വെള്ളമുണ്ടയില്‍ വിമതരും ഘടകകക്ഷികളും യു.ഡി.എഫിന് ഭീഷണി

വെള്ളമുണ്ട: സ്ഥാനാര്‍ഥിചിത്രം തെളിഞ്ഞതോടെ വെള്ളമുണ്ട യു.ഡി.എഫ് നേതൃത്വത്തിനെതിരെ പരസ്യപ്രചാരണവുമായി ഘടകകക്ഷികള്‍ രംഗത്ത്. ധാരണപ്രകാരം സീറ്റ് ലഭിക്കാതിരുന്ന ജെ.ഡി.യു-കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് യു.ഡി.എഫ് നേതൃത്വത്തിന് വെല്ലുവിളി. പാര്‍ട്ടിക്കകത്തെ വിമതശല്യവും യു.ഡി.എഫിനെ വെട്ടിലാക്കുന്നു. സീറ്റ് നല്‍കാത്ത യു.ഡി.എഫ് നയത്തില്‍ പ്രതിഷേധിച്ച് ജെ.ഡി.യു വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. രവീന്ദ്രന്‍ കോക്കടവ് വാര്‍ഡില്‍ യു.ഡി.എഫിനെതിരെ മത്സരിക്കുന്നുണ്ട്.

കേരളാ കോണ്‍ഗ്രസ് നല്‍കിയ കൊമ്മയാട് സീറ്റില്‍ മുന്നണിമര്യാദ തെറ്റിച്ച് കോണ്‍ഗ്രസ് പക്ഷം വിമതസ്ഥാനാര്‍ഥിയെ പിന്തുണച്ചതോടെ പത്രിക പിന്‍വലിച്ച കേരളാ കോണ്‍ഗ്രസ് പ്രതിഷേധവുമായി പ്രചാരണത്തിലിറങ്ങുമെന്നാണ് സൂചന. തരുവണ ബ്ളോക് ഡിവിഷന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെയും ചെറുകര, കോക്കടവ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെയും പ്രബലരായ വിമതര്‍ മത്സരരംഗത്തുണ്ട്. കോക്കടവ് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച രമേശനെ അവസാനനിമിഷം ഒഴിവാക്കിയതില്‍ മുസ്ലിം ലീഗടക്കം പ്രതിസന്ധിയിലാണ്.

രമേശനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി നിര്‍ത്തി മത്സരിപ്പിക്കുമെന്ന് പ്രദേശത്തെ യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നു. രണ്ടു ഘടകകക്ഷികള്‍ പുറത്താവുകയും വിമതര്‍ ഭീഷണിയുമായി പ്രചാരണത്തിനിറങ്ങുകയും ചെയ്യുന്നതോടെ നില പരുങ്ങലിലാവുമെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിന്‍െറ ഇത്തരം തീരുമാനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.