‘കറുത്ത ഗൗണുകാരി’ ഇക്കുറിയില്ല

തൃശൂര്‍: ഭരണ - പ്രതിപക്ഷത്തിനപ്പുറം ശരിയെന്ന് തോന്നിയ പക്ഷത്ത് നിലയുറപ്പിച്ച് ജില്ലാ പഞ്ചായത്ത് യോഗങ്ങളെ സജീവമാക്കിയ ‘കറുത്ത ഗൗണുകാരി’ അഡ്വ. വിദ്യാ സംഗീത് ഇത്തവണ മത്സരത്തിനില്ല. നൂലാമാലകളില്‍ കുടുക്കിയിട്ട അജണ്ടകളെ നിയമവഴികളില്‍ പൊക്കിയെടുത്ത് ജനപക്ഷമാക്കാനുള്ള ശ്രമത്തിനിടെ മത്സര സാധ്യത ഇല്ലാതാവുകയായിരുന്നു. കഴിഞ്ഞ തവണ മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്ന് സി.എം.പി ടിക്കറ്റില്‍ യു.ഡി.എഫ് ബെഞ്ചില്‍ ജില്ലാ പഞ്ചായത്തില്‍ എത്തിയ വിദ്യ തുടക്കത്തില്‍ പകച്ചെങ്കിലും കാര്യങ്ങള്‍ പഠിച്ച് തുടങ്ങിയപ്പോള്‍ ജനപ്രാതിനിധ്യത്തെ മറ്റു രീതിയില്‍ ഉപയോഗിച്ചവര്‍ക്ക് തലവേദനയായി. വിദ്യ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ എന്ന ചോദ്യം പലകുറി ഉയര്‍ന്നു.

പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പദവി ഏല്‍പിച്ച് പിന്‍സീറ്റ് ഭരണത്തിന് ശ്രമിച്ചവര്‍ക്ക് വിദ്യ വെല്ലുവിളിയായി. ജില്ലയിലെ റോഡ് അറ്റകുറ്റപ്പണിക്ക് ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പോരാട്ടം ഒടുക്കം വരെ തുടര്‍ന്നു. ഭരണപക്ഷത്തിന്‍െറ വഴിവിട്ട നടപടികള്‍ വിജിലന്‍സ് കോടതിയിലും മനുഷ്യാവകാശ കമീഷനിലുമത്തെി. തങ്ങളുടെ കക്ഷിയെല്ളെന്ന് പറഞ്ഞ് ഭരണപക്ഷം കടിച്ചു കീറുമ്പോഴും ചെറുപുഞ്ചിരിയുമായി അവര്‍ നിലപാടുകളില്‍ ഉറച്ചുനിന്നു. തന്‍െറ ഡിവിഷനിലെ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദനെ  കൊണ്ടുവന്ന വിദ്യ സി.പി.എമ്മിനെ ഞെട്ടിച്ചു.

‘അഴിമതിക്കാരായ മന്ത്രി കൂടിയായ എം.എല്‍.എയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെയും വി.എസിനൊപ്പം പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ളെന്ന്’ മൈക്കില്‍ വിളിച്ചു പറഞ്ഞു. ഇത്തവണ ഭരണപക്ഷവും പ്രതിപക്ഷവും പരിഗണിച്ചില്ല. മത്സരിക്കാന്‍ ആലോചിച്ചിരുന്നില്ളെന്നാണ് വിദ്യയുടെ വാദം. അതിനായി ആരെയും സമീപിച്ചില്ല. വിദ്യയെ ആരും അന്വേഷിച്ചതുമില്ല. ആദ്യാവസാനം താനൊരു കമ്യൂണിസ്റ്റാണ്. നീതിക്കു വേണ്ടി വാദിക്കും. ന്യായത്തിനൊപ്പം നില്‍ക്കും. അഴിമതിയെ എതിര്‍ക്കും. പോരാട്ടം തുടരും -അവര്‍ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.