാര്‍ക്ക് പശ്ചാത്തലസൗകര്യം ഒരുക്കുന്നതിലും സര്‍ക്കാറും ഉടമകളും പിന്നിലാണ്. ഏക്കറുകളോളം പടര്‍ന്ന പടവുകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കാല്‍നട മാത്രമാണ് ആശ്രയം. ഏനാമാവ് പടവിലെ പാലം അപ്രത്യക്ഷമായി. 60 കഴിഞ്ഞാല്‍ പെന്‍ഷന്‍ ഇവരുടെ സ്വപ്നമാണ്. 80 കഴിഞ്ഞിട്ടും പാടത്ത് പണിയെടുക്കുന്ന മീനാക്ഷിചേച്ചിക്ക് പെന്‍ഷന്‍ കിട്ടിയാല്‍ മരുന്നും അത്യാവശ്യം വീട്ടുസാധനങ്ങളും വാങ്ങാം. അപേക്ഷ നല്‍കി രണ്ടുവര്‍ഷമായെങ്കിലും ഒന്നും കിട്ടിയില്ല. ഇപ്പോഴും ജോലി ചെയ്യുന്നതാവാം ഇവരെ തഴയാന്‍ കാരണം. നിരവധി മീനാക്ഷിമാര്‍ പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ഭക്ഷ്യവകുപ്പിനും ഇവരോട് കനിവില്ല. കൃത്യമായി റേഷന്‍ കിട്ടിയാല്‍ പട്ടിണിയില്ലാതെ ജീവിക്കാമെങ്കിലും ഇടക്കിടെ നിഷേധിക്കും. തെരഞ്ഞെടുപ്പുകള്‍ എത്ര കഴിഞ്ഞു. വാഗ്ദാനങ്ങളുടെ പെരുമഴയില്‍ വിളവ് പതിരായി. അതുകൊണ്ടു തന്നെ വേദനകളെല്ലാം ഇവര്‍ മനസ്സിലൊതുക്കുന്നു.
സ്വപ്നമൊരു ചാക്ക്...
കോള്‍മേഖലയിലെ കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ എട്ടുവര്‍ഷം മുമ്പ് രൂപവത്കരിച്ച തൃശൂര്‍-പൊന്നാനി കോള്‍ വികസന അതോറിറ്റി രാഷ്ട്രീയം കലര്‍ന്ന് അനക്കമറ്റു.  ഒന്നരവര്‍ഷത്തിലേറെയായി അതോറിറ്റിയുടെ യോഗം പോലും ചേര്‍ന്നിട്ടില്ല. ചട്ടം അനുസരിച്ച് കൂടുതല്‍ കോള്‍നിലമുള്ള തൃശൂരിലെ എം.പി സി.എന്‍. ജയദേവനാണ് ചെയര്‍മാനാകേണ്ടത്. എന്നാല്‍ പൊന്നാനി എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ നിയമിച്ചു. ഇതിനെതിരെ കോള്‍ വികസനസമിതിയംഗം എന്‍.കെ. സുബ്രഹ്മണ്യന്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കോടതി സി.എന്‍. ജയദേവനെ നിയമിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. നാഥനില്ലാതായതോടെ കോള്‍മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പലതും മുടങ്ങി.  കോള്‍ ചാലുകളുടെ വീതിയും അഴവും കൂട്ടല്‍, ബണ്ടുകള്‍ ശക്തിപ്പെടുത്തല്‍, ചെറിയ റഗുലേറ്ററുകള്‍, സ്ളൂയിസുകള്‍, കൊയ്യാനും മെതിക്കാനുമടക്കമുള്ള കാര്‍ഷികയന്ത്രവത്കരണം, കാലി-കോഴി-താറാവ് വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയാണ് കോള്‍ വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തേണ്ടത്. ഇതെല്ലാം അട്ടിമറിക്കപ്പെടുന്നിടത്താണ് കാര്യങ്ങള്‍ ചെന്നത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.